യു എസ് ഉപരോധ ഭീഷണി ഇന്ത്യന്‍ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധം

Web Desk
Posted on June 28, 2018, 10:50 pm

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ യുക്തിരഹിതവും നയതന്ത്രരഹിതവുമായ ദുശാഠ്യങ്ങള്‍ക്ക് ലോക രാഷ്ട്രങ്ങളും ജനങ്ങളും വലിയ വില നല്‍കേണ്ടിവരും. ചുരുങ്ങിയ കാലയളവിനുള്ളില്‍ ട്രംപ് ഏകപക്ഷീയമായി പ്രഖ്യാപിച്ചതും ലോകത്തിന്റെമേല്‍ അടിച്ചേല്‍പിച്ചതുമായ അത്തരം നടപടികളില്‍ ഏറ്റവും അവസാനത്തേതാണ് ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങള്‍ക്കും കമ്പനികള്‍ക്കും നേരെ ട്രംപ് ഭരണകൂടം ഉയര്‍ത്തിയിരിക്കുന്ന ഉപരോധഭീഷണി. ട്രംപിന്റെ ഉപരോധ ഭീഷണി ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ തന്നെ ആഗോള അസംസ്‌കൃത എണ്ണ വ്യാപാരത്തില്‍ പ്രതിഫലിച്ചതായാണ് ഇതിനകമുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ട്രംപ് ഭരണകൂടത്തിന്റെ ഉപരോധ ഭീഷണി ഏറ്റവും പ്രതികൂലമായി ബാധിച്ചേക്കാവുന്ന രാജ്യങ്ങളുടെ മുന്‍നിരയിലാണ് ഇന്ത്യയും ചൈനയും. സാമ്പത്തിക വളര്‍ച്ചയിലും രാഷ്ട്രീയവും സൈനികവുമായ കരുത്തിലും വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമായ രാഷ്ട്രം എന്ന നിലയില്‍ യു എസ് ഭീഷണി ചൈനയെ ഏറെ പ്രതികൂലമായി ബാധിച്ചേക്കില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. എന്നാല്‍ ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ നരേന്ദ്രമോഡിയുടെ മുട്ട് കൂട്ടിയിടിക്കുന്നതിന്റെ സൂചനകളാണ് ഇതിനകം പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കേന്ദ്ര പെട്രോളിയം മന്ത്രാലയം യു എസ് നിര്‍ദേശാനുസരണം നവംബര്‍ നാലിനു മുമ്പ് ഇറാനില്‍ നിന്നുള്ള അസംസ്‌കൃത എണ്ണ ഇറക്കുമതി അവസാനിപ്പിക്കാന്‍ ഇന്ത്യന്‍ എണ്ണ ശുദ്ധീകരണശാലകള്‍ക്ക് നിര്‍ദേശം നല്‍കിക്കഴിഞ്ഞു. ഇറാനുമായുള്ള വ്യാപാര ഇടപാടുകള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ നിന്നും സമ്മര്‍ദ്ദം ശക്തമാകുന്നതായി വ്യാവസായിക‑വാണിജ്യ സ്രോതസുകളും സ്ഥിരീകരിക്കുന്നതായി വാര്‍ത്തയുണ്ട്. യു എസ് സമ്മര്‍ദ്ദഫലമായി ലോക വിപണിയില്‍ എത്തുന്ന ഇരുപത് ലക്ഷത്തില്‍പരം വീപ്പ എണ്ണ പകുതിയായെങ്കിലും കുറയ്ക്കാനായാല്‍ ആഗോള ഇന്ധന വിപണിയില്‍ എണ്ണയുടെ മേല്‍ സമ്മര്‍ദ്ദം ഉയരുകയും അത് സ്വാഭാവികമായി വിലയുയരാന്‍ കാരണമാവുമെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. ലോകത്തിലെ ഏറ്റവും വലിയ എണ്ണ നിക്ഷേപമുള്ള വെനസ്വേലയുടെ ഉല്‍പാദനം ഗണ്യമായി കുറയുകയും ഇതര എണ്ണ ഉല്‍പാദന രാജ്യങ്ങളില്‍ പലതിലും ഉല്‍പാദനം ഇടിയുകയും ചെയ്ത പശ്ചാത്തലത്തില്‍ യു എസ് ഉപരോധ ഭീഷണി ഇന്ധന പ്രതിസന്ധിക്കും വിലക്കുതിപ്പിനും ഇടയാക്കിയേക്കും.
അസംസ്‌കൃത എണ്ണ ഇറക്കുമതിക്ക് ഇറാഖിനും സൗദി അറേബ്യക്കും പിന്നില്‍ ഇന്ത്യ ആശ്രയിക്കുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇറാനുള്ളത്. 2017–18 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ പത്തുമാസങ്ങളില്‍ ഇന്ത്യ ഇറാനില്‍ നിന്ന് 18.4 ദശലക്ഷം ടണ്‍ അസംസ്‌കൃത എണ്ണയാണ് ഇറക്കുമതി ചെയ്തിരുന്നത്. ഇറാന്റെ ആണവായുധ പരീക്ഷണങ്ങളുടെ പേരില്‍ കഴിഞ്ഞ പതിറ്റാണ്ടിന്റെ അവസാനം നടപ്പാക്കിയ ഉപരോധം ഇന്ത്യയുടെ എണ്ണ ഇറക്കുമതിയെ സാരമായി ബാധിച്ചിരുന്നു. ഇറാനില്‍ നിന്നും ഇന്ത്യയിലേക്ക് പ്രകൃതിവാതകം എത്തിക്കാനുള്ള പൈപ്പ് ലൈന്‍ പദ്ധതിയടക്കം രാജ്യത്തിന് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഗുണകരമാകുമായിരുന്ന നിരവധി വികസന പദ്ധതികള്‍ പാതിവഴിയില്‍ ഉപേക്ഷിക്കാന്‍ നാം നിര്‍ബന്ധിതമായി. ഉപരോധത്തിന്റെ അന്തരീക്ഷത്തില്‍ പോലും എണ്ണവിലയുടെ പകുതി ഇന്ത്യന്‍ രൂപയില്‍ നല്‍കാന്‍ കഴിയും വിധം ഇറക്കുമതി തുടരാന്‍ നമുക്ക് കഴിഞ്ഞിരുന്നു. പില്‍ക്കാലത്ത് യുഎസും യൂറോപ്യന്‍ രാഷ്ട്രങ്ങളും ഉള്‍പ്പെട്ട ആണവ കരാറിനെ തുടര്‍ന്ന് ഇറാന്‍-ഇന്ത്യ എണ്ണ വ്യാപാരം സാധാരണ നിലയില്‍ പുനഃസ്ഥാപിച്ചു. ഇപ്പോള്‍ യു എസിന്റെ യൂറോപ്യന്‍ സഖ്യകക്ഷികള്‍ ഒന്നടങ്കം എതിര്‍ക്കുന്ന ട്രംപിന്റെ ആണവകരാറില്‍ നിന്നുള്ള പിന്മാറ്റം വീണ്ടും ഇന്ത്യയെ ഇന്ധന പ്രതിസന്ധിയിലേക്കും സാമ്പത്തിക നഷ്ടത്തിലേക്കുമാണ് നയിക്കുന്നത്. അത് കേവലം എണ്ണ ഇറക്കുമതിയുടെ മാത്രം പ്രശ്‌നമല്ല, മറിച്ച് തികച്ചും അസ്വസ്ഥജനകവും ശത്രുതാപരവുമായ അയല്‍ബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയുടെ വാണിജ്യ ബന്ധങ്ങളുടെ വികസന പ്രതീക്ഷകള്‍ക്കാണ് അമേരിക്കയുടെ ഉപരോധ ഭീഷണി നിഴല്‍ വീഴ്ത്തിയിരിക്കുന്നത്. ഇറാനില്‍ നിന്നുള്ള പ്രകൃതിവാതകം, ആ രാജ്യത്തെ ഛബാര്‍ തുറമുഖ വികസനം, അവിടെ നിന്നും മധ്യേഷ്യയിലേക്കുള്ള ഇന്ത്യയുടെ കവാടം തുടങ്ങിയ വികസന പദ്ധതികളെയാകെ തുരങ്കംവയ്ക്കുന്നതാണ് യുഎസിന്റെ ഉപരോധ ഭീഷണി.
ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യന്‍ വിദേശ, പ്രതിരോധ മന്ത്രിമാര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി, പ്രതിരോധ സെക്രട്ടറി എന്നിവരുമായി അടുത്ത ആഴ്ചയില്‍ നടക്കുന്ന ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആ കൂടിക്കാഴ്ച അനിശ്ചിതമായി നീട്ടിവച്ചിരിക്കുന്നതായി വ്യക്തമായ സൂചനകള്‍ ഇതിനകം യു എസ് നല്‍കിക്കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നരേന്ദ്രമോഡി ഗവണ്‍മെന്റ് യു എസ് സമ്മര്‍ദ്ദങ്ങള്‍ക്ക് മുമ്പില്‍ അവലംബിക്കുന്ന നിലപാട് സുപ്രധാനമാണ്. യു എന്‍ സുരക്ഷാ കൗണ്‍സില്‍ അംഗീകരിക്കാത്ത ഒരു ഉപരോധവും അംഗീകരിക്കേണ്ടതില്ലെന്ന നിലപാടാണ് ഇന്ത്യ നാളിതുവരെ പിന്തുടര്‍ന്നിരുന്നത്. അതിനു വിരുദ്ധമായി യുഎസിന്റെ നിക്ഷിപ്ത സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി രാജ്യതാല്‍പര്യം ബലികഴിക്കുന്ന ഏത് നീക്കവും രാഷ്ട്രതാല്‍പര്യങ്ങള്‍ക്കും ജനങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ക്കും വിരുദ്ധമായിരിക്കും.