February 8, 2023 Wednesday

അമേരിക്ക എന്ന കൊതുകിനും ചോരതന്നെ കൗതുകം

എം എസ് രാജേന്ദ്രന്‍
ലോകജാലകം
April 13, 2020 5:15 am

ഴഞ്ചൊല്ലിന് പഞ്ഞമില്ലാത്ത മലയാളത്തില്‍ ഒരൊറ്റ പ്രയോഗംകൊണ്ട് എത്രയും വലിയ ആശയവും എളുപ്പത്തില്‍ സ്പഷ്ടമാക്കാന്‍ കഴിയും. ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന് കൗതുകം എന്നതുതന്നെ ഉദാഹരണം. സമൃദ്ധമായി പാലു ചുരത്തി നില്ക്കുന്ന പശുവിന്റെ അകിട്ടിലെത്തിയാലും കൊതുകിന്റെ നോട്ടം അതിന്റെ പാലില്‍ അല്ലല്ലൊ. അതിനുവേണ്ടത് അകിടിലെ ചോര തന്നെയാണ്. സാമ്രാജ്യത്വത്തിന്റെയും കൊളോണിയലിസത്തിന്റെയും സ്ഥിതിയും ഇതുതന്നെയാണ്. പതിനഞ്ചാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ യൂറോപ്പിലെ വ്യാവസായികവിപ്ലവം അതിന്റെ ഉച്ചകോടിയിലേക്ക് നീങ്ങികൊണ്ടിരിന്നപ്പോഴാണല്ലൊ സ്പെയിനില്‍ നിന്ന് കൊളംബസും പോര്‍ച്ചുഗലില്‍ നിന്ന് വാസ്കോഡഗാമയും ഇന്ത്യയിലേക്ക് ഒരു കടലോര മാര്‍ഗം അന്വേഷിച്ചു പുറപ്പെട്ടത്.

പക്ഷെ, ഇന്ത്യയെന്ന് തോന്നിക്കുന്ന ഒരു കടലോര മേഖലയില്‍ ആദ്യം എത്തിയത് കൊളംബസ് ആയിരുന്നു. അവിടം, പക്ഷെ ബൃഹത്തായ അമേരിക്കന്‍ ഭൂഖണ്ഡങ്ങളുടെ ഒരറ്റത്തായിരുന്നു. അതുകൊണ്ടുതന്നെ ആദ്യം സ്പെയിനും പിന്നീട് പോര്‍ച്ചുഗലും തെക്കേ അമേരിക്കയിലെ ഭൂപ്രദേശങ്ങള്‍ വീതംവച്ചെടുക്കുകയും ചെയ്തു. പിന്നാലെ മാത്രം എത്തിയ ബ്രിട്ടീഷുകാര്‍ വടക്കേ അമേരിക്കയിലെ യുഎസ്എയും കാനഡയും സ്വന്തം കോളനികളാക്കി. യുഎസ്എ 1776ല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായെങ്കിലും കോളനികളില്ലാത്ത ഒരു സാമ്രാജ്യത്വ ശക്തിയായി ആ രാജ്യം വളരാന്‍ തുടങ്ങിയത് രണ്ടാം ലോകമഹായുദ്ധത്തിന്റെ അന്ത്യത്തില്‍ ജര്‍മനിയിലെ ഹിറ്റ്ലറുടെ ഫാസിസ്റ്റ് ഭരണത്തോടൊപ്പം മുന്‍ കൊളോണിയല്‍ ശക്തികളായ ബ്രിട്ടനും ഫ്രാന്‍സും ബല്‍ജിയവും നെതര്‍ലന്‍സും ഉള്‍പ്പെടെയുള്ള യൂറോപ്പാകെയും തറപറ്റിയതോടെയാണ്. യുഎസ്എ എന്ന അമേരിക്ക ലോകത്തിലെ ശേഷിച്ച ഏക സാമ്രാജ്യത്വ ശക്തിയായി വളരാന്‍ തുടങ്ങി. സ്വന്തമായി കോളനികളില്ലാത്ത അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഉയര്‍ച്ച ഒരു പുതിയ പ്രതിഭാസമായിരുന്നു ലോകത്തിന്. സോവിയറ്റ് കമ്മ്യൂണിസത്തെ തടഞ്ഞുനിര്‍ത്താന്‍ കഴിവുള്ള ഏക മഹാശക്തിയെന്ന നിലയ്ക്കാണ് ആറ്റം-ഹെെഡ്രജന്‍ ബോംബുകളുടെ ബലത്തിലുള്ള അമേരിക്കയുടെ പ്രസിഡന്റ് ട്രമാന്റെ മുന്നേറ്റം. പില്ക്കാല യുഎസ് പ്രസിഡന്റുമാരെല്ലാം ശരിക്കും ആ പദവി ആസ്വദിക്കുകയും ചെയ്തു.

ഇപ്പോഴത്തെ നാല്പത്തഞ്ചാമത്തെ പ്രസിഡന്റായ ഡൊണാള്‍ഡ് ട്രംപ് എന്ന ശതകോടീശ്വരനാണ് ഈ ലോകാധിപത്യത്തില്‍ ഏറ്റവും ഊറ്റംകൊള്ളുന്നതും അഭിരമിക്കുന്നതും. 21-ാം നൂറ്റാണ്ടിലെ ലോകാസുരനായി പ്രത്യക്ഷപ്പെട്ടിട്ടുള്ള കൊറോണയ്ക്ക് മുന്‍പില്‍ മാത്രമാണ് ട്രംപ് ഇപ്പോള്‍ അടിയറവ് പറയേണ്ടിവന്നിരിക്കുന്നത്. കൊറോണ രോഗത്തിന്റെ പിടിയില്‍പ്പെട്ട് ചെെനീസ് വന്‍കരയാകെ വലഞ്ഞപ്പോള്‍ ആ രോഗത്തെ പുച്ഛിച്ചുതള്ളിയ പ്രസിഡന്റ് ട്രംപിന്റെ ജാഗ്രതക്കുറവില്‍ അമേരിക്കയിലും ഇറ്റലിയോടും സ്പെയിനിനോടുമൊപ്പം ആയിരങ്ങള്‍ ജീവന്‍ വെടിയേണ്ടിവന്നിട്ടും ട്രംപിന്റെ അമേരിക്ക ഭൂമുഖത്ത് നിന്ന് കമ്മ്യൂണിസത്തെ ആട്ടിയകറ്റാനുള്ള ഭഗീരഥ പ്രയത്നത്തിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. ആറ് പതിറ്റാണ്ടുകളായി കിണഞ്ഞു ശ്രമിച്ചിട്ടും ഇല്ലായ്മ ചെയ്യുന്നതില്‍ പരാജയപ്പെട്ടു നില്ക്കുന്ന ട്രംപിന്റെ അമേരിക്ക ക്യൂബയെ തന്നെയാണ് ഒന്നാം നമ്പര്‍ ശത്രുവായി ഇപ്പോഴും കാണുന്നത്. നിക്കരാഗ്വ, വെനസ്വേല എന്നീ കുട്ടി രാജ്യങ്ങളും അമേരിക്കയുടെ ശത്രുലിസ്റ്റിലുണ്ട്. നിക്കരാഗ്വയിലെ കമ്മ്യൂണിസ്റ്റ് നേതാവിനെ തെരഞ്ഞെടുപ്പിലും അസ്ഥിരപ്പെടുത്താനുള്ള പ്രയത്നം ഇടയ്ക്ക് രണ്ട് പ്രാവശ്യം അമേരിക്ക വിജയിച്ചെങ്കിലും അവിടെ വീണ്ടും കമ്മ്യൂണിസ്റ്റുകള്‍ ഈ സ്വാധീനം വീണ്ടെടുക്കുന്ന കാഴ്ചയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. എന്നാല്‍, ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ വെനസ്വേലയുടെ സ്ഥിതി അല്പം വ്യത്യസ്തമാണ്.

രണ്ടര പതിറ്റാണ്ടുകള്‍ മുന്‍പ് ഹ്യുഗൊ ഷാവേസിന്റെ നേതൃത്വത്തില്‍ ദീര്‍ഘകാലമായി അവിടെ നിലനിന്ന ഏകാധിപത്യ വാഴ്ചയെ തൂത്തെറിഞ്ഞ് ഒരു ജനകീയ ഭരണം സ്ഥാപിച്ചത് മുതല്ക്ക് അവിടെ ജനകീയ മാറ്റത്തിന്റെ ഒരു പുതിയ കാറ്റ് വീശാന്‍ തുടങ്ങിയിരുന്നു. ക്യൂബയുമായി കെെകോര്‍ത്തു പിടിച്ചുകൊണ്ട് ലാറ്റിന്‍ അമേരിക്കയിലാകെ ഒരു പുതിയ ജനാധിപത്യ അന്തരീക്ഷത്തിന് ജന്മം നല്കാന്‍ ഷാവേസിന് കഴിഞ്ഞു. വെനസ്വേലയുടെ എണ്ണ വ്യവസായത്തിന്റെ ശക്തി ലാറ്റിന്‍ അമേരിക്കയിലെ മറ്റു വികസ്വര രാജ്യങ്ങള്‍ക്കെല്ലാം ഒരു കെെത്താങ്ങാവുകയും ചെയ്തിരുന്നു. ബൊളീവിയയില്‍ ഇവൊ മൊറേൽസ് തെരഞ്ഞെടുപ്പിലൂടെ രാജ്യത്തിന്റെ പ്രസിഡന്റായത് ഈ ഇടതു ഐക്യമുന്നണിയുടെ ജനപ്രീതി പതിന്മടങ്ങു വര്‍ധിപ്പിച്ചുവെന്നു പറയേണ്ടതില്ലല്ലൊ. ഇത് ലാറ്റിന്‍ അമേരിക്കയെയാകെ സ്വാധീനിക്കുമെന്ന് അമേരിക്ക ഭയപ്പെട്ടു. തങ്ങളുടെ സ്വാധീനം അതോടെ പാടെ ഇടിയുമെന്നും അവര്‍ കരുതി. സോവിയറ്റ് മിസെെലുകള്‍ സ്ഥാപിച്ച് ക്യൂബയെ അമേരിക്കന്‍ ആക്രമണത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിഞ്ഞതിനുശേഷം ലാറ്റിന്‍ അമേരിക്കയില്‍ വളര്‍ന്നുതുടങ്ങിയ ജനകീയ മുന്നേറ്റത്തിന്റെ അന്തരീക്ഷം ഒരിക്കല്‍ക്കൂടി ആഗോളതലത്തില്‍ ശക്തിപ്പെടാന്‍ തുടങ്ങി. നിര്‍ഭാഗ്യവശാല്‍ വെനസ്വേലയിലെ ഹ്യൂഗൊ ഷാവേസിന്റെ അകാലചരമം ഈ സ്ഥിതിയാകെ മാറ്റിമറിച്ചു. ഷാവേസിനെ പിന്തുടര്‍ന്ന് വെനസ്വേലയുടെ പ്രസിഡന്റായ മഡൂറൊയ്ക്ക് തന്റെ മുന്‍ഗാമിയുടെ ജനസ്വാധീനം നിലനിര്‍ത്താന്‍ കഴിയാതെ വന്നതോടെ അമേരിക്ക അവിടെ കുത്തിത്തിരിപ്പുകള്‍ ആരംഭിക്കുകയും ചെയ്തുവെന്ന് പറയേണ്ടതില്ലല്ലൊ. പെട്രോളിയത്തിന്റെ വില ലോക കമ്പോളത്തിലുണ്ടായ ചാഞ്ചാട്ടം രാജ്യത്തിന്റെ സാമ്പത്തികശേഷിയെ സാരമായി ബാധിക്കുകയും തന്മൂലം ജനമധ്യത്തില്‍ ഉടലെടുത്ത അസംതൃപ്തി ആളിക്കത്തിക്കാന്‍ അമേരിക്കന്‍ പക്ഷക്കാര്‍ ഉപയോഗപ്പെടുത്തുകയും ചെയ്തുവെന്ന് പറയേണ്ടതില്ലല്ലൊ.

പുതിയ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായി മത്സരിച്ച മഡൂറൊയ്ക്കുള്ള പിന്തുണ ഗണ്യമായി ഇടിയുകയും ചെയ്തു. ഈ കൂട്ടുകെട്ടിന്റെ ഭാഗമായി ബൊളീവിയയില്‍ രൂപംകൊണ്ടിരുന്ന ഇവൊ മൊറേല്‍സിന് നാലാംവട്ട തെരഞ്ഞെടുപ്പിലുണ്ടായ പരാജയവും പിന്തിരിപ്പന്മാരുടെ കെെകള്‍ക്ക് ശക്തിപകര്‍ന്നുവെന്ന് പറയേണ്ടതില്ലല്ലൊ. ബൊളീവിയയിലെ ആദിവാസി ജനസമൂഹത്തില്‍ നിന്ന് രാജ്യത്തിന്റെ പ്രസിഡന്റായ വ്യക്തിയെന്ന നിലയ്ക്ക് അന്നാട്ടുകാര്‍ക്കിടയില്‍ ഇവൊ മൊറേല്‍സിന് വലിയ പിന്തുണ ഉണ്ടായിരുന്നെങ്കിലും ഭരണഘടനയില്‍ ഭേദഗതി വരുത്തിയും ഒരു നാലാംവട്ടവും പ്രസിഡന്റായി മത്സരിക്കാനുള്ള മൊറേല്‍സിന്റെ അമിതമായ ഉത്സാഹത്തിന് തിരിച്ചടിയേറ്റതോടെ പാശ്ചാത്യപക്ഷം അവരുടെ കുത്തിത്തിരിപ്പുകള്‍ കൂടുതല്‍ ഊര്‍ജിതമാക്കി. വെനസ്വേലയില്‍ മഡൂറെയുടെ ജനസമ്മതിക്കും സാരമായ ഇടിവ് തട്ടിയ സാഹചര്യത്തില്‍ സമീപകാല തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ ഭൂരിപക്ഷം സാരമായി കുറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് അമേരിക്ക അവരുടെ സ്വന്തക്കാരനായ ക്വാന്‍ ഹെെഡൊയെ ഒരു സമാന്തര പ്രസിഡന്റാക്കി അവരോധിക്കാന്‍ കഠിനമായി ശ്രമം ആരംഭിച്ചിരിക്കുന്നത്.

പക്ഷെ, പാശ്ചാത്യരുടെ ഈ ഗൂഢാലോചനയ്ക്ക് വെനസ്വേലന്‍ സെെന്യത്തിന്റെ പിന്തുണ പൂര്‍ണമായി കിട്ടാത്തതുകൊണ്ടാണ് ആ അട്ടിമറിശ്രമം ഇനിയും വിജയിക്കാത്തത്. എന്നിട്ടും താന്തോന്നിയെന്ന് ഇതിനകം ലോകപ്രസിദ്ധി നേടിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആ വഴിക്ക് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. സ്വന്തം നാട്ടില്‍ കോവിഡ് വെെറസ് എന്ന മഹാവ്യാധി ആയിരക്കണക്കിന് ജനങ്ങളുടെ ജീവന്‍ അപഹരിച്ചു കഴിഞ്ഞിട്ടും അവരുടെ ജീവന്‍ രക്ഷിക്കാനുള്ളതിനെക്കാള്‍ താല്പര്യം വെനസ്വേല പ്രസിഡന്റിനെ വലിച്ചുതാഴെയിടാന്‍ ട്രംപ് പ്രദര്‍ശിപ്പിക്കുന്നത് രാജ്യസ്നേഹം കൊണ്ടല്ലെന്നതിന് വേറെ തെളിവ് തേടേണ്ടതില്ല. ക്യൂബയുടെ കെെവശമുള്ളല കൊറോണ വെെറസിനെ നേരിടാനുള്ള സിദ്ധൗഷധം ഇറ്റലിയും സ്പെയിനുമെല്ലാം ചോദിച്ചുവാങ്ങുമ്പോള്‍ അമേരിക്ക ഇന്ത്യയില്‍ നിന്നുള്ള ഹെെഡ്രോക്സി ക്ലോറോക്വിന്‍ സമ്മര്‍ദ്ദത്തിലൂടെ നേടാനാണല്ലൊ ശ്രമിച്ചിരിക്കുന്നത്. അതാണ് അവരുടെ സാമ്രാജ്യത്വ മനോഭാവം. കൊതുകിന് കുടിക്കേണ്ടത് ചോര തന്നെയാണല്ലൊ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.