
കൈക്കൂലി കേസില്‍ അഡാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അഡാനിക്ക് സംരക്ഷണ കവചമൊരുക്കി മോഡി സര്‍ക്കാര്‍. അഡാനിക്കെതിരെ യുഎസ് ഫെഡറല്‍ കോടതി പുറപ്പെടുവിച്ച സമന്‍സ് കൈമാറാതെ കേന്ദ്ര സര്‍ക്കാര്‍ പൂഴ്ത്തിയത് 10 മാസം. 2021 സെപ്റ്റംബറില്‍ സൗരോര്‍ജ ഇടപാടില്‍ കരാര്‍ ലഭിക്കാന്‍ അഡാനി ഗ്രീന്‍ എനര്‍ജി കമ്പനി യുഎസിലും ഇന്ത്യയിലും 2,300 കോടി രൂപ കൈക്കൂലി നല്‍കിയെന്ന് യുഎസ് സെക്യൂരിറ്റി ആന്റ് എക്സ്ചേഞ്ച് കമ്മിഷന്‍ (എസ്‌ഇസി) കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അഡാനിയെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സമന്‍സ് പുറപ്പെടുവിച്ചത്. കേസില്‍ ഗൗതം അഡാനി, സാഗര്‍ അഡാനി എന്നിവര്‍ക്കെതിരെ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ സമന്‍സ് കൈമാറിയിട്ടില്ലെന്ന് എസ്ഇസി അധികൃതര്‍ കേസ് പരിഗണിക്കുന്ന ന്യൂയോര്‍ക്കിലെ ഈസ്റ്റേണ്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജി ജെയിംസ് ആര്‍ ചോക്ക് മുന്നില്‍ അറിയിച്ചു.
ഈമാസം 11ന് കോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് 10 മാസം പിന്നിട്ടിട്ടും മോഡി സര്‍ക്കാര്‍ അഡാനിക്ക് സമന്‍സ് കൈമാറിയില്ല എന്ന് രേഖാമൂലം വ്യക്തമാക്കിയത്. വിദേശ രാജ്യങ്ങളില്‍ കഴിയുന്ന പ്രതികള്‍ക്ക് സമന്‍സ് അയച്ച് വിളിച്ചുവരുത്താന്‍ അനുവദിക്കുന്ന ഹോഗ് സര്‍വീസ് കണ്‍വെന്‍ഷന്‍ ഉടമ്പടിയനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിച്ച് വരുന്നതായും എസ്ഇസി കോടതിയെ ബോധിപ്പിച്ചു. സമൻസും പരാതിയും കൈമാറാൻ റെഗുലേറ്റർ ഇന്ത്യന്‍ നിയമ‑നീതിന്യായ മന്ത്രാലയത്തിന്റെ സഹായം തേടിയിരുന്നെങ്കിലും മന്ത്രാലയം തുടര്‍നടപടി സ്വീകരിക്കാതെ മൗനം പാലിക്കുകയാണ്.
കൈക്കൂലി അന്വേഷണത്തിന് പിന്നാലെ 2024 നവംബറിലാണ് ന്യൂയോർക്കിലെ ഈസ്റ്റേൺ ജില്ലയിലെ പ്രോസിക്യൂട്ടർമാർ സെക്യൂരിറ്റീസ് തട്ടിപ്പ്, വിദേശ അഴിമതി നടപടി നിയമ ലംഘനം (എഫ‌്സിപിഎ), ഗൂഢാലോചന, നീതി തടസപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഗൗതം അഡാനിക്കും അനന്തരവന്‍ സാഗര്‍ അഡാനിക്കും ഏതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യയിൽ സൗരോർജ കരാറുകൾ ഉറപ്പാക്കാൻ പ്രതികൾ 250 ദശലക്ഷം ഡോളറിലധികം വിലമതിക്കുന്ന കൈക്കൂലി പദ്ധതി ആസൂത്രണം ചെയ്തതായും കമ്പനിയുടെ അനുസരണ രീതികളെക്കുറിച്ച് യുഎസ് നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചതായും യുഎസ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ജസ്റ്റിസ് (ഡിഒജെ) ആരോപിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.