Web Desk

August 18, 2020, 3:00 am

രാജ്യത്തിനാകെ നാണക്കേടായി ഉത്തർ പ്രദേശ്

Janayugom Online

ഏറ്റവും ഒടുവിലെത്തിയത് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരി ജില്ലയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ക്രൂരമായി കൊലപ്പെടുത്തിയ വാർത്തയാണ്. കണ്ണുകൾ ചൂഴ്‌ന്നെടുത്തും നാവുകൾ പിഴുതും ബീഭത്സമായ രീതിയിലായിരുന്നു 13 വയസ് മാത്രം പ്രായമായ പെൺകുട്ടിയെ കാപാലികർ കൊന്നുതള്ളിയത്. ദുപ്പട്ട ഉപയോഗിച്ച് കഴുത്ത് ഞെരിച്ചായിരുന്നു കുറ്റകൃത്യം. പതിവുപോലെ സംഭവം നടന്ന ശേഷം പൊലീസ് രണ്ടു പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അലിഗഢിൽ മാനസിക ശാരീരിക പരിമിതിയുള്ള 21 കാരിയായ ദളിത് സ്ത്രീയെ ബലാത്സംഗം ചെയ്ത സംഭവം സ്വാതന്ത്ര്യ ദിനത്തിലാണ് നടന്നത്. പൊലീസ് എത്താൻ വൈകിയതിനെ തുടർന്ന് പ്രതിയെ നാട്ടുകാർ പിടികൂടി അടച്ചിടുകയായിരുന്നു. പിന്നീട് പൊലീസിൽ ഏല്പിക്കുകയും ചെയ്തു. ആദിത്യനാഥിനെ ലോക്‌സഭയിലേക്ക് അയച്ച ഗോരഖ്‌പൂർ മണ്ഡലത്തിൽപ്പെട്ട ഗോലയിൽ കൗമാര പ്രായക്കാരിയെ ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച സംഭവവും ഉണ്ടായി. ശനിയാഴ്ച വൈകിട്ട് വെള്ളം കൊണ്ടുവരുന്നതിന് പോയ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിക്കുകയായിരുന്നു. കാണാതായ പെൺകുട്ടിക്ക് വേണ്ടി നടത്തിയ തിരച്ചിലിനിടയിലാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ശരീരത്തിന്റെ പല ഭാഗങ്ങളിലും സിഗരറ്റ് കുറ്റികൊണ്ട് പൊള്ളലേല്പിച്ച നിലയിലായിരുന്നു. ദളിത് വിഭാഗത്തിൽപ്പെട്ട ഗ്രാമമുഖ്യനെ താക്കൂർ വിഭാഗത്തിൽപ്പെട്ടവർ വെടിവച്ചുകൊന്ന സംഭവം സംഘർഷമായി മാറിയത് വെള്ളിയാഴ്ചയായിരുന്നു. പപ്പുറാം എന്ന ഗ്രാമമുഖ്യനെ വിളിച്ചിറക്കികൊണ്ടുപോയി വെടിവച്ച് കൊല്ലുകയായിരുന്നു. മുന്നൂറിലധികം ദളിത് കുടുംബങ്ങളും മുപ്പത് താക്കൂർ, ബ്രാഹ്മണ കുടുംബങ്ങളുമാണ് പ്രദേശത്ത് താമസിച്ചിരുന്നത്. ദളിത് വിഭാഗത്തിൽപ്പെട്ട വ്യക്തി ഗ്രാമമുഖ്യൻ ആയതിനാലായിരുന്നു കൊലപാതകം. സംഭവത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ ദളിത് വിഭാഗത്തിൽപ്പെട്ട പതിനെട്ടുകാരൻ പൊലീസ് വാഹനം കയറി മരിക്കുകയും ചെയ്തു.

സ്വാതന്ത്ര്യ ദിനത്തിന്റെ പിറ്റേന്ന് ഞായറാഴ്ച യുപിയിലെതന്നെ കനൗജ് ജില്ലയിലെ ഛിബ്രമൗ പൊലീസ് സ്റ്റേഷൻ പരിധിയിൽ മകളെ പീഡിപ്പിച്ചത് പൊലീസിൽ പരാതി നല്കിയ പിതാവിനെ വെട്ടിക്കൊല്ലുകയും മകളെ പരിക്കേല്പിക്കുകയും ചെയ്ത സംഭവമുണ്ടായി. ഇന്നലെ യുപിയിലെതന്നെ മുബാറക്‌പൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ 16 കാരിയുടെ മൃതദേഹം കുളത്തിൽ കണ്ടെത്തുകയുമുണ്ടായി. ശനിയാഴ്ച കാണാതായെന്ന് ബ­ന്ധുക്കൾ പരാതിപ്പെട്ട പെൺകുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബലാത്സംഗത്തിനിരയായാണ് കുട്ടി മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പുറമേ സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിൽ 13 കാരി ബലാത്സംഗത്തിനിരയായി. വീട്ടിൽനിന്ന് പുറത്തുള്ള കുളിമുറിയിലേയ്ക്ക് പോയ പെൺകുട്ടിയെ തൊട്ടടുത്ത കാട്ടുപ്രദേശത്തേക്ക് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. നാടിനാകെ നാണക്കേടുണ്ടാക്കുന്ന ഇത്തരം സംഭവങ്ങൾ ആവർത്തിച്ചുകൊണ്ടേയിരിക്കുകയാണ്. മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോയ കുട്ടികളെ വധിച്ച മൂന്ന് സംഭവങ്ങൾ രണ്ടാഴ്ചയ്ക്കിടെ യുപിയിലുണ്ടായി. അസമിലും സമാന സംഭവമുണ്ടായി. ഇവിടെ പിഞ്ചുകുഞ്ഞ് നിലവിളിച്ചപ്പോൾ കഴുത്ത് ഞെരിച്ചുകൊന്ന് പാലത്തിനടിയിൽ കുഴിച്ചു മൂടുകയായിരുന്നു.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സമാനമായ രണ്ട് ഡസനിലധികം സംഭവങ്ങളാണ് യുപിയിൽ മാത്രം നടന്നിരിക്കുന്നത്. ഗുണ്ടകൾക്ക് തന്നെ ഭയമാണെന്ന് വീമ്പിളക്കുന്ന മുഖ്യമന്ത്രി ആദിത്യനാഥാണ് സംസ്ഥാനം ഭരിക്കുന്നത്. അവിടെയാണ് കുറ്റവാളികൾ നിർബാധം വിഹരിക്കുന്നതിന്റെ വാർത്തകൾ ഓരോ മണിക്കൂറിലും എത്തിക്കൊണ്ടിരിക്കുന്നത്. ഗുണ്ടകളെ ഏറ്റുമുട്ടൽ സംഘടിപ്പിച്ച് കൊന്നു തള്ളുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ തന്നെ ആദിത്യനാഥ് ഒരുക്കിവച്ചിട്ടുണ്ട്. അതിന്റെ ഭാഗമായി ജൂലൈ മൂന്നിന് കുപ്രസിദ്ധ കുറ്റവാളി വികാസ് ദുബെയുടെ സംഘവുമായുണ്ടായ ഏറ്റുമുട്ടലിൽ എട്ട് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ഒരാഴ്ചയ്ക്കുശേഷം മധ്യപ്രദേശിൽ വച്ച് വികാസ് ദുബെയെ പിടികൂടിയെങ്കിലും യുപിയിൽ എത്തിയ ഉടൻ വാഹനത്തിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് വെടിവച്ചുകൊല്ലുകയും ചെയ്തു. ജൂലൈ മൂന്നിന് പൊലീസുകാർ വെടിവയ്പിൽ കൊല്ലപ്പെട്ട അതേദിവസം അലഹബാദിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. ഒരു ദളിത് പെൺകുട്ടിയെയും പിതാവിനെയും വെടിവച്ചുകൊന്ന സംഭവവും അന്നുണ്ടായി.

ഉത്തർപ്രദേശിൽ ഗുണ്ടാരാജും കുറ്റകൃത്യങ്ങളും പെരുകുകയാണ്. കുറ്റകൃത്യങ്ങൾ സംബന്ധിച്ച ദേശീയ ബ്യൂറോയുടെ ഏറ്റവും ഒടുവിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ഓരോ 90 മിനിട്ടിലും കുട്ടികൾക്കെതിരായ അതിക്രമങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഓരോ രണ്ടു മണിക്കൂറിലും ഇവിടെ ബലാത്സംഗക്കേസുകളുണ്ടാകുന്നു. 2018ൽ 4,322 ബലാത്സംഗക്കേസുകളാണ് സംസ്ഥാനത്തുണ്ടായത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കാര്യത്തിലും റെക്കോഡായിരുന്നു. ആ വർഷം ഇത്തരത്തിലുള്ള 59,445 കേസുകളുണ്ടായി. ഓരോ ദിവസവും 162 കേസുകളുണ്ടാകുന്നുവെന്നർത്ഥം. ആ വർഷം പ്രായപൂർത്തിയാകാത്ത കുട്ടികൾക്കെതിരായ ബലാത്സംഗക്കേസുകളുടെ എണ്ണം 144 ആയിരുന്നു. ക്ഷേത്ര നിർമ്മാണത്തിനും വ്യാജ ഏറ്റുമുട്ടലുകളിലൂടെ കുറ്റകൃത്യങ്ങൾ തടയുന്നുവെന്ന മേനി പറച്ചിലിനുമിടയിൽ കുറ്റകൃത്യങ്ങൾ മാത്രമല്ല പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങളും ദളിത് — ന്യൂനപക്ഷവേട്ടയും സവർണാധിപത്യ ശ്രമങ്ങളും അരിയിട്ടുവാഴ്ച നടത്തുകയാണ് യുപിയിൽ. രാജ്യത്തിനാകെ നാണക്കേടായിരിക്കുന്നു ഉത്തർപ്രദേശ് എന്ന സംസ്ഥാനം.