March 22, 2023 Wednesday

Related news

March 16, 2023
February 19, 2023
February 14, 2023
February 5, 2023
February 1, 2023
November 30, 2022
November 8, 2022
October 28, 2022
October 28, 2022
September 25, 2022

ചൈനയുടെ ചാര ബലൂൺ അമേരിക്ക വെടിവെച്ച് വീഴ്ത്തി

Janayugom Webdesk
വാഷിങ്ടൺ/ ബെയ്ജിങ്
February 5, 2023 10:26 am

യുഎസ് ആകാശപരിധിയില്‍ കണ്ടെത്തിയ ചെെനീസ് ചാര ബലൂണ്‍ വെടിവച്ചു വീഴ്ത്തി. ബലൂണ്‍ ജനവാസ കേന്ദ്ര പരിധി പിന്നിട്ടതോടെ വെടിവച്ച് വീഴ്ത്താന്‍ പ്രസിഡന്റ് ജോ ബെെഡന്‍ ഉത്തരവിടുകയായിരുന്നു. നടപടിക്ക് ശേഷം സെെനികരെ അഭിനന്ദിച്ച് ബെെഡന്‍ രംഗത്തെത്തി. അറ്റ്ലാന്റിക് സമുദ്രത്തിനു മുകളില്‍ കരോലിന തീരത്തിന് സമീപം പോര്‍ വിമാനങ്ങള്‍ ഉപയോഗിച്ചാണ് ബലൂണ്‍ വെടിവച്ചുവീഴ്ത്തിയത്. അമേരിക്കന്‍ തീരത്ത് നിന്ന് ആറ് നോട്ടിക്കല്‍ മെെല്‍ അകലെയാണ് ബലൂണ്‍ പതിച്ചതെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയം നല്‍കിയ ഔദ്യോഗിക വിശദീകരണം. അറ്റലാന്റിക് സമുദ്രത്തിന്റെ 100 ചതുരശ്ര കിലോമീറ്റര്‍ പരിധിയിലുള്ള വിമാനത്താവളങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ റദ്ദാക്കിയ ശേഷമാണ് ബലൂണ്‍ വെടിവച്ചു വീഴ്ത്തിയത്. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വീണ്ടെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു. സൗത്ത് കരോലിനയിലെ മര്‍ട്ടില്‍ ബീച്ചിന് സമീപം ആഴം കുറഞ്ഞ പ്രദേശത്താണ് അവശിഷ്ടങ്ങള്‍ പതിച്ചതെന്നാണ് പ്രതിരോധ മന്ത്രാലയം അറിയിച്ചത്. ഏഴ് മെെല്‍ ദൂരത്ത് അവശിഷ്ടങ്ങള്‍ പരന്നു കിടക്കുന്നതായാണ് വിവരം.

കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ആകാശപരിധിയില്‍ ചെെനയുടെ ബലൂണ്‍ കണ്ടെത്തിയെന്ന് യുഎസ് പ്രതിരോധ വകുപ്പ് അറിയിച്ചത്. രാജ്യത്തെ ആണവ മിസെെല്‍ വിക്ഷേപണ കേന്ദ്രങ്ങളിലൊന്നായ മാല്‍സ്ട്രോം വ്യോമസേന ആസ്ഥാനം സ്ഥിതി ചെയ്യുന്ന മൊണ്ടാനയിലാണ് ആദ്യം ബലൂണ്‍ പ്രത്യക്ഷപ്പെട്ടത്. ജോ ബെെഡന്റെ നിര്‍ദേശപ്രകാരം ബലൂണ്‍ വെടിവച്ചിടാന്‍ പ്രതിരോധ സെക്രട്ടറിയും മുതിര്‍ന്ന സെെനിക ഉദ്യോഗസ്ഥരും ആദ്യം തീരുമാനിച്ചെങ്കിലും സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് പിന്നീട് ഒഴിവാക്കി.
യുഎസ് ആകാശപരിധിയില്‍ കണ്ടെത്തിയതിനു പിന്നാലെ ലാറ്റിനമേരിക്കന്‍ മേഖലയിലും ബലൂണ്‍ കണ്ടെത്തിയതായി പെന്റഗണ്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.

ബലൂണ്‍ കണ്ടെത്തിയതിനു പിന്നാലെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചെെനാ സന്ദര്‍ശനം മാറ്റിവച്ചിരുന്നു. കാലാവസ്ഥാ നിരീക്ഷണത്തിനു വേണ്ടിയുള്ള എയര്‍ഷിപ്പാണെന്നും കാറ്റിന്റെ ഗതിമൂലമാണ് യുഎസ് ആകാശപരിധിയില്‍ പ്രവേശിച്ചതെന്നുമാണ് ചെെനയുടെ നിലപാട്. വിഷയത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ചെെനയുടെ ചാര ബലൂണാണെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് യുഎസ് ആവര്‍ത്തിക്കുന്നത്. ലാറ്റിനമേരിക്കയില്‍ കണ്ടെത്തിയ ചാര ബലൂണിനെ അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ഇപ്പോള്‍ നിരീക്ഷിച്ച് വരികയാണ്.

തിരിച്ചടിക്കും: മുന്നറിയിപ്പുമായി ചൈന

ചാര ബലൂണ്‍ വെടിവച്ചിട്ട നടപടിയില്‍ യുഎസിന് മുന്നറിയിപ്പുമായി ചൈന. ആളില്ലാത്തതും സൈനികേതരവുമായ വ്യോമയാനത്തിന് നേര്‍ക്ക് ആക്രമണം നടത്തിയ യുഎസിന്റെ പ്രവൃത്തിയില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം കടുത്ത അസംതൃപ്തി രേഖപ്പെടുത്തി. നടപടിയില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി. അമേരിക്കയുടേത് അന്താരാഷ്ട്ര നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനമാണെന്നും ചൈന പറഞ്ഞു.

Eng­lish Sum­ma­ry: US shoots down sus­pect­ed Chi­nese spy balloon
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.