Saturday
25 May 2019

സമാധാനത്തിലേക്ക് ചുവടുവച്ച് ഉടമ്പടി

By: Web Desk | Tuesday 12 June 2018 11:16 PM IST


  • ഡൊണാള്‍ഡ് ട്രംപ്-കിം ജോങ് ഉന്‍ കൂടിക്കാഴ്ച വിജയം
  • കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണം
  • ഉപരോധങ്ങള്‍ തത്കാലം നീക്കില്ല

സിംഗപ്പൂര്‍ സിറ്റി: ദശകങ്ങള്‍ നീണ്ടുനിന്ന ശത്രുത അവസാനിപ്പിച്ച് അമേരിക്ക-ഉത്തരകൊറിയ ചരിത്ര ഉടമ്പടി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും കരാറില്‍ ഒപ്പിട്ടു. ഉത്തരകൊറിയയുടെ സമ്പൂര്‍ണ്ണ ആണവ നിരായുധീകരണവും പകരം ഉത്തരകൊറിയയ്ക്ക് സംരക്ഷണവും സഹകരണവും സാധ്യമാക്കുന്നതാണ് ഉടമ്പടി.

സിംഗപ്പൂരിലെ സെന്റോസ ദ്വീപിലുള്ള കാപ്പെല്ല ഹോട്ടലില്‍ നടന്ന ട്രംപ്, കിം ജോങ് ഉന്‍ കൂടിക്കാഴ്ച മൂന്ന് മണിക്കൂറോളം നീണ്ടുനിന്നു. ചര്‍ച്ച വിജയകരമായിരുന്നു എന്ന് ഇരുനേതാക്കളുടെയും പ്രതികരണങ്ങളും സംയുക്ത പ്രസ്താവനയും വ്യക്തമാക്കി.
ലോകം ഇനി സുപ്രധാനമായ മാറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് ചര്‍ച്ചയ്ക്ക് ശേഷം കിം ജോങ് ഉന്‍ പ്രതികരിച്ചു. കഴിഞ്ഞതൊക്കെ മറക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു, ഇനി ലോകം സുപ്രധാന പല മാറ്റങ്ങളും കാണും. കിം പറഞ്ഞു. ഞങ്ങള്‍ ഇനിയും കാണുമെന്നും ഭാവിയില്‍ കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടത്തുമെന്നും ട്രംപ് പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് അമേരിക്കയുടെയും ഉത്തരകൊറിയയുടെയും ഭരണാധികാരികള്‍ കൂടിക്കാഴ്ച നടത്തിയത്.

കൊറിയന്‍ പ്രവിശ്യയെ ആണവമുക്തമാക്കുന്നതിന് സംയുക്ത പരിശ്രമം നടത്തുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവന പറയുന്നു. ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെ ആഗ്രഹത്തിനനുസൃതമായി സമാധാനവും സംതൃപ്തിയും ഉറപ്പുവരുത്താന്‍ സംയുക്തമായി യത്‌നിക്കും. ഉത്തരകൊറിയയുടെ സുരക്ഷ ഉറപ്പുവരുത്താന്‍ യുഎസ് സന്നദ്ധമാണെന്ന് പ്രസ്താവനയില്‍ പറഞ്ഞിട്ടുണ്ട്.

യുഎസ് ദക്ഷിണ കൊറിയയുമായി ചേര്‍ന്ന് നടത്തിവരുന്ന സൈനികാഭ്യാസങ്ങള്‍ പൂര്‍ണ്ണമായി അവസാനിപ്പിക്കുമെന്നും എന്നാല്‍ ആണവ പരീക്ഷണങ്ങളുടെ പേരില്‍ ഉത്തര കൊറിയക്കെതിരെ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ തത്കാലം നീക്കില്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഉത്തര കൊറിയയില്‍ സമ്പൂര്‍ണ ആണവ നിരായുധീകരണം ഉറപ്പാക്കിയ ശേഷമാവും മുന്‍പ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുക.

കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി ഇരുരാഷ്ട്രനേതാക്കളും സൗഹൃദസംഭാഷണം നടത്തി. രാവിലെ 6.30 ന് ആരംഭിച്ച സംഭാഷണം 45 മിനിട്ടോളം നീണ്ടുനിന്നു. സൗഹൃദസംഭാഷണത്തിന് ശേഷം കിമ്മും ട്രംപും ഉച്ചകോടിയെ കുറിച്ച് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചുകൊണ്ടാണ് ഔദ്യോഗിക ചര്‍ച്ചയിലേക്ക് കടന്നത്.

ചര്‍ച്ച വലിയ വിജയമാകുമെന്നും കൂടിക്കാഴ്ച വലിയ ബന്ധത്തിന്റെ തുടക്കമാകുമെന്നും ട്രംപ് പ്രതികരിച്ചു. ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത കൂടിക്കാഴ്ചയാണെന്നും വളരെ വിശിഷ്ടമായിരുന്നെന്നും ട്രംപ് അഭിപ്രായപ്പെട്ടു. മുന്‍വിധികളില്ലാതെയാണ് ചര്‍ച്ചയെന്നും കൂടിക്കാഴ്ച വരെ കാര്യങ്ങളെത്താന്‍ ശരിക്കും പ്രയാസപ്പെട്ടെന്നും കിം പറഞ്ഞു. കൂടിക്കാഴ്ച സമാധാനത്തിനുള്ള നാന്ദികുറിക്കലാണെന്നും കിം പറഞ്ഞു.

അമേരിക്കന്‍ സംഘത്തില്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍, സെക്കന്റ് ചീഫ് ഓഫ് സ്റ്റാഫ് ജോണ്‍ കെല്ലി, വൈറ്റ്ഹൗസ് ഓപ്പറേഷന്‍സ് മേധാവി ജോ ഹാഗിന്‍ എന്നിവരും ഉത്തരകൊറിയന്‍ സംഘത്തില്‍ വിദേശകാര്യമന്ത്രി റീ യോങ് ഹൊ, മുന്‍ മിലിട്ടറി ഇന്റലിജന്‍സ് മേധാവി കിം യോങ് ചോള്‍, കിമ്മിന്റെ സഹോദരി കിം യോ ചോങ്, കൊറിയന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി ചെയര്‍മാന്‍ റി സു യോങ് എന്നിവരുമാണുണ്ടായിരുന്നത്.

ഇരുനേതാക്കളും തമ്മിലുള്ള ചര്‍ച്ചയ്ക്ക് ചൈനയും പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ കൂടിക്കാഴ്ചയെ സ്വാഗതം ചെയ്തു. ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വരുംനാളുകളില്‍ കൂടുതല്‍ ചര്‍ച്ചകളിലൂടെ സുദൃഢമാകുമെന്നാണ് ലോകത്തിന്റെ പ്രതീക്ഷ.