ഹോങ്കോങിലെ അമേരിക്കൻ വ്യവസായികളെ തടവിലാക്കുകയും മക്കാവുവിലേക്ക് പ്രവേശിക്കുന്നത് തടയുകയും ചെയ്തു

Web Desk
Posted on December 08, 2019, 1:27 pm

ഹോങ്കോങ്: അമേരിക്കൻ ചേമ്പർ ഓഫ് കൊമേഴ്സിന്റെ ചെയർമാനെയും പ്രസിഡന്റിനെയും ഹോങ്കോങിൽ തടവിലാക്കി. ചൈനീസ് അധീനതയിലുള്ള മക്കാവു നഗരത്തിലേക്ക് ഇവർക്ക് പ്രവേശനവും നിഷേധിക്കുകയും ചെയ്തു.

ചെയർമാൻ റോബർട്ട് ഗ്രീവ്സും പ്രസിഡന്റ് താരാ ജോസഫും ചേമ്പറിന്റെ വാർഷിക യോഗത്തിൽ പങ്കെടുക്കാനായാണ് മുൻ പോർച്ചുഗീസ് കോളനിയിലേക്ക് പോയത്. എന്നാൽ തങ്ങൾക്ക് അങ്ങോട്ട് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയതിന്റെ കാരണം അറിയില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇക്കാര്യം വിശദീകരിക്കാൻ അധികൃതർ തയാറായിട്ടുമില്ല. മക്കാവുവിലേക്ക് തങ്ങൾ പ്രവേശിക്കണമെന്ന് നിർബന്ധമില്ലെന്ന് എഴുതി ഒപ്പിട്ട് കൊടുക്കണമെന്നും അവർ നിർദേശിച്ചതായി ഇരുവരും പറഞ്ഞു.

അതേസമയം മക്കാവും ഇമിഗ്രേഷൻ അധികൃതർ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

ഹോങ്കോങിലെ അമേരിക്കൻ സ്ഥാനപതിയടക്കം പങ്കെടുക്കുന്ന പരിപാടിയിൽ നിന്നാണ് ഇവരെ മാറ്റി നിർത്തിയത്. ഇത് തങ്ങളെ ഏറെ അമ്പരപ്പിച്ചെന്നും അധികൃതർ പറഞ്ഞു.

ബെയ്ജിങിൽ നിന്ന് കടുത്ത എതിർപ്പുണ്ടായിട്ടും ഹോങ്കോങിലെ പ്രതിഷേധക്കാരെ പിന്തുണച്ച് കൊണ്ട് അമേരിക്ക നിയമം പാസാക്കിയത് ചൈനയെ ചൊടിപ്പിച്ചിരുന്നു. ആറ് മാസമായി ഹോങ്കോങിൽ വൻ ജനകീയ പ്രക്ഷോഭം തുടരുകയാണ്. ചൈന ഇതിനെ അപലിച്ചിട്ടുണ്ട്. അമേരിക്കയും ബ്രിട്ടനുമടക്കമുള്ള രാജ്യങ്ങളെയും അവർ വിമർശിച്ചിട്ടുണ്ട്. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ മറ്റുള്ളവർ ഇടപെടരുതെന്നാണ് ഇവരുടെ ആവശ്യം.