May 27, 2023 Saturday

അമേരിക്ക‑ചൈന വാണിജ്യ യുദ്ധത്തിൽ അയവ്: അമേരിക്കൻ ചരക്കുകൾക്ക് നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് ചൈന പിൻവാങ്ങുന്നു

Janayugom Webdesk
December 15, 2019 12:42 pm

ബെയ്ജിങ്: അമേരിക്കൻ ഉല്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്താനുള്ള നീക്കത്തിൽ നിന്ന് ചൈന പിൻമാറി. ഞായറാഴ്ച മുതൽ പുതിയ നികുതി നിരക്കുകൾ നിലവിൽ വരുമെന്നായിരുന്നു നേരത്തെ ചൈന പ്രഖ്യാപിച്ചിരുന്നത്. ഇതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ യുദ്ധം പുതിയ വഴിത്തിരിവിൽ എത്തി.

അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചില സാധനങ്ങൾക്ക് പത്ത്, അ‍ഞ്ച് ശതമാനം വരെ നികുതി ഏർപ്പെടുത്താനായിരുന്നു തീരുമാനിച്ചിരുന്നത്. അമേരിക്കയുടെ വാഹനങ്ങൾക്കും വാഹനങ്ങളുടെ ഭാഗങ്ങൾക്കും നികുതി ചുമത്താനും തീരുമാനിച്ചിരുന്നു. ഇതും പിൻവലിക്കുന്നതായി ചൈനീസ് ധനകാര്യമന്ത്രി ഞായറാഴ്ച അറിയിച്ചു.

ചൈനീസ് ഉല്പന്നങ്ങൾക്കുള്ള അധിക നികുതി പിൻവലിക്കാൻ അമേരിക്കൻ പ്രസിഡന്റ് ട്രംപ് തയാറായതോടെയാണ് ചൈനയുടെ ഈ നടപടി. നികുതി നിരക്കുകൾ പിൻവലിക്കാൻ അമേരിക്കയുമായി കഴിഞ്ഞ ദിവസം കരാറുണ്ടാക്കിയതായി ചൈനയുടെ വാണിജ്യ മന്ത്രി അറിയിച്ചിരുന്നു. ബൗദ്ധികസ്വത്തവകാശം സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇരുരാജ്യങ്ങളും ഇതുവരെ ഇത്തരത്തിൽ യാതൊരു കരാറുകളിലും ഒപ്പ് വച്ചിട്ടില്ല. ലോകത്തെ രണ്ട് വൻ സാമ്പത്തിക ശക്തികൾ തമ്മിൽ 21 മാസമായി തുടർന്ന് വന്ന വൻ വാണിജ്യ പ്രക്ഷോഭമാണ് ഇതോടെ നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുന്നത്. ചൈനയിലേക്ക് കയറ്റുമതി ചെയ്യുന്ന 16000കോടി ഡോളറിന്റെ ഉല്പന്നങ്ങൾക്ക് 15ശതമാനം നികുതി ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ഇതിൽ അമേരിക്കയുടെ ജനപ്രിയ ഇലക്ട്രോണിക്, വസ്ത്ര ഉല്പന്നങ്ങളും ഉള്‍പ്പെട്ടിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.