
ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിലേക്ക് തിരിച്ചുവരവ് നടത്തി ഒരു വർഷത്തിനുശേഷം, 2024 ലെ വിനാശകരമായ നഷ്ടങ്ങളിൽ നിന്ന് ഡെമോക്രാറ്റുകൾക്ക് കരകയറാന്‍ കഴിയുമോ എന്ന ആകാംക്ഷയിലാണ് യുഎസ്. ന്യൂയോര്‍ക്ക് മേയര്‍ തെരഞ്ഞെടുപ്പും വിർജീനിയ, ന്യൂജേഴ്സി ഗവര്‍ണര്‍ തെരഞ്ഞെടുപ്പും ഡെമോക്രാറ്റുകളുടെ ശക്തിപരീക്ഷണമാണ്. ഡെമോക്രാറ്റുകൾ പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ ജനപ്രീതി പ്രതിസന്ധി നേരിടുന്നതിനിടെയാണ് തെരഞ്ഞെടുപ്പെന്നത് പരീക്ഷണം കടുപ്പിക്കുന്നു. മാർച്ചിൽ എൻബിസി ന്യൂസ് നടത്തിയ സര്‍വേയില്‍ പാർട്ടിയുടെ അനുകൂല റേറ്റിങ് എക്കാലത്തെയും ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി 27 ശതമാനത്തിലെത്തി. 1990ന് ശേഷമുള്ള ഡെമോക്രാറ്റുകളുടെ ഏറ്റവും മോശം നിരക്കാണിത്.
2024 ലെ ട്രംപിന്റെ വിജയം പാർട്ടിക്ക് സാധാരണ വോട്ടർമാരുമായുള്ള ബന്ധം നഷ്ടപ്പെട്ടുവെന്നതിന്റെ സൂചനയാണെന്ന് വിലയിരുത്തലുകളുണ്ടായിരുന്നു. എന്നാൽ ഗാലപ്പിൽ നിന്നുള്ള സെപ്റ്റംബറിലെ വോട്ടെടുപ്പും പോൾസ്റ്റർ ജി എലിയറ്റ് മോറിസിന്റെ വിശകലനവും മറിച്ചൊരു ചിത്രമാണ് നല്‍കുന്നത്. സമ്പദ്‌വ്യവസ്ഥ കൈകാര്യം ചെയ്യുന്നതിൽ ഡെമോക്രാറ്റുകൾ റിപ്പബ്ലിക്കൻമാരേക്കാൾ മുന്നിലാണെന്ന ധാരണ സാധാരണ ജനങ്ങള്‍ക്കിടിയിലുണ്ടെന്ന് വിശകലനങ്ങള്‍ വ്യക്തമാക്കുന്നു. വിർജീനിയയിൽ, ഡെമോക്രാറ്റുകൾക്ക് ഏറ്റവും മികച്ച വിജയം നേടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂജേഴ്‌സിയിലും അപകടനിലയില്ല. ന്യൂയോർക്ക് സിറ്റിയിൽ, സൊഹ്റാന്‍ മംദാനിയുടെ വിജയസാധ്യത എതിരാളികളേക്കാള്‍ ഏറെ മുന്നിലാണ്.
ന്യൂയോർക്ക്, ന്യൂജേഴ്‌സി, വിർജീനിയ എന്നിവിടങ്ങളിലെ സ്ഥാനാർത്ഥികൾ നികുതി, ഭവനം, സ്‌കൂളുകൾ, പൊതു സുരക്ഷ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് നടത്തിയത്. മൂന്ന് പ്രധാന വിഷയങ്ങളാണ് വോട്ടര്‍മാരുടെ മുന്‍ഗണന. ജീവിതച്ചെലവ് (ഭവന, ആരോഗ്യ സംരക്ഷണം ഉൾപ്പെടെ), പൊതു സുരക്ഷ, വിദ്യാഭ്യാസം. വാർഷിക തെരഞ്ഞെടുപ്പുകളിൽ പ്രാദേശിക സാഹചര്യങ്ങള്‍ നിർണായക ഘടകങ്ങളാകുന്നത് അസാധാരണമല്ല. ന്യൂജേഴ്‌സിയിൽ സംസ്ഥാനം നേരിടുന്ന പ്രധാന പ്രശ്‌നം സമ്പദ്‌വ്യവസ്ഥയാണെന്ന് 52% വോട്ടർമാർ അഭിപ്രായപ്പെട്ടിരുന്നു. വിർജീനിയയിൽ ജനാധിപത്യ ലംഘനവും പണപ്പെരുപ്പവും പ്രധാന വിഷയങ്ങളാണ്. ന്യൂയോർക്ക് സിറ്റിയിൽ 26% വോട്ടർമാരുടെയും ഏറ്റവും പ്രധാനപ്പെട്ട പ്രശ്നം കുറ്റകൃത്യങ്ങളാണ്. വിദ്യാഭ്യാസ നയം ന്യൂയോർക്കിൽ ഒരു പുതിയ ചർച്ചാവിഷയമായി മാറിയിട്ടുണ്ട്.
സിഎൻഎൻ നടത്തിയ സര്‍വേയില്‍ 63% വോട്ടര്‍മാരാണ് ട്രംപിനോട് വിയോജിപ്പ് രേഖപ്പെടുത്തിയത്. ട്രംപ് വിരുദ്ധത ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് ഏറെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ട്രംപിന്റെ നാഷണൽ ഗാർഡ് വിന്യാസങ്ങൾ, ആഗോള താരിഫുകൾ, ഫെഡറൽ തൊഴിലാളികളുടെ കൂട്ട പിരിച്ചുവിടലുകൾ എന്നിവയിൽ വോട്ടര്‍മാര്‍ക്കിടയില്‍ നിരാശയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.