രാജാജി മാത്യു തോമസ്

February 25, 2020, 5:15 am

അഹമ്മദാബാദ് വരവേല്‍പ്പ് അടിമ മനോഭാവത്തിന്റെ നാണംകെട്ട പ്രകടനം

Janayugom Online

പ്രസിഡന്റ് ട്രംപിന്റെ പ്രഥമ ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കമായി. സ്വതന്ത്ര പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കായ ഇന്ത്യയിലെ ആത്മാഭിമാനമുള്ള പൗരജനങ്ങളെ അപമാനഭാരത്താല്‍ തലകുനിപ്പിക്കുന്ന അടിമ മനോഭാവത്തിന്റെ നിര്‍ലജ്ജ പ്രകടനമായിരുന്നു നരേന്ദ്രമോഡി ട്രംപിനും സംഘത്തിനുമൊരുക്കിയ വരവേല്‍പ്പ്. അറവുശാലയിലേക്ക് ആട്ടിത്തെളിക്കപ്പെട്ട ആട്ടിന്‍പറ്റങ്ങളെപ്പോലെ പൗരജനങ്ങളെ കനത്ത പൊലീസ് കാവലില്‍ ബാരിക്കേഡുകള്‍ക്കുള്ളില്‍ അ­ണിനിരത്തി ഒതുക്കിനിര്‍ത്തിയ ആ വരവല്‍പ്പ് ട്രംപിനെ ഹരംകൊള്ളിച്ചു. അഹമ്മദാബാദില്‍ രണ്ട് പരിപാടികളില്‍ മാത്രമാണ് ട്രംപ് പങ്കെടുത്തത്. ഒന്നാമത്തേത് സബര്‍മതി ആശ്രമ സന്ദര്‍ശനമായിരുന്നു. ഹ്രസ്വമായ ആ പരിപാടി എന്തിനെന്നോ സബര്‍മതി ആശ്രമം എന്തെന്നോപോലും ട്രംപിന് മനസിലായിട്ടില്ലെന്നു വ്യക്തം.

‘ടു മൈ ഗ്രേറ്റ് ഫ്രെണ്ട് പ്രൈമിനിസ്റ്റര്‍ മോഡി-താങ്ക്യു ഫോര്‍ ദിസ് വണ്ടര്‍ഫുള്‍ വിസിറ്റ്!’ (എന്റെ ഉറ്റ സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് ഈ വിസ്മയകരമായ സന്ദര്‍ശനത്തിന് നന്ദി). ഇതാണ് ട്രംപ് സബര്‍മതി ആശ്രമത്തിലെ സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയ വരികള്‍.‍ ട്രംപിനെ കുറ്റം പറയരുതല്ലോ, ആടറിയുന്നോ അങ്ങാടി! എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോഡി രാഷ്ട്രപിതാവിനോടും ഇന്ത്യന്‍ ജനതയോടും കാണിച്ച ഈ അപമാനത്തിന് ഉത്തരം പറയാന്‍‍ ബാധ്യസ്ഥനാണ്. ആഗോള സാമ്രാജ്യധിപതിയായി വിരാജിക്കുന്ന ട്രംപിന് നല്‍കിയതിനു സമാനമായ ഒരു വരവേല്‍പ്പ് ഇന്ത്യാ ചരിത്രത്തില്‍ മറ്റൊന്ന് ഉണ്ടാവില്ല. അടിമരാജ്യമായിരുന്ന ഇന്ത്യയിലേക്ക് എത്തിയ ചക്രവര്‍ത്തി ജോര്‍ജ് അഞ്ചാമനു ലഭിച്ച സ്വീകരണത്തെപ്പോലും നിഷ്‌പ്രഭമാക്കിയ, ഒരു സ്വതന്ത്ര ജനതയ്ക്കാകെ അപമാനകരമായ, പ്രകടനമാണ് നരേന്ദ്രമോഡി കാഴ്ചവച്ചത്. അതിനെ ആരെങ്കിലും ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോഡി‘യുമായി താരതമ്യപ്പെടുത്താന്‍ ശ്രമിച്ചാല്‍ അത് മറ്റൊരു നാണംകെട്ട കഥയാണ്. ഹൂസ്റ്റണില്‍ അരങ്ങേറിയ ‘ഹൗഡിമോഡി’ നാടകം മോഡിയും സംഘപരിവാറും മോഡിക്കുവേണ്ടി സ്വന്തം ചെലവില്‍ ഒരുക്കിയ നാടകമായിരുന്നു. വിശ്വഹിന്ദു പരിഷത്തിന്റെ യുഎസ് ശാഖയടക്കം തീവ്രഹിന്ദുത്വ സംഘടനകള്‍ക്കും പ്രവാസി ബിസിനസ് താല്പര്യങ്ങള്‍ക്കും ആയിരുന്നു അതിന്റെ സംഘാടന ചുമതല.

ഇന്ത്യയുടെ ഇപ്പോഴത്തെ വിദേശകാര്യ സെക്രട്ടറിയും അന്നത്തെ യുഎസിലെ അംബാസിഡറുമായിരുന്ന ഹര്‍ഷവര്‍ധന്‍ ശൃംഗളക്കായിരുന്നു ഏകോപന ചുമതല. അഹമ്മദാബാദിലെ വരവേല്‍പ്പാകട്ടെ ഇന്ത്യന്‍ നികുതിദായകരുടെ ചെലവിലും. അഹമ്മദാബാദില്‍ ദാരിദ്ര്യത്തിന്റെ നാണക്കേടുകള്‍ മറച്ചുവയ്ക്കാന്‍ മോഡി കോടികള്‍ ചെലവഴിച്ച് മതില്‍കെട്ടിയുയര്‍ത്തിയാണ് ട്രംപിന് വരവേല്‍പ്പ് ഒരുക്കിയത്. എന്നാല്‍ ഹൂസ്റ്റണില്‍ ട്രംപിന്റെ സാന്നിധ്യം ഉറപ്പുവരുത്താന്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ നിര്‍മ്മിക്കുന്ന മതിലിന്റെ നിര്‍മ്മാണത്തിന് ‘റിപ്പബ്ലിക്കല്‍ ഹിന്ദു കോയലിഷന്‍’ എന്ന് സംഘ്പരിവാര്‍ സംഘടന നല്‍കിയത് 25 ദശലക്ഷം (ഉദ്ദേശം 200 കോടി രൂപ) ഡോളറാണ്. യുഎസിലെ അതിസമ്പന്നരായ പ്രവാസി ഇന്ത്യാക്കാരുടെ ബിസിനസ് സാമ്രാജ്യങ്ങള്‍ നിലനിര്‍ത്താന്‍ അവര്‍ക്ക് ഇരു ഭരണകൂടങ്ങളെയും ആവശ്യമുണ്ട്. അതുകൊണ്ട് രാജ്യത്തിന്റെ ഉത്തമ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി ട്രംപ്-മോഡി ചങ്ങാത്തം ഊട്ടിവളര്‍ത്തുന്നതിലും അത് നിലനിര്‍ത്തുന്നതിലും അവര്‍ക്കുള്ള ഔത്സുക്യം മനസിലാക്കാവുന്നതേയുള്ളു. എന്നാല്‍ ‘നമസ്തെ ട്രംപ്’ സംഘടിപ്പിച്ചതിലെ ദുരൂഹത ഇപ്പോഴും തുടരുകയാണ്.

‘ഡൊണാള്‍ഡ് ട്രംപ് നാഗരിക അഭിനന്ദന്‍ സമിതി‘യാണ് അഹമ്മദാബാദിലെ നമസ്തെ ട്രംപ് പരിപാടിയുടെ സംഘാടകരെന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ ആദ്യമായി അറിയിച്ചത്. എന്നാല്‍ ഞായറാഴ്ചവരെയും സമിതി അംഗങ്ങളുടെ അന്തിമപട്ടിക പുറത്തുവന്നിരുന്നില്ല. നൂറ്റി ഇരുപതു കോടി രൂപ പരിപാടിക്ക് ചെലവുവന്നതായാണ് വാര്‍ത്ത. ആരാണ് അതിന്റെ പ്രായോജകര്‍? അത് അജ്ഞാതമായി തുടരുന്നു. അഹമ്മദാബാദിനെ ഹൂസ്റ്റണില്‍ നിന്നും ഭിന്നമാക്കുന്നത് സാമ്രാജ്യാധിപതിയോടു കാണിച്ച സമ്പൂര്‍ണ വിധേയത്വമാണ്. ദാരിദ്ര്യത്തെയും പട്ടിണിയെയും മനുഷ്യത്വഹീനമായ ജീവിത സാഹചര്യങ്ങളെയും മതില്‍കെട്ടിമറച്ചും, വഴിയോരങ്ങളില്‍ ജീവിക്കാന്‍ നിര്‍ബന്ധിതരായ ഹതഭാഗ്യരെ നാടുകടത്തിയും ഏകദിന പറുദീസ സൃഷ്ടിച്ചവര്‍ പ്രതിഷേധത്തിന്റെ ലാഞ്ഛനപോലുമില്ലാതെ അഹമ്മദാബാദിനെ സമ്പൂര്‍ണ പൊലീസ് സ്റ്റേറ്റാക്കി. എന്നാല്‍ ഹൂസ്റ്റണില്‍ അതായിരുന്നില്ല സ്ഥിതി. മോഡി ഭരണകൂടത്തിന്റെ ജനാധിപത്യ, മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കും കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് ആ ഭൂപ്രദേശത്തെ അപ്പാടെ തടവറയാക്കിയതിനും എതിരെയുള്ള പ്രതിഷേധത്തിന്റെ വേദികൂടിയായിരുന്നു ഹൂസ്റ്റണ്‍ നഗരം. ഒരുപക്ഷേ അതായിരിക്കും ഹൂസ്റ്റനെയും അഹമ്മദാബാദിനെയും മോഡി ഭരണത്തില്‍ ഇന്ത്യയേയും വേറിട്ടു നിര്‍ത്തുന്നത്. ട്രംപ് സന്ദര്‍ശനത്തിന്റെ ആദ്യദിനം തെരുവു കാഴ്ചകളും മൊട്ടേറയിലെ സ്വീകരണവും താജ്മഹല്‍ സന്ദര്‍ശനവുമായി കഴിഞ്ഞുപോയി.

ഇന്നാണ് ഔപചാരിക ചര്‍ച്ചകളും ഉഭയകക്ഷി കരാറുകളും പ്രതീക്ഷിക്കപ്പെടുന്നത്. മുന്‍കൂട്ടി നിശ്ചയിച്ച ആയുധ ഇടപാടുകള്‍ക്കും ചില്ലറ വാണിജ്യ കരാറുകള്‍ക്കും അപ്പുറം ഏറെയൊന്നും ഈ സന്ദര്‍ശന വേളയില്‍ ഉണ്ടാവില്ലെന്നു തന്നെയാണ് സൂചന. അതാവട്ടെ ഇന്ത്യയെ യുഎസിന്റെ ലോകത്തിലെ ഏറ്റവും വലിയ ആയുധ വിപണിയാക്കി മാറ്റും. ഇന്ത്യയ്ക്ക് ഏറെയൊന്നും പ്രതീക്ഷയ്ക്ക് വകനല്‍കാത്ത ട്രംപ് സന്ദര്‍ശനത്തിന്റെ പ്രാധാന്യം അതിന്റെ രാഷ്ട്രീയം തന്നെയാണ്. ട്രംപ് ഇക്കൊല്ലം നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ അനിഷേധ്യ സ്ഥാനാര്‍ത്ഥിയാണ്. 2016 ല്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരമേറ്റത് മുതല്‍ ഒടുങ്ങാത്ത വിവാദങ്ങള്‍ക്കും അടങ്ങാത്ത പ്രതിഷേധങ്ങള്‍ക്കും വഴിമരുന്നിട്ടാണ് ട്രംപ് കാലാവധി പൂര്‍ത്തിയാക്കുന്നത്. കുടിയേറ്റം തടയാനെന്ന പേരില്‍ മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണി ആരംഭിച്ച ട്രംപ് യുഎസ് ജനതക്കിടയില്‍ വംശീയതയുടെയും വര്‍ഗീയതയുടെയും ഭാഷാവിരോധത്തിന്റെയും മതയാഥാസ്ഥിതികതയുടെയും ഭീകരതയുടെയും മതിലുകള്‍‍ ഉയര്‍ത്തി വിദ്വേഷത്തിന്റെയും വിഭാഗീയതയുടെയും വഴിയില്‍ തന്റെ സ്വാധീനവും അധികാരവും ഉറപ്പിക്കാനാണ് നിരന്തരം യത്നിച്ചുപോന്നത്. ട്രംപ് തന്റെ ഓരോ നീക്കവും രാഷ്ട്രീയ നൈതികതയെ ചവിട്ടിമെതിച്ച് തെരഞ്ഞെടുപ്പ് വിജയത്തിനും അധികാരത്തുടര്‍ച്ചയ്ക്കുമുള്ള അവസരമാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍ നമുക്ക് കാണാനാവുന്നത് ട്രംപിന്റെ ഇന്ത്യന്‍ പ്രതിരൂപമാണെന്ന് നിഷ്പക്ഷ­മതികളായ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. അതുതന്നെയാവണം ഇന്ത്യയെയും ഇ­ന്ത്യന്‍ താല്പര്യങ്ങളെയും അവമതിക്കുമ്പോഴും ട്രംപിന് നരേന്ദ്രമോഡി പ്രിയമിത്രമാകുന്നതിന് കാരണം. ഇരുവരുടെയും ഭരണ നയപരിപാടികളുടെയും രാഷ്ട്രീയ വീക്ഷണത്തിന്റെയും അടിത്തറ വിദ്വേഷത്തിലും നിഷേധത്തിലും അധിഷ്ഠിതമാണ്. വെള്ളക്കാരന്റെ പുരുഷാധിപത്യ ധാര്‍ഷ്ട്യത്തിന്റെയും വര്‍ണവിദ്വേഷത്തിന്റെയും പ്രതീകമാണ് ട്രംപെങ്കില്‍ തീവ്രഹിന്ദുത്വ പുരുഷാധിപത്യത്തിന്റെയും ന്യൂനപക്ഷ വിദ്വേഷത്തിന്റെയും മൂര്‍ത്തിമദ്ഭാവമാണ് നരേന്ദ്രമോഡി. കുടിയേറ്റം തടയാനെന്നപേരില്‍ ട്രംപ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിതുയര്‍ത്തുമ്പോള്‍ മോഡിയാകട്ടെ ദാരിദ്ര്യത്തിന്റെയും പട്ടിണിയുടെയും നാണക്കേടുകള്‍ മറച്ചുവയ്ക്കാന്‍ മതിലുകള്‍ നിര്‍മ്മിച്ചു. കറുത്തവര്‍ക്കും ഇംഗ്ലീഷിതര ഭാഷ സംസാരിക്കുന്നവര്‍ക്കും മുസ്‌ലിങ്ങള്‍ക്കുമെതിരായ വിദ്വേഷ പ്രചരണം രാഷ്ട്രീയ ആയുധമാക്കിയ ട്രംപിന്റെ പാതയില്‍ ദളിതര്‍ക്കും ആദിവാസികള്‍ക്കും ഇസ്‌ലാം മതത്തിനും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ ഭിന്നിപ്പിന്റെ രാഷ്ട്രീയം മോഡി യുദ്ധതന്ത്രമാക്കി വികസിപ്പിച്ചിരിക്കുന്നു. താന്താങ്ങളുടെ രാഷ്ട്രം അമൂല്യമെന്ന് കരുതിപ്പോന്ന രാഷ്ട്രീയ മൂല്യങ്ങളെയും ഭരണഘടനാതത്വങ്ങളെയും സ്ഥാപനങ്ങളെയും ജനാധിപത്യത്തെതന്നെയും അവയ്ക്കുള്ളില്‍ നിന്നു തകര്‍ക്കാനുള്ള മത്സരത്തിലാണ് ഇരുവരും ഏര്‍പ്പെട്ടിരിക്കുന്നത്.

ഇരുവരും അഭിമുഖീകരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികളെയും ഒറ്റപ്പെടലുകളെയും അതിജീവിക്കാനുള്ള രാഷ്ട്രീയ മുന്നണിയാണ് ട്രംപിന്റെ രാഷ്ട്രീയ വിനോദസഞ്ചാരം ലക്ഷ്യംവയ്ക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിലും ഇക്കൊല്ലം നടക്കാന്‍പോകുന്ന തെരഞ്ഞെടുപ്പിലും ക്ഷണിച്ചുവരുത്തിയ വിദേശ ഇടപെടലുകള്‍ ട്രംപിനെതിരെ അമേരിക്കന്‍ പൊതുജീവിതത്തില്‍ സൃഷ്ടിച്ച വന്‍ വിവാദങ്ങള്‍ ഇനിയും കെട്ടടങ്ങിയിട്ടില്ല. അനിഷ്ടസംഭവങ്ങളില്‍ നിന്നും നിയമത്തിന്റെ പിടിയില്‍ നിന്നും വിദഗ്ധമായി തടിയൂരാന്‍ ട്രംപിന് കഴിഞ്ഞുവെങ്കിലും ചിന്തിക്കുന്ന ജനതയ്ക്കുമുന്നില്‍ അയാള്‍ കുറ്റവാളിതന്നെ. നോട്ടുനിരോധനം, ജിഎസ്‌ടി തുടങ്ങി സാമ്പത്തിക തകര്‍ച്ച മുതല്‍ രാമജന്മഭൂമി വരെ വിവാദങ്ങളില്‍ പിടിച്ചുനില്‍ക്കാന്‍ മോഡിയും അദ്ദേഹത്തിന്റെ തീവ്ര ഹിന്ദുത്വ ഫാസിസ്റ്റു രാഷ്ട്രീയത്തിനും കഴിഞ്ഞുവെങ്കിലും പൗരത്വ ഭേദഗതി നിയമം ഉയര്‍ത്തുന്ന ജനകീയ പ്രതിഷേധവും പ്രതിരോധവും മോഡിയുടെ രാഷ്ട്രീയത്തിന് കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ട്രംപ് തന്നെ ഇതുസംബന്ധിച്ച് അസുഖകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയേക്കുമെന്ന സൂചനകളും ഉണ്ട്. ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും കനത്ത രാഷ്ട്രീയ ഒറ്റപ്പെടലിനെയാണ് അഭിമുഖീകരിക്കുന്നത്. അതില്‍നിന്ന് തടിരക്ഷിക്കാനുള്ള കുടിലതന്ത്രം മാത്രമാണ് മോഡിക്ക് ട്രംപിന്റെ സന്ദര്‍ശനം. ‘നീ എന്റെ പുറം ചൊറിഞ്ഞാല്‍ ഞാന്‍ നിനക്കും ചൊറിഞ്ഞുതരാം’ എന്ന് അര്‍ത്ഥംവരുന്ന ഒരു ഇംഗ്ലീഷ് പ്രയോഗമുണ്ട്.

രാഷ്ട്രാന്തര തലത്തില്‍ പരസ്‌പരം പുറംചൊറിയുന്ന നയതന്ത്ര വ്യായാമത്തിലാണ് മോഡിയും ട്രംപും ഏര്‍പ്പെട്ടിരിക്കുന്നത്. നോട്ടുനിരോധനവും ജിഎസ്‌ടിയും ആള്‍ക്കൂട്ടക്കൊലകളും നിഴല്‍വീഴ്ത്തിയ രാഷ്ട്രീയാന്തരീക്ഷത്തില്‍ മോഡിയുടെ പ്രതിച്ഛായ ഉയര്‍ത്തുന്നതില്‍ ഹൂസ്റ്റണില്‍ നടന്ന ‘ഹൗഡി മോഡി’ രാഷ്ട്രീയ നാടകം സഹായകമായി. പകരം യുഎസ് പ്രസിഡന്റ് തെര‍ഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജരുടെ നിര്‍ണായക വോട്ടുകള്‍ നേടാനുള്ള ഉപാധിയാണ് ട്രംപിന് ഇന്ത്യാ സന്ദര്‍ശനം. അക്കാര്യത്തില്‍ ഹൂസ്റ്റൺ ആവർത്തിച്ച് മൊട്ടേറ സ്റ്റേഡിയത്തിലും എല്ലാ നയതന്ത്ര മര്യാദകളും ലംഘിച്ച് മോഡി ഉറപ്പുനല്‍കുകയും ചെയ്തു.‍ അതിന് ഇന്ത്യ നല്‍കേണ്ടിവരുന്ന വില രാജ്യത്തിന്റെ രാഷ്ട്രീയ, സാമ്പത്തിക താല്പര്യങ്ങള്‍ക്ക് ബാധ്യതയാകുന്ന ആയുധ, ആണവ, വാണിജ്യ കരാറുകളായിരിക്കും.