20 September 2024, Friday
KSFE Galaxy Chits Banner 2

ലോകം ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പ്

രാജാജി മാത്യു തോമസ്
August 12, 2024 4:45 am

ഇതഃപര്യന്തമുള്ള യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തികച്ചും അപ്രതീക്ഷിതവും നടകീയവുമായ നീക്കത്തിലൂടെ, ഇന്ത്യൻ-ജമൈക്കൻ മിശ്ര കുടിയേറ്റ പൈതൃകത്തിനുടമയായ, വൈസ‌്പ്രസിഡന്റ് കമലാ ഹാരിസിനെ ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി, മത്സരത്തിൽനിന്നും പിൻമാറിയ പ്രസിഡന്റ് ജോ ബൈഡൻ നാമനിർദേശം ചെയ്തിട്ട് 20 ദിവസങ്ങൾ പിന്നിട്ടിരിക്കുന്നു. ജൂലൈ ആറാം തീയതി ഡെമോക്രാറ്റിക് പാർട്ടി പൂർത്തിയാക്കിയ ‘വിർച്വൽ റോൾകോളിൽ’ പങ്കെടുത്ത പാർട്ടി പ്രതിനിധികളിൽ 99 ശതമാനവും, 4,567 പേർ, ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തെ പിന്തുണച്ചു. മുഖ്യ പ്രതിയോഗിയായ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ജൂൺ അവസാനത്തിൽ നടന്ന പരസ്യ സംവാദത്തിലെ മോശം പ്രകടനമാണ് 81കാരനായ പ്രസിഡന്റ് ജോ ബൈഡനെ ഡെമോക്രാറ്റിക് പാർട്ടി വൃത്തങ്ങളിൽനിന്നുള്ള സമ്മർദത്തെ തുടർന്ന് മത്സരത്തിൽനിന്ന് പിന്മാറാൻ നിർബന്ധിതനാക്കിയത്.

കറുത്തവളും മിശ്രപൈതൃകത്തിന് ഉടമയുമായ കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വം, വെളുത്ത വർഗക്കാരുടെ മേധാവിത്തം ഇപ്പോഴും നിർണായക സ്വാധീനം ചെലുത്തുന്ന യുഎസ് സമൂഹത്തിൽ, എത്രമാത്രം സ്വീകാര്യത കൈവരിക്കുമെന്ന ആശങ്കയുടെ അകമ്പടിയോടെയാണ് അവരുടെ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്. വെള്ളക്കാരുടെ വംശ, വർണ വരേണ്യതയില്‍ ഊന്നിയുള്ള ട്രംപിന്റെയും അദ്ദേഹത്തിന്റെ വൈസ‌്പ്രസിഡന്റ് സ്ഥാനാർത്ഥി സെനറ്റർ ജെ ഡി വാൻസിന്റെയും പ്രചാരണപ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ ഇത് ഏറെ പ്രസക്തമായിരുന്നു. ബൈഡന്റെ പ്രായാധിക്യവും പലസ്തീൻ ജനതയ്ക്കുനേരെ സയണിസ്റ്റ് ഇസ്രയേൽ തുടർന്നുവരുന്ന യുദ്ധത്തിന് യുഎസ് ഭരണകൂടം നൽകിവരുന്ന പിന്തുണയും അനധികൃത കുടിയേറ്റമടക്കമുള്ള രാഷ്ട്രീയ സാമ്പത്തിക നയങ്ങളും ഡെമോക്രാറ്റിക് വൃത്തങ്ങളെ മ്ലാനവും ഉദാസീനവുമാക്കിയിരുന്നു.

കോപ്പ അമേരിക്കയില്‍ കനേഡിയന്‍ വിപ്ലവം

ഹാരിസിന്റെ സ്ഥാനാർത്ഥിത്വ പ്രഖ്യാപനത്തിന് മുമ്പുനടന്ന എല്ലാ അഭിപ്രായ വോട്ടെടുപ്പുകളും നിരീക്ഷണങ്ങളും ബൈഡനും ഡെമോക്രറ്റിക് പാർട്ടിക്കും ഏതാണ്ട് ആറ് പോയിന്റ് വരെ എതിരായിരുന്നു. ഇപ്പോൾ, ഏറ്റവും അവസാനം ലഭ്യമായ കണക്കുകളും പ്രവചനങ്ങളും ഡെമോക്രാറ്റിക് — റിപ്പബ്ലിക്കൻ പാർട്ടികൾ തമ്മിലുള്ള വിടവ് നികത്തുക മാത്രമല്ല കമലാ ഹാരിസിന് ദേശീയതലത്തിൽ ട്രംപിനുമേൽ നേരിയ ലീഡ് പ്രവചിക്കുന്നുമുണ്ട്. അത് അമിത പ്രതീക്ഷയ്ക്കോ പ്രവർത്തനത്തിൽ അലംഭാവത്തിനോ അവസരം നല്‍കുന്നില്ലെങ്കിലും മത്സരരംഗത്ത് നിർണായക തിരിച്ചുവരവ് സാധ്യമാക്കുകയും ഡെമോക്രാറ്റിക് വൃത്തങ്ങളിൽ ആത്മവിശ്വാസവും പ്രതീക്ഷയും പകർന്നുനല്‍കുകയും ചെയ്യുന്നുണ്ട്. വ്യത്യസ്ത ആശയങ്ങളും ചിന്താധാരകളും താല്പര്യങ്ങളുംകൊണ്ട് വൈവിധ്യവും വൈരുധ്യവും നിറഞ്ഞതാണ് യുഎസിലെ രാഷ്ട്രീയ പാർട്ടി സംവിധാനങ്ങൾ. അത്തരത്തിൽ വെെരുധ്യങ്ങളും ഭിന്നതകളും കൊടികുത്തിവാഴുന്ന ഡെമോക്രാറ്റിക് പാളയത്തെ, പ്രസിഡന്റ് തെരഞ്ഞെടുപ്പെന്ന ശക്തമായ വെല്ലുവിളിക്കുമുമ്പിൽ, ഒരുമിപ്പിക്കാനായി എന്നതാണ് കമലാ ഹാരിസിന്റെ സ്ഥാനാർത്ഥിത്വത്തെ ശ്രദ്ധേയമാക്കുന്നത്.

മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ, അദ്ദേഹത്തിന്റെ പത്നിയും മുൻ സെക്രട്ടറി ഓഫ് സ്റ്റേറ്റും ഡെമോക്രാറ്റിക് പാർട്ടിയുടെ 2016ലെ പ്രസിഡന്റ് സ്ഥാനാർത്ഥിയുമായിരുന്ന ഹിലരി ക്ലിന്റൺ, ബാരാക് ഒബാമ, പത്നി മിഷേൽ ഒബാമ, മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി, മുതിർന്ന സെനറ്റർ ബേണി സാൻഡേഴ്‌സ്, കോൺഗ്രസിലെ ഉല്പതിഷ്ണുക്കളായ അലക്സാൻഡ്രിയ ഒകാസിയോ ക്വാർട്സ് ഉൾപ്പടെ ഡെമോക്രറ്റിക് വൃത്തങ്ങളിലെ ഒരു പരിച്ഛേദത്തിന്റെയാകെ പിന്തുണ ആർജിക്കാൻ ചുരുങ്ങിയ സമയംകൊണ്ട് ഹാരിസിന് കഴിഞ്ഞു. യുഎസിലെ ഏറ്റവും വലിയ ട്രേഡ്‌യൂണിയൻ കേന്ദ്രങ്ങളായ അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബർ ആന്റ് കോൺഗ്രസ് ഓഫ് ഇൻഡസ്ട്രിയൽ ഓർഗനൈസേഷൻസ് (എഎഫ്എൽ‑സിഐഒ), ഇടതുപക്ഷ അമേരിക്കൻ ഫെഡറേഷൻ ഓഫ് ട്രേഡ് ‌യൂണിയൻസ് (എഎഫ്‌ടി )മുതൽ രാജ്യത്തെ പ്രമുഖ ട്രേഡ് ‌യൂണിനുകൾ ഏതാണ്ടെല്ലാംതന്നെ ഹാരിസിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിട്ടുണ്ട്.

തെക്കേ അമേരിക്ക തിരിച്ചെത്തുന്നു

ഒരു ബഹുവംശ, വർണ, ഭാഷാ സമൂഹമെന്ന നിലയിൽ യുഎസിലെ ആഫ്രിക്കൻ വംശജർ, ഹിസ്പാനിക്കുകൾ, അറബ് വംശജർ, മുസ്ലിങ്ങൾ, പുരോഗമന ആശയക്കാരായ ജൂതവംശജർ, ദക്ഷിണേഷ്യക്കാർ അടക്കം വിവിധ ഏഷ്യൻ വംശജർ തുടങ്ങിയ വലിയൊരു വിഭാഗം ജനങ്ങളുടെയും അവരുടെ സംഘടനകളുടെയും പിന്തുണ ആർജിക്കാനും ഇതിനകം ഹാരിസിന് കഴിഞ്ഞിട്ടുണ്ട്. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു ദിവസങ്ങൾ പിന്നിടുമ്പോഴേക്കും അവർക്കുവേണ്ടി പ്രവർത്തിക്കാൻ സന്നദ്ധരായി പതിനായിരക്കണക്കിന് വോളണ്ടിയർമാർ രാജ്യത്തെമ്പാടുനിന്നും അവരുടെ ക്യാമ്പയിൻ ഓഫിസിൽ പേര് രജിസ്റ്റർചെയ്ത് രംഗത്തുവന്നു. കഴിഞ്ഞ 20 ദിവസങ്ങൾക്കുള്ളിൽ ട്രംപിന്റെ ക്യാമ്പയിൻ ഫണ്ടിന്റെ ഇരട്ടിയിലധികം സമാഹരിക്കാൻ, 45കോടി ഡോളറിലധികം, ഹാരിസിന്റെ ക്യാമ്പയിന് കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നവംബർ അഞ്ചിനാണ് പോളിങ്. ഇനി ചുരുങ്ങിയ ദിവസങ്ങൾ മാത്രമേ പ്രചാരണ പ്രവർത്തനങ്ങൾക്ക് അവശേഷിക്കുന്നുള്ളൂ. റിപ്പബ്ലിക് പാളയത്തിൽ കാര്യമായ എതിർപ്പുകളൊന്നുംകൂടാത ഏതാണ്ട് ഒരു വർഷത്തിലേറെയായി ട്രംപ് കെട്ടിപ്പടുത്ത പ്രചരണത്തെയാണ് ഹാരിസിന് മറികടക്കേണ്ടത്. ഹാരിസിന്റെ സ്ഥാനാർത്ഥിത്വം ഡെമോക്രാറ്റിക് പാർട്ടി ക്യാമ്പിനും പൊതുവിൽ തെരഞ്ഞെടുപ്പ് അന്തരീക്ഷത്തിനും നൽകിയ ഉണർവ് ആ വെല്ലുവിളി ഏറ്റെടുക്കാൻ പര്യാപ്തമാണെന്ന വിലയിരുത്തലാണ് പുറത്തുവരുന്നത്. ലൈംഗിക കുറ്റകൃത്യങ്ങൾ മറച്ചുവയ്ക്കാൻ നിയമവിരുദ്ധമായി പണം നൽകിയ കേസിൽ കുറ്റവാളിയെന്ന് കോടതി കണ്ടെത്തിയ ട്രംപ്, 2020ലെ കാപിറ്റോൾ അക്രമം, കോർപറേറ്റ് നിയമലംഘനങ്ങൾ തുടങ്ങി നിരവധി ഗൗരവതരമായ കേസുകളിൽ വിചാരണ നേരിടുന്ന കുറ്റവാളിയാണ്. മറുവശത്ത് കാലിഫോര്‍ണിയ അറ്റോർണി ജനറൽ എന്നനിലയിൽ കോർപറേറ്റുകളടക്കം നിയമലംഘകരെയും കുറ്റവാളികളെയും നിയമത്തിന്റെ മുന്നിൽ കൊണ്ടുവന്ന മികവുറ്റ അഭിഭാഷക എന്ന പ്രതിച്ഛായയാണ് ഹാരിസ് കാഴ്ചവയ്ക്കുന്നത്.

വൈസ് പ്രസിഡന്റ്, സെനറ്റ് അംഗം തുടങ്ങിയ തെരഞ്ഞെടുക്കപ്പെട്ട പദവികൾ ഹാരിസിന് നൽകുന്ന അനുഭവ സമ്പത്തും ഭരണ നിപുണതയും ട്രംപിന് അവകാശപ്പെടാനാവില്ല. ട്രംപിന്റെ നാലുവർഷ വൈറ്റ്ഹൗസ് വാസമാകട്ടെ വിവാദങ്ങൾകൊണ്ട് മാത്രമാണ് അനുസ്മരിക്കപ്പെടുന്നത്. ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി ജെ ഡി വാൻസിന്റെ വംശീയ, വരേണ്യ നിലപാടുകളും സ്ത്രീവിരുദ്ധതയും ഹാരിസിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും മിനിസോട ഗവർണറുമായ ടിം വാൾസുമായുള്ള താരതമ്യത്തിൽ വോട്ടർമാർക്കിടയിൽ ഹാരിസ് ടീമിന് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തൽ. വാൻസ് യുഎസ് സെനറ്റിലെ തുടക്കക്കാരൻ മാത്രമായിരിക്കെ റിപ്പബ്ലിക്കൻ സ്വാധീനമേഖലയായി അറിയപ്പെടുന്ന മിനിസോട ഗവർണറായി രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റായ വാൾസ് മുൻ സെനറ്റർ, ഗവർണർ എന്നീ നിലകളിലുള്ള അനുഭവ സമ്പത്തും ഭരണനേട്ടങ്ങളും കൊണ്ട് ഹാരിസ് ടീമിനെ തെരഞ്ഞെടുപ്പ് രംഗത്ത് ശ്രദ്ധേയമാക്കുന്നു. വാൾസിന്റെ ട്രേഡ്‌യൂണിയൻ പാരമ്പര്യം, രണ്ട് പതിറ്റാണ്ടിലേറെ നീണ്ട സൈനിക സേവനം, ഗവർണർ എന്ന നിലയിൽ മിനിസോടയിൽ പൊതുസ്കൂൾ വിദ്യാർത്ഥികൾക്കായി നടപ്പാക്കിയ സൗജന്യ ഭക്ഷണ വിതരണം, ഗർഭഛിദ്രം നിയമവിധേയമാക്കിയ നിയമനിർമ്മാണം, മരിജുവാനയുടെ ഉപയോഗത്തിന് നൽകിയ നിയമപരമായ ഇളവുകൾ തുടങ്ങിയ നടപടികൾ രാഷ്ട്രീയത്തിന് അതീതമായി റിപ്പബ്ലിക്കുകളുടെയടക്കം പിന്തുണ നേടിക്കൊടുത്തവയാണ്. അവ ഹാരിസിന്റെ നേതൃത്വത്തിലുള്ള പുതിയ യുഎസ് ഭരണകൂടത്തിന്റെ നയങ്ങളെയും കർമ്മപദ്ധതികളെയും സ്വാധീനിക്കുമെന്ന പ്രതീക്ഷ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 


ഈ തെരഞ്ഞെടുപ്പിലെ സുപ്രധാന രാഷ്ട്രീയ ചർച്ചാ വിഷയങ്ങളാണ് ഇസ്രയേൽ പലസ്തീൻ ജനതക്കെതിരെ ഗാസയിൽ തുടരുന്ന വിനാശകരവും മനുഷ്യത്വരഹിതവുമായ യുദ്ധം, അനധികൃത കുടിയേറ്റ പ്രശ്നം, ഗർഭഛിദ്രം നിയമവിധേയമാക്കൽ തുടങ്ങിയവ. ഇക്കാര്യങ്ങളിൽ ഉദാരവും സാധാരണക്കാർക്ക് സ്വീകാര്യവുമായ സമീപനങ്ങളും നിലപാടുകളും സ്വീകരിക്കാൻ കമലാ ഹാരിസ് പ്രചാരണത്തിന് വലിയൊരളവ് കഴിഞ്ഞിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഹാരിസ് തെരഞ്ഞെടുക്കപ്പെട്ടാൽ അമേരിക്കയിലും ലോകത്തും വിപ്ലവകരമായ എന്തെങ്കിലും സംഭവിക്കുമെന്ന് ആരും പ്രതീക്ഷിക്കുന്നില്ല. എന്നാൽ അത്തരത്തിലൊരു വിജയം ട്രംപ് പ്രതിനിധാനം ചെയ്യുന്ന പ്രതിലോമ കോർപറേറ്റ് മുതലാളിത്തത്തെയും ഫാസിസത്തോട് അതിര് പങ്കിടുന്ന തീവ്ര വലതുപക്ഷ യാഥാസ്ഥികതയെയും ഒരു പരിധിവരെയെങ്കിലും പ്രതിരോധിക്കാനും തൊഴിലാളികൾ ഉൾപ്പടെ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും കറുത്തവരും ഹിസ്പാനിക്കുകളുമടക്കം അമേരിക്കയെ സ്വന്തം നാടാക്കിമാറ്റിയ ജനതകളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സഹായകമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അവശേഷിക്കുന്ന ചുരുങ്ങിയ സമയംകൊണ്ട് ജനകീയ വോട്ടുകളിൽ മേൽക്കൈ നേടുന്നതോടൊപ്പം വിജയമുറപ്പാക്കാൻ ആവശ്യമായ ഇലക്ടറൽ കോളജ് വോട്ടുകൾ കരസ്ഥമാക്കുക എന്നതിനെ ആശ്രയിച്ചിരിക്കും യുഎസിന്റെ പ്രഥമ വനിതാ പ്രസിഡന്റ് എന്ന സങ്കല്പത്തിന്റെ സാക്ഷാത്ക്കാരം. 2016ലെ തെരഞ്ഞെടുപ്പിൽ ഹിലരി ക്ലിന്റന്റെ പ്രസിഡന്റ് സ്വപ്നം കപ്പിനും ചുണ്ടിനുമിടയിൽ വഴുതിപ്പോകാൻ കാരണമായത് ഇലക്ടറൽ കോളജ് വോട്ടുകളിൽ ട്രംപ് നേടിയ ഭൂരിപക്ഷമാണ്. ഡെമോക്രാറ്റുകൾക്കും റിപ്പബ്ലിക്കന്മാർക്കുമിടയിൽ ചാഞ്ചാടുന്ന ഒമ്പത് സംസ്ഥാനങ്ങളിൽ നാലെണ്ണത്തിൽ നേരിയ മുന്നേറ്റമുണ്ടാക്കാൻ ഹാരിസിന് കഴിഞ്ഞിട്ടുണ്ട്. അഞ്ചെണ്ണത്തിൽ ട്രംപിനാണ് മേൽക്കൈ. ആകെയുള്ള 538 ഇലക്ടറൽ കോളജ് വോട്ടുകളിൽ ഇപ്പോൾ കമലാ ഹാരിസിന് 270ഉം ട്രംപിന് 268ഉം വീതമാണ് പഠനങ്ങൾ പ്രവചിക്കുന്നത്.

തെരഞ്ഞെടുപ്പിൽ നിന്നുള്ള ബൈഡന്റെ പിന്മാറ്റത്തെത്തുടർന്ന് വളരെ ഹ്രസ്വമായ ഒരു കാലയളവ് മാത്രമേ കമലാ ഹാരിസിന് ലഭിച്ചിട്ടുള്ളൂ, ഇനി അവശേഷിക്കുന്നുമുള്ളു. സമയത്തിനെതിരായ ഈ മത്സര ഓട്ടവും സ്ഥാനാർത്ഥിയെന്ന നിലയിൽ ഹാരിസ് കാഴ്ചവയ്ക്കുന്ന പ്രകടനവും, അവരും മത്സരപങ്കാളി ടിം വാൾസും വോട്ടർമാർക്കിടയിൽ ചെലുത്തുന്ന സ്വാധീനവും മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയ, സാമ്പത്തിക കാഴ്ചപ്പാടുമായിരിക്കും വിലയിരുത്തപ്പെടുക. രാഷ്ട്രീയമായും സൈനികമായും സാമ്പത്തികമായും ലോകത്തെ ഏറ്റവും കരുത്തുറ്റ രാഷ്ട്രമെന്ന് സ്വയം അവകാശപ്പെടുന്ന യുഎസിന്റെ പ്രസിഡന്റ് പദവിയിലേക്ക് ആദ്യമായി ഒരു വനിത, അതും മിശ്ര പൈതൃകമുള്ള കറുത്ത വർഗ പാരമ്പര്യമുള്ള ഒരാൾ തെരഞ്ഞെടുക്കപ്പെട്ടേക്കാനുള്ള സാധ്യത ഏറെ കൗതുകത്തോടും ഉൽക്കണ്ഠയോടുമാണ് ലോകം വീക്ഷിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.