Friday
18 Oct 2019

ഗള്‍ഫിനെ സംഘര്‍ഷമേഖലയാക്കി യുഎസ് യുദ്ധസന്നാഹം

By: Web Desk | Saturday 11 May 2019 10:42 PM IST


കെ രംഗനാഥ്

ദുബായ്: ഇറാന് മുന്നറിയിപ്പുകളുമായി യുഎസിന്റെ സന്നാഹങ്ങള്‍ ഗള്‍ഫ് മേഖലയില്‍ യുദ്ധഭീതീ സൃഷ്ടിച്ചു. ഇറാനെ ലക്ഷ്യമാക്കി യുഎസ് പടക്കപ്പലുകളും ബോംബര്‍ വിമാനങ്ങളും നീങ്ങിത്തുടങ്ങിയിട്ടുണ്ട്. പകരമായി ഇറാന്‍ ഹോര്‍മുസ്് കടലിടുക്കില്‍ യുദ്ധകപ്പലുകള്‍ സജ്ജീകരിക്കുകയും ചെയ്തു. ഉപരോധമേര്‍പ്പെടുത്തിയതിനുശേഷം യുദ്ധസമാനമായ മുന്നറിയിപ്പാണ് യുഎസ് നല്‍കിയിരിക്കുന്നത്. യുഎസിന്റെ താത്പര്യങ്ങള്‍ ഹനിക്കുന്ന വിധത്തിലുള്ള നടപടികളോ പ്രകോപനങ്ങളോ പൗരന്മാര്‍ക്കുനേരേ ഏതെങ്കിലും തരത്തില്‍ ആക്രമണമോ ഉണ്ടായാല്‍ കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്നാണ് യുഎസ് മുന്നറിയിപ്പ്.
യുഎഇ യിലെ അല്‍ദഫ്‌റാ വ്യോമത്താവളത്തില്‍ നിന്നും ഖത്തറിലെ യുഎസിന്റെ അഞ്ചാം കപ്പല്‍ പടയുടെ ആസ്ഥാനമായ അല്‍ ഉദൈദില്‍ നിന്നുമുള്ള ബി-52 സ്റ്റാറ്റോഫോര്‍ട്ടസ് ബോംബറുകളുമാണ് ഇറാനെ വിരട്ടാനെന്ന പേരില്‍ പേര്‍ഷ്യന്‍ ഉള്‍ക്കടലിലാകെ വിന്യസിച്ചിട്ടുള്ളത്. യുഎസിന്റെ അത്യാധുനിക വിമാനവാഹിനിയായ അബ്രഹാം ലിങ്കന്‍ വ്യാഴാഴ്ച സൂയസ് കനാല്‍ കടന്ന് ഇന്നലെ പേര്‍ഷ്യന്‍ ഗള്‍ഫിലെത്തി. ഖത്തര്‍വഴിയാണ് ഇറാനടുത്തേയ്ക്കു നീങ്ങുന്നത്. യുഎസില്‍ ലൂസിയാനയിലെ ബാര്‍ക്ക്‌സ് ഡെയില്‍ വ്യോമസേനാതാവളത്തിലെ ഇരുപതാം സ്‌ക്വാഡ്രനില്‍പ്പെട്ട പോര്‍ വിമാനങ്ങളാണ് വിമാനവാഹിനി കപ്പലിനെ അകമ്പടി സേവിക്കുന്നത്.

യുഎഇ യില്‍ അല്‍ദഫ്‌റയില്‍ നിന്നും ഖത്തറിലെ അല്‍ഉദൈദില്‍ നിന്നുമുള്ള സൈനിക വിന്യാസം ഇന്നലെ യു എസ് വ്യോമസേന സ്ഥിരീകരിച്ചു. വിമാനവാഹിനി കപ്പലിലെ യുഎസ് ബോംബര്‍ വിമാനങ്ങളുടെ ദൃശ്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്. അബ്രഹാംലിങ്കന്‍ വിമാന വാഹിനി കപ്പല്‍ ഇറാനെ ലക്ഷ്യമാക്കി നീങ്ങുന്നുവെന്ന് വൈറ്റ് ഹൗസും വെളിപ്പെടുത്തിയതോടെ പേര്‍ഷ്യന്‍ ഗള്‍ഫില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ പടരുകയാണെന്ന് ഗള്‍ഫിലെ നയതന്ത്ര കേന്ദ്രങ്ങളും യുദ്ധതന്ത്രജ്ഞരും ഉത്കണ്ഠ പ്രകടിപ്പിച്ചിട്ടുണ്ട്. യുഎസ്-ഇറാന്‍ ആണവകരാറില്‍ നിന്ന് ആദ്യം ഏകപക്ഷീയമായി ഒരു വര്‍ഷം മുമ്പ് പിന്മാറിയതായി പ്രഖ്യാപിച്ചത് പ്രസിഡന്റ് ട്രംപ് ആയിരുന്നു. കരാറില്‍ നിന്ന് തങ്ങളും പിന്മാറുന്നുവെന്ന് ഇക്കഴിഞ്ഞ ബുധനാഴ്ച ഇറാനും അറിയിച്ചതോടെയാണ് ഗള്‍ഫ് മേഖലയിലാകെ സംഘര്‍ഷത്തിനു തിരികൊളുത്തി യുഎസ് പടനീക്കം ആരംഭിച്ചിട്ടുള്ളത്.

അണുവായുധ ശക്തിയായ ഇറാനു നേരെ ട്രംപ് ആക്രമണം അഴിച്ചുവിട്ടാല്‍ അത് ഒരു ആണവയുദ്ധത്തിനുപോലും വഴിതെളിച്ചുകൂടെന്നില്ലെന്നാണ് ഗള്‍ഫിലെ യുദ്ധകാര്യ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ഇറാന്റെ എണ്ണവ്യാപാരത്തിനുമേല്‍ യുഎസ് ഉപരോധം പ്രഖ്യാപിച്ചിട്ടും ഇറാന്‍ പ്രകോപിതമായിട്ടില്ല. ഹോര്‍മുസ് ഉള്‍ക്കടലില്‍ ഗള്‍ഫ് രാജ്യങ്ങളുടെ എണ്ണക്കപ്പലുകള്‍ ഇറാന്‍ തടഞ്ഞേയ്ക്കുമെന്ന യുഎസിന്റെ മുന്നറിയിപ്പും വിഫലമായി. ഇതിനെല്ലാമിടയില്‍ ഇറാനില്‍ നിന്ന് എണ്ണ വാങ്ങിയാല്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ മോഡി സര്‍ക്കാര്‍ പഞ്ചപുഛമടക്കി കീഴടങ്ങുകയായിരുന്നു. ഇറാനില്‍ നിന്നാണ് ഇന്ത്യയുടെ എണ്ണ ഇറക്കുമതിയില്‍ സിംഹഭാഗവും. ഇറാന്‍ എണ്ണയ്ക്ക് സാര്‍വദേശീയ വിപണിയെ അപേക്ഷിച്ച് വിലക്കുറവുമുണ്ട്. എങ്കിലും ഇന്ത്യ അമേരിക്കന്‍ ആജ്ഞയ്ക്കു കീഴടങ്ങി.

പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ യുഎസ് ആരംഭിച്ച പടനീക്കമാണ് യുദ്ധതന്ത്രജ്ഞരേയും നയതന്ത്ര കേന്ദ്രങ്ങളെയും ആശയക്കുഴപ്പത്തിലാക്കുന്നത്. യുഎസിന്റെ പതിവുമട്ടിലുള്ള വിരട്ടലുകളില്‍ നിന്നും വിഭിന്നമാണ് ഇത്തവണത്തെ സൈനിക നീക്കങ്ങളെന്നാണ് ഈ വ്യത്തങ്ങളുടെ ആശങ്ക കടുപ്പിക്കുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇതിനിടെ ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ പടക്കപ്പലുകള്‍ വിന്യസിച്ചത് യുഎസ് വിമാനവാഹിനിക്കടുത്ത് ഇറാനിയന്‍ ആളില്ലാ വിമാനങ്ങള്‍ നിരീക്ഷണം നടത്തുന്നതും യുദ്ധഭീതി വര്‍ധിപ്പിച്ചിട്ടുണ്ടെന്നും നിരീക്ഷകര്‍ കരുതുന്നു.

Related News