അമേരിക്ക- താലിബാൻ സമാധാന കരാർ ഉണർത്തിയ പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ച് താലിബാന്റെ യുദ്ധ പ്രഖ്യാപനം. ഇതോടെ കരാർ പ്രതിസന്ധിയിലായി. അഫ്ഗാനിസ്ഥാന്റെ സുരക്ഷാസേനയ്ക്കു നേരെ ആക്രമണങ്ങൾ പുനഃരാരംഭിക്കുമെന്ന് താലിബാൻ ഇന്നലെ വ്യക്തമാക്കി. താലിബാന്റെ പ്രഖ്യാപനത്തിന് പിന്നാലെ അഫ്ഗാനിസ്ഥാനിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
കൊല്ലപ്പെട്ടവർ സഹോദരങ്ങളാണെന്നാണ് റിപ്പോർട്ടുകൾ. അമേരിക്ക ‑താലിബാൻ സമാധാന കരാർ പ്രകാരം തങ്ങൾ വിദേശസൈനികരെ ആക്രമിക്കുകയില്ല. എന്നാൽ അഫ്ഗാനിസ്ഥാന് എതിരെയുള്ള പോരാട്ടം സാധാരണപോലെ തുടരുമെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് വാർത്താ ഏജൻസിയായ എഎഫ് പിയോടു പറഞ്ഞു. ഫെബ്രുവരി 29നാണ് അമേരിക്കയും താലിബാനും സമാധാന കരാറിൽ ഒപ്പുവച്ചത്.
കരാറിന്റെ ഭാഗമായി, അടുത്ത 14 മാസത്തിനുള്ളിൽ സേനയെ പൂർണമായും പിൻവലിക്കാമെന്ന് യുഎസ് സമ്മതിച്ചിരുന്നു. ഖത്തറിന്റെ തലസ്ഥാനനഗരമായ ദോഹയിൽ നടന്ന യോഗത്തിലാണ് കരാറിൽ ഒപ്പുവയ്ക്കുന്നത്. അഫ്ഗാൻ സർക്കാരുമായി താലിബാൻ സമാധാനചർച്ച നടത്തുകയും ഭീകരപ്രവർത്തനങ്ങളിൽനിന്നു പിന്മാറുകയും ചെയ്യുമെന്നായിരുന്നു കരാറിലെ ധാരണ. രാജ്യചരിത്രത്തിലെ ഏറ്റവും നീണ്ട പോരാട്ടത്തിൽനിന്നാണ് ഉടമ്പടിയിലൂടെ അമേരിക്ക പിന്മാറിയത്. താലിബാനുവേണ്ടി ആക്രമണരംഗത്ത് മുമ്പ് സജീവമായിരുന്ന മുല്ല അബ്ദുൽ ഘാനി ബറാദനും അമേരിക്കയുടെ പക്ഷത്തുനിന്ന് മുഖ്യഇടനിലക്കാരൻ സൽമായ് ഖലീൽസാദുമാണ് കരാറിൽ ഒപ്പിട്ടത്. കിഴക്കൻ അഫ്ഗാനിസ്ഥാനിൽ ഒരു ഫുട്ബോൾ മത്സരത്തിനിടെയാണ് സ്ഫോടനം ഉണ്ടായത്. മത്സരം നടക്കുന്നതിനിടെ ബോംബ് ഘടിപ്പിച്ച മോട്ടോര്‍ സൈക്കിള്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് മേഖലയിലെ പൊലീസ് മേധാവി സയിദ് അഹമ്മദ് ബാബാസി പറഞ്ഞു.
ENGLISH SUMMARY: US-Taliban blurring of peace deal
YOU MAY ALSO LIKE THIS VIDEO
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.