Wednesday
20 Mar 2019

യുദ്ധകാഹളം വീണ്ടും സിറിയയ്ക്കുമേല്‍ യുഎസ്-ബ്രിട്ടന്‍-ഫ്രാന്‍സ് സംയുക്താക്രമണം

By: Web Desk | Monday 16 April 2018 10:52 PM IST


അഡ്വ. വി ബി ബിനു

ഐക്യരാഷ്ട്രസഭയുടെ താക്കീത് അവഗണിച്ച് 2018 ഏപ്രില്‍ 14 ശനിയാഴ്ച പുലര്‍ച്ചയോടെ അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന 105 ക്രൂയിസ് മിസൈലുകള്‍ സിറിയയ്‌ക്കെതിരെ പ്രയോഗിച്ചു. സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ നിരവധി കേന്ദ്രങ്ങളെ ലക്ഷ്യമാക്കിയായിരുന്നു മിസൈല്‍ ആക്രമണം. ഡമാസ്‌ക്കസ് നഗരപ്രാന്തത്തില്‍ വിമതരുടെ കേന്ദ്രമായ ഭൗമപട്ടണത്തില്‍ കഴിഞ്ഞ ഏപ്രില്‍ ഏഴിന് സിറിയന്‍ സേന നടത്തിയ വ്യോമാക്രമണത്തിനിടയില്‍ രാസായുധം പ്രയോഗിച്ചു എന്നാരോപിച്ചാണ് മിസൈല്‍ ആക്രമണം എന്നാണ് സംയുക്തസേന അറിയിച്ചത്. രാസാക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്ന സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍അസദിന്റെ വിശദീകരണം സഖ്യസേന മുഖവിലയ്‌ക്കെടുത്തില്ല. യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് സിറിയയ്‌ക്കെതിരെ അപകടകരമായ ഒരു നീക്കവും നടത്തരുതെന്ന് അറിയിച്ചിരുന്നു. രാസായുധ പ്രയോഗത്തിന് ശാസ്ത്രീയമായ യാതൊരു തെളിവുകളും സ്ഥിരീകരണവും ഇല്ല. യു എന്‍ അനുമതിയോടെ ഇടപെടല്‍ സാധ്യമല്ലെന്ന് വ്യക്തമായിരുന്നു. രക്ഷാസമിതിയുടെ അനുമതി ഇല്ലാതെ ഇടപെടാന്‍ ആവില്ല. അതിനാകട്ടെ, സ്ഥിരാംഗങ്ങളുടെയെല്ലാം അനുമതി വേണം. വീറ്റോ അധികാരമുള്ള റഷ്യയും ചൈനയും എതിര്‍ക്കുമ്പോള്‍ അതുനടക്കില്ല. ഈ സാഹചര്യം മറികടക്കാന്‍ യു എസിനും സഖ്യകക്ഷികള്‍ക്കും ലഭിച്ച പുതിയ ആയുധമാണ് രാസായുധ പ്രയോഗം. മിസൈല്‍ ആക്രമണത്തെ മുന്‍കൂട്ടി അറിഞ്ഞ റഷ്യയുടെ ഇടപെടലാണ് സഖ്യകക്ഷികള്‍ പ്രതീക്ഷിച്ചത്ര നാശനഷ്ടങ്ങള്‍ വിതയ്ക്കാന്‍ കഴിയാതെ വന്നത്. സിറിയന്‍ സര്‍ക്കാരിന്റെ കൈവശമുണ്ടായിരുന്ന സോവിയറ്റ് നിര്‍മിത മിസൈല്‍ വേധ സംവിധാനം ഉപയോഗിച്ച് സഖ്യകക്ഷികളുടെ 71 മിസൈലുകള്‍ തകര്‍ത്തു എന്ന് റഷ്യ വ്യക്തമാക്കി. സഖ്യസേനയുടെ ആക്രമണത്തെ റഷ്യയും ഇറാനും പരസ്യമായി അപലപിച്ചു. ശീതയുദ്ധത്തിനുശേഷം വീണ്ടും ലോകത്തിലെ വന്‍കിട രാഷ്ട്രങ്ങളടക്കം രണ്ടു ചേരിയായി നിന്ന് പരസ്പരം ഏറ്റുമുട്ടലിന്റെ വക്കില്‍ ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിലേക്ക് എത്തിപ്പെടുമോ എന്ന ആശങ്കയിലായി.
സിറിയയില്‍ ആഭ്യന്തര കലാപം ആരംഭിച്ചത് 2011 മാര്‍ച്ചിലാണ്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പുറത്താക്കുക എന്നതായിരുന്നു കലാപം നയിച്ച വിമതസേനയുടെ മുഖ്യആവശ്യം. അല്‍ഖ്വയ്ദ എന്ന ഭീകരസംഘടനയുടെ നേതൃത്വത്തിലാണ് വിമതസേന കലാപത്തിന് നേതൃത്വം നല്‍കിയത്. കലാപത്തിന് നേതൃത്വം നല്‍കിയ അല്‍ഖ്വയ്ദ നേതാക്കളില്‍ പലരും പിന്നീട് രൂപീകൃതമായ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) സംഘടനാ നേതാക്കളായി മാറി. തങ്ങളുടെ ചൊല്‍പ്പടിക്ക് നില്‍ക്കാത്ത സിറിയന്‍ ഭരണാധികാരിയെ താഴെ ഇറക്കാന്‍ ഐഎസ് പോലുള്ള ഭീകരസംഘടനയുമായി സഖ്യത്തില്‍ ഏര്‍പ്പെടാന്‍ അമേരിക്കയ്ക്ക് യാതൊരു മടിയുമുണ്ടായില്ല. വിമതസേനയ്ക്ക് അത്യാധുനികമായ ആയുധങ്ങള്‍ അമേരിക്ക നല്‍കി. സിറിയയുടെ പ്രധാനപ്പെട്ട പട്ടണങ്ങള്‍ പലതും അമേരിക്ക ഉള്‍പ്പെടെയുള്ള സഖ്യകക്ഷികളുടെ ആയുധ ബലത്തില്‍ വിമത സേന ഓരോന്നോരോന്നായി കൈക്കലാക്കുന്ന കാഴ്ചയാണ് പിന്നീട് ലോകം കണ്ടത്. സിറിയയുമായി നേരത്തെതന്നെ നയതന്ത്രബന്ധം പുലര്‍ത്തി വന്ന റഷ്യ സിറിയയ്ക്ക് എല്ലാവിധ സഹായവും നല്‍കിയതിനാല്‍ സിറിയന്‍ ആയുധപ്പുരകളും സമ്പന്നമായിരുന്നു. നീണ്ടുനിന്ന ഏറ്റുമുട്ടലില്‍ മൂന്നര ലക്ഷത്തിലധികം സിറിയന്‍ ജനതയും സൈനികരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതില്‍ ബഹുഭൂരിപക്ഷവും നിസ്സഹായരായ സാധാരണ ജനങ്ങള്‍ തന്നെ. ഇതിനെക്കാള്‍ എത്രയോ മടങ്ങ് ജനങ്ങള്‍ ഗുരുതരമായ പരിക്കുകള്‍ ഏറ്റ് ചികിത്സപോലും ലഭിക്കാതെ നരകയാതന അനുഭവിക്കുന്നു. ലക്ഷക്കണക്കിന് സിറിയന്‍ ജനത അഭയാര്‍ഥികളായി മാറിക്കഴിഞ്ഞു. അഭയാര്‍ഥി പ്രവാഹത്തിന്റെ മറക്കാത്ത ക്രൂരതയുടെ പ്രതീകമായിരുന്നു മെഡിറ്ററേനിയന്‍ കടല്‍ത്തീരത്ത് വന്നടിഞ്ഞ ഐലന്‍ കുര്‍ദി എന്ന മൂന്നു വയസുമാത്രമുള്ള സിറിയന്‍ ബാലന്റെ ചിത്രം. ഈ കൊടും ക്രൂരതകളും മനുഷ്യാവകാശലംഘനങ്ങളും നടത്തി ഐക്യരാഷ്ട്രസഭയെ നോക്കുകുത്തിയാക്കി സിറിയയ്ക്കുമേല്‍ ഇടപെടാന്‍ എന്തധികാരമാണ് അമേരിക്കയ്ക്കും സഖ്യസക്ഷികള്‍ക്കും ഉള്ളത്.
അമേരിക്കയുടെ ഇറാഖ് ആക്രമണം 2003 മാര്‍ച്ച് 19 നായിരുന്നു. ഇറാഖിന്റെ കൈവശം രാസായുധങ്ങളുണ്ട് എന്നുതന്നെയായിരുന്നു യുദ്ധത്തിന് കാരണമായി അമേരിക്കയുടെയും സഖ്യകക്ഷികളുടെയും അന്നത്തെ അവകാശവാദം. നീണ്ടുനിന്ന ഇറാഖ് യുദ്ധത്തില്‍ ഏഴ് ലക്ഷം ഇറാഖി ജനതയെ രാസായുധം കൈവശം ഉണ്ടെന്ന ആരോപണത്തിന്റെ പേരില്‍ അമേരിക്കയും സഖ്യകക്ഷികളും കൊന്നൊടുക്കി. ഇറാഖ് യുദ്ധത്തിനൊടുവില്‍ പ്രസിഡന്റ് സദ്ദാം ഹുസൈനെ പരസ്യമായി അമേരിക്ക കൊലചെയ്തു. 13 ലക്ഷം ഇറാഖികള്‍ ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഇന്നും അഭയാര്‍ഥികളായി കഴിയുന്നു. ഇറാഖിനുമേല്‍ വിജയം പ്രഖ്യാപിച്ച അമേരിക്ക തങ്ങളുടെ പാവസര്‍ക്കാരിനെ അവരോധിച്ചു. പത്ത് വര്‍ഷം കഴിഞ്ഞപ്പോള്‍ തങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിയെന്നും ഇറാഖില്‍ നിന്നും രാസായുധങ്ങളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും പരസ്യമായി സമ്മതിക്കേണ്ടിവന്നു.
എല്ലാവിധ അന്താരാഷ്ട്ര മര്യാദകളും ലംഘിച്ച് സിറിയയിലെ വിമതസേനയെ ഉപയോഗിച്ച് മധ്യപൗസ്ത്യദേശത്തെ ആധിപത്യം തിരിച്ചുപിടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. ആയുധക്കച്ചവടമാണ് അമേരിക്ക അടക്കമുള്ള സഖ്യകക്ഷികളുടെ സാമ്പത്തിക അടിത്തറ. രാഷ്ട്രങ്ങള്‍ തമ്മില്‍ സംഘര്‍ഷത്തിന്റെയും യുദ്ധത്തിന്റെയും സാഹചര്യം ഒരുക്കേണ്ടത് അവരുടെ ആവശ്യമാണ്.
ലോകത്ത് ഏറ്റവുമധികം രാസായുധങ്ങള്‍ കൈവശമുള്ള രാഷ്ട്രമാണ് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന അതിക്രമത്തിനെതിരെ സഖ്യസേനയില്‍പ്പെട്ട രാഷ്ട്രങ്ങളിലെ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നുതന്നെ ശക്തമായ എതിര്‍പ്പുകള്‍ ഉയര്‍ന്നുവന്നുകഴിഞ്ഞു. അക്രമത്തില്‍ പങ്കാളിയായ മൂന്നു വന്‍ശക്തികളുടെയും ഭരണത്തലവന്‍മാരെ ”കുറ്റവാളികള്‍” എന്ന് ഇറാന്‍ പരമോന്നത നേതാവ് അയത്തുള്ള അലിഖൊമെയ്‌നി വിശേഷിപ്പിച്ചു. റഷ്യയുടെ ആവശ്യപ്രകാരം ഐക്യരാഷ്ട്രസംഘടനയുടെ രക്ഷാസമിതി അടിയന്തര യോഗം ചേര്‍ന്നു. സ്ഥിതി വഷളാക്കുന്നത് ഒഴിവാക്കണമെന്നും എല്ലാരാജ്യങ്ങളും സംയമനം പാലിക്കണമെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അഭ്യര്‍ഥിച്ചു. മിസൈലാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ സിറിയയുടെ മിസൈല്‍ വേധ പ്രതിരോധ സംവിധാനം ശക്തമാക്കാനുള്ള നീക്കവുമായി സഖ്യകക്ഷിയായ റഷ്യ സിറിയയ്ക്ക് എസ്-300 മിസൈല്‍ സംവിധാനം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് അറിയിച്ചു കഴിഞ്ഞു.
സിറിയന്‍ അതിക്രമത്തിനു തൊട്ടടുത്ത ദിവസം ഞായറാഴ്ച സൗദി അറേബ്യയില്‍ ചേര്‍ന്ന അറബ് ലീഗ് ഉന്നതാധികാരസമിതി സഖ്യസേനയുടെ നടപടി വേണ്ടത്ര കൂടിയാലോചന നടത്താതെയുള്ള എടുത്തുചാട്ടമാണെന്ന് വ്യക്തമാക്കി. ട്രംപിന്റെ ജറുസലേം പ്രഖ്യാപനത്തെ ശക്തമായി അപലപിക്കുന്ന പ്രമേയം ഈ യോഗം തന്നെ ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു. അറബ്‌ലീഗില്‍ അംഗത്വമുള്ള സൗദി അറേബ്യ ഉള്‍പ്പെടെയുള്ള പല രാഷ്ട്രങ്ങളും ശനിയാഴ്ച നടന്ന സഖ്യകക്ഷികളുടെ ആക്രമണത്തെ അനുകൂലിച്ച് പ്രതികരിച്ചെങ്കിലും ഉന്നതാധികാരസമിതി യോഗം കഴിഞ്ഞ് പുറത്തുവന്ന വാര്‍ത്തകള്‍ അറബ് ലോകം സഖ്യകക്ഷികള്‍ക്കെതിരെ നിലപാടെടുക്കുന്ന സാഹചര്യത്തിലേക്ക് മാറുന്ന കാഴ്ചയാണ് കണ്ടത്.
സിറിയന്‍ കലാപത്തിനു രാഷ്ട്രീയമായ പരിഹാരം കണ്ടുപിടിക്കാന്‍ കഴിയേണ്ടതാണ്. മറിച്ച് യുഎസും സഖ്യകക്ഷികളും വീണ്ടും ഏകപക്ഷീയമായി സിറിയയില്‍ ആക്രമണം തുടര്‍ന്നാല്‍ അതൊരു അന്താരാഷ്ട്ര കലാപത്തിലേക്ക് നീങ്ങുമെന്ന് റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുട്ടിന്‍ മുന്നറിയിപ്പു നല്‍കിക്കഴിഞ്ഞു.

(ലേഖകന്‍ ഐപ്‌സോ സംസ്ഥാന
ജനറല്‍ സെക്രട്ടറിയാണ്)