യുഎസ് നേതൃത്വം നല്‍കുന്ന സാമ്രാജ്യത്വ രാജ്യങ്ങൾ, ഐക്യരാഷ്ട്രസഭയുടെ പിന്തുണയില്ലാതെ തന്നെ തങ്ങളുടെ ആജ്ഞകളെ മറികടക്കാൻ ധൈര്യപ്പെടുന്ന രാജ്യങ്ങൾക്കെതിരെ ഏകപക്ഷീയമായ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നത് തുടര്‍ക്കഥയാണ്. ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങളും ഒരിക്കലല്ലെങ്കില്‍ മറ്റൊരിക്കല്‍ ഇത്തരം ഉപരോധങ്ങൾക്ക് വിധേയമായിട്ടുണ്ട്. ഇറാൻ, ക്യൂബ, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലും അടുത്തിടെ റഷ്യയിലും സംഭവിച്ചതുപോലെ, പാശ്ചാത്യ ധനകാര്യ സ്ഥാപനങ്ങളിൽ നിക്ഷേപിച്ചിട്ടുള്ള ഉപരോധിക്കപ്പെട്ട രാജ്യങ്ങളുടെ ആസ്തികൾ മരവിപ്പിക്കുന്നതും ഉപരോധത്തിന്റെ ഭാഗമാണ്. ആസ്തികളുടെ മരവിപ്പിക്കൽ മുതലാളിത്ത നിയമങ്ങൾക്ക് പോലും വിരുദ്ധവും അന്താരാഷ്ട്ര കൊള്ളയ്ക്ക് തുല്യവുമാണെങ്കിലും സാമ്രാജ്യത്വ രാജ്യങ്ങൾ അക്കാര്യത്തില്‍ ഒരു മടിയും കാണിച്ചിട്ടില്ല.
നാറ്റോ (നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ) സഖ്യം പിന്തുണച്ച ഉക്രെയ്ൻ യുദ്ധത്തിന്റെ പേരിൽ മരവിപ്പിച്ച റഷ്യൻ നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശ, യുദ്ധ സഹായമായി ഉക്രെയ്‌ന് തന്നെ നൽകിക്കൊണ്ട് മുറിവിൽ ഉപ്പുതേയ്ക്കുന്ന നടപടിയും ഈയിടെ യുഎസില്‍ നിന്നുണ്ടായി. നവലിബറൽ നയങ്ങൾ ദക്ഷിണഗോള രാജ്യങ്ങളില്‍ അടിച്ചേല്പിച്ചുകൊണ്ട്, അവർക്ക് ഗുണകരമാണെന്ന് നിരന്തരം വ്യാജവാദങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. അതേസമയം യുഎസ് തന്നെ ആഭ്യന്തര തൊഴിൽ വർധിപ്പിക്കുന്നതിനും വ്യാപാരക്കമ്മി കുറയ്ക്കുന്നതിനുമുള്ള സംരക്ഷണ നടപടികൾ സ്വയം സ്വീകരിച്ചുവരികയുമാണ്.
ഡൊണാൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റെടുക്കും മുമ്പുതന്നെ തദ്ദേശവല്‍ക്കരണം കൂടുതൽ കർശനമാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ചൈനയിൽ നിന്ന് യുഎസിലേക്കുള്ള മരുന്നുകളുടെ നിയമവിരുദ്ധ ഇറക്കുമതി കുറയ്ക്കുമെന്ന് ചൈനീസ് നേതൃത്വം വാഗ്ദാനം ചെയ്തിട്ടും, അവിടെ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 10 ശതമാനം അധിക തീരുവ ചുമത്താൻ ട്രംപ് നിർദേശിച്ചു. ഹരിതഗൃഹ വാതകങ്ങളുടെ ബഹിർഗമനം കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള പാരിസ് കാലാവസ്ഥാ ഉടമ്പടിയിൽനിന്ന് പിന്മാറുന്നതായും പ്രഖ്യാപിച്ചിട്ടുണ്ട്. ചുരുക്കത്തിൽ, തങ്ങള്‍ക്ക് ഇഷ്ടമുള്ളതെന്തും ചെയ്യാൻ കഴിയുമെന്ന് യുഎസ് സാമ്രാജ്യത്വം വിശ്വസിക്കുന്നു.
സാമ്രാജ്യത്വ രാജ്യങ്ങളുടേത് സ്വയംനിര്‍മ്മിത നിയമമാണ്. തങ്ങളുടെ പ്രവർത്തനങ്ങൾ മുതലാളിത്ത നിയമങ്ങൾ ലംഘിക്കുന്നുണ്ടോ, ലോകം ഈ തത്വങ്ങൾ അംഗീകരിക്കുന്നുണ്ടോ എന്നതിന് അവിടെ വലിയ പ്രാധാന്യമൊന്നുമില്ല. എങ്കിലും മറ്റ് രാജ്യങ്ങളുടെമേൽ ഏകപക്ഷീയമായ അവരുടെ മേധാശക്തി ഇപ്പോൾ ശക്തമായി വെല്ലുവിളിക്കപ്പെടുകയാണ്. മുതലാളിത്ത നിലപാടുകള്‍ അതേ നാണയത്തിൽ തിരിച്ചടിക്കപ്പെടുന്നു. ചൈനയിലേക്കുള്ള സെമികണ്ടക്ടർ സാങ്കേതികവിദ്യയുടെ കയറ്റുമതി നിരോധിച്ചതിന് മറുപടിയായി, പ്രതിരോധ വ്യവസായത്തിന് ഉപയോഗിക്കുന്ന ലോഹം യുഎസിലേക്കുള്ള കയറ്റുമതിക്ക് ചൈന വിലക്കേർപ്പെടുത്തി. ഇത് യു എസിൽ വില കുത്തനെ ഉയർത്തി.
അടുത്തിടെ, യുഎസില്‍ നിന്ന് എണ്ണ വാങ്ങുന്നത് പൂർണമായും നിർത്തുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ചൈന മറ്റൊരു വലിയ പ്രഹരവുമേല്പിച്ചു. യുഎസിൽ നിന്നുള്ള ചൈനയുടെ എണ്ണ ഇറക്കുമതി ക്രമേണ കുറഞ്ഞുവരികയായിരുന്നു. 2023ൽ, യുഎസിൽ നിന്ന് 150.6 ദശലക്ഷം ബാരൽ എണ്ണ ഇറക്കുമതി ചെയ്തിരുന്നത് 2024ൽ 81.9 ദശലക്ഷം ബാരലായി, 46 ശതമാനം കുറഞ്ഞു. യുഎസിൽ നിന്നുള്ള രണ്ടാമത്തെ വലിയ എണ്ണ ഇറക്കുമതിക്കാര്‍ എന്നതിൽ നിന്ന് ആറാമത്തെ രാജ്യമായി ചൈന മാറി. അതാണിപ്പോൾ പൂർണമായും നിർത്താൻ പോകുന്നത്. ചൈനയുടെ പ്രഖ്യാപനം ഡൊണാൾഡ് ട്രംപിനെ പ്രകോപിപ്പിച്ചു. അദ്ദേഹത്തിന്റെ കീഴിലാണ് യുഎസ്, ലോകത്തിലെ ഏറ്റവും വലിയ എണ്ണ, വാതക ഉല്പാദകരും കയറ്റുമതിക്കാരുമായി മാറിയത്.
2022ൽ നോർഡ് സ്ട്രീം ഗ്യാസ് പൈപ്പ്‌ലൈൻ പൊട്ടിത്തെറിച്ചതിന്റെ കാരണങ്ങളിലൊന്ന്, സിഐഎയുടെ പ്രവർത്തനമാണെന്ന് യുഎസ് മാധ്യമപ്രവർത്തകൻ സെയ്‌മൂർ ഹർഷ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യൻ വാതകത്തെ ആശ്രയിക്കുന്നത് കുറയ്ക്കാനും പകരം യുഎസിൽ നിന്നുള്ള വിതരണത്തെ കൂടുതൽ ആശ്രയിക്കാനും ലക്ഷ്യമിട്ടായിരുന്നു നടപടി. അതിനാൽ, അമേരിക്കൻ എണ്ണ ഇറക്കുമതി നിരോധിക്കുന്ന ചൈനീസ് നടപടി, യുഎസ് ഊർജ സ്രോതസുകൾക്ക് കയറ്റുമതി വിപണികൾ കണ്ടെത്തുന്നതിനും ഭാവിയിൽ വിപണി കൈപ്പിടിയിലൊതുക്കാനുമുള്ള അമേരിക്കയുടെ സാധ്യത ഇല്ലാതാക്കുന്നതാണ്.
വാസ്തവത്തിൽ, യുഎസ് എണ്ണയ്ക്ക് മേലുള്ള ചൈനയുടെ നിരോധനം, അമേരിക്കന്‍ നിയന്ത്രണങ്ങൾക്കെതിരായ പ്രതികാര നടപടിയാണ്. ഭാവിയിൽ സാമ്രാജ്യത്വ കയ്യേറ്റത്തിനുള്ള സാധ്യത ഇല്ലാതാക്കാനായി ഊർജാവശ്യങ്ങൾക്കുള്ള യുഎസ് ആശ്രിതത്വം കുറയ്ക്കുന്നതിനുള്ള മാർഗവുമാണ്. യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുണ്ടാക്കുന്ന വിടവ് നികത്താൻ ചൈന നിർദേശിക്കുന്ന രീതിയും ശ്രദ്ധേയമാണ്. റഷ്യ, ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള വലിയ ഇറക്കുമതികൾ വഴി ഈ നഷ്ടം നികത്താനാണ് ലക്ഷ്യമിടുന്നത്. ഈ മൂന്ന് രാജ്യങ്ങളും അമേരിക്കൻ ഉപരോധങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ഇരകളാണ്. ഉപരോധം കാരണം ഇവിടങ്ങളിൽ നിന്നുള്ള എണ്ണ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്യും.
ചൈനയെ സംബന്ധിച്ചിടത്തോളം, യുഎസ് ആശ്രയത്വത്തില്‍നിന്ന് മോചിതരാകുന്നതിനൊപ്പം വിലകുറഞ്ഞ എണ്ണ ലഭിക്കുകയും ചെയ്യുമെന്നതാണ് നേട്ടം. മറുവശത്ത് യൂറോപ്യൻ വിപണി പിടിച്ചെടുത്തുകൊണ്ട് ചൈനീസ് നഷ്ടം മറികടക്കാന്‍ യുഎസ് ശ്രമിക്കും. ഈ സാഹചര്യത്തിൽ ഡൊണാൾഡ് ട്രംപിന്റെ വിദ്വേഷം അത്ഭുതമല്ല. യുഎസിനെതിരെ ചൈന വ്യാപാര യുദ്ധം നടത്തുകയാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. എന്നാൽ അമേരിക്ക ആരംഭിച്ച വ്യാപാര യുദ്ധത്തില്‍ സ്വയം പ്രതിരോധിക്കാൻ ചൈന നടപടികൾ സ്വീകരിക്കുകയാണ് എന്നതാണ് യാഥാർത്ഥ്യം.
നിസഹായരായ രാജ്യങ്ങളെ സാമ്രാജ്യത്വപാത പിന്തുടരാന്‍ സമ്മര്‍ദം ചെലുത്തിയ അമേരിക്കയുടെ ഏകപക്ഷീയമായ നടപടികളില്‍ അയവുവരുത്തേണ്ട തരത്തില്‍ പുതിയ അന്താരാഷ്ട്ര ക്രമീകരണങ്ങൾക്ക് വഴിയൊരുങ്ങുകയാണ്. വിരലിലെണ്ണാവുന്ന ഏതാനും ദുര്‍ബല രാജ്യങ്ങൾക്കെതിരെ മാത്രമേ അമേരിക്കൻ നടപടികൾ ലക്ഷ്യംവച്ചിട്ടുള്ളൂവെങ്കിൽ, അത് ഫലപ്രദമാകുകയും ആ രാജ്യങ്ങൾ സാമ്രാജ്യത്വ മേധാവിത്വത്തിന് അടിമപ്പെടാൻ നിർബന്ധിതരാകുകയും ചെയ്യും. എന്നാൽ നടപടികൾ വലിയൊരു കൂട്ടം രാജ്യങ്ങളെ ലക്ഷ്യമിടുമ്പോൾ, ബദൽ ക്രമീകരണം ഉയർന്നുവരാൻ തുടങ്ങുക സ്വാഭാവികം. ലോകത്തിലെ മൂന്നിലൊന്ന് രാജ്യങ്ങൾ പരസ്യമായി പ്രതികരിച്ചാല്‍ സാമ്രാജ്യത്വ മേധാവിത്വത്തിന് വലിയ ഇളക്കം തട്ടും.
ഡോളര്‍ വിനിമയത്തിനും ഇതില്‍ വലിയ പങ്കുണ്ട്. റഷ്യ, ഇറാൻ, വെനസ്വേല എന്നിവിടങ്ങളിൽ നിന്ന് ചൈന ഊർജം ഇറക്കുമതി ചെയ്യുന്നത് (ഇതിൽ ആദ്യ രണ്ട് രാജ്യങ്ങൾ ബ്രിക്സ് അംഗങ്ങളാണ്, മൂന്നാമത്തേത് അംഗമാകാനിരിക്കുന്നു), ബ്രിക്സിനുള്ളിൽ വ്യാപാരം വർധിപ്പിക്കുന്നതിന് കാരണമാകും. അത്തരം വ്യാപാരം യുഎസ് ഡോളറിലായിരിക്കണമെന്നില്ല. ബ്രിക്സ് രാജ്യങ്ങൾക്കിടയിലെ ഇടപാടുകളില്‍ ഡോളർ നിര്‍ബന്ധിത വിനിമയ മാധ്യമമല്ല. ഈ രാജ്യങ്ങൾക്കിടയിലെ ഏകീകൃത കറൻസിയുടെ ആത്യന്തിക രൂപം ഇപ്പോഴും ചോദ്യമായി അവശേഷിക്കുന്നുവെങ്കിലും അവയ്ക്കിടയിലെ വ്യാപാരം ഡോളറിന്റെ മൂല്യത്തിലായിരിക്കില്ല എന്നത് വസ്തുതയാണ്. വാസ്തവത്തിൽ, ബ്രിക്സ് രാജ്യങ്ങളുടെ കസാൻ ഉച്ചകോടിയുടെ സന്ദേശം അതായിരുന്നു.
യുഎസിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിക്കുന്ന ചൈനയുടെ നടപടി ബ്രിക്സിനുള്ളിൽ മാത്രമല്ല, ഡോളറിന്റെ ആധിപത്യത്തെ ദുർബലപ്പെടുത്താനുള്ള ബദൽ കറൻസി ക്രമീകരണങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്യും. ഡോളറിന്റെ സ്ഥാനചലനം ഒറ്റരാത്രി കൊണ്ട് സംഭവിക്കില്ല. പക്ഷേ അതിന്റെ ആധിപത്യം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ ശക്തമായി നടക്കുന്നുണ്ട്. ഇത് സാധ്യമായാല്‍ വിമോചനപരമായ ഒരു വികസനമാകും.
(ന്യൂസ് ക്ലിക്ക്)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.