പശ്ചിമേഷ്യന്‍ സംഘര്‍ഷം അതിരൂക്ഷമാക്കി, ഇറാനുമേല്‍ നേരിട്ടുള്ള സൈനിക ആക്രമണത്തിന് യുഎസ് തയ്യാറെടുക്കുന്നു. ഇതിനുള്ള മുന്നൊരുക്കങ്ങള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് ബ്ലൂംബര്‍ഗും അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേലും ഇറാനും തമ്മിലുള്ള സൈനിക സംഘര്‍ഷം ഏഴാം ദിവസത്തിലേക്ക് കടന്നെങ്കിലും ഇസ്രയേലിന് വലിയ മുന്നേറ്റം നേടാനായിട്ടില്ല. ഇതോടെയാണ് ഭൗമരാഷ്ട്രീയ താല്പര്യങ്ങള്‍ സംരക്ഷിക്കലും തന്ത്രപ്രധാന പങ്കാളിയായ ഇസ്രയേലിന്റെ സംരക്ഷണവും ലക്ഷ്യമിട്ട് യുഎസും യുദ്ധത്തിനിറങ്ങുന്നതെന്നാണ് സൂചന. പ്രകൃതിവിഭവങ്ങളിലും കപ്പല്‍പാതകളിലുമുള്ള ആധിപത്യം നഷ്ടപ്പെടാതിരിക്കാനാണ് ശ്രമം.
ഇറാന്‍ പ്രദേശങ്ങള്‍ക്കുമേല്‍ ആക്രമണങ്ങള്‍ നടക്കാന്‍ സാധ്യതയുള്ളതിനാല്‍ മുതിര്‍ന്ന യുഎസ് ഉദ്യോഗസ്ഥര്‍ അതുസംബന്ധിച്ച മുന്നൊരുക്കങ്ങളുടെ തിരക്കിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മേഖലയിലെ യുദ്ധക്കപ്പലുകള്‍, യുദ്ധവിമാനങ്ങള്‍ എന്നിവയുടെ എണ്ണം യുഎസ് വര്‍ധിപ്പിച്ചിരുന്നു. നിലവില്‍ മൂന്ന് യുഎസ് യുദ്ധക്കപ്പലുകള്‍ ഇസ്രയേല്‍ തീരത്തിന് സമീപമുണ്ട്. അതുകൊണ്ട് ഏതുനിമിഷവും ആക്രമണത്തില്‍ പങ്കാളിയാകാന്‍ യുഎസിന് സാധിക്കും. യുഎസിന്റെ സഹായമില്ലാതെ ഇസ്രയേലിന് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ കഴിയില്ലെന്നാണ് സൂചന. ഫോര്‍ഡോ ആണവ കേന്ദ്രം തകര്‍ക്കുന്നതിനായി യുഎസിന്റെ മാസിവ് ഓർഡനൻസ് പെനട്രേറ്റർ (എംഒപി) ബോംബുകൾ ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. ഇത് നല്‍കിയാല്‍ യുദ്ധത്തില്‍ പങ്കെടുക്കുന്നതിന് തുല്യമാകും. ഇക്കാരണത്തില്‍ മിന്നലാക്രമണം മുതല്‍ വന്‍ വ്യോമാക്രമണങ്ങള്‍ വരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരിഗണിക്കുന്നുണ്ട്.
യുദ്ധത്തില്‍ പങ്കുചേരുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തിട്ടില്ലെങ്കിലും ഫോര്‍ഡോ തകര്‍ക്കാനായി ഒന്നിലധികം വ്യോമാക്രമണങ്ങള്‍ക്ക് ട്രംപ് അനുമതി നല്‍കിയിട്ടുണ്ടെന്നാണ് സൂചനകള്‍. ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി ഇന്ന് ചർച്ച നടത്തുന്നുണ്ട്. യുഎസ് നേരിട്ടുള്ള ഇടപെടല്‍ നടത്തിയാല്‍ പരിധികളില്ലാത്ത യുദ്ധത്തില്‍ കലാശിക്കുമെന്ന് ഇറാന്‍ പ്രതികരിച്ചിരുന്നു. ഇറാഖ്, ജോര്‍ദാന്‍, സൗദി എന്നിവിടങ്ങളിലുള്ള യുഎസ് സൈനിക ക്യാമ്പുകള്‍ തകര്‍ക്കുമെന്നും മുന്നറിയിപ്പ് നല്‍കി. യുഎസ് യുദ്ധത്തില്‍ ഇടപെടരുതെന്ന് റഷ്യ കഴിഞ്ഞദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്രയേലുമായി അടുപ്പമുള്ള രാജ്യങ്ങൾ പക്ഷം ചേർന്ന് പ്രകോപനം സൃഷ്ടിക്കരുതെന്ന് ചൈനയും ആവശ്യപ്പെട്ടിരുന്നു. ഇറാന്‍ — ഇസ്രയേല്‍ സംഘര്‍ഷത്തെക്കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ കൈമാറാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും സമ്മതിച്ചതായി ക്രെംലിന്‍ ഇന്നലെ അറിയിച്ചു. അതേസമയം ഫ്രാന്‍സും ജര്‍മ്മനിയും സംയുക്തമായി ഇറാനെ ഉള്‍പ്പെടുത്തി ചര്‍ച്ചകള്‍ക്ക് നീക്കം ആരംഭിച്ചു. ജനീവയിൽ ഇന്ന് നടക്കുന്ന വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാമെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.