Web Desk

കൊല്ലം

June 24, 2020, 10:12 am

കുരുക്ക് മുറുകുന്നു: പാമ്പുപിടിത്തക്കാരൻ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം: സങ്കൽപ്പത്തിലെ ഭാര്യയാകാൻ ഉത്രക്ക് കഴിഞ്ഞില്ലെന്ന് സൂരജ്

Janayugom Online

ഉത്ര കൊലക്കേസിൽ പുതിയ വഴിത്തിരിവ്. കൊല്ലം അഞ്ചലിൽ യുവതിയെ മൂർഖൻ പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന കേസിലെ പ്രതിയായ പാമ്പുപിടിത്തക്കാരൻ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി കണ്ടെത്തി. വനംവകുപ്പ് നടത്തിയ തെളിവെടുപ്പിലാണ് പുതിയ കണ്ടെത്തൽ.

പാമ്പിനെ പിടികൂടുമ്പോൾ മുട്ടകളുണ്ടെങ്കിൽ, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവർക്ക് നാവിൽ കടിപ്പിക്കാൻ കൈമാറുക പതിവായിരുന്നുവെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

അതേസമയം തന്റെ സങ്കൽപ്പത്തിലുള്ള ഭാര്യയാകാൻ കഴിയാത്തതിനാലാണ് ഉത്രയെ കൊലപ്പെടുത്തിയതെന്ന് ഭർത്താവും പ്രതിയുമായ സൂരജ് വനംവകുപ്പിന് മൊഴി നൽകി. സുരേഷിന്റെ പക്കൽനിന്നാണ് ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പിനെ വാങ്ങിയത്. മൂർഖൻ പാമ്പിനെ വാങ്ങിയത് ഉത്രയെ കൊലപ്പെടുത്താനാണെന്ന് സുരേഷിന് അറിയാമായിരുന്നു എന്നും സൂരജ് പറഞ്ഞു.

മൂർഖനെ പിടികൂടിയ ആലംകോട്ട് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രതി സുരേഷിനെ വീണ്ടും എത്തിച്ച് തെളിവെടുത്തു. മൂർഖൻ കൊഴിച്ചിട്ട പടം ഇവിടെനിന്നു കണ്ടെത്തി. ഇത് കൂടുതൽ പരിശോധനയ്ക്ക് രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബയോടെക്നോളജിയിലേക്ക് അയച്ചു.

പ്രശസ്ത പാമ്പുപിടുത്തക്കാരൻ വാവാ സുരേഷും തിരുവനന്തപുരം മൃഗശാലയിലെ വെറ്ററിനറി സർജൻ ഡോ. ജേക്കബും ആലംകോട്ട് എത്തിയിരുന്നു. കസ്റ്റഡി കാലാവധി അവസാനിച്ചതിനാൽ ചൊവ്വാഴ്ച സൂരജിനെയും സുരേഷിനെയും വീണ്ടും മൂന്നുദിവസത്തെ കസ്റ്റഡിയിൽ വാങ്ങുമെന്ന് അഞ്ചൽ റെയ്ഞ്ച് ഓഫീസർ ബി ആർ ജയൻ പറഞ്ഞു.

you may also like this video