ഡോ. ജിപ്സൺ വി പോൾ
2020 ന്റെ പുതുവര്‍ഷത്തില്‍ ലോകത്തെ ആശങ്കയിലാഴ്ത്തിയ ആദ്യ വാര്‍ത്തയായിരുന്നു ഇറാന്റെ ഖുദ്സ ഫോഴ്സ് (റവല്യൂഷണറി ഗാര്‍ഡ്) തലവന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ വധം. ഇറാഖിൽ ബാഗ്ദാദിൽ വിമാനത്താവളത്തില്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് സുലൈമാനി ഉള്‍പ്പെടെ എട്ടുപേര്‍ കൊല്ലപ്പെട്ടത്. ഇറാന് ജനതയെയും ഭരണകൂടത്തെയും സംബന്ധിച്ചിടത്തോളം വെറുമൊരു സൈനിക കമാന്‍ഡര്‍ മാത്രമായിരുന്നില്ല ജനറല്‍ ഖാസിം സുലൈമാനി. ഇറാന്റെ പരമോന്നത ആത്മീയ നേതാവായ അയത്തുള്ള ഖൊമേനി കഴിഞ്ഞാല്‍ ഇറാനിലെ ഏറ്റവും ശക്തനും ജനപിന്തുണയുമുള്ള വ്യക്തിയായിരുന്നു ജനറല്‍ സുലൈമാനി. ഇദ്ദേഹത്തിന്റെ വധത്തോടെ പശ്ചിമേഷ്യയാകെ ഒരു സംഘര്‍ഷ ഭൂമിയായിരിക്കുന്നു. പശ്ചിമേഷ്യയില്‍ അമേരിക്കയ്ക്ക് എതിരായി സംഘടിക്കുന്ന ശക്തികളെയെല്ലാം കൂട്ടിയിണക്കുന്ന പ്രധാന ബുദ്ധികേന്ദ്രമായിരുന്നു ജനറല്‍ സുലൈമാനി. പശ്ചിമേഷ്യയെ ആകെ സംഘര്‍ഷത്തിലാക്കുന്ന നിഴല്‍യുദ്ധങ്ങളുടെ പ്രഭവകേന്ദ്രമായിട്ടാണ് സുലൈമാനിയെ അമേരിക്ക വിശേഷിപ്പിച്ചിരിക്കുന്നത്. യമനിലെ ഹൂതിവിമതരെയും ഹമാസ് അടക്കമുള്ള തീവ്രവാദിഗ്രൂപ്പുകളെ സഹായിക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും ചെറുതല്ലാത്ത പങ്ക് സുലൈമാനിക്കുണ്ടായിരുന്നു എന്നും അമേരിക്ക ആരോപിക്കുന്നു.
ഇറാന്റെ സൈനിക വിദേശ നയങ്ങള്‍ രൂപീകരിക്കുന്നതിലും നിര്‍ണായക പങ്കുള്ള വ്യക്തിയാണ് സുലൈമാനി. കടുത്ത രാഷ്ട്രീയ‑സാമ്പത്തിക വെല്ലുവിളിക്കിടയിലും ഇറാനെ മേഖലയിലെ പ്രധാന ശക്തിയായി നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് സുലൈമാനിക്ക് അവകാശപ്പെട്ടതാണ്. സിറിയ, ഇറാഖ്, ലബനന് എന്നീ രാജ്യങ്ങളുമായി ചേര്‍ന്ന് ‘പ്രതിരോധ അച്ചുതണ്ട്’ എന്ന സഖ്യത്തിന്റെ പിന്നിലും പ്രവര്‍ത്തിച്ചത് സുലൈമാനിയുടെ ബുദ്ധിവൈഭവം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ സുലൈമാനി വധം അമേരിക്കയ്ക്കും ഇസ്രയേലിനും സൗദിക്കും ഒരേപോലെ പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതും ആകുന്നത്. സുലൈമാനി വധത്തിന് തിരിച്ചടിയായി എന്ന നിലയ്ക്ക് ഇറാഖിലെ അമേരിക്കന്‍ താവളങ്ങളെ ആക്രമിച്ച് 80 അമേരിക്കന്‍ പട്ടാളക്കാരെ വധിച്ചതായി ഇറാന് അവകാശപ്പെടുന്നു. എന്നാല്‍ ആളപായം അമേരിക്ക തള്ളിക്കളയുന്നു. ഈ ആക്രമണത്തിന് പ്രതികാരത്തിന് അമേരിക്ക ശ്രമിച്ചാല്‍ ദുബായിയെയും ഇസ്രയേലിനേയും ആക്രമിക്കാന്‍ മടിക്കില്ല എന്ന് ഇറാന് റവല്യൂഷണറി ഗാര്‍ഡ് മുന്നറിയിപ്പ് നല്കുന്നു. ഇറാന് പാര്‍ലമെന്റാകട്ടെ ഒരു പടികൂടി കടന്ന് അമേരിക്കന്‍ സൈന്യത്തെ ഭീരകരായും പെന്റഗണിനെ ഭീകര കേന്ദ്രവുമായി പ്രഖ്യാപിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള ശത്രുതയ്ക്ക് ഇറാനിലെ ഇസ്ലാമിക വിപ്ലവത്തോളം പഴക്കമുണ്ട്. എണ്ണ മേഖലയെ ദേശസാല്ക്കരിക്കാന് ശ്രമിച്ച പ്രധാനമന്ത്രി മുഹമ്മദ് കമാസദിഖിനെ 1953 ല്‍ അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ പുറത്താക്കി. അമേരിക്കക്കും പാശ്ചാത്യശക്തികള്‍ക്കും സ്വീകാര്യനായ ഇറാനിലെ അവസാന ചക്രവര്‍ത്തിയായ ഷാ-പഹ്ലവിയെ അധികാര കേന്ദ്രമാക്കി തങ്ങളുടെ താല്പര്യങ്ങളെ സംരക്ഷിക്കാന്‍ അമേരിക്കക്കായി. ഷായുടെ വിമര്‍ശകനായിരുന്ന ആത്മീയ നേതാവ് അയത്തൊള്ള ഖൊമേനിയെ ഇറാഖിലേക്ക് നാടുകടത്തി. അമേരിക്കക്കും സിഐഎക്കും എതിരായി ഇറാനില്‍ ജനകീയ സമരം ശക്തിപ്പെട്ടു.
1979 ഇസ്ലാമിക് വിപ്ലവം പൊട്ടിപുറപ്പെട്ടു. 1979 ഏപ്രില്‍ ഒന്നാം തീയതി ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന് ഔദ്യോഗികമായി നിലവില്‍ വന്നു. അയത്തൊള്ള ഖൊമേനി ഇറാനിലെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി മാറി. ഷാ ചക്രവര്‍ത്തിക്ക് അമേരിക്ക അഭയം നല്‍കിയതില്‍ പ്രതിഷേധിച്ച് ടെഹ്റാനിലെ അമേരിക്കന്‍ എംബസിയിലേക്ക് ഇരച്ചുകയറിയ റവല്യൂഷണറി ഗാര്‍ഡ്സ് 63 അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ 444 ദിവസം ബന്ധികളാക്കി. ഷായെ വിചാരണയ്ക്കായി വിട്ടുകിട്ടണം എന്നുള്ളതായിരുന്നു പ്രധാനപ്പെട്ട ആവശ്യം. ഇത് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര‑രാഷ്ട്രീയപരാജയമായി കണക്കാക്കുന്നു. അമേരിക്കയും പാശ്ചാത്യ ശക്തികളും ഇറാനെതിരായി ഉപരോധം ഏര്‍പ്പെടുത്തി. 1980 ല്‍ ഇറാന്-ഇറാഖ് യുദ്ധം ആരംഭിച്ചു. എട്ടു വര്‍ഷത്തോളം ആ യുദ്ധം നീണ്ടുനിന്നു. അമേരിക്ക ആയുധങ്ങളും അര്‍ഥവും നല്കി ഇറാഖിനെ സഹായിച്ചെങ്കിലും ഇറാനെ തകര്‍ക്കാനായില്ല. 1981 ലെ ‘അള്‍ജിയേഴ്സ് അക്കോഡ’ പ്രകാരം എംബസിയില്‍ തടവിലാക്കിയ നയതന്ത്ര ഉദ്യോഗസ്ഥരെ മോചിപ്പിക്കുകയും ഉപരോധം താല്‍ക്കാലികമായി പിന്‍വലിക്കുകയും ചെയ്തു. തീവ്രവാദത്തെ പിന്തുണയ്ക്കുന്നു എന്ന കാരണം പറഞ്ഞുകൊണ്ട് 1987 ല്‍ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തി. 1988 ല്‍ ഇറാന്റെ യാത്രാവിമാനം അമേരിക്ക വെടിവച്ചിട്ടു. 290 ഇറാന് പൗരന്മാര് കൊല്ലപ്പെട്ടു. അമേരിക്കയ്ക്ക് എതിരായി ഒരു നടപടിയും ഉണ്ടായില്ല. 1995 ല്‍ ബില്‍ക്ലിന്റണ്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്നപ്പോള്‍ തീവ്രവാദത്തെ സഹായിക്കുന്ന ഇറാനെ ‘തെമ്മാടി രാജ്യം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് ഉപരോധം ശക്തമാക്കി. 2001 സെപ്റ്റംബര്‍ 11-ാം തീയതി അമേരിക്കയില്‍ ഉണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് അമേരിക്ക ആരംഭിച്ച ഭീകരവാദത്തിനെതിരായ യുദ്ധം (വാര് ഓണ്‍ ടെറര്‍) അമേരിക്ക‑ഇറാന് ബന്ധത്തെ വീണ്ടും വഷളാക്കി. അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷ് ജൂനിയര്‍ ഇറാന്-ഇറാഖ്-വടക്കന്‍ കൊറിയ എന്നീ രാജ്യങ്ങളെ ‘തിന്മയുടെ അച്ചുതണ്ട് (ആക്സിസ് ഓഫ് ഈവിള്‍സ്) എന്ന് വിളിച്ചുകൊണ്ട് ആക്രമിക്കാനുള്ള ശ്രമം നടത്തി. 2003 ല്‍ ഇറാഖിനെ ആക്രമിച്ച് സദ്ദാം ഹുസൈനെ വധിക്കാനും ഒരു പാവഗവണ്മെന്റിനെ ഇറാഖില്‍ അധികാരത്തില്‍ എത്തിക്കാനും കഴിഞ്ഞെങ്കിലും ഇറാന്റെ കാര്യത്തില്‍ ഇതൊന്നും സാധ്യമായില്ല. 2003 ല്‍ അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സിയെ ഉപയോഗിച്ച് ഇറാന് ആണവായുധ നിര്‍മ്മാണത്തിനു ശ്രമിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഉപരോധം വീണ്ടും ശക്തമാക്കി. ഇത്തവണ ഇറാന്റെ എണ്ണവില്പന ഇറാന്റെ പൂര്‍ണ സാമ്പത്തിക തകര്‍ച്ചയാണ് അമേരിക്ക ലക്ഷ്യം വച്ചത്. ഇറാനുമായുള്ള മറ്റ് രാജ്യങ്ങളുടെ സാമ്പത്തിക ഇടപാടുകളും നിര്‍ത്തിവയ്പ്പിക്കാന്‍ അമേരിക്കക്കായി. ജര്‍മ്മനിയുടെ മുന്‍കൈയില്‍ ഒബാമയുടെ കാലത്ത് ഇറാനുമായി ഒരു ബഹുകക്ഷി കരാര്‍ നിലവില്‍ വന്നു. ജോയിന്റ് കോപ്രെഹെന്സിവ് പ്ലാന്‍ ഓഫ് ആക്ഷന്‍ (ജെസിപിഒഎ) എന്ന കരാറിന്റെ അടിസ്ഥാനത്തില്‍ ഇറാന് തങ്ങളുടെ അണ്വായുധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ഇറാനുമേലുള്ള ഉപരോധത്തില്‍ ഇളവിനും ധാരണയില്‍ എത്തി. എന്നാല്‍ ട്രംപ് അമേരിക്കയില്‍ അധികാരത്തില്‍ എത്തിയതോടുകൂടി ഈ ധാരണകളെല്ലാം വൃഥാവിലായി. തന്റെ പ്രസിഡന്‍ഷ്യല്‍ ഇലക്ഷന് പ്രചാരണകാലം തൊട്ട് ഇറാനെതിരായ നിലപാടുകള്‍ സ്വീകരിച്ച ട്രംപ് അധികാരത്തില്‍ എത്തിയ ഉടന്‍തന്നെ ഈ കരാറില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറുകയും ഉപരോധം വീണ്ടും ശക്തമാക്കി. മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി ഇറാനുമായുള്ള വ്യാപാരബന്ധങ്ങളില്‍ നിന്ന് നിര്‍ബന്ധപൂര്‍വം ഒഴിവാക്കി. ഇതിന്റെ ഉത്തമോദാഹരണമാണ് വില കുറച്ച് ലഭിച്ചുകൊണ്ടിരുന്ന ഇറാനിയന്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ നിന്ന് ഇന്ത്യയുടെ പിന്മാറ്റം. ഒരു വര്‍ഷത്തിനുശേഷം ഇരുവരും ഈ കരാറില്‍ നിന്ന് പിന്‍വാങ്ങുന്നതായി പ്രഖ്യാപിച്ചു. സുലൈമാനി വധത്തിന് കൃത്യമായ കാരണം പറയാന്‍ പോലും അമേരിക്കക്കാകുന്നില്ല എന്നുള്ളത് ഈ ആക്രമണത്തിന്റെ ഉദ്ദേശശുദ്ധിതന്നെ സംശയത്തിലാക്കുന്നു. ഇറാന്റെ തീവ്രവാദ ബന്ധത്തിന് കൃത്യമായ ഒരു തെളിവും അമേരിക്കയുടെ പക്കല്‍ ഇല്ലതാനും. സുലൈമാനി വധവും ഇപ്പോള്‍ ഉണ്ടായിരിക്കുന്ന പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളും അമേരിക്കന്‍ ആധിപത്യത്തിന് തിരിച്ചടിയാണ്. ഇറാഖില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കണം എന്നുള്ള ഇറാഖ് പാര്‍ലമെന്റിന്റെ നിര്‍ദ്ദേശം അമേരിക്കയ്ക്ക് വന്‍ പ്രഹരമായി. അമേരിക്ക ആക്രമണത്തിന് ശ്രമിച്ചാല്‍ ഇസ്രയേലിനെ ആക്രമിക്കാന്‍ മടിക്കില്ല എന്ന ഇറാന്റെ പ്രസ്താവനയും വൈകാരിക സംഘര്‍ഷങ്ങളെ വര്‍ധിപ്പിക്കുന്നതാണ്.
അതേ നാണയത്തിലുള്ള തിരിച്ചടി ഇറാന്റെ ഗള്‍ഫ് മേഖലയിലെ സ്വാധീനം വര്‍ധിപ്പിക്കുന്നതിനും സൗദിയുടെ സ്വാധീനം കുറയ്ക്കുുന്നതിനും ഇടയാക്കും. അമേരിക്കന്‍ ദേശീയ രാഷ്ട്രീയത്തിലും ഇതിന്റെ അലയൊലികള്‍ പ്രതീക്ഷിക്കാം. പശ്ചിമേഷ്യയിലെ ഭൗമ രാഷ്ട്രീയ അസ്ഥിരത ലോക സാമ്പത്തിക വ്യവസ്ഥയ്ക്കും വലിയ ആഘാതമാണ്. ക്രൂഡോയിലിന്റെ വിലക്കയറ്റം ഇറക്കുമതി രാജ്യങ്ങളുടെ സമ്പദ്ഘടനയെ നേരിട്ട്തന്നെ ബാധിക്കുന്നു. ഏഷ്യന്‍ വിപണികള്‍ എല്ലാം തകര്‍ച്ചയിലാണ്. ഈ സംഘര്‍ഷം ലോക ഊര്‍ജ സുരക്ഷയെ വെല്ലുവിളിക്കുന്നതാണ്. ട്രംപിന്റെ നിയോ-കണ്‍സര്‍വേറ്റീവ് നയങ്ങളുടെ പരാജയമാണ് ഇപ്പോഴത്തെ ഈ സംഘര്‍ഷങ്ങളുടെ യഥാര്‍ഥ കാരണം. ഇറാഖിൽ അടക്കം ഷിയാ വിഭാഗം അമേരിക്കയ്ക്ക് എതിരായിക്കഴിഞ്ഞു. സുന്നികള്‍ ആകട്ടെ ഇസ്ലാമിക് സ്റ്റേറ്റ് വാദം ഉയര്‍ത്തി ലോകത്താകമാനം തന്നെ അമേരിക്കന്‍ വിരുദ്ധ നിലപാടുകളില്‍ ഉറച്ചുനില്‍ക്കുന്നു. പശ്ചിമേഷ്യയിലെ ഈ സംഘര്‍ഷത്തില്‍ ഏറ്റവും പ്രതിസന്ധിയിലായ രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ഗള്‍ഫ് മേഖലയില്‍ ഇറാനുമായി ബന്ധം മെച്ചപ്പെടുത്താനും മേഖലയിലെ ഒരു സ്വാധീന ശക്തിയാകാനുമുള്ള ഇന്ത്യന്‍ ശ്രമങ്ങള്‍ക്ക് സംഘര്‍ഷം തിരിച്ചടിയാണ്. വലതുപക്ഷ വീക്ഷണം പുലര്‍ത്തുന്ന ഇന്ത്യയുടെ പുതിയ വിദേശനയ നിര്‍മ്മാതാക്കള്‍ക്ക് അമേരിക്കയെ പിണക്കാനോ ഇറാനൊപ്പം നില്‍ക്കാനോ കഴിയില്ല. ഈ സംഘര്‍ഷങ്ങളുടെ ഫലമായി ഇറാന്-ഇന്ത്യാ ബന്ധം വഷളായാല്‍ പശ്ചിമേഷ്യയിലെ സ്വാധീനം വര്‍ധനവിനായി ഇന്ത്യ മുടക്കിയ അധ്വാനവും പണവും വിഫലമാകുകയും ചൈന അടക്കമുള്ള രാജ്യങ്ങള്‍ മേഖലയില്‍ പിടിമുറുക്കുകയും ചെയ്യും. അമേരിക്ക വിസ നിഷേധിച്ച് ഇറാന് വിദേശകാര്യ മന്ത്രി ജവാദ് സരിഫിന്റെ ഇന്ത്യാ സന്ദര്‍ശനം വളരെ പ്രാധാന്യമേറിയതാണ്. അമേരിക്കന്‍ താല്പര്യങ്ങള്ക്ക് വഴങ്ങിക്കൊടുക്കാതെ ഇന്ത്യയുടെ ഊര്‍ജം സാമ്പത്തിക താല്പര്യങ്ങള്ക്ക് മുന്‍തൂക്കം നല്കി ഇറാനുമായി ബന്ധം ദൃഢപ്പെടുത്താന്‍ കഴഞ്ഞാല്‍ പശ്ചിമേഷ്യന്‍ രാജ്യങ്ങളുടെ നല്ല സുഹൃത്തായി മേഖലയില്‍ സ്വാധീനം വര്‍ധിപ്പിക്കാനും ഇന്ത്യക്കാകും. ഇറാന്റെ ആക്രമണത്തില്‍ അമേരിക്കന്‍ പട്ടാളക്കാര്‍ ആരും കൊല്ലപ്പെട്ടില്ല എന്നും ഇറാനെ ആണവ ശക്തിയാകാന്‍ അനുവദിക്കില്ല എന്നുള്ള ട്രംപിന്റെ പ്രസ്താവനയിലൂടെ സംഘര്‍ഷ സാധ്യതയ്ക്ക് അയവ് വന്നെങ്കിലും ഇറാന്റെ പ്രസ്താവനകളും മേഖലയിലെ തീവ്രവാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളും ഒരു സംഘര്‍ഷം പൂര്‍ണമായി അകന്നു എന്ന് വിശ്വസിക്കാന്‍ പര്യാപ്തമല്ല. അമേരിക്കയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംപീച്ച്മെന്റ് നടപടികളും വരാനിരിക്കുന്ന തെരഞ്ഞെടുപ്പും ട്രംപിന്റെ വാക്കുളെയും നയങ്ങളെയും വ്യത്യസ്തപ്പെടുത്തിയാലും സംഘര്‍ഷം തന്നെയാണ് ഫലം. ഇറാന്റെ ചരിത്രം പരിശോധിച്ചാലും യുദ്ധം എന്നത് ഒരു പുതിയ കാര്യമല്ല എന്നുള്ളതും ഇറാനിയന്‍ ജനഹിതം യുദ്ധത്തിന് അനുകൂലമാണെന്നുള്ളതും ആശങ്കകളെ ഏറ്റുന്നതാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.