Web Desk

ഡെറാഡൂണ്‍:

February 09, 2021, 10:36 pm

പ്രതീക്ഷ മങ്ങുന്നു; ഉത്തരാഖണ്ഡ് ദുരന്തത്തിൽ മരണസംഖ്യ 31 ആയി

Janayugom Online

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞതിനെ തുടര്‍ന്നുണ്ടായ പ്രളയത്തില്‍ അകപ്പെട്ടവരെ രക്ഷിക്കാനുളള ശ്രമം തുടരുകയാണ്. ഋഷിഗംഗ ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ തപോവന്‍ തുരങ്കത്തില്‍ കുടുങ്ങിയവരെ രക്ഷിക്കാനുളള ശ്രമം അതീവ ദുഷ്‌കരമാണെന്നാണ് സൂചന.

തുരങ്കത്തിനുളളില്‍ 35 തൊഴിലാളികള്‍ കുടുങ്ങിയതായി സംശയമുണ്ട്. 1,500 മീറ്റര്‍ നീളമുളള തപോവന്‍ തുരങ്കത്തിനുളളിലേക്ക് ഭാഗികമായി മാത്രമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാന്‍ കഴിഞ്ഞിട്ടുളളൂ. കൂറ്റന്‍ കല്ലുകളും മണ്ണും കാരണം രക്ഷാപ്രവര്‍ത്തകര്‍ക്ക് തുരങ്കത്തിന്റെ ഉളളിലേക്ക് പൂര്‍ണമായി കടക്കാന്‍ കഴിഞ്ഞിട്ടില്ല. പകരം മറ്റു വഴി തേടുകയാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന ദേശീയദുരന്ത നിവാരണ സേനയും സൈന്യവും. ഇതുവരെ 31 പേരുടെ മൃതദേഹങ്ങള്‍ അപകടസ്ഥലത്തു നിന്ന് കണ്ടെടുത്തു.

അപകടത്തില്‍പ്പെട്ട 170 പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഐടിബിപി, എന്‍ഡിആര്‍എഫ് സേനാംഗങ്ങള്‍ക്കാണ് രക്ഷാപ്രവര്‍ത്തനത്തിന്റെ ചുമതല. സഹായത്തിനായി സൈന്യവും നാവികസേനയിലെ കമാന്‍ഡോകളും രംഗത്തുണ്ട്. വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററുകളും വിമാനങ്ങളും ചമോലിയില്‍ എത്തിച്ചിട്ടുണ്ട്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഇന്ന് വ്യോമനിരീക്ഷണം നടത്തി.

ENGLISH SUMMARY: UTTARAKHAND FLOOD DEATH UPTO 31

YOU MAY ALSO LIKE THIS VIDEO