Saturday
25 May 2019

അമേരിക്ക – ഉത്തരകൊറിയ സംയുക്ത പ്രസ്താവന

By: Web Desk | Tuesday 12 June 2018 10:41 PM IST


Donald-Trump-and-Kim-Jong-un-

ജി ഏഴ് ഉച്ചകോടി അവസാനിക്കുന്നതിന് മുമ്പാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകം ആകാംക്ഷയോടെ ഉറ്റുനോക്കിയ കൂടിക്കാഴ്ചയ്ക്കായി പുറപ്പെട്ടത്. കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായുള്ള കൂടിക്കാഴ്ചയ്ക്കായി സിങ്കപ്പുരിലേയ്ക്കുള്ള യാത്ര. ഏപ്രില്‍ 27 ന് നടന്ന ഉത്തര – ദക്ഷിണ കൊറിയന്‍ ഭരണാധികാരികളുടെ കൂടിക്കാഴ്ചയും ദശകങ്ങള്‍ നീണ്ട വിദ്വേഷത്തിന്റെ മഞ്ഞുരുകലിനും ശേഷമാണ് ട്രംപ് – കിം കൂടിക്കാഴ്ചയ്ക്ക് പ്രതീക്ഷയേറിയത്.
രണ്ടാംലോക മഹായുദ്ധം മുതല്‍ തുടങ്ങുന്നതാണ് അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വിദ്വേഷം. യഥാര്‍ഥത്തില്‍ അത് സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മിലുണ്ടായിരുന്ന അകല്‍ച്ചയുടെ കൂടി ഫലമായിരുന്നു. ജപ്പാന്റെ അധീനതയിലായിരുന്ന കൊറിയ യുദ്ധാനന്തരം വടക്കുഭാഗം സോവിയറ്റ് യൂണിയന്റെയും തെക്കുഭാഗം അമേരിക്കയുടെയും നിയന്ത്രണത്തിലായി. സോവിയറ്റ് യൂണിയന്റെ ആശിര്‍വാദത്തോടെ ഉത്തരകൊറിയ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായി പരിണമിച്ചു. അമേരിക്കയുടെ അധീനതയില്‍ തുടര്‍ന്നുവന്ന തെക്കന്‍ ഭാഗം പ്രത്യേക റിപ്പബ്ലിക്കായി മാറുകയും ചെയ്തു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത നിലനില്‍ക്കുകയും പിന്നീട് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു. ലക്ഷക്കണക്കിന് പേരുടെ ജീവഹാനിക്ക് ഇടയാക്കിയ യുദ്ധാവസാനം ശത്രുത വര്‍ധിക്കുകയായിരുന്നു. സോവിയറ്റ് യൂണിയന്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ പിന്തുണയുമായി പോരടിച്ചുനില്‍ക്കുകയായിരുന്നു ഇരുരാജ്യങ്ങളും. സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷം ഉത്തരകൊറിയ സ്വന്തം നിലയില്‍ മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ അതിനെ വെല്ലുവിളിച്ചുകൊണ്ട് അമേരിക്ക രംഗത്തെത്തി. എന്നാല്‍ ആ വെല്ലുവിളിയോട് അതേ നാണയത്തില്‍ പ്രതികരിക്കാന്‍ ഉത്തര കൊറിയ പ്രത്യേകിച്ച് ഇപ്പോഴത്തെ ഭരണാധികാരി കിം ജോങ് ഉന്‍ തയ്യാറായി എന്നുമാത്രമല്ല ഇടക്കിടെയുള്ള ആണവ പരീക്ഷണങ്ങളിലൂടെ വെല്ലുവിളി ഉയര്‍ത്താനും അദ്ദേഹം തയ്യാറായി. അമേരിക്കയുടെ മുന്നറിയിപ്പുകളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാനും അദ്ദേഹം തയ്യാറായി. ഈ സമീപകാല സംഭവങ്ങള്‍ കൂടി മനസിലാക്കി വേണം ട്രംപ് ഉന്നുമായുള്ള ചര്‍ച്ചയ്ക്കു തയ്യാറായതിന്റെ കാരണങ്ങള്‍ തേടേണ്ടത്. അങ്ങനെ വരുമ്പോള്‍ ഉത്തര – ദക്ഷിണ കൊറിയകളുടെ യോജിപ്പ് മാത്രമല്ല ഈ കൂടിക്കാഴ്ചയിലേയ്ക്ക് നയിച്ചതെന്ന് മനസിലാക്കേണ്ടിവരും. സാമ്പത്തിക ശക്തിയില്‍ അമേരിക്കയ്ക്ക് ഭീഷണിയായി ചൈനയും ആയുധ ശക്തിയില്‍ വെല്ലുവിളിയായി ഉത്തരകൊറിയയും ഉയര്‍ന്നുവരുന്നത് അത്രയ്ക്ക് ഉചിതമല്ലെന്ന തോന്നല്‍ കൂടി ട്രംപിന്റെ മനംമാറ്റത്തിന് പിറകിലുണ്ടെന്ന് വേണം കരുതാന്‍. ആദ്യം സമാധാന ചര്‍ച്ചകളോട് സമ്മതം മൂളുകയും പിന്നീട് പിന്മാറുകയും ചെയ്ത ട്രംപ് ഒടുവില്‍ കൂടിക്കാഴ്ചയ്ക്ക് സമ്മതിച്ചതിന് പിന്നില്‍ ഭീഷണി വിലപ്പോവില്ലെന്ന തോന്നല്‍ കൊണ്ടു കൂടിയായിരിക്കണം.
ഏതായാലും ഇരു ഭരണാധികാരികളുടെയും സിങ്കപ്പുരിലെ കൂടിക്കാഴ്ച പൂര്‍ത്തിയാകുകയും സംയുക്ത പ്രസ്താവനപുറത്തു വരികയും ചെയ്തുകഴിഞ്ഞു. ചരിത്രപരമെന്നാണ് പ്രസ്താവനയെയും കൂടിക്കാഴ്ചയെയും ലോക മാധ്യമങ്ങള്‍ വിശേഷിപ്പിച്ചിരിക്കുന്നത്. ട്രംപിന്റെ ശരീരഭാഷയും അംഗചലനങ്ങളും അതേപടി മാധ്യമങ്ങള്‍ പകര്‍ത്തി നല്‍കിയിട്ടുമുണ്ട്. ഉത്തരകൊറിയ (ജനകീയ ജനാധിപത്യ റിപ്പബ്ലിക് ഓഫ് കൊറിയ) യുടെ സുരക്ഷാ ഉത്തരവാദിത്തം ഉറപ്പുവരുത്തുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് അമേരിക്കയും കൊറിയന്‍ ഉപദ്വീപിനെ ആണവ വിമുക്തമാക്കല്‍ നടപ്പില്‍ വരുത്തുമെന്ന് ഉത്തര കൊറിയയും സംയുക്ത പ്രസ്താവനയില്‍ സമ്മതിക്കുന്നു. ഇതിനുള്ള നടപടികള്‍ എത്രയും വേഗത്തില്‍ ആരംഭിക്കുമെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞിട്ടുമുണ്ട്. അമേരിക്കയുടെയും ഉത്തര കൊറിയയുടെയും ഉദ്യോഗസ്ഥര്‍ കൂടിക്കാഴ്ചയുടെയും സംയുക്ത പ്രസ്താവനയുടെയും അനന്തര നടപടികള്‍ കൈകാര്യം ചെയ്യുമെന്നും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.
പുറത്തുവന്നിരിക്കുന്ന സംയുക്ത പ്രസ്താവന ചില സംശയങ്ങളും ബാക്കിയാക്കുന്നുണ്ട്. ജനങ്ങളുടെ താല്‍പര്യത്തിനനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് തീരുമാനിക്കുകയും കൊറിയന്‍ മേഖലയിലെ ശാശ്വത സമാധാനത്തിന് ഇരുരാജ്യങ്ങളും ശ്രമിക്കുമെന്നും സംയുക്തപ്രസ്താവനയില്‍ പറയുന്നുണ്ട്. അതോടൊപ്പം കഴിഞ്ഞ ഏപ്രില്‍ 27 നുണ്ടായ ധാരണയുടെ അടിസ്ഥാനത്തില്‍ മേഖലയെ ആണവായുധ വിമുക്തമാക്കുന്നതിന് ഉത്തര കൊറിയ പ്രതിജ്ഞാബദ്ധമാണെന്നാണ് സംയുക്ത പ്രസ്താവന പറയുന്നത്. യുദ്ധത്തടവുകാരെയും കാണാതായവരെയും കുറിച്ചും സംയുക്തപ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യഭാഗത്ത് ഉത്തര കൊറിയയുടെ സുരക്ഷയ്ക്ക് അമേരിക്ക സഹായങ്ങള്‍ ചെയ്യുമെന്ന് വാഗ്ദാനം നല്‍കുന്നുവെങ്കിലും ലോകത്തെ ആണവായുധ വിമുക്തമാക്കുന്നതില്‍ അമേരിക്കയ്ക്കുള്ള പങ്കും ഉത്തരവാദിത്തവും വ്യക്തമാക്കപ്പെടുന്നില്ല. സമീപകാലത്ത് അമേരിക്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തി ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ നടത്തിയെന്നത് ശരിയാണ്. എന്നാല്‍ അതിന് മുമ്പ് തന്നെ ആണവായുധം നിര്‍മിക്കുകയും ആയുധ വ്യാപാരം മുഖ്യ വരുമാനോപാധിയാക്കുകയും ചെയ്യുന്ന രാജ്യമാണ് അമേരിക്ക. ലോകസമാധാനത്തിനാകെ അമേരിക്ക ഉയര്‍ത്തുന്ന വെല്ലുവിളികള്‍ അതുകൊണ്ടുതന്നെ കടുത്തതുമാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ അമേരിക്കയും ഉത്തര കൊറിയയും തമ്മിലുണ്ടാക്കിയ ധാരണയുടെ ഭാവിയെന്തെന്ന് കണ്ടറിയുക തന്നെ വേണം. ട്രംപ് എന്ന ഭരണാധികാരിയാണ് അമേരിക്കയെ നയിക്കുന്നതെന്നതുതന്നെ കാരണം.

Related News