അഫ്ഗാനില്‍ അമേരിക്ക പിടിച്ച പുലിവാല്

Web Desk
Posted on March 02, 2019, 10:22 pm
lokajalakam

നുഷ്യരെപ്പോലെ രാജ്യങ്ങള്‍ക്കും ദുര്‍ദശ ബാധകമാണെങ്കില്‍ 21-ാം നൂറ്റാണ്ട് അമേരിക്കയ്ക്ക് അങ്ങനെയൊരു കാലമാണെന്ന് കരുതേണ്ടിവരും. പുതിയ നൂറ്റാണ്ടും പുതിയ സഹസ്രാബ്ദവും തുടങ്ങും മുന്‍പ് തന്നെ ആ രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി തൊട്ടു മുമ്പത്തെ സെപ്റ്റംബര്‍ 11ന് (9–11) ന്യൂയോര്‍ക്കില്‍ നടന്ന ഭീകരാക്രമണം ലോകത്തെ തന്നെ അമ്പരപ്പിച്ചിരുന്നു. ന്യൂയോര്‍ക്കിലെ അംബരചുംബിയായ ലോക വാണിജ്യകേന്ദ്രം ഭീകരര്‍ തകര്‍ത്തപ്പോള്‍ യുദ്ധാനന്തരമുള്ള ആ രാജ്യത്തിന്റെ ചക്രവര്‍ത്തി പദത്തിന് തന്നെയാണ് അത് പ്രഹരമേല്‍പ്പിച്ചത്. ഇറാക്കിലും ലിബിയയിലും അവര്‍ നടത്തിയ ആക്രമണങ്ങളും രാജ്യത്തിന് നേട്ടമല്ല സമ്മാനിച്ചത്. അതെല്ലാം ഒരു ദുഃസ്വപ്‌നം പോലെ പെട്ടെന്ന് മങ്ങിയെങ്കിലും അതിനു കാല്‍ നൂറ്റാണ്ട് മുന്‍പ് അഫ്ഗാനിസ്ഥാനില്‍ അവര്‍ ആരംഭിച്ച പട്ടാള ഇടപെടല്‍ പുതിയ നൂറ്റാണ്ടിലും രാജ്യത്തെ കഷ്ടത്തിലാക്കിക്കൊണ്ടിരിക്കുകയാണ്.

1973 മുതല്‍ അഫ്ഗാനിസ്ഥാന്‍ അടിസ്ഥാനപരമായ മാറ്റങ്ങളുടെ പാതയിലേക്ക് നീങ്ങിത്തുടങ്ങിയിരുന്നു. അക്കൊല്ലമാണ് രാജവാഴ്ച അവസാനിപ്പിച്ച് അഫ്ഗാനിസ്ഥാന്‍ ഒരു റിപ്പബ്ലിക്കായി മാറിയത്. അഞ്ചു കൊല്ലം കഴിഞ്ഞ് 1978 ല്‍ നൂര്‍തറാക്കിയുടെ നേതൃത്വത്തിലുള്ള ഒരു കമ്മ്യൂണിസ്റ്റ് ഭരണം ആരംഭിച്ചതോടെ അമേരിക്കയ്ക്ക് ഇരിക്കപ്പൊറുതിയില്ലാതായി. ഒരു കമ്മ്യൂണിസ്റ്റ് ഭരണം എവിടെയെങ്കിലും നിലവില്‍ വന്നതായി കേട്ടാലുടന്‍ അതിനെ നശിപ്പിക്കേണ്ടത് തങ്ങളുടെ അടിയന്തര കര്‍ത്തവ്യമായാണല്ലൊ അമേരിക്ക കണ്ടിട്ടുള്ളത്. 1917 ല്‍ റഷ്യയില്‍ ഒക്‌ടോബര്‍ വിപ്ലവം വിജയിച്ചപ്പോള്‍ തുടങ്ങിയതാണ് അവരുടെ കമ്മ്യൂണിസ്റ്റ് സംഹാരയജ്ഞം. ഒക്‌ടോബര്‍ വിപ്ലവത്തെ ഇല്ലായ്മ ചെയ്യാന്‍ പതിമൂന്നു രാജ്യങ്ങളുടെ പട്ടാളവുമായി അവിടെ എത്തിയ അമേരിക്കയ്ക്ക് നാലു കൊല്ലത്തെ സുദീര്‍ഘമായ ഒരു ഏറ്റുമുട്ടലിന് ശേഷം വാലും ചുരുട്ടി മടങ്ങേണ്ടിവന്നു. 1949 ല്‍ ചൈനയില്‍ കമ്മ്യൂണിസ്റ്റ് ഭരണം നിലവില്‍ വന്നപ്പോഴും അവര്‍ക്ക് സഹിക്കാനായില്ല. അന്ന് പക്ഷെ, അവിടെ ഇടപെടാന്‍ അവര്‍ ധൈര്യപ്പെട്ടില്ല. ചൈനയിലെ മുന്‍ പ്രസിഡന്റ് ചിയാങ് കൈഷക്കിനെയും അനുയായികളേയും ഫോര്‍മോസ എന്ന ദ്വീപിലെത്തിച്ച് അതാണ് ചൈനയെന്ന് പ്രഖ്യാപിക്കുന്ന വിവരക്കേടിന് മാത്രമാണ് അന്ന് അവര്‍ മുതിര്‍ന്നത്. 1959 ല്‍ അമേരിക്കന്‍ തീരത്തോട് തൊട്ടു സ്ഥിതി ചെയ്യുന്ന ക്യൂബന്‍ ദ്വീപില്‍ ഫിഡല്‍ കാസ്‌ട്രോയൂടെ നേതൃത്വത്തിലുള്ള വിപ്ലവകാരികള്‍ അധികാരത്തിലെത്തിയപ്പോഴും അവര്‍ ആ ഭരണത്തെ മറിച്ചിടാന്‍ ആവതും ശ്രമിച്ചു. സോവിയറ്റ് മിസൈലുകളുടെ പിന്‍ബലത്തിലാണ് അമേരിക്കയുടെ എല്ലാ ഉപരോധങ്ങളെയും അതിജീവിച്ചും ക്യൂബ ഇപ്പോഴും നിലനില്‍ക്കുന്നത്. വിയറ്റ്‌നാമില്‍ നിന്നും അമേരിക്കയ്ക്ക് പിന്തിരിയേണ്ടിവന്ന ചരിത്രവും മറക്കാനാവില്ല.
എന്നിട്ടും അഫ്ഗാനിലെ കമ്മ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാനുള്ള ശ്രമം അവര്‍ ഉപേക്ഷിച്ചില്ല. അതിനുവേണ്ടി യുഎസ് പട്ടാളത്തെ വലിയ തോതില്‍ അവിടെ ഇറക്കുന്നതിന് പുറമെ ഗുല്‍ബുദ്ദീന്‍/ഹിക്ക് മത്യാറെപ്പോലുളള നാടന്‍ പ്രഭുക്കളെ മലഞ്ചെരിവുകളില്‍ നിന്ന് ഒളിപ്പോര്‍ നടത്താന്‍ നിയോഗിക്കുകയാണ് അവര്‍ ചെയ്തത്. ഇതിനെല്ലാം പുറമെ സൗദി അറേബ്യയില്‍ നിന്ന് ഒസാമ ബിന്‍ലാദനെയും കൂട്ടരെയും ഒളിപ്പോരിനായി അഫ്ഗാന്‍ വനാന്തരങ്ങളില്‍ കുടി പാര്‍പ്പിക്കുകയും ചെയ്തു അവര്‍. ഈ ബിന്‍ലാദന്റെ അല്‍ക്വയ്ദ എന്ന ഭീകരസംഘമാണ് പില്‍ക്കാലത്ത് അമേരിക്കയില്‍ ചെന്ന് താമസിച്ച് നാലു വിമാനങ്ങള്‍ തട്ടിയെടുത്ത് ന്യൂയോര്‍ക്കിലെ ബഹുനില വാണിജ്യകേന്ദ്രം നിലംപരിശാക്കുകയും യുഎസ് സൈനിക ആസ്ഥാനമായ പെന്റഗണ്‍ മന്ദിരം ഭാഗികമായി ഇടിച്ചുനിരത്തുകയും ചെയ്തത്.
ഇതിനെല്ലാം പുറമെ പാകിസ്ഥാനില്‍ മദ്രസകളിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ നിന്ന് താലിബാന്‍ എന്ന കുട്ടിപ്പട്ടാളത്തെ അവര്‍ വാര്‍ത്തെടുക്കുകയും ചെയ്തു. ഈ കുട്ടിപ്പട്ടാളത്തിന്റെ ആത്മഹത്യാ സ്‌ക്വാഡുകളും അഫ്ഗാന്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറ്റം നടത്തി അമേരിക്കന്‍ സൈന്യത്തിന് പിന്‍തുണയുമായെത്തിയിരുന്നു. ബിന്‍ലാദന്റെ അല്‍ക്വയിദ അമേരിക്കന്‍ സിരാകേന്ദ്രങ്ങളില്‍ കടന്നുചെന്നതുപോലെ ഈ കുട്ടി ഭീകരര്‍ ഇടയ്ക്ക് അഫ്ഗാനിസ്ഥാനിലെ ഭരണം പടിച്ചെടുക്കുകയും ചെയ്തിരുന്നു. പിന്നീട് അമേരിക്കന്‍ പട്ടാളത്തിന് ഏറ്റവും വലിയ ഭീഷണിയായി നിലകൊള്ളുന്നതെന്ന വസ്തുതയും പ്രത്യേകം ചൂണ്ടിക്കാട്ടേണ്ടതുണ്ട്. കഴിഞ്ഞ പതിനേഴ് കൊല്ലമായി അമേരിക്ക ഏറ്റുമുട്ടുന്നത് ഇവരോടാണെന്നും ഓര്‍ക്കേണ്ടതുണ്ട്. രാജ്യഭരണം ഇല്ലെങ്കിലും രാജ്യത്തിന്റെ വലിയൊരു മേഖല അവരുടെ അധീനതയിലുമാണ്. അവര്‍ക്ക് ഭരണം ഉണ്ടായിരുന്ന കാലത്ത് ഇസ്‌ലാമിക രീതികള്‍ അടിച്ചേല്‍പിക്കാന്‍ അവര്‍ തീവ്രശ്രമം നടത്തിയിരുന്നു.
അങ്ങനെ കമ്മ്യൂണിസത്തെ തോല്‍പ്പിക്കാന്‍ എല്ലാ ഭീകരരെയും പാലൂട്ടി വളര്‍ത്തിയവര്‍ തന്നെയാണ് ഇപ്പോള്‍ അമേരിക്കയുടെ കഴുത്തിന് കുത്തിപ്പിടിച്ചിരിക്കുന്നത്. ന്യൂയോര്‍ക്കില്‍ നാശംവിതച്ച അല്‍ക്വയ്ദയുടെ ബിന്‍ലാദനെ പാകിസ്ഥാനിലെ അഭയകേന്ദ്രത്തില്‍ ചെന്ന് പിടിച്ചുകൊണ്ടുപോയി കൊലപ്പെടുത്താന്‍ കഴിഞ്ഞെങ്കിലും താലിബാന്‍ അവരെ നിസ്സഹായരാക്കിയിരിക്കുകയാണ്. അതിനിടയില്‍ എടുത്തുചാട്ടക്കാരനായ പുതിയ പ്രസിഡന്റ് ട്രംപ് സിറിയയിലും അഫ്ഗാനിസ്ഥാനിലും നിന്ന് പട്ടാളത്തെ തിരിച്ചുവിളിക്കാന്‍ പോവുകയാണെന്ന് പ്രസ്താവിച്ചതോടെ താലിബാന്റെ ഹുങ്ക് ഇരട്ടിയായ സാഹചര്യത്തിലാണ് മാനമായി പ്രശ്‌നം തീര്‍ക്കാന്‍ അമേരിക്ക താലിബാനുമായി കൂടിയാലോചനയില്‍ ഏര്‍പ്പെട്ടത്. നിലവിലുളള സിവിലിയന്‍ ഭരണത്തെ കൈവിടാതെയുളള ഒരു അനുരഞ്ജനത്തിനും താലിബാന്‍ കൂട്ടുനില്‍ക്കുമെന്ന് പ്രതീക്ഷിക്കാന്‍ ന്യായമില്ല. അമേരിക്ക അഫ്ഗാനിസ്ഥാനെ താലിബാന് തീറെഴുതിക്കൊടുക്കുമോ എന്നറിയാന്‍ അല്‍പം കാത്തിരുന്ന് കാണേണ്ടിവരും.
അമേരിക്ക പാലൂട്ടി വളര്‍ത്തിയ താലിബാനോട് അവര്‍ക്ക് ചെറിയൊരു വിധേയത്വം തോന്നിയാല്‍ ആശ്ചര്യത്തിന് വകയില്ല. അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിന് 1992 ല്‍ അറുതിവരുത്താന്‍ സഹായിച്ചവരുടെ കൂട്ടത്തില്‍ താലിബാനും ഒരു പ്രത്യേക സ്ഥാനമുണ്ടല്ലോ. അവര്‍ വിജയത്തിന്റെ പടിക്കെട്ടുകള്‍ കയറിയ അവസരത്തിലാണല്ലോ കമ്മ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിക്കുകയെന്ന ലക്ഷ്യം നേടാന്‍ അമേരിക്കയ്ക്ക് സാധിച്ചത്. അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന നജിബുള്ളയെ യു എന്‍ ആസ്ഥാനത്ത് നിന്ന് തട്ടിയെടുത്ത് തല്ലിക്കൊന്ന് വിളക്കുതൂണില്‍ കെട്ടിത്തൂക്കിയതു താലിബാന്‍ പോരാളികളാണെന്ന ഉപകാരസ്മരണയും അമേരിക്കയ്ക്ക് ഉണ്ടാകാം. നജീബുള്ളയോടൊപ്പം അദ്ദേഹത്തിന്റെ സഹോദരനെയും ഇതുപോലെ തന്നെ മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും കുറച്ചുകാലത്തേക്കെങ്കിലും കമ്മ്യൂണിസ്റ്റുകാരില്‍ നിന്ന് രാജ്യത്തെ രക്ഷിച്ചെടുക്കുകയും ചെയ്തതിനുള്ള കടപ്പാടും താലിബാനോട് പ്രസിഡന്റ് ട്രംപിന് തോന്നുന്നുണ്ടാകും.
ഇതെല്ലാം സാധിച്ചത് സോവിയറ്റ് നേതാക്കളായ ബ്രെഷ്‌നെവിന്റെയും കോണ്‍സ്റ്റാന്റിന്‍ ചെര്‍നെങ്കോയുടെയും കാലശേഷം സോവിയറ്റ് ഭരണത്തിന്റെ തലപ്പത്തേക്ക് നുഴഞ്ഞുകയറിയ ഗോര്‍ബച്ചേവ്-യെല്‍ത്‌സിന്‍ ദ്വയം അഞ്ചാം പത്തികളെപ്പോലെ സോഷ്യലിസത്തിന്റെ ആദ്യ ദീപസ്തംഭം തകര്‍ത്തതിന് ശേഷം അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണത്തിനുള്ള പിന്തുണ പിന്‍വലിച്ചതുകൊണ്ടാണെന്ന് അമേരിക്കയ്ക്കും അറിയാം. 1979 മുതല്‍ക്ക് സോവിയറ്റ് സൈന്യം അഫ്ഗാനിസ്ഥാനിലെത്തുകയും നാലുഭാഗത്തുനിന്നും അമേരിക്ക സംഘടിപ്പിച്ച ചെറുത്തുനില്‍പിനെ എതിര്‍ത്ത് തോല്‍പിക്കാന്‍ എല്ലാവിധ ഒത്താശകളും ചെയ്തുകൊടുത്തിരുന്നതുമാണ്. യെല്‍ത്‌സിനും ഗോര്‍ബച്ചേവും ചേര്‍ന്ന് സോവിയറ്റ് സൈന്യത്തെ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെയാണ് അമേരിക്കയ്ക്ക് അവരുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ദൗത്യം യഥേഷ്ടം നടപ്പിലാക്കാന്‍ അവസരമുണ്ടായത്.
അങ്ങനെ അഫ്ഗാനിസ്ഥാനിലെ കമ്മ്യൂണിസ്റ്റ് ഭരണം അട്ടിമറിക്കപ്പെട്ടതോടെയാണ് അമേരിക്കയുടെ ദുര്‍ദശ ആരംഭിക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭരണത്തെ അട്ടിമറിക്കാന്‍ ഒത്തുപിടിച്ചവര്‍ പല ചേരികളായി തിരിഞ്ഞു. 1992 ല്‍ കാബൂളില്‍ പിടിമുറുകിയ മുജാഹിദീന്‍ വിഭാഗങ്ങള്‍ക്കിടയില്‍ തമ്മിലടി കലശലായി. തല്‍ഫലമായി കാബൂളിലെ ജനങ്ങള്‍ കൂട്ടത്തോടെ നാടുവിട്ടു. 1994 ജനുവരിയില്‍ പ്രസിഡന്റ് ബുര്‍ഹനുദീന്‍ റബ്ബാനിയും പ്രധാനമന്ത്രി ഹിക്ക്മത്യാമാറും കൂട്ടുപിരിഞ്ഞു. തുടര്‍ന്ന് മദ്രസകളില്‍ നിന്ന് റിക്രൂട്ട് ചെയ്തിരുന്ന താലിബാന്‍ അധികാരത്തില്‍ പിടിമുറുക്കാന്‍ തുടങ്ങി. 1996 ല്‍ രാജ്യത്തിന്റെ തൊണ്ണൂറു ശതമാനം പ്രദേശങ്ങളും താലിബാന്റെ അധീനതയിലായി. പഴയ കുട്ടിപ്പട്ടാളം ഒരു സൈനികശക്തിയായി വളര്‍ന്നു കഴിഞ്ഞിരുന്നു. തുടര്‍ന്ന് അമേരിക്കന്‍ പിന്തുണയുള്ള വടക്കന്‍ സഖ്യം രാജ്യഭരണം ഏറ്റെടുത്തു. 2002ല്‍ മുന്‍ അഫ്ഗാന്‍ രാജാവിനെ (സഹിര്‍ഷ) കാബൂളിലേക്ക് വിളിച്ചുകൊണ്ട് വന്ന് പ്രശ്‌നം പരിഹരിക്കാന്‍ നോക്കിയെങ്കിലും അതും ഫലം കണ്ടില്ല. ഹമീദ് കര്‍സായിയുടെ പ്രസിഡന്റ് പദവിയും അത്ര നീണ്ടുനിന്നില്ല. 2005 മെയ്മാസത്തില്‍ ഗ്വാണ്ടനാമോയിലെ യു എസ് തടങ്കല്‍ പട്ടാളത്തിലെ അമേരിക്കന്‍ ഗാര്‍ഡുകള്‍ വിശുദ്ധഗ്രന്ഥമായ ഖുറാനെ അപമാനിച്ചുവെന്നതിനെ തുടര്‍ന്നുണ്ടായ ലഹളയില്‍ നിരവധി ആളുകള്‍ കൊല്ലപ്പെട്ടു. അപ്പോഴെല്ലാം യു എസ് പട്ടാളത്തിനെതിരായ താലിബാന്‍ ആക്രമണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. തുടര്‍ന്ന് ഒരു തെരഞ്ഞെടുപ്പില്‍ ഹമീദ് കര്‍സായി രണ്ടു പ്രാവശ്യം പ്രസിഡന്റായി. ഇപ്രകാരം അധികാരമാറ്റങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരുന്നെങ്കിലും കാബൂളിലും നഗരപ്രദേശങ്ങളിലുമായി അവരുടെ ഭരണം ഒതുങ്ങിനിന്നു. താലിബാന്‍ മറ്റു പ്രദേശങ്ങളില്‍ അവരുടെ ഭരണവും നടത്തിക്കൊണ്ടിരിക്കുകയാണ്.
ചുരുക്കത്തില്‍ അമേരിക്ക സൈന്യത്തെ പിന്‍വലിക്കുകയാണെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും കയ്ച്ചിട്ടിറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ എന്ന അവസ്ഥയിലാണ് വന്‍ശക്തി. അതുകൊണ്ടാണ് താലിബാനുമായി രഹസ്യ ചര്‍ച്ചകള്‍ക്ക് അവര്‍ നിര്‍ബന്ധിതമായത്. തങ്ങള്‍ കയറിപ്പിടിച്ചത് ഒരു പുലിവാലിലാണെന്ന് അവര്‍ക്ക് ഇപ്പോഴും ബോധ്യമായിട്ടുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടാണ് താലിബാനുമായുള്ള ചര്‍ച്ചകള്‍ കാര്യമായി മുന്നോട്ടുപോകാന്‍ അവര്‍ക്ക് കഴിയാതെ വന്നിരിക്കുന്നത്. പ്രസിഡന്റ് ട്രംപാണെങ്കില്‍ മെക്‌സിക്കന്‍ അതിര്‍ത്തിയിലെ മതില്‍ നിര്‍മാണത്തിനുള്ള ഫണ്ട് അനുവദിക്കാന്‍ തയാറാകാത്ത ഡമോക്രാറ്റുകളെ ഒരു പാഠം പഠിപ്പിക്കാനുള്ള വാശിയില്‍ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ പോലും തയാറാവുകയും ചെയ്തിരിക്കുകയാണ്. ഇത് കമ്മ്യൂണിസത്തെ ഉന്മൂലനം ചെയ്യാനുള്ള വാശിയുമായി എങ്ങനെ ഒത്തുപോകുമെന്ന് പറയാനാവില്ല. സ്വതന്ത്ര യുഎസ്എയുടെ രണ്ടേകാല്‍ നൂറ്റാണ്ടിനിടയില്‍ അമേരിക്ക അടിയന്തരാവസ്ഥ പ്രഖ്യാപനത്തിനു മുതിര്‍ന്ന ഒരു സംഭവത്തെപ്പറ്റി ആര്‍ക്കും ഓര്‍മയുണ്ടാവില്ല.