മോഡി സര്‍ക്കാരിന് വെല്ലുവിളിയായി യുഎസിന്റെ വ്യാപാരയുദ്ധം

Web Desk
Posted on May 31, 2019, 10:43 pm

വാഷിങ്ടന്‍: യുഎസിന്റെ വ്യാപാരയുദ്ധം രണ്ടാം നരേന്ദ്ര മോഡി സര്‍ക്കാരിനു മുന്നിലെ വലിയ വെല്ലുവിളിയായി. വ്യാപാരത്തില്‍ മുന്‍ഗണനയുള്ള രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കാനുള്ള നടപടിയില്‍ മാറ്റമില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി നല്ല ബന്ധം വേണമെന്ന് വാഷിങ്ടന്‍ ആഗ്രഹിക്കുമ്പോള്‍ തന്നെയാണ് ഇന്ത്യയുമായുള്ള വാണിജ്യബന്ധം ഈ നിലയ്ക്കു പോകാനാകില്ലെന്ന് യുഎസ് കടുത്ത നിലപാടെടുത്തത്.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും മോഡിയും തമ്മിലുള്ള സൗഹൃദത്തെ കച്ചവടവുമായി കൂട്ടിക്കുഴയ്‌ക്കേണ്ട എന്നാണ് ട്രംപിന്റെ ന്യായീകരണം. വികസ്വര രാജ്യങ്ങളുമായുള്ള വ്യാപാരബന്ധം പ്രോത്സാഹിപ്പിക്കുന്ന ‘ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറന്‍സസ്’ (ജിഎസ്പി) പട്ടികയില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കുമെന്ന് മാര്‍ച്ചില്‍ ട്രംപ് പ്രഖ്യാപിച്ചതാണ് ഇപ്പോള്‍ യാഥാര്‍ഥ്യമായത്. ഈ വ്യാപാര ഉടമ്പടിയിലൂടെ ഏറ്റവുമധികം നേട്ടമുണ്ടാക്കുന്ന രാജ്യമാണ് ഇന്ത്യ.

ഈ ഉടമ്പടിയുടെ ആനുകൂല്യത്തില്‍ 2017ല്‍ യുഎസിലേക്ക് 5.6 ബില്യന്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. തീരുമാനത്തില്‍നിന്നു പിന്തിരിയില്ലെന്ന് യുഎസ് വ്യക്തമാക്കുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള കച്ചവടബന്ധം വളരെയേറെ വളരാനുള്ള സാധ്യതയുണ്ട്. ഇന്ത്യയിലെ യുവാക്കള്‍ക്കു മോഡി വാഗ്ദാനം ചെയ്ത തൊഴിലവസരങ്ങള്‍ വര്‍ധിക്കാന്‍ ഇതിടയാക്കും. തുറന്ന കമ്പോളമില്ലാത്ത ലോകത്തിലെ വലിയ രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. സ്വതന്ത്രവും നീതിയുക്തവും പരസ്പരപൂരകവുമായ വ്യാപാരമാണ് ട്രംപ് ഭരണകൂടം ആഗ്രഹിക്കുന്നതെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യയ്‌ക്കൊപ്പം തുര്‍ക്കിയുടെ ജിഎസ്പി പദവിയും റദ്ദാക്കിയിട്ടുണ്ട്.
ചൈനയ്‌ക്കെതിരെ വ്യാപാരയുദ്ധം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപ് ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്നത്. ഇന്ത്യയില്‍ നിന്നു യുഎസ് ഇറക്കുമതി ചെയ്യുന്ന പല ഉല്‍പ്പന്നങ്ങള്‍ക്കും നികുതിയില്ല. എന്നാല്‍ യുഎസില്‍നിന്ന് ഇന്ത്യ വാങ്ങുന്ന പല ഉല്‍പ്പന്നങ്ങള്‍ക്കും 20 ശതമാനമാണ് നികുതി. ഈ വ്യത്യാസം അംഗീകരിക്കാനാവില്ലെന്നാണ് യുഎസ് നിലപാട്. ഗാട്ട് കരാര്‍ (ജനറല്‍ എഗ്രിമെന്റ് ഓണ്‍ താരിഫ്‌സ് ആന്റ് ട്രേഡ്) അനുസരിച്ച് ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് യുഎസില്‍ നികുതിയില്ല. ജിഎസ്പി പ്രകാരമാണിത്.
ഇന്ത്യ‑യുഎസ് വ്യാപാരം 2018ല്‍ 14,200 കോടി ഡോളറിന്റേതാണ്. ഇതില്‍ വ്യാപാരശിഷ്ടം ഇന്ത്യയ്ക്ക് അനുകൂലം – 2400 കോടി ഡോളറിന്റേത്. നേട്ടം ഇന്ത്യയ്ക്ക്. യുഎസ് ഉല്‍പന്നങ്ങള്‍ക്ക് ഇന്ത്യ ഉയര്‍ന്ന തീരുവയാണ് നിശ്ചയിച്ചിരിക്കുന്നത് – ശരാശരി 13.8ശതമാനം . കാറുകള്‍ക്ക് 60 ശതമാനം, മദ്യത്തിന് 150ശതമാനം, കൃഷി ഉല്‍പന്നങ്ങള്‍ക്ക് 113 ശതമാനം. 300 ശതമാനം വരെ തീരുവ നല്‍കേണ്ടവയുമുണ്ട്. അടുത്ത കാലത്ത് ഇന്ത്യ മൂന്ന് നിയന്ത്രണങ്ങള്‍ കൂടി കൊണ്ടുവന്നു. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന യുഎസ് കമ്പനികള്‍ ഡേറ്റ ഇന്ത്യയില്‍ത്തന്നെ ശേഖരിക്കാനും സംരക്ഷിക്കാനുമുള്ള വ്യവസ്ഥകള്‍,ഇ കൊമേഴ്‌സ് നിയമങ്ങളിലെ മാറ്റം വഴി ഓണ്‍ലൈന്‍ വ്യാപാരത്തിനു നിയന്ത്രണം,ഓണ്‍ലൈന്‍ വിവരദാതാക്കള്‍ക്കു കര്‍ശന നിയന്ത്രണം എന്നിവയാണ് മൂന്ന് നിയന്ത്രണങ്ങള്‍. ഇക്കാര്യങ്ങളാണ് വ്യാപാരയുദ്ധത്തിന് ട്രംപ് മുന്നോട്ടു വയ്ക്കുന്ന കാരണങ്ങള്‍.

ട്രംപ് ഭരണകൂടം വന്നശേഷം ഇന്ത്യയ്‌ക്കെതിരെ ഒട്ടേറെ നിയന്ത്രണങ്ങളും വിലക്കുകളും ഏര്‍പ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടിയാണ് മുന്‍ മോഡി സര്‍ക്കാര്‍ പ്രതിരോധിച്ചത്. എച്ച് വണ്‍ ബി വീസയ്ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയില്‍ നിന്നുള്ള സാങ്കേതിക വിദഗ്ധരുടെ തൊഴിലിനെ ബാധിച്ചു. വീസ നല്‍കുന്നതിലെ കാലതാമസവും ഭാര്യമാര്‍ക്കു വീസ നല്‍കുന്നത് വിലക്കിയതും മറ്റൊരു വിഷയം. ഉരുക്കിനും അലുമിനിയത്തിനും തീരുവ ഉയര്‍ത്തിയത് ഇന്ത്യയിലെ ഈ വ്യവസായങ്ങളെ തളര്‍ത്തിയെന്നും ഇന്ത്യ പറയുന്നു.
യുഎസ് വ്യാപാരയുദ്ധം പ്രഖ്യാപിച്ച പല രാജ്യങ്ങളും ഗുരുതര പ്രതിസന്ധിയിലായ ചരിത്രമുണ്ട്. കയറ്റുമതി കുറയുകയും വ്യവസായ ഉല്‍പാദനം താഴുകയും ചെയ്യുന്നത് സാമ്പത്തിക മാന്ദ്യത്തിലേക്കു നയിക്കും. ചൈനയുമായുള്ള യുഎസിന്റെ വ്യാപാരയുദ്ധവും ഇന്ത്യയ്ക്കു ദോഷകരമാണ്. അതേസമയം, ശതകോടികളുടെ പ്രതിരോധ ഇടപാടുകള്‍ ഇന്ത്യയുമായി നടത്താന്‍ യുഎസിന് ആഗ്രഹമുണ്ട്. ജൂണില്‍ ജി 20 ഉച്ചകോടിക്കിടെ ജപ്പാനിലെ ഒസാക്കയില്‍ ട്രംപും മോഡിയും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ മഞ്ഞുരുകുമെന്നാണ് പ്രതീക്ഷ.