30 May 2024, Thursday

Related news

April 19, 2024
February 28, 2024
April 27, 2023
November 4, 2022
September 30, 2022
July 10, 2022
June 2, 2022
May 23, 2022
May 23, 2022
March 10, 2022

ഉത്ര വധക്കേസ്: കേരളം കാത്തിരുന്ന വിധി; പ്രതി സൂരജിന് ഇരട്ട ജീവപര്യന്തം

Janayugom Webdesk
കൊല്ലം
October 13, 2021 12:14 pm

സ്വന്തം ലേഖകന്‍ കൊല്ലം: ഉത്ര വധക്കേസില്‍ പ്രതി സൂരജിന് ഇരട്ട ജീവപര്യന്തവും 17 വര്‍ഷം തടവും. ഇന്ത്യന്‍ ശിക്ഷാ നിയമം 302 (കൊലപാതകം), വധശ്രമം (307) വകുപ്പുകളിലാണ് കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ് ശിക്ഷ വിധിച്ചത്. ഐപിസി 328 (വിഷം നല്‍കി പരിക്കേല്‍പ്പിക്കുക) പ്രകാരം 10 വര്‍ഷവും ഐപിസി 201 (തെളിവ് നശിപ്പിക്കല്‍) പ്രകാരം ഏഴ് വര്‍ഷവുമാണ് തടവ് വിധിച്ചത്. 17 വര്‍ഷം ശിക്ഷ അനുഭവിച്ചതിന് ശേഷമേ ഇരട്ടജീവപര്യന്തം ആരംഭിക്കുകയുള്ളു. ജീവപര്യന്തം ശിക്ഷ നല്‍കിയാലും മറ്റ് വകുപ്പുകള്‍ പ്രകാരം ലഭിച്ച ശിക്ഷ ആദ്യം അനുഭവിക്കണമെന്ന മുത്തുരാമലിംഗം കേസിലെ സുപ്രീംകോടതി വിധി ഉദ്ധരിച്ചാണ് 17 വര്‍ഷത്തെ തടവിനുശേഷം ജീവപര്യന്തം അനുഭവിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുള്ളത്.

5.85 ലക്ഷം രൂപ പിഴയും വിധിച്ചു. പിഴ തുക ഈടാക്കിയാല്‍ അത് രക്ഷിതാവ് വിജയസേനനും മാതാവിനും തുല്യമായി വീതിച്ച് നല്‍കണം. ഉത്രയുടെ മകന് നഷ്ടപരിഹാരം നല്‍കാനും കോടതി ഉത്തരവിട്ടു. കൊലപാതക ശ്രമം, വിഷം നല്‍കി പരിക്കേല്‍പ്പിക്കുക, തെളിവ് നശിപ്പിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ക്ക് പരമാവധി ശിക്ഷയാണ് കോടതി വിധിച്ചത്. കൊലപാതകക്കുറ്റത്തിന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജി മോഹന്‍രാജ് ആവശ്യപ്പെട്ടത് വധശിക്ഷയായിരുന്നു. പ്രോസിക്യൂഷന്‍ പറഞ്ഞതുപോലെ ക്രൂരമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്നതില്‍ സംശയമില്ലെന്ന് കോടതി കണ്ടെത്തി. എന്നാല്‍ പ്രതിക്ക് ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തതും പ്രായവും പരിഗണിച്ചാണ് വധശിക്ഷ നല്‍കാതിരുന്നത്. ജീവപര്യന്തം എന്നത് ‘നിയമ’വും വധശിക്ഷ എന്നത് ‘അസാധാരണത്വ’വുമാണെന്ന ബച്ചന്‍സിങ് കേസിലെ സുപ്രീംകോടതി വിധിന്യായം വിചാരണക്കോടതി ജ‍ഡ്ജി ഉദ്ധരിച്ചിട്ടുണ്ട്. ഇരട്ടജീവപര്യന്തം ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. ജീവപര്യന്തം തടവ് എന്നത് ഒരാളുടെ ജീവിതാവസാനം വരെയാണെന്നും ഗവണ്മെന്റ് ശിക്ഷാ കാലാവധി കുറച്ചുനല്‍കിയില്ലെങ്കില്‍ ജീവിതാവസാനംവരെയാണെന്നും ഗോപാല്‍ വിനായക ഗോഡ്‌സെ V/s സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര കേസില്‍ സുപ്രീംകോടതി ഭരണഘടനാ ബഞ്ച് ഉത്തരവിട്ടിട്ടുണ്ട്.

അത് പ്രകാരം ജീവപര്യന്തം തടവ് സര്‍ക്കാര്‍ കുറച്ചുനല്‍കിയില്ലെങ്കില്‍ പ്രതി സൂരജിന് ജീവിതാവസാനം വരെ തടവില്‍ കഴിയേണ്ടിവരും. ഉത്രയെ 2018ലാണ് സൂരജ് വിവാഹം കഴിച്ചത്. 100 പവൻ സ്വർണവും വലിയൊരു തുക സ്ത്രീധനവും നൽകിയാണ് വിവാഹം നടത്തിയത്. കഴിഞ്ഞ വര്‍ഷം മാർച്ച് രണ്ടിന് ഭർത്താവ് സൂരജിന്റെ പറക്കോട്ടുള്ള വീട്ടിൽവച്ചാണ് ആദ്യം പാമ്പുകടിയേൽക്കുന്നത്. തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ 16 ദിവസം കിടത്തിചികിത്സ നടത്തി. ചികിത്സയ്ക്ക് ശേഷം യുവതിയുടെ വീട്ടിൽ പരിചരണത്തിൽ കഴിയുന്നതിനിടയിൽ മെയ് ആറിന് വീണ്ടും പാമ്പിന്റെ കടിയേറ്റാണ് മരണം സംഭവിച്ചത്. കേസിൽ ഉത്രയുടെ ഭർത്താവ് സൂരജ് ഒന്നാംപ്രതിയും പാമ്പ് പിടുത്തക്കാരൻ ചാവരുകാവ് സുരേഷ് രണ്ടാം പ്രതിയുമായിരുന്നെങ്കിലും പിന്നീട് സുരേഷ് മാപ്പുസാക്ഷിയാകുകയായിരുന്നു. സുരേഷിനെ മറ്റ് കേസുകളില്‍ ആവശ്യമില്ലെങ്കില്‍ വിട്ടയയ്ക്കാനും കോടതി ഉത്തരവിട്ടു. ഉത്രയുടേത് പാമ്പുകടിയേറ്റുള്ള സാധാരണ മരണമെന്നായിരുന്നു ലോക്കല്‍ പൊലീസിന്റെ കണ്ടെത്തല്‍. എന്നാല്‍ കൊലപാതകമാണെന്ന പരാതിയുമായി ഉത്രയുടെ മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്‌പിയായിരുന്ന ഹരിശങ്കറിനെ സമീപിച്ചതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. കേസില്‍ ദൃക്‌സാക്ഷികളുണ്ടായിരുന്നില്ല. ശാസ്ത്രീയമായ അന്വേഷണത്തിലൂടെയാണ് പൊലീസ് തെളിവുകള്‍ ശേഖരിച്ചത്. റൂറല്‍ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എ അശോകനായിരുന്നു കേസിന്റെ അന്വേഷണച്ചുമതല. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ജി മോഹന്‍രാജ്, അഡ്വ. കെ ഗോപീഷ്‌കുമാര്‍, അഡ്വ. സി എസ് സുനില്‍കുമാര്‍, അഡ്വ. എ ശരണ്‍ എന്നിവര്‍ ഹാജരായി.

 

കേസിന്റെ നാൾ വഴികൾ പരിശോധിക്കാം;
2018 മാർച്ച് 25 ; ഉത്രയുടേയും സൂരജിന്റേയും വിവാഹം
2020 മാർച്ച് 2 ; അടൂരിലെ വീട്ടിൽ വച്ച് ഉത്രയ്ക്ക് ആദ്യം പാമ്പ് കടിയേൽക്കുന്നു
2020 മാർച്ച് 2 ; 2020 ഏപ്രിൽ 22 ഉത്ര തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
ഏപ്രിൽ 22 ; ആശുപത്രിയിൽ നിന്ന് അഞ്ചലുള്ള ഉത്രയുടെ വീട്ടിലേക്ക്
മെയ് 6 ; വൈകുന്നേരം സൂരജ് ഉത്രയുടെ വീട്ടിലേക്ക്
മെയ് 7 ; ഉത്രയുടെ മരണം
മെയ് 7; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു
മെയ് 12 ; പൊലീസ് നടപടി ശക്തമാക്കണമെന്ന ഉത്രയുടെ വീട്ടുകാരുടെ ആവശ്യം
മെയ് 19 ; റൂറൽ എസ് പി ഹരിശങ്കറിന് വീട്ടുകാരുടെ പരാതി
മെയ് 25 ; സൂരജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു, വൈകുന്നേരത്തോടെ അറസ്റ്റ്
ജൂലൈ 30 ; ർഖൻ പാമ്പിനെ ഉപയോഗിച്ചുള്ള ഡമ്മി പരിശോധന
ഓഗസ്റ്റ് 14 ; അന്വേഷണ സംഘം കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു
eng­lish summary;Uthra case verdict
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.