5 October 2024, Saturday
KSFE Galaxy Chits Banner 2

ഇന്ത്യയുടെ അരി കയറ്റുമതി നിരോധനം അനാവശ്യമെന്ന് യുഎസ്

Janayugom Webdesk
ന്യൂഡല്‍ഹി
September 29, 2023 10:35 pm

ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി നിരോധനം അനാവശ്യ തീരുമാനമാണെന്ന് യുഎസ്. ലോക വ്യാപാര സംഘടനയുടെ (ഡബ്ല്യുടിഒ) കാര്‍ഷിക സമിതി യോഗത്തിലാണ് യുഎസിന്റെ പ്രസ്താവന. ആഗോള കയറ്റുമതിയുടെ ഏകദേശം 40 ശതമാനം പങ്ക് വഹിക്കുന്നതിനാല്‍ ഇറക്കുമതിയെ വളരെയധികം ആശ്രയിക്കുന്ന രാജ്യങ്ങളുടെ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയുടെ കയറ്റുമതി നിരോധനം ദോഷകരമായി ബാധിക്കുമെന്ന് യുഎസ് പ്രതിനിധി സംഘം പറഞ്ഞു.
ജപ്പാൻ, ഓസ്‌ട്രേലിയ, ബ്ര­സീ­ൽ, കാനഡ, യൂറോപ്യൻ യൂണിയൻ, ന്യൂസിലൻഡ്, സ്വിറ്റ്‌സർലൻഡ്, തായ്‌ലൻഡ്, യുകെ എന്നീ രാജ്യങ്ങളും കയറ്റുമതി നിരോധനത്തില്‍ ആശങ്ക പ്ര­ക­ടിപ്പിച്ചു. 2023–24 കാലയളവിൽ ഇന്ത്യയിൽ 134 ദശലക്ഷം ടൺ അരി ഉല്പാദനവും 36 ദശലക്ഷം ടണ്ണിന്റെ സംഭരണവും ഉണ്ടാകുമെന്നാണ് യുഎസ് പറയുന്നത്. ആഭ്യന്തര വിതരണത്തില്‍ തടസം നേരിടാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ കയറ്റുമതി നിരോധനം അനാവശ്യമായ വ്യാപാര തടസങ്ങൾ സൃഷ്ടിക്കുകയും ഭക്ഷണം ഏറ്റവും ആവശ്യമുള്ള മേഖലകളിലേക്കുള്ള വിതരണത്തെ ബാധിച്ചുവെന്നും യുഎസ് ആരോപിച്ചു. കയറ്റുമതി നിരോധനം ഉടനടി പിൻവലിക്കാൻ ആവശ്യപ്പെടുന്നതായും പ്രതിനിധി സംഘം പറഞ്ഞു. 

അതേസമയം, ആഭ്യന്തര ഭക്ഷ്യ സുരക്ഷ കണക്കിലെടുത്തുള്ള നിയന്ത്രണം മാത്രമാണ് കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയതെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ആവശ്യാനുസരണം ഇത്തരം നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയിട്ടുണ്ടെന്നും ആഗോള ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും ഇന്ത്യ വ്യക്തമാക്കി. ജൂലൈയിലാണ് കേന്ദ്രസർക്കാർ ബസുമതി ഇതര അരിയുടെ കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്. തുടർന്ന് ബസുമതി അരിയുടെ കയറ്റുമതിക്ക് ഓഗസ്റ്റിൽ 20 ശതമാനം തീരുവയും നിശ്ചയിച്ചു. 

ഇന്ത്യക്ക് നിലവിൽ വിദേശത്തേക്ക് കയറ്റി അയയ്ക്കുന്ന എല്ലാത്തരം അരികൾക്കും നിയന്ത്രണങ്ങളുണ്ട്. ബസുമതി ഇതര വെള്ള അരിയുടെ കയറ്റുമതി നിരോധിക്കുമെന്ന ഇന്ത്യയുടെ പ്ര­ഖ്യാപനത്തിനു പിന്നാലെ ആ­ഗോള അരി വില 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയിരുന്നു.
ഡയറക്ടറേറ്റ് ജനറൽ ഓഫ് കൊമേഴ്സ്യൽ ഇന്റലിജൻസ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സിന്റെ ക­ണക്കനുസരിച്ച് ജനുവരി മുതൽ ജൂലൈ വരെ ഏകദേശം 150 രാജ്യങ്ങളിലേക്ക് 12.9 ദശലക്ഷം ടൺ അരിയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. 

Eng­lish Summary:US calls Indi­a’s rice export ban unnecessary
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.