Monday
23 Sep 2019

ഇറാന്റെ ഡ്രോണ്‍ വെടിവച്ചുവീഴ്ത്തിയെന്ന് അമേരിക്ക

By: Web Desk | Friday 19 July 2019 4:09 PM IST


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായിരിക്കേ ഇറാന്റെ ഡ്രോണ്‍ വെടിവച്ചുവീഴ്ത്തിയെന്ന് അമേരിക്ക അവകാശപ്പെട്ടു. ഹോര്‍മുസ് കടലിടുക്കിന് അടുത്താണ് സംഭവം. നേരത്തെ അമേരിക്കന്‍ ഡ്രോണിനെ ഇറാനും തകര്‍ത്തിരുന്നു. അമേരിക്കയുടെ പുതിയ നീക്കം വീണ്ടും മേഖലയില്‍ പ്രതിസന്ധിയുണ്ടാക്കുമെന്ന് അഭ്യൂഹം.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്നെയാണ് വൈറ്റ് ഹൗസില്‍ ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. പശ്ചിമേഷ്യയില്‍ അമേരിക്ക വിന്യസിച്ച അഞ്ചാം കപ്പല്‍ പടയിലെ യുഎസ്എസ് ബോക്‌സര്‍ യുദ്ധ കപ്പലാണ് ഇറാന്റെ ഡ്രോണ്‍ വെടിവച്ച് വീഴ്ത്തിയത്. മുന്നറിയിപ്പ് അവഗണിച്ചു എത്തിയ ആളില്ലാ വിമാനത്തിന് നേരെ സേന വെടിയുതിര്‍ക്കുകയായിരുന്നു. എന്നാല്‍ ആക്രമണം ഉണ്ടായോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. പ്രതിരോധത്തിന്റെ ഭാഗമായാണ് ആളില്ലാ വിമാനം വെടിവച്ചിട്ടതെന്നും കപ്പലിന്റെ ആയിരം അടിവരെ അടുത്ത് വിമാനം എത്തിയിരുന്നുവെന്നും യുഎസ് നേവി വ്യക്തമാക്കി.

Related News