യുഎസ് സൈന്യത്തില്‍ ഭിന്നലിംഗക്കാര്‍ക്ക് അവസരം നിഷേധിച്ചു; പ്രതിഷേധം ശക്തം

Web Desk
Posted on March 25, 2018, 5:49 pm

യുഎസ് സൈന്യത്തില്‍ നിന്നും ഭിന്ന ലിംഗക്കാര്‍ക്ക് അവസരം നിഷേധിച്ച പ്രഡിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവിനെതിരെ പ്രതിഷേധം ശക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് ട്രംപ് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്. അതേസമയം, ട്രംപിന്റെ പ്രഖ്യാപനത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

യുഎസ് ഭരണഘടന അനുശാസിക്കുന്ന തുല്യ സുരക്ഷയെ തള്ളുന്ന തീരുമാനമാണ് ട്രംപിന്‍റേതെന്ന് കാണിച്ചാണ് പ്രതിഷേധം. ലിംഗപരമായ പരിവര്‍ത്തനത്തിന് വിധേയരായിട്ടുള്ളവര്‍ സൈനിക സേവനത്തില്‍ നിന്നും അയോഗ്യരാക്കപ്പെടും. ചില സന്ദര്‍ഭങ്ങളിലൊഴിച്ച് ഇവരെ പരിഗണിക്കില്ലെന്നാണ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിന്റെ നയ പ്രകാരം വൈറ്റ് ഹൗസ് പ്രസിദ്ധീകരിച്ച മെമ്മൊറാണ്ടത്തിലുളളത്. യുഎസിലെ സീറ്റില്‍ ജില്ലാ കോടതിയിലാണ് മെമ്മോറാണ്ടം ഫയല്‍ ചെയ്തത്. ലിംഗപരിവര്‍ത്തനം നടത്തിയവര്‍ സേനയിലെ ജോലികള്‍ക്ക് പ്രാപ്തരല്ലെന്ന ജിം മാറ്റിസിന്റെ റിപ്പോര്‍ട്ട് പ്രകാരമാണ് മെമ്മോറാണ്ടം.

അതേ സമയം ഭിന്നലിംഗക്കാരെ അംഗീകരിക്കണമെന്ന മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ആഹ്വാനത്തെ തിരുത്തി മുന്‍പ് ട്രംപ് രംഗത്ത് വന്നിരുന്നു. എന്നാല്‍ സേനയില്‍ നിന്ന് ഭിന്നലിംഗക്കാരെ ഒഴിവാക്കുമെന്ന് ജൂലൈയില്‍ ട്രംപ് പറഞ്ഞിരുന്നു.

Photo Courtesy: USNews.com