25 April 2024, Thursday

Related news

February 8, 2024
February 2, 2024
August 26, 2023
July 30, 2023
June 18, 2023
May 8, 2023
February 9, 2023
November 25, 2022
October 28, 2022
October 5, 2022

ക്രിസ്ത്യൻ ആരാധനാലയങ്ങൾക്ക് നേരെ ഏറ്റവുമധികം അതിക്രമങ്ങള്‍ ഉത്തർപ്രദേശിൽ

Janayugom Webdesk
ബംഗളുരു
December 6, 2021 10:18 pm

ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടക്കുന്നത് ഉത്തര്‍പ്രദേശില്‍. ജനുവരി സെപ്റ്റംബര്‍ മാസങ്ങള്‍ക്കിടയില്‍ രാജ്യത്ത് ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കു നേരെയുള്ള 305 അതിക്രമങ്ങളാണ് നടന്നത്. ഞായറാഴ്ച പുറത്തുവിട്ട ഒരു വസ്തുതാ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്‍ജിഒ ആയ യുണൈറ്റഡ് ക്രിസ്ത്യന്‍സ് ഫോറം ഹെല്‍പ്പ്‌ലൈനിന് ലഭിച്ച ഫോണ്‍ കോളുകളെ അടിസ്ഥാനപ്പെടുത്തിയാണ് ഈ കണക്ക്. ഇത്തരത്തില്‍ 1,362 ഫോണ്‍ കോളുകളാണ് സംഘടനയ്ക്ക് ലഭിച്ചത്. അസോസിയേഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് സിവില്‍ റൈറ്റ്സ്, ദി യുണൈറ്റഡ് ക്രിസ്റ്റ്യന്‍ ഫോറം, യുണൈറ്റഡ് എഗൈന്‍സ്റ്റ് ഹേറ്റ് തുടങ്ങിയ എന്‍ജിഒകള്‍ സംയുക്തമായി റിപ്പോര്‍ട്ട് തയാറാക്കിയതാണ്.

305 കേസുകളില്‍ 288 എണ്ണം ആള്‍ക്കൂട്ട ആക്രമണങ്ങളായിരുന്നുവെന്ന് ‘ക്രിസ്ത്യന്‍ അണ്ടര്‍ അറ്റാക്ക് ഇന്‍ ഇന്ത്യ’ എന്ന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 28 കേസുകളില്‍ ആരാധനാലയങ്ങള്‍ തകര്‍ക്കുകയോ കേടുപാടുകള്‍ വരുത്തുകയോ ചെയ്തിട്ടുണ്ട്. 85 കേസുകളില്‍ പൊലീസ് ഇടപെട്ട് പ്രാര്‍ത്ഥനകള്‍ നിര്‍ത്തിവച്ചു. 1,331 സ്ത്രീകള്‍ക്കും, ആദിവാസി (588), ദളിത് (513) വിഭാഗത്തിലുള്ളവര്‍ക്കും പരിക്കേറ്റു. യുപിയില്‍ 66 സംഭവങ്ങളാണ് നടന്നത്. തൊട്ടു പിറകിലുള്ള ഛത്തീസ്ഗഢ്, കര്‍ണാടക എന്നിവിടങ്ങളിലെ കണക്ക് യഥാക്രമം 47, 32 എന്നിങ്ങനെയാണ്. സെപ്റ്റംബര്‍ മാസത്തിലാണ് ഏറ്റവും കൂടുതല്‍ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്, 69. ഓഗസ്റ്റ്-50, ജനുവരി-37 എന്നിങ്ങനെയാണ് ഉയര്‍ന്ന കേസുകളുടെ എണ്ണം. സംസ്ഥാനത്ത് നിര്‍ബന്ധിത മതപരിവര്‍ത്തന നിയമം നടപ്പിലാക്കുമെന്ന് ബിജെപി സര്‍ക്കാര്‍ പ്രഖ്യാപിച്ചതിനുപിന്നാലെ ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കര്‍ണാടകയില്‍ അതിക്രമങ്ങള്‍ വര്‍ധിച്ചുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ നിരവധി സംഭവങ്ങള്‍ രേഖപ്പെടുത്താതെ പോയിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പ്രിസിദ്ധീകരിച്ചുകൊണ്ട് ബംഗളുരു ആര്‍ച്ച് ബിഷപ്പ് പീറ്റര്‍ മച്ചാഡോ പറഞ്ഞു. വലതുപക്ഷ സംഘടനകളാണ് ഈ അതിക്രമങ്ങള്‍ നടത്തിയെന്നതും കുറ്റവാളികളികള്‍ക്കെതിരെ നടപടി എടുക്കുന്നതില്‍ പൊലീസ് പരാജയപ്പെട്ടു എന്ന വസ്തുതയും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദക്ഷിണേന്ത്യയില്‍ ഇത്തരത്തില്‍ ഏറ്റവും കൂടുതല്‍ അതിക്രമങ്ങള്‍ നടന്നത് കര്‍ണാടകയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം നിയമസഭാ സമ്മേളനം കഴിയുന്നതുവരെ പ്രാര്‍ത്ഥനകളും മറ്റും നടത്തരുതെന്ന് ബെല്‍ഗാവിയിലെ ക്രിസ്ത്യന്‍ വിഭാഗങ്ങളോട് പൊലീസ് ആവശ്യപ്പെട്ടതായും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

eng­lish sum­ma­ry; Uttar Pradesh has the high­est num­ber of atroc­i­ties against Chris­t­ian places of worship

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.