28 March 2024, Thursday

Related news

March 2, 2023
September 25, 2022
September 21, 2022
February 17, 2022
January 30, 2022
October 1, 2021

ഉത്തര്‍പ്രദേശ് മറന്നിട്ടില്ല; ഹത്രാസ് വീണ്ടും ബിജെപിയെ വേട്ടയാടുന്നു

Janayugom Webdesk
ലഖ്നൗ
January 30, 2022 9:56 pm

നിയമസഭാ തെരഞ്ഞെടുപ്പ് ചൂടിലേക്ക് കടന്ന ഉത്തര്‍ പ്രദേശില്‍ ഹത്രാസ് സംഭവം ബിജെപിയെ ഒരിക്കല്‍കൂടി വേട്ടയാടുന്നു. ക്രൂര ബലാ ത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം കുടുംബാംഗങ്ങളെപ്പോലും കാണിക്കാതെ രാത്രിയുടെ മറവില്‍ സംസ്കരിച്ച സംഭവത്തിലൂടെയാണ് ഒന്നരവര്‍ഷമായി രാജ്യം ഹത്രാസിനെ ഓര്‍മ്മിക്കുന്നത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശിനെ വീണ്ടും ചോദ്യമുനയില്‍ നിര്‍ത്തിയ സംഭവം കൂടിയായിരുന്നു ഹത്രാസ്. അതുകൊണ്ടു തന്നെ ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രധാന പ്രചാരണ വിഷയവും സ്ത്രീസുരക്ഷ തന്നെയാണ്. ഈ തെരഞ്ഞെടുപ്പിലും പല മണ്ഡലങ്ങളിലും ഹത്രാസ് വിഷയം ഉയര്‍ന്നുകേള്‍ക്കുന്നുമ്പോള്‍ ആദിത്യനാഥും ബിജെപിയും പ്രതിക്കൂട്ടിലാവുകയാണ്.

ഹത്രാസിലെ ബിജെപിയുടെ കളങ്കം മായ്ച്ചുകളയാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ഇത്തവണ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടായത്. ദളിത് വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥിയാണ് അന്‍ജുല മഹൗര്‍. സിറ്റിങ് എംഎല്‍എ ആയ ഹരി ശങ്കര്‍ മഹൗറിനെ മാറ്റിയാണ് അന്‍ജുലയ്ക്ക് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത്. ഇതിനെതിരെ ബിജെപിയുടെ പ്രാദേശിക നേതൃത്വം തന്നെ രംഗത്തുവന്നിട്ടുണ്ട്. ഹത്രാസിനു പുറത്തുനിന്നുള്ള ഒരാളെ സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് പ്രതിഷേധം.

പ്രതിപക്ഷ പാര്‍ട്ടികളായ ബിഎസ്‌പി, എസ്‌പി, കോണ്‍ഗ്രസ് എന്നിവര്‍ ജാദവ് വിഭാഗത്തില്‍ നിന്നുള്ള സ്ഥാനാര്‍ത്ഥികളെയാണ് മണ്ഡലത്തില്‍ നിര്‍ത്തിയിരിക്കുന്നത്.

നിതീനിഷേധത്തിന്റെയും ഒറ്റപ്പെടലിന്റേയും ദുരനുഭവം മാത്രമാണ് മ രിച്ച 19കാരിയുടെ കുടുംബത്തിന് ഇന്നും പറയാനുള്ളത്. ”രാഷ്ട്രീയത്തെക്കുറിച്ച് തങ്ങള്‍ക്ക് അധികമൊന്നും അറിയില്ല. എന്നാല്‍ വേഗത്തില്‍ നീതി ലഭിക്കാനും തങ്ങളുടെ ദുരിതങ്ങള്‍ സര്‍ക്കാരിനെ അറിയിക്കാനും രാഷ്ട്രീയ പാര്‍ട്ടികള്‍ സഹായിക്കുമെങ്കില്‍ അത് നല്ലതായിരിക്കും’ എന്നാണ് മരിച്ച പെണ്‍കുട്ടിയുടെ സഹോദരന്‍ പ്രതികരിച്ചത്. വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും ഉണ്ടായില്ല. നഷ്ടപരിഹാരം നല്‍കിയെങ്കിലും സര്‍ക്കാര്‍ ജോലിയും വീടും നല്‍കാമെന്നുള്ള വാഗ്ദാനം ഇതുവരെ നടപ്പാക്കിയില്ലെന്നും സഹോദരന്‍ ആരോപിച്ചു.

Eng­lish Sum­ma­ry: Uttar Pradesh is not for­got­ten; Hathras is once again chas­ing the BJP

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.