Friday
18 Oct 2019

യുഎസും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കുന്നു

By: Web Desk | Sunday 3 March 2019 10:18 PM IST


വാഷിങ്ടണ്‍: യുഎസും ദക്ഷിണകൊറിയയും സംയുക്ത സൈനികാഭ്യാസം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു. ഉത്തരകൊറിയയെ സമ്പൂര്‍ണ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കാനാണ് നടപടിയെന്നാണ് വിവരം. അതേസമയം, ദക്ഷിണകൊറിയയിലുള്ള അമേരിക്കന്‍ സൈനികരെ തിരിച്ചുവിളിക്കില്ലെന്ന് പെന്റഗണ്‍ അറിയിച്ചു. ഇത് സംബന്ധിച്ച് ഇരു രാജ്യങ്ങളും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ നടത്തുമെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

യുഎസ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനഹാനും ദക്ഷിണകൊറിയന്‍ പ്രതിരോധമന്ത്രി ജ്യോങ് ക്യോങ് ഡൂവും നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. സംയുക്തസൈനികാഭ്യാസം ചെലവേറിയതാണെന്ന് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. സ്ഥിരമായി സൈനികാഭ്യാസം നിര്‍ത്താനാണോ തീരുമാനമെന്ന് വ്യക്തമല്ല. എന്നാല്‍ ചെറിയ രീതിയിലുള്ള പരിശീലനങ്ങള്‍ തുടരുമെന്നാണ് വിവരം.

യുഎസും ദക്ഷിണകൊറിയയും യോജിച്ചുകൊണ്ട് ഉത്തരകൊറിയയ്‌ക്കെതിരെ നടത്തുന്ന നീക്കങ്ങളുടെ മുനയൊടിക്കുന്നതാകും തീരുമാനമെന്ന വിമര്‍ശനങ്ങള്‍ ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. ഡൊണാള്‍ഡ് ട്രംപും കിം ജോങ് ഉന്നും കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലും ഇക്കാര്യം ചര്‍ച്ചയായിരുന്നു. ട്രംപ്-കിം രണ്ടാം ഉച്ചകോടി ധാരണയാകാതെ പിരിഞ്ഞതായി വൈറ്റ്ഹൗസ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുവരെ ധാരണയായിട്ടില്ല, ഭാവിയില്‍ ധാരണയുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നിയോഗിക്കപ്പെട്ട പ്രതിനിധികള്‍ നടത്തുമെന്നാണു ഉച്ചകോടിക്കു ശേഷം വൈറ്റ് ഹൗസ് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ സിംഗപ്പൂരില്‍ വച്ചാണ് ട്രംപും കിമ്മും തമ്മില്‍ ആദ്യം ചര്‍ച്ചകള്‍ നടത്തുന്നത്. ഒന്നാം ഉച്ചകോടിയില്‍ ആണവനിരായുധീകരണം സംബന്ധിച്ചുള്ള ചര്‍ച്ചകളാണു നടന്നതെങ്കിലും അത് എങ്ങനെ നടപ്പാക്കണമെന്നു ധാരണയായിരുന്നില്ല. തുടര്‍നടപടികളില്‍ ഉത്തര കൊറിയ താല്‍പര്യം കാണിക്കുന്നില്ലെന്നായിരുന്നു യുഎസിന്റെ പരാതി. കൊറിയന്‍ ഉപദ്വീപിനെ ആണവവിമുക്തമാക്കുന്നതില്‍ വ്യക്തമായ ധാരണകളിലെത്തുകയായിരുന്നു രണ്ടാം ഉച്ചകോടിയുടെ ലക്ഷ്യം. എന്നാല്‍ ഉച്ചകോടി പ്രതീക്ഷകളൊന്നും അവശേഷിപ്പിക്കാതെ അവസാനിച്ചു.

30,000ലേറെ അമേരിക്കന്‍ സൈനികര്‍ സംയുക്തസൈനികാഭ്യാസത്തിനായി ദക്ഷിണകൊറിയയില്‍ ഉണ്ടെന്നാണ് വിവരം. വ്യോമയാനം, നാവികം, പ്രത്യേക ദൗത്യ നീക്കം തുടങ്ങിയ അഭ്യാസങ്ങളാണ് എല്ലാ വര്‍ഷവും നടത്തി വന്നിരുന്നത്. കൂടാതെ കംപ്യൂട്ടര്‍ അധിഷ്ഠിത അഭ്യാസങ്ങളും നടത്തി വരാറുണ്ട്.

 

Related News