യുഎസ് തെരഞ്ഞെടുപ്പില്‍ അരിസോണയിലും ബൈഡന് വിജയം ഉറപ്പിച്ചു. ബാലറ്റ് കൗണ്ടിങില്‍ അരിസോണയിലും വിജയിച്ചതോടെ ബൈഡന് ട്രംപിനെതിരെ 290 ഇലക്ടറല്‍ വോട്ടുകളായി. 530 അംഗ ഇലക്ടറല്‍ കോളജില്‍ വിജയിക്കാന്‍ 270 വോട്ടിന്റെ ഭൂരിപക്ഷമാണ് വേണ്ടത്. അരിസോണയില്‍ ഏറ്റവും ഒടുവില്‍ ഒരു ഡെമോക്രോറ്റ് സ്ഥാനാര്‍ത്ഥി ജയിച്ചത് 1996‑ലാണ്. ബില്‍ ക്ലിന്റണായിരുന്നു ഇത്. 24 വര്‍ഷത്തെ ചരിത്രമാണ് ഇക്കുറി ബൈഡന് തിരുത്തിയത്. സിഎന്‍എന്‍, എന്‍ബിസി, സിബിഎസ്, എബിസി റിപ്പോര്‍ട്ടുകള്‍ 11000‑ല്‍പ്പരം വോട്ടുകള്‍ക്ക് ബൈഡന്റെ വിജയം ഉറപ്പിക്കുകയാണ്.
11 ഇലക്ടറല്‍ വോട്ടുകളാണ് അരിസോണയിലുള്ളത്. ട്രംപിനേക്കാള്‍ 0.3 ശതമാനം വോട്ടാണ് ബൈഡന് കൂടുതല്‍ നേടിയത്. പ്രസിഡന്റായി സ്ഥാനമേൽക്കുന്നതിനുള്ള ഒരുക്കവുമായി ബൈഡന് മുന്നോട്ട് പോകുകയാണ്. കോവിഡ് നേരിടാനുള്ള വിദഗ്ധ സമിതിയെ നിയോഗിച്ചതിന് പിന്നാലെ പ്രമുഖ പദവിയിലേക്കുള്ളവരുടെ പ്രാഥമിക പട്ടികയും തയ്യാറാക്കി.
ജനുവരി 21 നാണ് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കേണ്ടത്. അതേസമയം വോട്ടിങില്‍ തട്ടിപ്പ് നടന്നുവെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ട്രംപ്. 2.7 മില്യണ്‍ അമേരിക്കന്‍ ജനത തനിക്ക് ചെയ്ത വോട്ടുകള്‍ ഡിലീറ്റ് ചെയ്തുവെന്നും അതില്‍ ആയിരക്കണക്കിന് വോട്ടുകള്‍ പെന്‍സില്‍വാനിയയിലും മറ്റ് സ്റ്റേറ്റുകളിലും ബൈഡന് മറിച്ചുവെന്നും ട്രംപ് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ ബൈഡന് വിജയിച്ചതിന് പിന്നാലെ ട്രംപും റിപ്പബ്ലിക്കന്മാരും തെരഞ്ഞെടുപ്പില്‍ അഴിമതി ആരോപണവുമായി രംഗത്തെത്തുകയായിരുന്നു.
ട്രംപിന്റെ ആരോപണം തള്ളി
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദങ്ങള്‍ക്ക് തിരിച്ചടി. തെരഞ്ഞെടുപ്പ് കമ്മിഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ട്രംപിന്റെ വാദം തള്ളി.
ബാലറ്റുകള്‍ സ്കാന്‍ ചെയ്ത് വോട്ടെണ്ണുന്ന സോഫ്റ്റ് വെയറില്‍ കൃത്രിമം നടത്തിയെന്നാണ് ട്രംപിന്റെ ഏറ്റവും പുതിയ ആരോപണം. അതേസമയം വോട്ടുകള്‍ നഷ്ടപ്പെട്ടതിനും വോട്ടിംഗ് സംവിധാനത്തില്‍ അഴിമതി നടന്നതിനും തെളിവുകളില്ലെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നവംബര്‍ മൂന്നിന് നടന്ന തെരഞ്ഞെടുപ്പ് അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും സുരക്ഷിതമായി നടന്ന തെരഞ്ഞെടുപ്പാണെന്നും ഇലക്ഷന് ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്മെന്റ് കോര്‍ഡിനേറ്റിങ് കൗണ്‍സിൽ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥരും അട്ടിമറി ആരോപണം തള്ളിയിട്ടുണ്ട്.
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.