August 11, 2022 Thursday

ട്രംപ്‌ നടപടിയുടെ ബലതന്ത്രം

രാജാജി മാത്യു തോമസ്
January 14, 2020 5:10 am

പ്രസിഡന്റ് ട്രംപ് തന്റെ പ്രഖ്യാപനത്തില്‍ യുഎസിന്റെ സൈനിക, സാമ്പത്തിക കരുത്തിനെപ്പറ്റി ഏറെ വാചാലനാകുകയുണ്ടായി. ഷെയ്‌ല്‍ ഓയിലിന്റെ ലഭ്യതയുടെ പശ്ചാത്തലത്തില്‍ എണ്ണ‑പ്രകൃതിവാതക സ്വയംപര്യാപ്തതയെപ്പറ്റിയും അദ്ദേഹം പറയുകയുണ്ടായി. വായാടിയായ ഒരു ഭരണാധികാരിയുടെ വീമ്പിളക്കലിന് അപ്പുറത്ത് അതിന് ഏറെ പ്രസക്തിയുണ്ടെന്ന് പരിണിതപ്രജ്ഞര്‍ കരുതില്ല. തൊഴിലില്ലായ്മ മുതല്‍ യുഎസ് ജനജീവിതത്തെ ദുരിതപൂര്‍ണമാക്കുന്ന പ്രശ്നങ്ങളാല്‍ സംഘര്‍ഷഭരിതമാണ് ആ രാജ്യത്തെ ആഭ്യന്തര ജീവിതം. അവയ്ക്ക് പരിഹാരം കാണാതെ ലോക പൊലീസിന്റെ വേഷം ചമഞ്ഞ് അധികാരം നിലനിര്‍ത്താനുള്ള വ്യഗ്രതയാണ് സുലൈമാനിയുടെ വധമടക്കം ആഗോള വിഷയങ്ങളില്‍ ട്രംപ് നടത്തുന്ന ‍ഞാണിന്മേല്‍ കളികള്‍.

യുഎസ് ഷെയ്‌ല്‍ ഓയില്‍ ഉല്‍പ്പാദനത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ അംഗീകരിക്കുമ്പോള്‍ തന്നെ പശ്ചിമേഷ്യയടക്കം ആഗോള എണ്ണസ്രോതസുകളോടുള്ള അവരുടെ ആശ്രിതത്വം ദീര്‍ഘകാലം തുടരേണ്ടിവരും. അതാവട്ടെ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ആഭ്യന്തര ആവശ്യവുമായി ബന്ധപ്പെട്ടതല്ല. യുഎസിലെ കോര്‍പ്പറേറ്റ് എണ്ണകുത്തകകളുടെ നിലനില്‍പ്പിന്റെയും കൊള്ളലാഭത്തിന്റെയും പ്രശ്നമാണത്. യുഎസ് എണ്ണ ശുദ്ധീകരണശാലകള്‍ ഏറെയും പ്രവര്‍ത്തിക്കുന്നത് വിദേശ അസംസ്കൃത എണ്ണയെ ആശ്രയിച്ചാണ്. ഷെയ്ല്‍‍ ഓയില്‍ സംസ്കരണം ആ പരമ്പരാഗത ശുദ്ധീകരണശാലകളില്‍ സാധ്യമല്ല. കാലഹരണപ്പെട്ട അത്തരം എണ്ണശുദ്ധീകരണ ശാലകള്‍ തുടര്‍ന്നും നിലനില്‍ക്കേണ്ടത് എണ്ണ കോര്‍പ്പറേറ്റുകളുടെ ആവശ്യമാണ്. കോര്‍പ്പറേറ്റ് ലാഭതാല്‍പര്യ സംരക്ഷണത്തില്‍ പ്രതിജ്ഞാബദ്ധമായ യുഎസ് ഭരണകൂടത്തിന് അതുകൊണ്ടുതന്നെ പശ്ചിമേഷ്യയുടേതടക്കം ആഗോള അസംസ്കൃത എണ്ണ ഇനിയും ഏറെക്കാലം ആവശ്യമാണ്. ആ കോര്‍പ്പറേറ്റ് നിക്ഷിപ്ത താല്‍പ്പര്യം തന്നെയായിരിക്കും യുഎസിന്റെ പശ്ചിമേഷ്യന്‍ നയങ്ങള്‍ നിര്‍ണയിക്കുന്ന ഘടകങ്ങളില്‍ ഒന്ന്. എണ്ണ യുഎസിന്റെ ആഗോള‑പശ്ചിമേഷ്യന്‍ നയങ്ങളില്‍ എത്രത്തോളം നിര്‍ണായകമാണോ അതിലേറെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു പ്രകൃതിവിഭവമാണ് യുറേനിയം. ഇറാന്റെ ആണവായുധ വികസന പദ്ധതിക്കെതിരെ പതിറ്റാണ്ടുകളായി യുഎസും പാശ്ചാത്യ ശക്തികളും വലിയ കോലാഹലങ്ങളാണ് ഉയര്‍ത്തിവരുന്നത്.

ആണവായുധ നിര്‍മ്മാണത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം ഇറാന്‍ വികസിപ്പിക്കുന്നു എന്നായിരുന്നു ആരോപണം. അതിന്റെ പേരില്‍ ഇറാന്റെ ആയിരക്കണക്കിനു കോടി ഡോളറിന്റെ എണ്ണ വരുമാനത്തില്‍ നിന്നുള്ള നിക്ഷേപങ്ങള്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ മരവിപ്പിക്കുകയും കര്‍ക്കശമായ ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. സുദീര്‍ഘമായ ചര്‍ച്ചകളുടെയും വിലപേശലിന്റെയും അടിസ്ഥാനത്തില്‍ ഇറാനും യുഎന്‍ രക്ഷാസമിതി അംഗങ്ങളും ജര്‍മ്മനിയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെട്ട ഒത്തുതീര്‍പ്പ്കരാര്‍ 2015ല്‍ നിലവില്‍ വന്നു. ട്രംപിന്റെ അധികാരാരോഹണത്തോടെ ആഗോളതാപനത്തെയും കാലാവസ്ഥാ വ്യതിയാനത്തെയും നേരിടാന്‍ ലോകരാഷ്ട്രങ്ങള്‍ ഉണ്ടാക്കിയ കാര്‍ബണ്‍ ബഹിര്‍ഗമന നിയന്ത്രണ കരാറില്‍ നിന്നും യുഎസ് പിന്മാറിയതിനു സമാനമായി ഇറാനുമായുള്ള ആണവനിയന്ത്രണ കരാറില്‍ നിന്നും യുഎസ് ഏകപക്ഷീയമായി പിന്മാറി. ഈ പിന്മാറ്റത്തെ ജര്‍മ്മനിയും യുഎസിന്റെ യൂറോപ്യന്‍-നാറ്റോ സഖ്യശക്തികളും പിന്തുണയ്ക്കാന്‍ വിമുഖത കാണിക്കുന്നു. ഇറാന്റെ യുറേനിയം നിക്ഷേപം നേരത്തെ വിലയിരുത്തിയിരുന്നതില്‍ നിന്നും അധികമാണെന്ന ആധി യുഎസിനെ അസ്വസ്ഥമാക്കുന്നു. നിലവിലുള്ള യുറേനിയം നിക്ഷേപം കൊണ്ടുമാത്രം ഇറാന് സ്വന്തം ആണവ റിയാക്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാനും ആണവായുധ നിര്‍മ്മാണത്തിന് ആവശ്യമായ സമ്പുഷ്ട യുറേനിയം സമാഹരിക്കാനും കഴിയില്ലെന്നാണ് പാശ്ചാത്യശക്തികള്‍ കണക്കുകൂട്ടിയിരുന്നത്. കരാറിന്റെ അടിസ്ഥാനത്തില്‍ ഇറാന് യുറേനിയം ഇറക്കുമതി അസാധ്യമാകുമായിരുന്നു. എന്നാല്‍, കരാര്‍ ഒപ്പുവച്ച് മാസങ്ങള്‍ പിന്നിടുമ്പോഴേയ്ക്കും ആഭ്യന്തരമായി ലഭ്യമായിരുന്നതിന്റെ പത്ത് മടങ്ങിലധികം യുറേനിയം നിക്ഷേപം കണ്ടെത്തിയതായി ഇറാന്‍ വെളിപ്പെടുത്തി. കരാര്‍പ്രകാരം നിശ്ചിത പരിധിയിലധികം യുറേനിയം സംഭരിക്കാന്‍ കഴിയില്ലെങ്കിലും തങ്ങളുടെ കണക്കുകൂട്ടലില്‍ അധികം യുറേനിയം നിക്ഷേപം ഇറാനുണ്ടെന്നത് യുഎസിനെ അസ്വസ്ഥമാക്കുന്നു. അത് തങ്ങളുടെ പശ്ചിമേഷ്യയെ സംബന്ധിച്ച രാഷ്ട്രീയ‑സെെനിക കണക്കുകൂട്ടലുകളെ അവതാളത്തിലാക്കുമെന്ന് യുഎസ് ഭയപ്പെടുന്നു. ആ കണക്കുകൂട്ടലുകളില്‍ ഇസ്രയേലിന്റെ പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിലെ പങ്ക് സുപ്രധാനമാണ്. ഇസ്രയേലിന്റെ സ്ഥാപനവും പലസ്തീനോടും അറബ് രാഷ്ട്രങ്ങളോടും അവര്‍ അവലംബിക്കുന്ന അക്രമാസക്ത നിലപാടുകളോടും അറബ് ജനതയ്ക്ക് ഒരിക്കലും പൊരുത്തപ്പെടാനായിട്ടില്ല.

യുഎസിന്റെ പശ്ചിമേഷ്യന്‍ നയത്തില്‍ ഇസ്രയേലിന് കേന്ദ്രസ്ഥാനമാണുള്ളത്. പശ്ചിമേഷ്യയടക്കമുള്ള ആഗോള നയരൂപീകരണത്തില്‍ യുഎസിലെ ജൂത ലോബിക്ക് നിര്‍ണായക പങ്കാണുള്ളത്. അത് യുഎസിന്റെ ആഗോളനയത്തില്‍ മാത്രമല്ല ആഭ്യന്തര രാഷ്ട്രീയത്തിലും നിര്‍ണായക സ്വാധീനമാണ് ചെലുത്തിവരുന്നത്. എന്നിരിക്കിലും ഇസ്രയേലിനും പലസ്തീനും ഒരുപോലെ രാഷ്ട്രീയ അംഗീകാരം നല്‍കുന്ന ദ്വിരാഷ്ട്ര സിദ്ധാന്തമാണ് യുഎസ് പിന്തുടര്‍ന്നുപോന്നത്. ഇസ്രയേലും പലസ്തീനും തലസ്ഥാനമായി ഒരുപോലെ അവകാശപ്പെടുന്ന ജറുസലേം നഗരത്തെ അന്താരാഷ്ട്ര ധാരണകള്‍ക്കു വിരുദ്ധമായി ട്രംപ് 2017 ഡിസംബറില്‍ ഇസ്രയേല്‍ തലസ്ഥാനമായി അംഗീകരിച്ചു. ടെല്‍ അവീവില്‍ നിന്നും യുഎസ് എംബസി ജറുസലേമിലേക്ക് മാറ്റി സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചു. യുഎസ് വിധേയത്വമുള്ള അറബ് രാഷ്ട്രങ്ങള്‍ അക്കാര്യത്തില്‍ സ്വീകരിച്ച നിസംഗത അറബ് ജനതയ്ക്കിടയില്‍ കടുത്ത അമര്‍ഷമാണ് സൃഷ്ടിച്ചത്. യുഎസിന്റെ അപ്രമാദിത്വം അംഗീകരിക്കുന്ന അറബ് രാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ശക്തമായി ഇസ്രയേലിനെ എതിര്‍ക്കുന്ന ഇറാന്റെ സെെനികശേഷിയും അവരുടെ അണുവായുധ വികസനശേഷിയും യുഎസ്-ഇസ്രയേല്‍ തന്ത്രങ്ങള്‍ക്ക് കനത്ത ഭീഷണിയായി അവര്‍ കരുതുന്നു. യുഎസിന്റെ പശ്ചിമേഷ്യന്‍ നയതന്ത്രത്തിലും സെെനിക കണക്കുകൂട്ടലിലും ഇസ്‌ലാം മതത്തിലെ പരമ്പരാഗത ഷിയ‑സുന്നി വിഭാഗീയതയ്ക്കും സുപ്രധാന പങ്കുണ്ട്. നബിയുടെ പെെതൃകവുമായി ബന്ധപ്പെട്ട ഷിയാ-സുന്നി പോര് അറബ് ജനതയെ ഭിന്നിപ്പിച്ച് പശ്ചിമേഷ്യയില്‍ ആധിപത്യം ഉറപ്പിക്കാന്‍ യുഎസിന് എപ്പോഴും സഹായകമായിരുന്നിട്ടുണ്ട്. യുദ്ധോത്സുകതയ്ക്കും രക്തസാക്ഷിത്വത്തിനും പാവനത്വം കല്പിക്കുന്ന ഷിയ വിഭാഗത്തിന്റെയും നബി പാരമ്പര്യത്തിന്റെ പ്രതീകമായ അയത്തൊള്ളയുടെയും ആസ്ഥാനഭൂമിയായാണ് ഇറാന്‍. അതിനെ ചോദ്യം ചെയ്യാനും വിയോജിക്കാനുമുള്ള യാതൊരു ശ്രമവും വിജയിക്കാന്‍ ഇറാനിലെ രാഷ്ട്രീയ ഇസ്‌ലാം അനുവദിക്കില്ലെന്നാണ് അനുഭവം സാക്ഷ്യപ്പെടുത്തുന്നത്. യുഎസ് ഉപരോധം സൃഷ്ടിച്ച കടുത്ത സാമ്പത്തിക ദുരിതങ്ങളും രാജ്യത്തിന്റെ രാഷ്ട്രീയ ഭാഗധേയത്തെ നിയന്ത്രിക്കുന്ന പൗരോഹിത്യത്തിനുമെതിരെ അതിശക്തവും വ്യാപകവുമായ പ്രതിഷേധങ്ങളാണ് അടുത്തകാലത്ത് ഇറാനില്‍ വളര്‍ന്നുവന്നത്.

പെട്രോളിയം ഇന്ധനത്തിന്റെ വിലവര്‍ധനവിനും സാമ്പത്തിക ദുരിതങ്ങള്‍ക്കുമെതിരായ ജനകീയ പ്രക്ഷോഭങ്ങള്‍ ഭരണകൂടത്തെ പിടിച്ചുലയ്ക്കുന്ന ഘട്ടത്തിലാണ് ഫലത്തില്‍ ഇറാനിയന്‍ പൗരോഹിത്യത്തിന് കരുത്തുപകര്‍ന്ന് സുലെെമാനി ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് വധിക്കപ്പെടുന്നത്. സുലെെമാനി വധം ഇറാന്റെ ജനകീയ രാഷ്ട്രീയ ആഖ്യാനത്തെ അപ്പാടെ തകിടംമറിച്ചു. രക്തസാക്ഷിത്വം സ്വര്‍ഗീയ കവാടം തുറക്കുന്നുവെന്നു വിശ്വസിക്കുന്ന ഷിയ ജനതകളെ പൗരോഹിത്യത്തിന്റെ പിന്നില്‍ അണിനിരത്തുന്നതില്‍ ട്രംപ് വിജയിച്ചു. എഴുപതുകളുടെ അന്ത്യത്തില്‍ ഇറാനിലെ അന്നത്തെ ചക്രവര്‍ത്തി ഷാ റസ പഹ്‌ലവിയെ അധികാരത്തില്‍ നിന്നു പുറത്താക്കി അയത്തൊള്ള ഖൊമേനി ആധിപത്യം ഉറപ്പിച്ചിരുന്നു. ഖൊമേനിയുടെ അധികാരത്തിനെതിരെ ഇറാനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി(തൂദെ പാര്‍ട്ടി)യും തൊഴിലാളികളും ഇതര പുരോഗമന ജനവിഭാഗങ്ങളും അതിശക്തമായ പ്രതിരോധം ഉയര്‍ത്തി. എന്നാല്‍ രാഷ്ട്രീയ ഇസ്‌ലാമിന്റെ ഷിയ‑സുന്നി ഭിന്നതകള്‍ മുതലെടുത്ത് യുഎസ് നടത്തിയ ഇടപെടലുകളാണ് മതേതര രാജ്യമായിരുന്ന ഇറാനെ മതാധിഷ്ഠിത പൗരോഹിത്യാധിപത്യ ഇസ്‌ലാമിക രാഷ്ട്രമാക്കി മാറ്റിയത്. അത് കമ്മ്യൂണിസ്റ്റ് പുരോഗമനശക്തികളുടെ ഉന്മൂലനത്തിലേക്ക് നയിച്ച ദാരുണ സംഭവങ്ങളുടെ ചരിത്രമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.