Web Desk

കൊല്ലം

June 17, 2020, 5:31 pm

ഉത്ര കൊലക്കേസ്: സൂരജ് വനം വകുപ്പിന്റെ കസ്റ്റഡിയിൽ

Janayugom Online

ഉത്ര കൊലക്കേസിൽ ഭർത്താവ് സൂരജിനെയും രണ്ടാം പ്രതി സുരേഷിനെയും പുനലൂർ കോടതി ഏഴ് ദിവസത്തേയ്ക്ക് വനം വകുപ്പിന്റെ കസ്റ്റഡിയിൽ വിട്ടു. പാമ്പിനെ വിലയ്ക്ക് വാങ്ങിയതിനും തല്ലികൊന്നതിനും സൂരജിനെതിരെ വനം വകുപ്പ് കേസ് എടുത്തിരുന്നു. രണ്ടാം പ്രതിയായ സുരേഷിനെതിരെ പാമ്പിനെ പിടിച്ചതിനും വിൽപന നടത്തിയതിനുമാണ് വനം വകുപ്പ് കേസ് എടുത്തിട്ടുള്ളത്. റിമാൻഡിലുള്ള ഇരുവരെയും കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്ന വനം വകുപ്പിന്റെ അപേക്ഷ പുനലൂർ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അംഗീകരിച്ചത്. ഇരുവരെയും അഞ്ചൽ ഫോറസ്ററ് റേഞ്ച് ഓഫീസിൽ എത്തിച്ചു.

ഉത്ര കൊലപാതക കേസിൽ ശാസ്ത്രീയ പരിശോധനയ്ക്കായി വനം വകുപ്പിന്റെ ഗവേഷകനെ നിയോഗിക്കാൻ ധാരണയായി. ചീഫ് ഫോറസ്ററ് കൺസർവേറ്ററും ഡിജിപിയും തമ്മിൽ നടത്തിയ ചർച്ചയിലാണ് തീരുമാനം എടുത്തത്. എസ്പി ഹരിശങ്കറിന്റെ സാന്നിധ്യത്തിൽ ഡിജിപി ഓഫിസിലായിരുന്നു ചർച്ച. പാമ്പിനെ കൊണ്ട് കടുപ്പിച്ചതിന് കൃത്യമായ തെളിവുകൾ കണ്ടെത്തുകയാണ് ലക്ഷ്യം.

ഇതുവരെ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജും അച്ഛൻ സുരേന്ദ്രനും പാമ്പ് പിടുത്തക്കാരനായ സുരേഷുമാണ് അറസ്റ്റിലായിട്ടുള്ളത്. സൂരജിന്റെ അമ്മയെ വീണ്ടും ചോദ്യം ചെയ്യാൻ തീരുമാനിച്ചു. മൂന്ന് മാസത്തിനകം കുറ്റപത്രം സമർപ്പിക്കും എന്ന് റൂറൽ എസ്പി ഹരിശങ്കർ അറിയിച്ചു.

Eng­lish sum­ma­ry: Uthra mur­der case fol­low up

You may also like also this video: