അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡും പെര്‍മനന്റ് റെസിഡന്‍സിയും ഉണ്ടെങ്കിലും രക്ഷയില്ല

Web Desk
Posted on May 05, 2019, 10:16 am

യു എസിലേക്ക് നിയമപരമായി കുടിയേറിയവരെയും ഒഴിപ്പിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. നിയമാനുസൃതമായി അമേരിക്കയിലേക്ക് കുടിയേറിയവരാണെങ്കില്‍ പോലും ഏതെങ്കിലും തരത്തിലുള്ള പബ്ലിക്ക് ബെനഫിറ്റുകള്‍ കൈപ്പറ്റുന്നുണ്ടെങ്കില്‍ അത്തരക്കാരെ നാട് കടത്തുന്നതിനുള്ള നിര്‍ദേശമാണ് ട്രംപ് മുന്നോട്ട് വച്ചിരിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാല്‍ സൗജന്യമായ ഒരു ആശുപത്രി പരിശോധന കൈപ്പറ്റിയാല്‍ പോലും വിസ റദ്ദാക്കി നാട് കടത്തുമെന്നാണ് പുതിയ നിര്‍ദേശത്തിലൂടെ ട്രംപ് ഭരണകൂടം മുന്നോട്ട് വച്ചിരിക്കുന്ന താക്കീത്.

കുടിയേറ്റം നിയന്ത്രിക്കാനുള്ള ട്രംപിന്റെ പുതിയ നീക്കം പാരയാകുന്നത് ശരിയായ വിസയില്‍ എത്തിയ അനേകം പേര്‍ക്കാണ്. കുറഞ്ഞ വരുമാനമുള്ളവര്‍ യുഎസിലേക്ക് കുടിയേറുന്നത് കര്‍ക്കശമായി നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് ട്രംപ് ഭരണകൂടം ഈ നീക്കം നടത്തുന്നത്.

നിലവില്‍ ഈ പ്ലാന്‍ ഏറ്റവും പ്രാഥമികമായ ഘട്ടത്തിലെത്തിയിട്ടേയുള്ളൂ. ഇത് ഔദ്യോഗിക ഗവണ്‍മെന്റ് നയമായിട്ടില്ല. എന്നാല്‍ ഈ കടുത്ത പോളിസി മാറ്റം യുഎസിലെ പെര്‍മനന്റ് റെസിഡന്റുമാരെ കടുത്ത രീതിയില്‍ ബാധിക്കുമെന്നുറപ്പാണ്.