ട്രംപിന്റെ വിശ്വസ്തനായിരുന്ന യുഎസ് പ്രത്യേക പ്രതിനിധി കുര്‍ട് വോള്‍ക്കര്‍ രാജിവച്ചു

Web Desk
Posted on September 29, 2019, 12:26 pm

വാഷിങ്ടന്‍: അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ വിശ്വസ്തനും ഉക്രൈ്ന്‍ കാര്യങ്ങള്‍ക്കുള്ള പ്രത്യേക യുഎസ് പ്രതിനിധിയുമായ കുര്‍ട് വോള്‍ക്കര്‍ രാജിവെച്ചു. സഭാസമിതി മുന്‍പാകെ വ്യാഴാഴ്ച ഹാജരായി വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ട്രംപിന്റെ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് കരുതുന്ന വോള്‍ക്കറിന്‍റെ രാജി.

ഉക്രൈന്‍ സര്‍ക്കാരുമായി ആശയവിനിമയം നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ജനപ്രതിനിധി സഭാസമിതി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോയ്ക്കു നിര്‍ദേശം നല്‍കി ഇതിന് പിന്നാലെ, വിദേശകാര്യവകുപ്പിലെ ഡപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജോര്‍ജ് കെന്റ്, ഇന്റലിജന്‍സ് ഐജി മൈക്കല്‍ അറ്റ്കിന്‍സണ്‍ തുടങ്ങി കൂടുതല്‍ പേരെ വിളിച്ചുവരുത്താനിരിക്കുകയാണ് സമിതി.
വോള്‍ക്കര്‍ക്കെതിരായ ആരോപണം അടുത്ത വര്‍ഷം പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയാകാന്‍ സാധ്യതയുള്ള മുന്‍ യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡനെ തേജോവധം ചെയ്യുകയെന്ന ലക്ഷ്യത്തോടെ യുക്രെയ്‌നിലെ ഉദ്യോഗസ്ഥരെ സമീപിച്ചെന്നതാണ്. വോള്‍ക്കര്‍ അവിടത്തെ ഉദ്യോഗസ്ഥരെ കണ്ടത് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌ക്കിയോട് ട്രംപ് ആവശ്യപ്പെട്ട ഇക്കാര്യം നിറവേറ്റുന്നതെങ്ങനെയെന്ന് അറിയിക്കാനാണെന്നാണ് റിപ്പോര്‍ട്ട്.

ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ ജനപ്രതിനിധി സഭയിലെ ഡെമോക്രാറ്റ് അംഗങ്ങള്‍ തിരുമാനിച്ചിരിക്കുകയായിരുന്നു. ഇതിന്റെ ആദ്യപടി എന്ന നിലയിലാണ് വോള്‍ക്കറോടും പോംപെയോയോടും ഹാജരാകാന്‍ ആവശ്യപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.