Monday
25 Mar 2019

യുനെസ്‌കോയില്‍ നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം

By: Web Desk | Sunday 13 January 2019 8:59 AM IST


unesco

jalakam

പുതുവത്സരദിനത്തില്‍ അമേരിക്കയെടുത്തയൊരു തീരുമാനം ലോകസമാധാനവും രാഷ്ട്രങ്ങളുടെ പരസ്പര സഹകരണവും ആഗ്രഹിക്കുന്ന ഏതൊരു രാജ്യത്തെ ജനങ്ങളെയും ഒരേസമയം തന്നെ ഞെട്ടിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന ഒന്നായിരുന്നു. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാന ഏജന്‍സികളിലൊന്നായ യുനെസ്‌കോയില്‍ (യുണൈറ്റഡ് നേഷന്‍സ് എഡ്യൂക്കേഷന്‍, സയന്റിഫിക് ആന്റ് കള്‍ച്ചറല്‍ ഓര്‍ഗനൈസേഷന്‍) നിന്നും യുഎസ്എ യും സന്തത സഹചാരിയായ ഇസ്രായേലും വിട്ടുപോകാന്‍ തീരുമാനിച്ചു. യുനെസ്‌കോയില്‍ നിന്നും അമേരിക്ക രാജിവയ്ക്കുന്നത് ഇത് ആദ്യമായിട്ടല്ല. 1984 ല്‍ അമേരിക്ക അവരുടെ 38 വര്‍ഷത്തെ യുനെസ്‌കോ ബന്ധം പിന്‍വലിച്ചുകൊണ്ട് യുനെസ്‌കോയ്ക്കുമേല്‍ ഒരാരോപണം ഉന്നയിച്ചു. യുനെസ്‌കോ ഇടതുചേരികള്‍ക്ക് അനുകൂലമായി സോവിയറ്റ് പക്ഷപാതിത്വം കാണിക്കുന്നു എന്നതായിരുന്നു ആ ആരോപണം. കൂടാതെ സാമ്പത്തിക വിഷയങ്ങളില്‍ സംഘടന നിരുത്തരവാദപരമായി പെരുമാറുന്നു എന്നൊരു മേമ്പൊടിയും ചേര്‍ത്തു. റൊണാള്‍ഡ് റീഗന്റെ കാലത്ത് യുഎസ്എ എടുത്ത ആ തീരുമാനം ജോര്‍ജ്ജ് ഡബ്ല്യു ബുഷിന്റെ കാലഘട്ടത്തില്‍ തിരുത്തിയാണ് 2003 ല്‍ വീണ്ടും അമേരിക്ക യുനെസ്‌കോയില്‍ തിരിച്ചു ചേര്‍ന്നത്.
ഇപ്പോള്‍ ജനുവരി ഒന്നിന് അമേരിക്കയും ഇസ്രായേലും യുനെസ്‌കോ വിട്ടുപോകാന്‍ തീരുമാനിച്ചത് സംഘടന ഇസ്രായേല്‍ വിരുദ്ധചേരിയെ പ്രോത്സാഹിപ്പിക്കുന്നു എന്ന് ആരോപിച്ചു കൊണ്ടാണ്.

ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഒരു അനുബന്ധ സംഘടനയായ യുനെസ്‌കോ 1946 നവംബര്‍ നാലിനാണ് സ്ഥാപിതമായത്. പാരീസ് ആണ് ആസ്ഥാനം. 195 അംഗ രാഷ്ട്രങ്ങളും 10 അസോസിയേറ്റ് അംഗങ്ങളുമുള്ള യുനെസ്‌കോ ഐക്യരാഷ്ട്രസഭയുടെ മുന്‍ഗാമിയായ ലീഗ് ഓഫ് നേഷന്‍സിന്റെ കീഴിലുണ്ടായിരുന്ന ഇന്റര്‍ നാഷണല്‍ കമ്മിറ്റി ഓണ്‍ ഇന്റലക്ച്വല്‍ കോ ഓപ്പറേഷന്റെ പിന്‍ഗാമി സംഘടനയാണ്. വിദ്യാഭ്യാസം, ശാസ്ത്രം, സാംസ്‌കാരികം തുടങ്ങിയ പരിഷ്‌കരണ പരിപാടികളില്‍ക്കൂടി രാഷ്ട്രങ്ങള്‍ തമ്മിലുള്ള അന്തര്‍ദേശീയ സഹകരണം മെച്ചപ്പെടുത്തല്‍ എല്ലാം ഇതിന്റെ പരിധിയിലുള്‍പ്പെടും. വിദ്യാഭ്യാസം, പ്രകൃതിശാസ്ത്രം, മാനവ/സാമൂഹ്യശാസ്ത്രം, സാംസ്‌കാരികം, കമ്മ്യൂണിക്കേഷന്‍ എന്നീ മേജര്‍ പ്രോജക്ടുകളാണ് യുനെസ്‌കോ പിന്തുടരുന്നത്. അമേരിക്കയിലും ദക്ഷിണ ആഫ്രിക്കയിലും മറ്റു ചില രാഷ്ട്രങ്ങളിലും നിലനില്‍ക്കുന്ന വര്‍ണ്ണ-വംശീയ വിവേചനത്തിനെതിരെ ശക്തമായ ക്യാമ്പയിനുകളും പ്രഖ്യാപനങ്ങളും നടപടികളും ഒരു ഘട്ടത്തില്‍ യുനെസ്‌കോ കൈക്കൊണ്ടിരുന്നു. 1978 ലെ വംശീയതയ്‌ക്കെതിരായി യുനെസ്‌കോ നടത്തിയ ഡിക്ലറേഷനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ഭരണകൂടം യുനെസ്‌കോ വിട്ടു. പിന്നീട് 1994 ല്‍ നെല്‍സണ്‍ മണ്ടേലയുടെ നേതൃത്വത്തിലാണ് യുനെസ്‌കോയില്‍ ദക്ഷിണാഫ്രിക്ക വീണ്ടും ചേര്‍ന്നത്. വിദ്യാഭ്യാസ രംഗത്ത് 1948 ല്‍ യുനെസ്‌കോ അംഗരാഷ്ട്രങ്ങളോട് പ്രൈമറി വിദ്യാഭ്യാസം സാര്‍വത്രികവും സൗജന്യവുമാക്കാന്‍ നിര്‍ദ്ദേശിച്ചു. 1990 ല്‍ ”എല്ലാവര്‍ക്കും വിദ്യാഭ്യാസം” എന്ന ബാനറില്‍ തായ്‌ലന്റില്‍ വച്ച് ഒരു ലോക സമ്മേളനം നടത്തി. കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രായപൂര്‍ത്തിയായവര്‍ക്കും അടിസ്ഥാന വിദ്യാഭ്യാസം നല്‍കാനുള്ള ഒരു ആഗോള പ്രസ്ഥാനം യുനെസ്‌കോ ആരംഭിച്ചു.

സാംസ്‌കാരിക മേഖലയില്‍ 1972 ല്‍ ”വേള്‍ഡ് കള്‍ചറല്‍ ആന്റ് നാച്ചുറല്‍ ഹെറിറ്റേജ് സംരക്ഷണം” എന്ന പേരിലുള്ള ലോക കണ്‍വെന്‍ഷന്‍ നടത്തിക്കൊണ്ട് മോഹന്‍ജെദാരോ, കാഠ്മണ്ഡു തുടങ്ങിയ കേന്ദ്രങ്ങളെയും മൊറോക്കോ, ഗ്രീസ്, ഇന്‍ഡോനേഷ്യാ തുടങ്ങിയ നിരവധി രാജ്യങ്ങളിലെ ഒട്ടനവധി കേന്ദ്രങ്ങളെയും ഉള്‍പ്പെടുത്തി വിപുലമായ ഹെറിറ്റേജ് ക്യാമ്പയിന്‍ നടത്തി. 1976 ”വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി”യും യുനെസ്‌കോ രൂപീകരിച്ചു. 1950 ലാണ് യുനെസ്‌കോ പത്രപ്രവര്‍ത്തകര്‍ക്ക് വിദ്യാഭ്യാസവും പരിശീലനവും സംഘടിപ്പിച്ചു തുടങ്ങിയത്. 1980 ലെ മാക്‌ബ്രൈഡ് റിപ്പോര്‍ട്ടിനാധാരമായ ”ഇന്റര്‍ നാഷണല്‍ കമ്മീഷന്‍ ഫോര്‍ കമ്മ്യൂണിക്കേഷന്‍ പ്രോബ്ലംസ്” സ്ഥാപിച്ചതും 1991 ല്‍ ”മീഡിയ ഇന്‍ഡിപെന്‍ഡന്‍സ് ആന്റ് പ്ലൂറലിസം” എന്നൊരു പ്രഖ്യാപനം നടത്തിയതും യുനെസ്‌കോയാണ്. യു എന്‍ ജനറല്‍ അസംബ്ലിയെക്കൊണ്ട് ആ പ്രഖ്യാപനം അംഗീകരിച്ച മെയ് 3, ”വേള്‍ഡ് പ്രസ്സ് ഫ്രീഡം ഡേ” ആയി ആചരിപ്പിക്കാനും സംഘടനയ്ക്ക് കഴിഞ്ഞു. യുനെസ്‌കോ 1949 ല്‍ ഇസ്രായേലിനെ ഒരു അംഗരാജ്യമായി ഉള്‍ക്കൊണ്ടു. 2011 ലാണ് പാലസ്തീനെ അംഗരാജ്യമാക്കിയത്. പാലസ്തീന്‍ രാഷ്ട്രത്തെ പൂര്‍ണ പദവിയുള്ള അംഗമാക്കിയതോടുകൂടി അമേരിക്ക യുനെസ്‌കോയ്ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തല്‍ ചെയ്തു. യുനെസ്‌കോയുടെ ബജറ്റിന്റെ 22 ശതമാനം അമേരിക്കന്‍ സഹായമായിരുന്നു. ഇപ്പോള്‍ അമേരിക്ക യുനെസ്‌കോയ്ക്കു നല്‍കാനുള്ള സാമ്പത്തിക കുടിശിഖ എല്ലാംകൂടി 600 ദശലക്ഷം യുഎസ് ഡോളര്‍ വരും. ഇതു കൊടുക്കാതിരിക്കാന്‍ വേണ്ടിക്കൂടിയാണ് ട്രംപ് ഭരണകൂടം 2018 ഡിസംബര്‍ 31 ന് യുനെസ്‌കോ ബന്ധം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് എന്നു പറയപ്പെടുന്നു. അമേരിക്ക യുനെസ്‌കോയില്‍ നിന്നും രാജിവച്ചപ്പോള്‍ ”ധീരം, ധാര്‍മ്മികം” എന്നു പറഞ്ഞ ഇസ്രായേല്‍ 10 ദശലക്ഷം ഡോളറും നല്‍കാനുണ്ട്.

ഇന്ത്യ യുനെസ്‌കോയുടെ ആരംഭം മുതല്‍ ഒരു നല്ല സുഹൃത് രാജ്യമാണ്. യുനെസ്‌കോയുടെ ബജറ്റിന്റെ 0.5 ശതമാനമാണ് ഇന്ത്യയുടെ സാമ്പത്തിക സഹായം. യുനെസ്‌കോയ്ക്ക് ഇന്ത്യയില്‍ രണ്ട് ഓഫീസുകളുണ്ട്. ദക്ഷിണ-മദ്ധ്യേഷ്യയിലുള്ള പതിനൊന്ന് രാജ്യങ്ങള്‍ക്കായുള്ള ന്യൂഡല്‍ഹി ഓഫീസും ഏഷ്യ-പസഫിക് മേഖലയ്ക്ക് വേണ്ടി രൂപീകരിച്ച മഹാത്മാഗാന്ധി ഇന്‍സ്റ്റിററ്യൂട്ട് ഓഫ് എഡ്യൂക്കേഷന്‍ ഫോര്‍ പീസ് ആന്റ് സസ്റ്റെയിനബിള്‍ ഡവലപ്‌മെന്റ് എന്ന യുനെസ്‌കോ ഇന്‍സ്‌ററിറ്റിയൂട്ടും റീജിയണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി എന്ന യുനെസ്‌കോ ഇന്‍സ്റ്റിറ്റിയൂട്ടും ഉണ്ട്. പുതുതായി ഡെറാഡൂണ്‍ കേന്ദ്രമായി നാച്ചുറല്‍ വേള്‍ഡ് ഹെറിറ്റേജ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ നിര്‍ദ്ദേശവും യുനെസ്‌കോ അംഗീകരിച്ചിട്ടുണ്ട്.
വസുധൈവ കുടുംബകമെന്ന കാഴ്ചപ്പാടുള്ള ഇന്ത്യയില്‍ യുനെസ്‌കോയുടെ ഏറ്റവും പ്രധാന പ്രവര്‍ത്തനം സാംസ്‌കാരിക-പാരമ്പര്യ മേഖലയിലാണ്. ഇന്ത്യന്‍ സംസ്‌കാരവും പാരമ്പര്യവും നവോത്ഥാന പ്രവര്‍ത്തനങ്ങളും സംരക്ഷിക്കപ്പെടുന്നതില്‍ അവരുടേതായ സംഭാവനയുണ്ട്. സമാധാനപരവും സുസ്ഥിരവുമായ വികസനം വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്‌കാരിക പാരമ്പര്യങ്ങളില്‍ കൂടിയും വിവര സാങ്കേതിക വിദ്യയില്‍ക്കൂടിയും കൈവരുത്തുന്നതില്‍ യുനെസ്‌കോ ഇന്ത്യയെ നല്ലതുപോലെ സഹായിച്ചിട്ടുണ്ട്. മാറ്റത്തിന്റെ ഉപകരണമായി വിദ്യാഭ്യാസത്തെ എല്ലാ അംഗരാജ്യങ്ങളിലും അവര്‍ ഉപയോഗിക്കുന്നു.
പശ്ചിമേഷ്യന്‍ സമാധാനത്തിന് ഒരിക്കലും തയ്യാറാകാത്ത, ലോകത്തിലെ ഏറ്റവും വലിയ ആയുധ വ്യാപാരിയാകാന്‍ ശ്രമിക്കുന്ന ഇസ്രായേലിനെ വെള്ളപൂശാന്‍ തയ്യാറാകാത്തതിന്റെ പേരില്‍ ട്രംപ് ഭരണകൂടം എടുത്ത യുനെസ്‌കോ വിട്ടുപോകാനുള്ള തീരുമാനം ആഗോളതലത്തില്‍ അമേരിക്കയെ കൂടുതല്‍ ഒറ്റപ്പെടുത്താന്‍ മാത്രമെ സഹായിക്കൂ. പാലസ്തീന്‍ അധീന പ്രദേശങ്ങള്‍ സൈനിക സഹായത്തോടെ വെട്ടിപ്പിടിക്കുകയും ഏകപക്ഷീയമായി ജറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കുകയും ചെയ്ത ഇസ്രായേല്‍ പശ്ചിമേഷ്യയില്‍ ഒരിക്കലും സമാധാനം പുലരാന്‍ ആഗ്രഹിക്കാത്ത രാജ്യമാണ്. ഇസ്രായേലിന്റെ ഇത്തരം നീക്കങ്ങളെ അപലപിച്ച രാജ്യങ്ങളെ സഹായിക്കുന്നു എന്ന പേരില്‍ യുനെസ്‌കോ വിടുന്നതിനുള്ള ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം അമേരിക്കന്‍ ഭരണകൂടത്തിന്റെ തലതിരിഞ്ഞ നടപടികളില്‍ ഒന്നു മാത്രം.