വാവെക്ക് സാങ്കേതികവിദ്യ വില്‍ക്കാന്‍ യുഎസ് കമ്പനികളെ അനുവദിച്ചേക്കും

Web Desk
Posted on June 30, 2019, 1:51 pm

വാഷിങ്ടണ്‍: ജി-20 ഉച്ചകോടിയില്‍ സമവായ ചര്‍ച്ചകള്‍ക്ക് തുടക്കമായതിന് പിന്നാലെ ചൈനീസ് കമ്പനിയായ വാവെക്കെതിരെ യുഎസ് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തയ്യാറാകുന്നതായി റിപ്പോര്‍ട്ട്. വാഷിങ്ടണ്‍ പോസ്റ്റാണ് ഈ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. യുഎസ് കമ്പനികള്‍ വാവെക്ക് തങ്ങളുടെ സാങ്കേതികവിദ്യ വില്‍ക്കരുതെന്ന് ട്രംപ് നേരത്തെ ഉത്തരവിട്ടിരുന്നു. ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ അപ്‌ഡേറ്റുകള്‍ വാവെക്ക് ലഭ്യമാക്കരുതെന്നത് അടക്കമുള്ള കടുത്ത നിലപാടുകളാണ് ട്രംപ് എടുത്തിരുന്നത്.

ചൈന‑യുഎസ് മഞ്ഞുരുക്കത്തിന് വഴിയൊരുക്കി ജി-20 ഉച്ചകോടി സമാപിച്ചു

ഒസാക്ക: പതിനാലാമത് ജി-20 ഉച്ചകോടി ജപ്പാനിലെ ഒസാക്കയില്‍ സമാപിച്ചു. അംഗരാജ്യങ്ങള്‍ തമ്മില്‍ കടുത്ത വ്യാപാര യുദ്ധങ്ങളും ഉപരോധങ്ങളും നിലനില്‍ക്കുന്നതിനിടെ നടന്ന ഉച്ചകോടി പല തര്‍ക്കങ്ങള്‍ക്കും പരിഹാരം കാണുന്നതിനായുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
യുഎസ്-ചൈന വ്യാപാരയുദ്ധവുമായി ബന്ധപ്പെട്ട കടുത്ത തീരുമാനങ്ങളില്‍ നിന്നും ഇരു രാജ്യങ്ങളും വിട്ടു നില്‍ക്കുമെന്ന ശുഭ സൂചനകളോടെയാണ് ഉച്ചകോടി സമാപിച്ചത്. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് പുതുതായി അധിക നികുതി ചുമത്തില്ലെന്ന് യുഎസ് വ്യക്തമാക്കിയതോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര യുദ്ധത്തിന്റെ പര്യവസാനത്തിലേക്ക് നയിക്കുന്ന ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങുകയായിരുന്നു.

ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്ങും നടത്തിയ കൂടിക്കാഴ്ചയില്‍ രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര പ്രതിസന്ധികളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തര്‍ക്കം തീര്‍ക്കാന്‍ താനൊരു ചരിത്രപരമായ വ്യാപാര ഉടമ്പടിക്ക് തയ്യാറെടുക്കുകയാണെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് സിന്‍ഹുവ വാര്‍ത്താ ഏജന്‍സിയോട് ട്രംപ് പറഞ്ഞു. വളരെ മികച്ച കൂടിക്കാഴ്ചയായിരുന്നുവെന്ന് ഷി ജിന്‍ പിങും ശ്രേഷ്ടമായ ചര്‍ച്ചയെന്ന് ട്രംപും വിശേഷിപ്പിച്ചു. ഞങ്ങള്‍ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തിയെന്ന് ട്രംപ് പറഞ്ഞു. അതേ സമയം ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ കരാറുകളുടെ വിശദാംശങ്ങള്‍ അദ്ദേഹം വെളിപ്പെടുത്താന്‍ തയ്യാറായില്ല. ചര്‍ച്ചയിലെ വിവരങ്ങള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും പിന്നീട് ഔദ്യോഗിക പ്രസ്താവനകള്‍ നടത്തുമെന്നാണ് സൂചന.

ചൈനയ്ക്കും യുഎസിനും സഹകരണത്തിലൂടെ വിജയിക്കാനും പരസ്പരം പോരാട്ടത്തിലൂടെ പരാജയപ്പെടുത്താനുമാവുമെന്ന് ചര്‍ച്ചയ്ക്കിടെ ചൈനീസ് പ്രസിഡന്റ് ട്രംപിനോട് പറഞ്ഞു. അടുത്ത ഘട്ടത്തിലേക്ക് ബന്ധങ്ങളെ മുന്നോട്ട് നയിക്കാനും താങ്കളുമായി അഭിപ്രായങ്ങള്‍ കൈമാറാനും ഞാന്‍ ആഗ്രഹിക്കുന്നു. ഏകോപനം, സഹകരണം, സ്ഥിരത എന്നിവ മുന്‍ നിര്‍ത്തി യുഎസ്-ചൈന ബന്ധം ഊര്‍ജ്ജിതപ്പെടുത്താനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ഷി ജിന്‍ പിങ് പറഞ്ഞു.

200 ബില്യണ്‍ ഡോളര്‍ വിലവരുന്ന ചൈനീസ് സാധനങ്ങളുടെ ഇറക്കുമതി തീരുവ 25 ശതമാനമായി വര്‍ധിപ്പിക്കാന്‍ മെയ് മാസത്തില്‍ ട്രംപ് ഉത്തരവിട്ടിരുന്നു. എന്നാല്‍ മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍, വസ്ത്രങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഉല്‍പന്നങ്ങള്‍ക്ക് 325 ബില്യണ്‍ ഡോളര്‍ തീരുവ അധികമായി ചുമത്തുമെന്ന ഭീഷണിയും ട്രംപ് ഉയര്‍ത്തിയിട്ടുണ്ട്. അമേരിക്കന്‍ ഉല്‍പന്നങ്ങളുടെ തീരുവ വര്‍ധിപ്പിച്ച് ചൈനയും തിരിച്ചടിച്ചിരുന്നു. 60 ബില്യണ്‍ ഡോളര്‍ വിലവരുന്ന ഉല്‍പന്നങ്ങളുടെ തീരുവയാണ് ചൈന വര്‍ദ്ധിപ്പിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ യുദ്ധം ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ആഗോള സാമ്പത്തിക വളര്‍ച്ചയെ അത് കാര്യമായി ബാധിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡ് ഉള്‍പ്പെടെയുള്ള സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ചൈനയുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞു വരുന്നതായി അവിടെ നിന്നുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഉച്ചകോടിയില്‍ ഭീകരവാദം, കാലാവസ്ഥാ വ്യതിയാനം, വ്യാപാരം, 5ജി തുടങ്ങിയ വിഷയങ്ങളില്‍ ലോകരാജ്യങ്ങള്‍ ചര്‍ച്ച നടത്തി. വ്യാപാര സഹകരണം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഉച്ചകോടിയില്‍ ധാരണയായി. അടിസ്ഥാന സൗകര്യ വികസനത്തിലും കാര്‍ഷിക, ശാസ്ത്ര, ആരോഗ്യ മേഖലകളിലും സഹകരിച്ച് പ്രവര്‍ത്തിക്കാനും രാജ്യങ്ങള്‍ തമ്മില്‍ ധാരണയായി.
ഉച്ചകോടിക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നലെ ഇന്ത്യയില്‍ തിരിച്ചെത്തി. വിവിധ രാഷ്ട്രത്തലവന്മാരുമായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി മടങ്ങിയെത്തിയത്. മൂന്ന് ദിവസത്തെ ഓസാക്ക സന്ദര്‍ശനത്തില്‍ പ്രധാനമന്ത്രി ഒന്‍പത് ഉഭയകക്ഷി ചര്‍ച്ചകളിലും മൂന്നു ബഹുമുഖ ചര്‍ച്ചകളിലും പങ്കെടുത്തു. ഇതില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ കൂടിക്കാഴ്ചയാണ് ഏറെ ശ്രദ്ധ നേടിയത്.
ഇന്ത്യയെ വ്യാപാര മുന്‍ഗണന പട്ടികയില്‍ നിന്ന് ഒഴിവാക്കിയതും അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ കൂടുതല്‍ തീരുവ ചുമത്തിയതും നയതന്ത്ര ബന്ധത്തിലെ പ്രതിസന്ധിയും ചര്‍ച്ചയായിരുന്നു. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ ആബെ, ഡൊണാള്‍ഡ് ട്രംപ് എന്നിവരുമായി മോഡി നടത്തിയ കൂടിക്കാഴ്ചയില്‍ ഇന്‍ഡോ പസിഫിക് മേഖലയിലെ പ്രശ്‌നങ്ങളും 5 ജി കണക്ടിവിറ്റിയും ഭീകരപ്രവര്‍ത്തനവും ഉള്‍പ്പെടെ ചര്‍ച്ച ചെയ്തു. സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി മോഡി നടത്തിയ കൂടിക്കാഴ്ചയില്‍ ഹജ് ക്വാട്ട രണ്ടു ലക്ഷമാക്കി വര്‍ധിപ്പിക്കാന്‍ തീരുമാനമായി. വിയറ്റ്‌നാം രാഷ്ട്ര പ്രതിനിധി, ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പസ്, സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിന്‍ ലൂങ്, ഇറ്റാലിയന്‍ പ്രസിഡന്റ് ഗ്യുസീപി കോന്റെ, ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനോറ എന്നിവരുമായും മോഡി കൂടിക്കാഴ്ച നടത്തി.