യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിന് വേണ്ടിയുള്ള ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രൈമറി, കോക്കസ് പരമ്പരയില്‍ നിര്‍ണായക ദിനമായിരുന്നു ‘സൂപ്പര്‍ ട്യുസ്ഡെ’ എന്ന മാര്‍ച്ച് മൂന്ന്, ചൊവ്വ. പതിനാല് സംസ്ഥാനങ്ങളില്‍ നടന്ന പ്രാഥമിക തെരഞ്ഞെടുപ്പ് ഫലം ഏറ്റവുമധികം ആഘോഷിക്കപ്പെട്ടത് വാള്‍സ്ട്രീറ്റിലാണ്. യുഎസ് ഓഹരി വിപണിയുടെ സിരാകേന്ദ്രമാണ് വാള്‍സ്ട്രീറ്റ്. സൂപ്പര്‍ ചൊവ്വ പ്രൈമറിയില്‍ ബരാക് ഒബാമ ഭരണകൂടത്തില്‍ വൈസ് പ്രസിഡന്റായിരുന്ന, മധ്യമാര്‍ഗ്ഗ ഡെമോക്രാറ്റ്, ജോബൈഡന് കരസ്ഥമാക്കിയ മുന്‍കൈയാണ് വാള്‍സ്ട്രീറ്റിനെ ആഹ്ലാദഭരിതമാക്കിയത്. സംസ്ഥാനങ്ങളില്‍ ഏറ്റവും അധികം പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന കാലിഫോര്‍ണിയ ഒഴിച്ച് ടെക്സസ്, നോര്‍ത്ത് കരോലിന, അര്‍ക്കന്‍സാസ് തുടങ്ങി പത്ത് സംസ്ഥാനങ്ങളിലും മുന്നേറ്റം നടത്തിയത് ബൈഡനാണ്. പുരോഗമന നിലപാടുകള്‍ സ്വീകരിക്കുന്ന ബേണി സാന്‍ഡേഴ്സ്, മാസച്യൂസെറ്റില് നിന്നുള്ള സെനറ്റര്‍ എലിസബത്ത് വാറന്‍ എന്നിവര്‍ പിന്തള്ളപ്പെട്ടത് വാള്‍സ്ട്രീറ്റിന് ഏറെ ആശ്വാസകരമായി. ബൈഡന് ഡമോക്രാറ്റിക് പാര്‍ട്ടിയിലെ പുരോഗമന വാദികള്‍ക്കിടയില്‍ ‘വാള്‍സ്ട്രീറ്റ് ഡമോക്രാറ്റ്’ എന്നാണ് അറിയപ്പെടുന്നത്. കഴിഞ്ഞ വര്‍ഷാന്ത്യത്തില്‍ സെനറ്റില്‍ പരാജയപ്പെട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇംപീച്ച്മെന്റ് നീക്കത്തിന്റെ കേന്ദ്രവിഷയം തന്നെ ബൈഡനായിരുന്നു. അദ്ദേഹത്തിന്റെ മകനുമായി ബന്ധപ്പെട്ട ബിസിനസ് ഇടപാടുകളില്‍ അന്വേഷണം ആവശ്യപ്പെട്ട ട്രംപിന്റെ നടപടിയാണ് ഇംപീച്ച്മെന്റിലേക്ക് നയിച്ചത്.
ബൈഡന്റെ സൂപ്പര്‍ ചൊവ്വാ പ്രൈമറിയിലെ മുന്നേറ്റം വാള്‍സ്ട്രീറ്റ് ഓഹരി വിപണിയില്‍ ആരോഗ്യരംഗത്തുള്ള കമ്പനികള്‍ക്ക് ഗണ്യമായ നേട്ടത്തിന് വഴിവച്ചു. തെരഞ്ഞെടുപ്പും ഓഹരി വിപണിയുമായുള്ള ബന്ധത്തിന്റെ ബലതന്ത്രമാണ് 52 ആഴ്ചകള്‍ക്കുശേഷം ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ ഓഹരിയില്‍ പെട്ടെന്ന് അനുകൂല പ്രതികരണം സൃഷ്ടിച്ചത്. ബൈഡന്റെ മുന്നേറ്റം ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിക്കുന്ന, സ്വയം പ്രഖ്യാപിത ജനാധിപത്യ സോഷ്യലിസ്റ്റ്, ബേണി സാന്‍ഡേഴ്സിന്റെ സാര്‍വത്രിക ആരോഗ്യ സംരക്ഷണ പദ്ധതിക്കും എലിസബത്ത് വാറന്റെ ആശയങ്ങള്‍ക്കും വിരാമമിടുമെന്ന കണക്കുകൂട്ടലിലാണ് വാള്‍സ്ട്രീറ്റ്. മത്സരത്തില്‍ ഇടക്കാലത്ത് പ്രത്യക്ഷപ്പെട്ട, യുഎസിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പന്നനായ, മിഷല്‍ ബ്ലുംബര്‍ഗിന്റെ പിന്മാറ്റവും വാള്‍സ്ട്രീറ്റിന് ആശ്വാസം പകരുന്നു. വാള്‍സ്ട്രീറ്റ് ഡമോക്രാറ്റുകളില്‍ പ്രമുഖനും മുന്‍ ന്യുയോര്‍ക്ക് മേയറുമായിരുന്ന ബ്ലുംബര്‍ഗ് സൂപ്പര്‍ ചൊവ്വയില്‍ 500 ദശലക്ഷം ഡോളര്‍ ചെലവഴിച്ചാണ് മത്സരിച്ചത്. ജനങ്ങളെ വിലയ്ക്കെടുക്കാമെന്ന അയാളുടെ കണക്കുകൂട്ടല്‍ പ്രൈമറിയില്‍ വിലപ്പോയില്ല. ബ്ലുംബര്‍ഗ് അതോടെ മത്സരത്തില്‍ നിന്നും പിന്മാറി ബൈഡന് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ബൈഡന്റെ പ്രചാരണ പ്രവര്‍ത്തനത്തിന് വാള്‍സ്ട്രീറ്റില്‍ നിന്നും പണത്തിന്റെ കുത്തൊഴുക്കു തന്നെ ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആരോഗ്യ മേഖലയിലെ കോര്‍പ്പറേറ്റുകള്‍ ആ ദിശയില്‍ വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു. ഐയോവ, ന്യൂഹാംഷെയര്‍, നിവാഡ എന്നിവിടങ്ങള്‍ കഴിഞ്ഞാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സൂപ്പര്‍ ചൊവ്വയിലേക്ക് നീങ്ങിയത്. ഫെബ്രുവരി മൂന്നിന് നടന്ന ഐയോവ കോക്കസിന്റെ അന്തിമഫലം ഡമോക്രാറ്റിക് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി സാക്ഷ്യപ്പെടുത്തിയത് ഫെബ്രുവരിയില്‍ മാത്രമാണ്. തെരഞ്ഞെടുപ്പിന് ഉപയോഗിച്ച ആപ് സംബന്ധിച്ച അവ്യക്തതയ്ക്കും ആശയക്കുഴപ്പത്തിനും ഒടുവിലായിരുന്നു അത്. അവിടെ 14 പ്രതിനിധികളും 26.2 ശതമാനം വോട്ടുമായി ഒന്നാം സ്ഥാനത്തെത്തിയത് ഇന്ത്യാനയിലെ സൗത്ത് ബെൻഡ് നഗരത്തിന്റെ മേയറായിരുന്ന പീറ്റ് ബട്ടീജജ് ആയിരുന്നു. പ്രഖ്യാപിത സ്വവര്ഗസ്നേഹിയും 38 കാരനും യുഎസ് ദേശീയ രാഷ്ട്രീയത്തില്‍ പുതുമുഖവുമായ ബട്ടീജജിന്റെ വിജയം അപ്രതീക്ഷിതമായിരുന്നു. ബേണി സാന്‍ഡേഴ്സുമായി ദശാംശം ഒരു ശതമാനം വ്യത്യാസത്തിനാണ് ബട്ടീജജ് ഒന്നാമതായത്. എലിസബത്ത് വാറന്‍ 18, ജോബൈഡന് 15.8, ഏമി കോള്ബുചാര് 12.3 ശതമാനം എന്നിങ്ങനെയായിരുന്നു തൊട്ടുപിന്നിലുള്ളവരുടെ വോട്ടിംഗ് പിന്തുണ. ആദ്യ പ്രൈമറിയായ ന്യുഹാം ഷെയറിലും തുടര്‍ന്നുവന്ന നിവാഡ കോക്കസിലും ബേണി സാന്‍ഡേഴ്സ് മുന്‍കൈ നിലനിര്‍ത്തി. ന്യൂഹാം ഷെയറില്‍ നേരിയ വ്യത്യാസത്തിന് ബട്ടീജജ് രണ്ടാം സ്ഥാനത്തെത്തി. അവിടെ ജോബൈഡന് ഒരു പ്രതിനിധിപോലുമില്ലാതെ അഞ്ചാം സ്ഥാനത്തായിരുന്നു. ബട്ടീജജിനു പിന്നില്‍ കോള്ബുചാറും വാറനും യഥാക്രമം മൂന്നും നാലും സ്ഥാനങ്ങള്‍ കരസ്ഥമാക്കി.
നിവാഡയില്‍ 46.8 ശതമാനം വോട്ടും 24 പ്രതിനിധികളുമായി ഒന്നാം സ്ഥാനത്തെത്തിയ സാന്‍ഡേഴ്സ് അതോടെ ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുള്ള മുന്‍നിരക്കാരനായി മാറി. 20.6 ശതമാനം വോട്ടുമായി ജോബൈഡന് രണ്ടാം സ്ഥാനത്തും ബട്ടീജജ് വാറന്‍ എന്നിവര്‍ മൂന്നും നാലും സ്ഥാനങ്ങളും ഉറപ്പിച്ചു. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്ന മിലുവാക്കി ഡമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനിലേക്ക് 54 പ്രതിനിധികളെ തെരഞ്ഞെടുക്കുന്ന സംസ്ഥാനമാണ് സൗത്ത് കരോലിന. ഡമോക്രാറ്റുകളുടെ ശക്തികേന്ദ്രങ്ങളില്‍ ഒന്നായ അവിടെ ഏതാണ്ട് മുപ്പതു ശതമാനത്തോളം വരുന്ന കറുത്ത വര്‍ഗക്കാരുടെ വോട്ടാണ് ബൈഡന് 48.7 ശതമാനം വോട്ടും 39 പ്രതിനിധികളെയും നേടിക്കൊടുത്തത്. ബേണി സാന്‍ഡേഴ്സിന് 19.8 ശതമാനം വോട്ടും 15 പ്രതിനിധികളെയും കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മറ്റൊരു സ്ഥാനാര്‍ത്ഥിക്കും പ്രതിനിധികളെ നേടാനായില്ല. പ്രൈമറി, കോക്കസ് പരമ്പരകളില്‍ സൗത്ത് കരോലിന നിര്‍ണായക വഴിത്തിരിവായി മാറുകയായിരുന്നു. അതുവരെ നടന്ന കോക്കസുകളിലും പ്രൈമറികളിലും മത്സരരംഗത്തുണ്ടായിരുന്ന ശതകോടീശ്വരന്‍ ടോം സ്റ്റെയര്‍ സൗത്ത് കരോലിനയിലെ പരാജയത്തോടെ ഒരു പ്രതിനിധിപോലുമില്ലാതെ മത്സരത്തില്‍നിന്നും പിന്മാറി. 191 ദശലക്ഷം ഡോളര്‍ ചെലവഴിച്ചു മത്സരിച്ച സ്റ്റെയര്‍ മറ്റൊരു സ്ഥാനാര്‍ത്ഥിക്കും പിന്തുണ പ്രഖ്യാപിച്ചില്ല. എന്നാല്‍ ട്രംപിനെതിരെ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആരായാലും അവരെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. പണത്തിന്റെ പിന്‍ബലത്തില്‍ മത്സരരംഗത്തിറങ്ങി പരാജയപ്പെട്ട് കളം കാലിയാക്കിയ ആദ്യ ശതകോടീശ്വരനാണ് സ്റ്റെയര്‍. എന്നാല്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ആരുതന്നെ ആയാലും അവര്‍ ട്രംപിനെക്കാള്‍ ദശലക്ഷം ഇരട്ടി മികച്ചതായിരിക്കും. ‘ട്രംപ് ഒരു ദുരന്തമാണ്’ സ്റ്റെയര്‍ പറയുന്നു. സൗത്ത് കരോലിനയില്‍ നിന്നു ഒരു പ്രതിനിധിയെപ്പോലും നേടാനാവാതെവന്ന പീറ്റ് ബട്ടിജജ് ജോബൈഡന് പിന്തുണ പ്രഖ്യാപിച്ച് മത്സരരംഗത്തു നിന്ന് വിടവാങ്ങി. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനുവേണ്ടിയുള്ള മത്സരത്തിലുടനീളം മധ്യമാര്‍ഗ ഡമോക്രാറ്റുകള്‍ എന്നു സ്വയം വിശേഷിപ്പിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ എല്ലാം ബേണി സാന്ഡേഴ്സിനോടുള്ള എതിര്‍പ്പില്‍ ഒറ്റക്കെട്ടായിരുന്നു. ബട്ടിജജ് അതിന് അപവാദമായിരുന്നില്ല. ബേണി സാന്‍ഡേഴ്സ് മുന്നോട്ടുവയ്ക്കുന്ന പുരോഗമന ആശയങ്ങളും കര്‍മ്മപദ്ധതികളും അമേരിക്കയ്ക്ക് യോജിച്ചതല്ലെന്ന ഏകാഭിപ്രായക്കാരായിരുന്നു അവരില്‍ ഭൂരിപക്ഷവും.
സര്‍ക്കാര്‍ ചെലവില്‍ സാര്‍വത്രിക ആരോഗ്യ പരിപാലന പദ്ധതി, പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ (കോളജുകളില്‍) സൗജന്യ വിദ്യാഭ്യാസം, തൊഴിലാളികള്‍ക്ക് ഉയര്‍ന്ന മിനിമം വേതനം, അതിസമ്പന്നര്‍ക്ക് കനത്ത നികുതി, പരിസ്ഥിതി സന്തുലിതമായ സാമ്പത്തിക വളര്‍ച്ച എന്നിങ്ങനെ സാന്‍ഡേഴ്സ് മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ക്ക് യുവജനങ്ങളും സ്ത്രീകളും തൊഴിലാളികളും സ്പാനിഷ് ഭാഷ സംസാരിക്കുന്നവരടക്കം കുടിയേറ്റ ജനതയും പിന്തുണ നല്കുന്നു. അഭിപ്രായവോട്ടെടുപ്പുകളിലും സര്‍വെകളിലും അവര്‍ക്ക് മുന്‍തൂക്കം ലഭിക്കുന്നുമുണ്ട്. എന്നാല്‍ മിതവാദികള്‍, മധ്യവര്‍ഗക്കാര്‍ എന്നിങ്ങനെ സ്വയം വിശേഷിപ്പിക്കുന്ന ‘വാള്‍സ്ട്രീറ്റ് ഡമോക്രാറ്റുകള്‍’ അദ്ദേഹത്തിന്റെ ആശയങ്ങള്‍ ഡമോക്രാറ്റുകളെ ഭിന്നിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ വിജയസാധ്യത ഇല്ലെന്നും ആരോപിക്കുന്നു. സൂപ്പര്‍ ചൊവ്വയുടെ ഫലം പൂര്‍ണമായും പുറത്തുവരാന്‍ ഇനിയും ദിവസങ്ങള്‍ വേണ്ടിവന്നേക്കാം. ഇതുവരെ പ്രെെമറികളും കോക്കസുകളും പൂര്‍ത്തിയാക്കിയ പതിനെട്ട് സംസ്ഥാനങ്ങളില്‍ പുറത്തുവന്ന ഫലം അനുസരിച്ച് 47 ശതമാനം വോട്ടുകളും 627 പ്രതിനിധികളുമായി ജോബെെഡന്‍ പ്രഥമ സ്ഥാനത്താണ്. 41 ശതമാനം വോട്ടും 551 പ്രതിനിധികളുമായി സാന്‍ഡേഴ്സ് തൊട്ടുപിന്നില്‍ നിലയുറപ്പിച്ചിരക്കുന്നു.
അഞ്ച് ശതമാനം വോട്ടും 64 പ്രതിനിധികളുമായി മൂന്നാം സ്ഥാനത്തുള്ള പുരോഗമന പക്ഷക്കാരി എലിസബത്ത് വാറന്‍ മത്സരത്തില്‍ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചുകഴിഞ്ഞു. അവര്‍ ഇതുവരെ ആര്‍ക്കും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. സാന്‍ഡേഴ്സിന്റെയും വാറന്റെയും തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ശ്രമം ആരംഭിച്ചതായാണ് സൂചനകള്‍. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരരംഗത്ത് ഉണ്ടായിരുന്നവരില്‍ ഇവര്‍ ഇരുവരും തമ്മിലുള്ള ആശയപരമായും കര്മ്മപദ്ധതിയിലുമുള്ള സമാനതകള്‍ ഒരു പുരോഗമന പക്ഷ സഖ്യ സാധ്യതയിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അങ്ങനെ വന്നാല്‍ പുരോഗമനപക്ഷവും വാള്‍സ്ട്രീറ്റ് ഡമോക്രാറ്റുകളും തമ്മിലുള്ള നേരിട്ടുള്ള മത്സരത്തിനായിരിക്കും വഴി തുറക്കുക. സ്വയംപ്രഖ്യാപിത ‘ജനാധിപത്യ സോഷ്യലിസ്റ്റാ‘യ ബേണി സാന്‍ഡേഴ്സും മിതവാദി പരിവേഷമുള്ള വാള്‍സ്ട്രീറ്റ് ഡമോക്രാറ്റ് ബൈഡനുമായുള്ള നേരിട്ടുള്ള മത്സരമാണ് ഡമോക്രാറ്റിക് യാഥാസ്ഥിതികത്വത്തെ ഉത്ക്കണ്ഠാകുലരാക്കുന്നത്. ഒരു ശതമാനം വരുന്ന അതിസമ്പന്ന കോര്‍പ്പറേറ്റുകളോടുള്ള സമീപനത്തില്‍ റിപ്പബ്ലിക്കന്മാരും യാഥാസ്ഥിതിക ഡമോക്രാറ്റുകളും തമ്മില്‍ ഗണ്യമായ ഭിന്നത യാതൊന്നുമില്ല.
അതുകൊണ്ടുതന്നെ സാന്‍ഡേഴ്സിനെ തടയുകതന്നെയായിരിക്കും ഡമോക്രാറ്റ് കേന്ദ്രനേതൃത്വത്തിന്റെ അടിയന്തര ലക്ഷ്യം. രാഷ്ട്രീയമായും സാമ്പത്തികസമീപനത്തിലും ഇടപാടുകളിലും സ്ത്രീകളോടുള്ള സമീപനത്തിലും കറകളഞ്ഞ പ്രതിച്ഛായയ്ക്ക് ഉടമയല്ല ബൈഡന്. എന്നാല്‍ സാന്‍ഡേഴ്സ് ഉയര്‍ത്തിപ്പിടിക്കുന്ന പുരോഗമന ആശയങ്ങളും കര്‍മ്മപരിപാടികളും അംഗീകരിക്കാന്‍ ഡമോക്രാറ്റിക് നേതൃത്വത്തിന് ആവില്ല. അതുകൊണ്ടുതന്നെ കമ്മ്യൂണിസ്റ്റ്, തീവ്രവാദ മുദ്രകുത്തി സാന്‍ഡേഴ്സിന്റെ പ്രചാരണത്തിനു മങ്ങലേല്‍പ്പിക്കാന്‍ ഏതറ്റംവരെയും പോകാന്‍ അവര്‍ മടിക്കില്ലെന്ന് പാര്‍ട്ടിക്ക് അകത്തും പുറത്തുമുള്ള ശക്തികള്‍ ഒരുപോലെ ഭയപ്പെടുന്നു. ബ്രിട്ടീഷ് തെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടിയും അതിന്റെ നേതാവ് ജറമി കോര്‍ബിനും സമാന അനുഭവം നേരിടേണ്ടി വന്നിരുന്നു. യുഎസിലെ 50 സംസ്ഥാനങ്ങളില്‍ 18 എണ്ണത്തിലെ പ്രൈമറികളും കോക്കസുകളുമാണ് ഇപ്പോള്‍ പൂര്‍ത്തിയായിട്ടുള്ളത്. ബാക്കിവരുന്ന 32 സംസ്ഥാനങ്ങളിലും രാഷ്ട്ര തലസ്ഥാനമായ വാഷിങ്ടണിലും യുഎസിന്റെ ഭാഗമായ ദ്വീപുകളിലും മറ്റും തെരഞ്ഞെടുപ്പു പ്രക്രിയ വരും ദിവസങ്ങളിലും മാസങ്ങളിലുമായി തുടരും. ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിത്വത്തിനായുള്ള പോരാട്ടത്തില്‍ ട്രംപിനെ നേരിടാന്‍ ആരാണ് ഏറ്റവും അനുയോജ്യന്‍ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതായിരിക്കും ഒരുപക്ഷേ ബേണി സാന്‍ഡേഴ്സ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.