നിരോധിത കീടനാശിനികളുടെ ഉപയോഗം ക്രിമിനല്‍ കുറ്റം: വി എസ് സുനില്‍കുമാര്‍ 

Web Desk
Posted on January 22, 2019, 8:24 pm
ആലപ്പുഴ: നിരോധിത കീടനാശിനികള്‍ പാടശേഖരങ്ങളില്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുന്ന നിയമം കൊണ്ടുവരുമെന്ന് കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു. ആലപ്പുഴ കളക്‌ട്രേറ്റില്‍ നിയമസഭ സെലക്ട് കമ്മറ്റി നടത്തിയ തെളിവെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച് കര്‍ഷകര്‍ക്ക് അടുത്തമാസം ബോധവത്കരണ ക്ലാസുകള്‍ നല്‍കും. അപ്പര്‍കുട്ടനാട്ടില്‍ കീടനാശിനി പ്രയോഗം മൂലം രണ്ട് കര്‍ഷകര്‍ മരിച്ച സംഭവത്തെ കുറിച്ച് കൃഷിവകുപ്പ് അന്വേഷിച്ച് വരികയാണ്. ഇതിന്‍റെ റിപ്പോര്‍ട്ട് കിട്ടുന്ന മുറയ്ക്ക് ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവം നടന്ന ദിവസം കുട്ടനാട്, അപ്പര്‍കുട്ടനാട് മേഖലകളിലെ എല്ലാ വളം-കീടനാശിനി വില്‍പ്പന കേന്ദ്രങ്ങളില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു.
നിരോധിത കീടനാശിനികളുടെ വില്‍പ്പന നടത്തുന്നുണ്ടോ എന്ന് പരിശോധിക്കാനായിരുന്നു ഇത്. നിലവിലെ സാഹചര്യത്തില്‍ പരിശോധന വ്യാപകമാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  അതേ സമയം അപ്പര്‍കുട്ടനാട്ടില്‍ രണ്ട് കര്‍ഷകരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തില്‍ കൃഷിവകുപ്പ് നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. നെല്‍കൃഷിക്ക് നിരോധിക്കപ്പെട്ട കീടനാശിനിയാണ് ഇവിടെ ഉപയോഗിക്കുന്നതെന്നാണ് പ്രാഥമിക കണ്ടെത്തല്‍. നിരോധിത കള‑കീടനാശനികളും രാസവളങ്ങളുടേയും വില്‍പ്പന തടയുന്നതിന് കൃഷിവകുപ്പ് ശക്തമായ നടപടിയാണ് സംഭവത്തെ തുടര്‍ന്ന് സ്വീകരിച്ചുവരുന്നത്. 1971 ലെ കീടനാശനി നിയമം അനുസരിച്ച് ഇവ ഉപയോഗിക്കുമ്പോള്‍ പാലിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങള്‍ കര്‍ഷകര്‍ സ്വീകരിക്കണമെന്ന് കൃഷിവകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ പരുത്തി, വഴുതനങ്ങ എന്നീ വിളകളില്‍ മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ക്വില്‍നാഫോസ് സൈപ്പര്‍മെട്രി എന്ന രാസവസ്തുക്കള്‍ ചേര്‍ന്ന കീടനാശിനിയാണ് ഉപയോഗിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തിയാണ് ഇവയുടെ വില്‍പ്പനയും ഉപയോഗവും നടക്കുന്നത്.
കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന കീടനാശിനികളുടെ ഉപയോഗം സംബന്ധിച്ച നിരീക്ഷണം കാര്യക്ഷമമാക്കാത്തതാണ് ഇത്തരം മാരക വിഷം അടങ്ങിയിരിക്കുന്ന മരുന്നുകള്‍ കൃഷിയിടങ്ങളില്‍ തളിക്കാന്‍ കര്‍ഷകര്‍ക്ക് പ്രേരണയാകുന്നത്. അതിന് ഇപ്പോള്‍ ശക്തമായ നടപടിയാണ് കൃഷിവകുപ്പ് സ്വീകരിച്ചുവരുന്നത്. കര്‍ഷകര്‍ ഇവിടെ നിന്നാണ് മരുന്നുകള്‍ വാങ്ങുന്നത് സംബന്ധിച്ച് കൃഷിവകുപ്പ് പരിശോധനകള്‍ നടത്തിവരികയാണ്. മൂന്ന് ദിവസത്തിനുള്ളില്‍ പരിശോധന പൂര്‍ത്തിയാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്‍റെ അന്തിമ റിപ്പോര്‍ട്ട് കൃഷിവകുപ്പ് ഡയറക്ടര്‍ മുഖേന മന്ത്രിക്ക് നല്‍കും. റിപ്പോര്‍ട്ട് സമഗ്രമായി പഠിച്ചശേഷം ശക്തമായ നടപടി സ്വീകരിക്കുമെന്ന് കൃഷി മന്ത്രി വി എസ് സുനില്‍കുമാര്‍ വ്യക്തമാക്കി.
വിളനിലങ്ങളെ വിഷമുക്തമാക്കുന്നതിന് അതിന്റെ പ്രായോഗിക വശങ്ങളെകുറിച്ചും കര്‍ഷകര്‍ക്ക് അവബോധം ഇല്ലാത്തതാണ് ഇത്തരം കീടനാശനികളുടെ ഉപയോഗം വ്യാപിക്കാന്‍ ഇടയാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി കര്‍ഷകര്‍ക്ക് ബോധവല്‍ക്കരണ ക്ലാസുകളും നടത്താന്‍ കൃഷിവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കീടനാശനികള്‍ വ്യാപനം തടയുന്നതിനായി ജില്ലയില്‍ കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ശക്തമായ പ്രചരണ പരിപാടികളും നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ കൃഷിഭവന്‍ മുഖേനയായിരിക്കും. പരിപാടി സംഘടിപ്പിക്കുന്നത്. പാടശേഖര സമിതിയുടെ നേതൃത്വത്തിലും ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ വകുപ്പ് ഏകോപിപ്പിച്ച് വരികയാണ്.