June 26, 2022 Sunday

Latest News

June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022
June 26, 2022

മാനുഷിക പരിപ്രേക്ഷ്യത്തോടെ ഉപയോഗിക്കുക

By Janayugom Webdesk
April 16, 2020

കൊറോണ ബാധ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോകം നേരിടുന്ന ഏറ്റവും വലിയ പ്രസന്ധിയാണെന്നും ആളുകളുടെ ജീവനെടുക്കുക മാത്രമല്ല, ലോകരാജ്യങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്കു് തള്ളിവിടുകയാണെന്നും യു എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗൂട്ടറെസ് പറയുന്നു. യു എന്‍ കണക്കനുസരിച്ച് കോടിക്കണക്കിന് ജനങ്ങള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നും ഒന്നരക്കോടിയിലധികം കുട്ടികള്‍ക്ക് പഠനം നഷ്ടപ്പെടുമെന്നും പറയുന്നു. അതോടൊപ്പം പ്രതിസന്ധി നേരാംവണ്ണം കൈകാര്യം ചെയ്തില്ലെങ്കില്‍ ലോകം ഭക്ഷ്യക്ഷാമത്തിന്റെ പിടിയിലകപ്പെടുമെന്ന് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നറിയിപ്പും നല്‍കുന്നു. ഇന്ത്യയില്‍ തന്നെ കൊറോണാ ബാധ ജനങ്ങളില്‍ ആരോഗ്യപ്രശ്നത്തോടൊപ്പം സാമൂഹ്യ പ്രശ്നങ്ങളും വളര്‍ത്തിയിരിക്കുകയാണ്. രാജ്യമാകെ ഇത്ര വലിയ മഹാമാരിയെ നേരിടാന്‍ അടച്ചുപൂട്ടല്‍ നടപടി കൈക്കൊണ്ടിരിക്കുകയാണ്. ഈ നടപടി കോവിഡ് ബാധ തടയുന്നതിന് ഗുണകരമാകുമെന്ന് ഉറപ്പുമാണ്. ഈയവസരത്തില്‍ പ്രധാനമന്ത്രി രാജ്യത്ത് കൊറോണയെ നേരിടാന്‍ ഏതുതരത്തിലുള്ള നടപടികളാണ് എടുക്കുന്നത്. സമ്പദ് വ്യവസ്ഥയെ തിരിച്ചുകൊണ്ടുവരാന്‍ എന്തൊക്കെ പദ്ധതികളാണ് ആവിഷ്കരിച്ചിട്ടുള്ളതെന്ന് ജനങ്ങളോട് വിശദീകരിക്കാന്‍ തയ്യാറാവുന്നില്ല. അതിന് പകരം പാത്രത്തില്‍ അടിക്കുക, ടോര്‍ച്ചടിക്കുക തുടങ്ങിയ പ്രതീകാത്മക നടപടിയാണ് ആഹ്വാനം ചെയ്യുന്നത്. ഇന്ത്യയിലെ പ്രഗത്ഭരായ സാമ്പത്തിക ശാസ്ത്രജ്ഞന്മാര്‍ ചൂണ്ടിക്കാട്ടുന്നത് പ്രധാനമന്ത്രി ഇനിയും ആശ്വാസ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടില്ലെങ്കില്‍ ഭൂരിപക്ഷം വരുന്ന ജനങ്ങളെ പട്ടിണിയിലേക്കും മരണത്തിലേക്കും തള്ളിവിടും എന്നാണ്. 2017–18 പീരിയോഡിക് ലേബര്‍ സര്‍വേ (പിഎല്‍എഫ്എസ്) പ്രസിദ്ധീകരിച്ചത് തൊഴിലെടുക്കുന്ന ഇന്ത്യക്കാരന്റെ ശരാശരി വരുമാനം പതിനായിരം രൂപ മാത്രമാണ് എന്നാണ്. രാജ്യത്ത് ബഹുഭൂരിപക്ഷവും തൊഴിലില്ലായ്മയും ദാരിദ്ര്യവും അനുഭവിക്കുന്നവരുമാണ്.

രാജ്യത്ത് നാല്പത്തിയഞ്ച് കോടി ജനങ്ങളാണ് ദിവസവേതനത്തില്‍ ജോലി ചെയ്യുന്നവര്‍. മൂന്നാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചു കഴിഞ്ഞപ്പോള്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് ജോലിതേടി ഡല്‍ഹിയിലെത്തിയ തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും കൂട്ടപ്പാലായനത്തിന്റെ ദയനീയ ചിത്രങ്ങള്‍ കോവിഡ് വൈറസിനോളംതന്നെ നമ്മെ ഭയപ്പെടുത്തുന്നു. വിശന്ന് കണ്ണുനട്ട് ഒരുതുള്ളി വെള്ളത്തിനു‍ പോലും കൊതിക്കുന്ന കുഞ്ഞുങ്ങളെയും ഒക്കത്തേറ്റി തങ്ങളുടെ കൂടപ്പിറപ്പുകളുമായി നോക്കെത്താ ദൂരത്തേയ്ക്ക് നടന്നുനീങ്ങുന്ന സ്ത്രീകളുടെ കൂട്ടവും ആശങ്കപ്പെടുത്തുന്നു. വീട്ടിലെത്തിയാല്‍ ഒരുതുള്ളി വെള്ളം കുടിച്ചെങ്കിലും മരിക്കാമെന്നാണവര്‍ പറയുന്നത്. കൊറോണ പിടിപെടുന്നതിന് മുമ്പ് പട്ടിണികൊണ്ട് മരിക്കുമെന്നവര്‍ ആശങ്കപ്പെടുന്നു. ഇക്കൂട്ടത്തില്‍ ഗര്‍ഭിണികളും രോഗികളും വൃദ്ധരും കുഞ്ഞുങ്ങളുമെല്ലാമുണ്ട്. അന്നന്ന് ജോലി ചെയ്ത് കിട്ടുന്ന പണംകൊണ്ട് അന്നംതേടുന്ന ഈ തൊഴിലാളികളെയാണ് യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും ദുരിതത്തിലാക്കിയത്. എല്ലാവരും എവിടെയാണോ അവിടത്തന്നെ നില്‍ക്കാന്‍ പ്രധാനമന്ത്രി ലക്ഷ്മണരേഖ വരച്ചു. സാമൂഹ്യ ജീവിതം തകരാതിരിക്കാനാണ് ഇനി ശ്രദ്ധ ചെലുത്തേണ്ടത്. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി നേരിടാന്‍ കേന്ദ്രം ദുര്‍ബലമായ സാമ്പത്തിക പാക്കേജാണ് പ്രഖ്യാപിച്ചിട്ടുള്ളത്. കോവിഡ് മരണങ്ങളോടൊപ്പം അനുബന്ധ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ബിഹാറില്‍ ഭോജ്പൂരില്‍ പതിനൊന്ന് വയസുകാരനായ ദളിത് ബാലന്‍ ഭക്ഷണവും മരുന്നുമില്ലാതെ മരണപ്പെട്ടു.

പലായന വഴിയില്‍ മരിച്ചവരാവട്ടെ ഇരുപത്‍ കവിഞ്ഞു. പ്രധാനമന്ത്രിയും ധനകാര്യമന്ത്രി നിര്‍മ്മലാ സീതാരാമനും സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചപ്പോള്‍ രാജ്യത്തോട് പറഞ്ഞത് അടച്ചുപൂട്ടലിന്റെ ഭാഗമായി ഒരാള്‍പോലും നമ്മുടെ നാട്ടില്‍ പട്ടിണിക്കിടക്കരുത് എന്നായിരുന്നു. ഭോപ്പാലില്‍ വിശന്നുവലഞ്ഞപ്പോള്‍ ഭക്ഷണത്തിനായി പുറത്തിറങ്ങിയ വൃദ്ധനായ ആദിവാസിയെ പൊലീസ് അടിച്ചുകൊന്ന വാര്‍ത്തയാണ് നാം കേട്ടത്. അതിനുശേഷം രാജ്യം കണ്ടത് പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണസിയില്‍ ഭക്ഷണമില്ലാതെ കുഞ്ഞുങ്ങള്‍ പുല്ലു തിന്നുന്ന ദയനീയ ചിത്രമാണ്. വാരണാസി ജില്ലയിലെ കൊയ്റിപൂര്‍ ഗ്രാമത്തില്‍ മുഷാഹര്‍ എന്ന ദളിത് വിഭാഗത്തിലെ അഞ്ചു വയസു വരെയുള്ള ആറു കുട്ടികള്‍ ഗോതമ്പ് പാടത്തില്‍ കന്നുകാലികള്‍ക്ക് തീറ്റയായി ശേഖരിക്കുന്ന പുല്ല് ഉപ്പുചേര്‍ത്തുതിന്ന് വിശപ്പടക്കുന്ന കാഴ്ച രാജ്യത്തെ പാവപ്പെട്ടവന്‍ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വെളിപ്പെടുത്തുന്നു. ഐക്യരാഷ്ട്ര സഭയുടെ ഏജന്‍സിയായ അന്താരാഷ്ട്ര തൊഴില്‍ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ഇന്ത്യയില്‍ നാല്പത് കോടി തൊഴിലാളികള്‍ ദാരിദ്ര്യത്തിലേക്ക് നീങ്ങുകയാണെന്ന് പറയുന്നു. രാജ്യത്തെ തൊണ്ണൂറു ശതമാനം ജോലി ചെയ്യുന്ന അസംഘടിത മേഖല കടുത്ത പ്രതിസന്ധിയെ നേരിടുകയാണ്. ഇതിനെ പ്രതിരോധിക്കാന്‍ പ്രധാനമന്ത്രിക്ക് പാത്രത്തില്‍ മുട്ടിയോ, ദീപം തെളിച്ചോ കഴിയുകയില്ല. കോവിഡ് 19 എന്ന അന്ധകാരത്തെ തോല്പിക്കാന്‍ ഇന്ത്യന്‍ ജനത വീടിന് പുറത്തിറങ്ങാതെ ദീപം തെളിയിക്കണമെന്നാണ് ആവശ്യപ്പെട്ടത്. 2011 ലെ സെന്‍സസ് പ്രകാരം തെരുവോരങ്ങളിലും പ്ലാറ്റ് ഫോമുകളിലും പൈപ്പുകള്‍ക്കുള്ളിലും ആരാധനാ കേന്ദ്രങ്ങളിലും മറ്റുമായി തലചായ്ക്കാനായി ഒരു കുടിൽ പോലുമില്ലാത്ത ലക്ഷക്കണക്കിന് മനുഷ്യരുള്ള രാജ്യമാണ് ഇന്ത്യ. ഇവര്‍ എവിടെയാണ് അകലം കാത്ത് സൂക്ഷിക്കേണ്ടത്? ഇവര്‍ക്ക് എവിടെയാണ് ലക്ഷ്മണരേഖ വരയ്ക്കാന്‍ കഴിയുക? ഇവര്‍ ഏതു വീട്ടില്‍ നിന്നാണ് പുറത്തിറങ്ങാതിരിക്കേണ്ടത്. പ്രധാനമന്ത്രിയുടെ മൂക്കിന് താഴെ ഡല്‍ഹി എന്ന മഹാനഗരത്തില്‍ ഇന്‍ഡോ ഗ്ലോബല്‍ സര്‍വീസ് സൊസൈറ്റിയുടെ കണക്കനുസരിച്ച് എണ്‍പത്തിയെട്ടായിരത്തി നാന്നൂറ്റി പത്തും ഡല്‍ഹി ഡവലപ്മെന്റ് അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കനുസരിച്ച് ഒരു ലക്ഷത്തി അമ്പതിനായിരവും മനുഷ്യരാണ് തല ചായ്ക്കാന്‍ സ്വന്തമായി ഒരിടമില്ലാത്തവര്‍.

പാതയോരങ്ങളില്‍ ജീവിക്കേണ്ടി വരുന്ന കുഞ്ഞുങ്ങള്‍ പതിനെട്ട് ദശലക്ഷമാണ് ഇന്ത്യയിലുള്ളത്. ലോകത്തിലെ ചേരി നിവാസികളില്‍ പതിനേഴ് ശതമാനവും ഇന്ത്യയിലാണ്. അതായത് എഴുപത്തിയെട്ട് ദശലക്ഷം മനുഷ്യര്‍. ഈയവസരത്തില്‍ ഇവരെയും മനുഷ്യഗണത്തില്‍പ്പെടുത്തി, ഇവരുടെ പ്രാഥമികമായ പ്രശ്നങ്ങള്‍ക്കു കൂടി പരിഹാരം കാണാതെ ലോക്ഡൗണിലൂടെ മാത്രം പരിഹാരം കാണാന്‍ കഴിയില്ല. ലോക പട്ടിണി സൂചികയില്‍ (വേള്‍ഡ് ഹംഗര്‍ ഇന്‍ഡക്സ് റിപ്പോര്‍ട്ട്) ഇന്ത്യയുടെ സ്ഥാനം നൂറ്റിരണ്ടാണ്. ലോകത്തിലെ പട്ടിണിക്കാരില്‍ ഇരുപത്തിനാലു ശതമാനവും ജീവിക്കുന്നത് ഇന്ത്യയിലാണ്. 2016ല്‍ ലോക ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത് ഇന്ത്യയിലെ പാവങ്ങളില്‍ അഞ്ചിലൊന്നിനു പോലും ഭക്ഷണവും വെള്ളവും ആവശ്യത്തിന് ലഭിക്കുന്നില്ല എന്നതാണ്. ഇതില്‍ അമ്പത്തിയൊന്നു ശതമാനം സ്ത്രീകളാണ്. ആരോഗ്യമുള്ള കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ ഇവര്‍ക്ക് കഴിയുന്നില്ല. പതിനഞ്ചു വയസിനും നാല്പത്തൊമ്പത് വയസിനിടയിലുള്ളവരാണിവര്‍. 2019 ലെ യൂനിസെഫ് കണക്കനുസരിച്ച് 8.8 മില്യന്‍ കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവില്‍ മരണപ്പെട്ടു. ദി സ്റ്റേറ്റ് ഓഫ് ഫുഡ് സെക്യൂരിറ്റി ആന്റ് ന്യൂട്രിഷ്യന്‍ ഇന്‍ ദ വേള്‍ഡ്-2019 സൂചികയനുസരിച്ച് ഇരുന്നൂറ് മില്യന്‍ മനുഷ്യര്‍ ഇന്ത്യയില്‍ പോഷകാഹാരക്കുറവുകൊണ്ട് ബുദ്ധിമുട്ടുന്ന, ഒരുനേരം വയറുനിറയെ ഭക്ഷണം കഴിക്കാനില്ലാത്തവരാണ്. ഭക്ഷണം യഥാര്‍ത്ഥത്തില്‍ മനുഷ്യാവകാശമാണ്. അതുകൊണ്ടുതന്നെയാണ് ഐക്യരാഷ്ട്രസഭ ഈ നൂറ്റാണ്ടിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നായി പട്ടിണി ഉച്ചാടനം ചെയ്യാന്‍ തീരുമാനിച്ചതും. ഇന്ത്യയില്‍ ഇതിന്റെ ഭാഗമായി 2013 മുതല്‍ ഭക്ഷ്യഭദ്രതാ നിയമം നിലവിലുണ്ട്. ഭക്ഷ്യഭദ്രത നിലവിലെ സാമൂഹ്യക്ഷേമ പദ്ധതി എന്ന നിലയില്‍ നിന്നും ഒരു പൗരന്റെ അവകാശം എന്ന നിലയില്‍ ഭരണകൂടം അംഗീകരിച്ചു. ഇന്ത്യയില്‍ നവലിബറല്‍ രഥയോട്ടത്തിനിടയിലും എങ്ങനെയോ പിടിച്ചുനിന്ന പൊതുവിതരണ സംവിധാനം ജനങ്ങള്‍ക്ക് ആശ്വാസകരമാണെങ്കിലും കേരളമൊഴിച്ച് മറ്റൊരു സംസ്ഥാനത്തും ഇത് അര്‍ഹതപ്പെട്ടവര്‍ക്ക് സഹായകരമാകുന്ന രീതിയില്‍ നടപ്പിലാക്കുന്നില്ല. എന്നാല്‍ ലോകത്തിനും ഇന്ത്യക്കും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യവകുപ്പിലൂടെ കേരള സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ആരും പട്ടിണി കിടക്കേണ്ടിവരില്ലെന്ന് ഉറപ്പിച്ചു പറയുന്ന ഇടതുപക്ഷ സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്.

കോവിഡ് കാലത്ത് സൗജന്യ റേഷന്‍ അനുവദിച്ചും ഭക്ഷ്യധാന്യങ്ങള്‍ വീട്ടിലെത്തിച്ചും ജനകീയ ഹോട്ടലുകളും കമ്മ്യൂണിറ്റി കിച്ചനുകളും തുറന്നാണ് സര്‍ക്കാര്‍ പട്ടിണി അകറ്റുന്നതിനുള്ള മുന്‍കൈ നടത്തുന്നത്. കൊറോണയ്ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളോടൊപ്പം ജനങ്ങളുടെ സാമൂഹിക സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നയപരിപാടികളും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട സ്ത്രീകള്‍ ഉള്‍പ്പെടെ അടച്ചുപൂട്ടല്‍ കാരണം വരുമാനം നിലച്ച മുഴുവന്‍ പേരെയും ഉള്‍പ്പെടുത്തിയുള്ള സര്‍ക്കാരിന്റെ ആസൂത്രണം വലിയ പ്രതീക്ഷകളാണ് ജനങ്ങളിലുണ്ടാക്കുന്നത്. കേരളത്തില്‍ പൊതു ആരോഗ്യ പരിപാലനത്തിന് മുന്‍ഗണന നല്‍കി അതിനെ ശക്തിപ്പെടുത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ നയസമീപനത്തിന്റെ ഭാഗമായാണ് നമ്മള്‍ക്ക് കൊറോണയെ ഒരു പരിധിവരെ അതിജീവിച്ചുപോവാന്‍ കഴിയുന്നത്. ആരോഗ്യ പരിപാലനത്തിന് എന്നും സര്‍ക്കാര്‍ മുന്‍ഗണന നല്‍കി. പ്രതിരോധവും പരിചരണവുമുള്‍പ്പെട്ട ഫലപ്രദമായ സാമ്പത്തിക പാക്കേജും കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ലക്ഷക്കണക്കിന് സന്നദ്ധസേവകരുള്‍പ്പെടെ കൊറോണയ്ക്കെതിരെ വ്യത്യസ്ത മേഖലയിലുള്ളവര്‍ ഒരുമയോടെ ഒന്നിച്ചുനില്‍ക്കുന്നതിലൂടെ ലോകത്തിന് മുമ്പില്‍ കേരളം മാതൃകയായി മാറി. കേന്ദ്ര ഭരണാധികാരികളുടെ ജനങ്ങളോടുള്ള ഉത്തരവാദിത്തം ഇപ്പോള്‍ വര്‍ധിച്ചുവന്നിരിക്കയാണ്. സര്‍ക്കാരിന്റെ സാമ്പത്തിക നയത്തില്‍ മാറ്റം വരുത്താന്‍ തയ്യാറാകേണ്ട അവസരമാണിത്. സംസ്ഥാനങ്ങളുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സഹായിക്കേണ്ട സമയവുമാണിത്. പണമാണ് എല്ലാം എന്ന് വിശ്വസിച്ച് നടപ്പാക്കുന്ന ആഗോളവല്‍ക്കരണ – ഉദാരവല്‍ക്കരണ നയങ്ങള്‍ ഒന്നുമല്ലെന്ന് കോവിഡ് ലോകത്തിന് കാണിച്ചുകൊടുക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ക്ക് എല്ലാ ആനുകൂല്യം നല്‍കിയും പാവങ്ങളുടെ സബ്സിഡികള്‍ എടുത്തുകളഞ്ഞും ആരോഗ്യ ബജറ്റ് വളരെ കുറച്ചും തൊഴിലില്ലായ്മ വര്‍ധിപ്പിച്ചും ക്ഷേമ പദ്ധതികളില്‍ നിന്നും പൂര്‍ണമായും പിന്മാറിയും ഭരണം നടത്തിയ നരേന്ദ്രമോഡി സര്‍ക്കാരിന് ഇത് തിരിച്ചറിവിനുള്ള അവസരമാണ്. ഈ അവസരം മാനുഷിക പരിപ്രേക്ഷ്യത്തോടെ ഉപയോഗിച്ചാല്‍ രാജ്യവും ജനങ്ങളും രക്ഷപ്പെടും.

ENGLISH SUMMARY: Use with human perspective

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.