ലോക ആരോഗ്യ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തിവച്ചുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനത്തെ വിഖ്യാത മെഡിക്കല്‍ ജേണല്‍ ‘ലാന്‍സെറ്റി‘ന്റെ മുഖ്യപത്രാധിപര്‍ റിച്ചാര്‍ഡ് ഹോര്‍ട്ടണ്‍ വിശേഷിപ്പിച്ചത് ‘അതീവ നിന്ദ്യവും’, ‘മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവും’ എന്നാണ്. കൊറോണ വൈറസിനെതിരായ മനഷ്യരാശിയുടെ യോജിച്ച പോരാട്ടത്തില്‍ അതീവ നിര്‍ണായകമായ ’60–90 ദിവസങ്ങളിലേക്ക് ലോക ആരോഗ്യ സംഘടനയ്ക്കുള്ള സഹായധനം നിര്‍ത്തിവയ്ക്കുന്ന’തായി ചൊവ്വാഴ്ചയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്. കൊറോണ വൈറസിന്റെ വ്യാപനം സംബന്ധിച്ച വസ്തുതകള്‍ മറച്ചുവയ്ക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചവരുത്തുകയും ചെയ്ത ഡബ്ല്യുഎച്ച്ഒയുടെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനു വേണ്ടിയാണ് ഫണ്ട് തടയുന്നതെന്നായിരുന്നു ട്രംപിന്റെ പ്രഖ്യാപനം. ഡബ്ല്യുഎച്ച്ഒയുടെ പ്രവര്‍ത്തനത്തിന് ഏറ്റവും വലിയ സംഭാവന നല്കുന്ന രാഷ്ട്രമാണ് യുഎസ്. യുഎസ് അടക്കം പല രാജ്യങ്ങള്‍ക്കും ഡബ്ല്യുഎച്ച്ഒയുടെ പ്രവര്‍ത്തനത്തെപ്പറ്റി, പ്രത്യേകിച്ചും കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനത്തിലും രോഗവ്യാപന മുന്നറിയിപ്പ് നല്‍കുന്നതിലും വീഴ്ചപറ്റിയെന്ന്, വിമര്‍ശനമുണ്ട്.
എന്നാല്‍ രോഗം രണ്ട് ദശലക്ഷം പേരിലേക്ക് വ്യാപിക്കുകയും മരണസംഖ്യ ഒരു ലക്ഷത്തിലധികം കടക്കുകയും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്സിന് ഗവേഷണവും നിര്‍ണായക ഘട്ടത്തില്‍ എത്തിനില്ക്കുകയും ചെയ്തിരിക്കുന്ന അവസരത്തില്‍ പ്രസിഡന്റ് ട്രംപിന്റെ നടപടി ദുരുപദിഷ്ടവും അസ്ഥാനത്തുള്ളതുമെന്നാണ് ലോകമെമ്പാടും വിലയിരുത്തുന്നത്. ‘കോവിഡ്-19 ന് എതിരായ യുദ്ധത്തില്‍ ലോക ആരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ തികച്ചും നിര്‍ണായക’മെന്നാണ് ഐക്യരാഷ്ട്രസഭ വിലയിരുത്തുന്നത്. യുഎസിന്റെ ഉറ്റ രാഷ്ട്രീയ പങ്കാളിയായ ബ്രിട്ടണ് ഡബ്ല്യുഎച്ച്ഒക്ക് 65 ദശലക്ഷം പൗണ്ട് വകയിരുത്താന്‍ സന്നദ്ധമായെന്നതും ശ്രദ്ധേയമാണ്. കൊറോണ വൈറസ് ബാധ ലോകത്തിലെ അതിസമ്പന്നവും അതിശക്തവും വികസന പാരമ്യത്തില്‍ എത്തിനില്‍ക്കുന്നത് എന്ന് അവകാശപ്പെടുന്നതുമായ യുഎസില്‍ സമാനതകളില്ലാത്ത കൂട്ടമരണവും സാമ്പത്തിക നാശവുമാണ് വരുത്തിവച്ചിരിക്കുന്നത്. ഈ ദുരന്തത്തിന്റെ ധാര്‍മ്മികവും രാഷ്ട്രീയവും ഭരണപരവുമായ ഉത്തരവാദിത്വത്തില്‍ നിന്നും പ്രസിഡന്റ് ട്രംപിന് ഒഴിഞ്ഞുമാറാനാവില്ല. പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ മൂര്‍ധന്യത്തിലാണ് വിനാശകരമായ രോഗവ്യാപനം. സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഡമോക്രാറ്റിക് പാര്‍ട്ടിയില്‍ നിലനിന്നിരുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തില്‍ ട്രംപ് ഏതാണ്ട് വിജയം ഉറപ്പിച്ചിരുന്നു. രോഗവ്യാപനം സംബന്ധിച്ച എല്ലാ സൂചനകളെയും പരസ്യമായി, പരിഹാസപൂര്‍വം, അവഗണിച്ച ട്രംപിന് തന്റെ ഭരണപരാജയത്തിന് ബലിയാടുകളെ കണ്ടെത്താതെ കഴിയില്ല. അതുകൊണ്ടുതന്നെ, പതിവുപോലെ, യാതൊരു ഉളുപ്പും കൂടാതെ പച്ചക്കള്ളങ്ങള്‍കൊണ്ട് സ്വയം പ്രതിരോധിക്കാനാണ് ട്രംപ് ശ്രമിക്കുന്നത്. തുടക്കത്തില്‍ കൊറോണ ഭീഷണിയെന്നത് ഡമോക്രാറ്റുകളുടെയും മാധ്യമങ്ങളുടെയും സൃഷ്ടിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച ട്രംപ് പിന്നീട് ചൈനയെ പഴിചാരി രക്ഷപ്പെടാമെന്നാണ് കരുതിയത്.
കൊറോണ രോഗബാധയെയും അതിന്റെ ആഗോള വ്യാപനത്തെയും സംബന്ധിച്ച് ലഭ്യമായ വസ്തുതകള്‍ ഒന്നും ട്രംപിന്റെ നിലപാടിനെ ന്യായീകരിക്കുന്നില്ല. ഇക്കാര്യത്തില്‍ ട്രംപ് ഒറ്റയ്ക്ക് അല്ലെന്നതാണ് വസ്തുത. ഇന്ത്യയും യുകെയുമടക്കം വിവിധ രാജ്യങ്ങളും ഭരണാധികാരികളും മുന്നറിയിപ്പുകള്‍ അര്‍ഹിക്കുന്ന ഗൗരവത്തോടെ കണക്കിലെടുത്തില്ലെന്നതാണ് വസ്തുത. തങ്ങളുടെ വീഴ്ചകള്‍ക്ക് ന്യായീകരണങ്ങള്‍ കണ്ടെത്തുന്നതിനും സ്വയം പ്രതിരോധിക്കുന്നതിനുമുള്ള തത്രപ്പാടിലാണ് അവരെല്ലാം തന്നെ. അതിന്റെ പേരില്‍ ലോകാരോഗ്യ സംഘടനയെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും പ്രവര്‍ത്തന ഫണ്ട് നിഷേധിക്കാനും നടത്തുന്ന ശ്രമം മിതമായ ഭാഷയില്‍ ആത്മഹത്യാപരമാണ്. തങ്ങളുടെ നിക്ഷിപ്ത താല്പര്യങ്ങള്ക്ക് യോജിക്കാത്ത നിലപാടുകള്‍ സ്വീകരിക്കാന്‍ ഐക്യരാഷ്ട്രസഭയും അതിന്റെ വിവിധ ഏജന്‍സികളും എപ്പോഴൊക്കെ ശ്രമിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അവയ്ക്കെതിരെ തിരിഞ്ഞിട്ടുള്ളതിന്റെ ചരിത്രമാണ് യുഎസിന്റേത്. 2017 ല്‍ ട്രംപ് അധികാരമേറ്റശേഷം ഡബ്ല്യുഎച്ച്ഒക്ക് പുറമെ അഞ്ച് അന്താരാഷ്ട്ര സംഘടനകളില്‍ നിന്നും കരാറുകളില്‍ നിന്നും യുഎസ് പിന്മാറുകയുണ്ടായി. യുഎന്‍ പ്രമേയത്തിന് വിരുദ്ധമായി ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി അംഗീകരിച്ചത്, പാരീസ് കാലാവസ്ഥാ കരാറില്‍ നിന്നും ട്രാന്‍സ്പസഫിക് പങ്കാളിത്ത കരാറില്‍ നിന്നും യുനസ്കോയില് നിന്നും ഇറാന് ആണവ കരാറില്‍ നിന്നും യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നുമുള്ള പിന്മാറ്റങ്ങളാണ് അവ. ലോകത്തിനും മനുഷ്യരാശിക്കും എതിരായ ട്രംപിന്റെ ഈദൃശനിലപാട് യുഎസ് ജനത തിരസ്കരിക്കുമെന്ന പ്രത്യാശയാണ് ലോകത്തിന് മുന്നിലുള്ളത്.
ENGLISH SUMMARY: US stance is a crime against humanity
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.