Web Desk

അഹമ്മദാബാദ്

March 13, 2021, 2:49 pm

‘ഹെല്‍മറ്റ് വച്ചതോണ്ടായില്ല, ബോധം വേണം’; കോലിയെ ട്രോളി ഉത്തരാഖണ്ഡ് പൊലീസ്

Janayugom Online

മോശം ഫോമില്‍ തുടരുന്ന ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ ട്രോളി ഉത്തരാഖണ്ഡ് പൊലീസ്. ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ ടി20യില്‍ പൂജ്യത്തിന് പുറത്തായതിന് പിന്നാലെ  വിക്കറ്റ് നഷ്ടമാക്കിയ രീതി റോഡ് സുരക്ഷ ബോധവല്‍ക്കണത്തിന് ഉപയോഗിച്ചാണ് ഉത്തരാഖണ്ഡ് പൊലീസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജ് കോലിയെ ട്രോളിയത്. ഹെല്‍മറ്റ് വെച്ചത് കൊണ്ട് എല്ലാമായില്ല. പൂര്‍ണ ബോധത്തോടെ വാഹനമോടിക്കണം. അതല്ലെങ്കില്‍ കോലിയെ പോലെ പൂജ്യത്തിന് പുറത്താവുമെന്ന് ട്വീറ്റില്‍ കുറിച്ചു.

കളിയില്‍ സ്പിന്നർ ആദിൽ റഷീദ് ആണ് കോലിയെ പുറത്താക്കിയത്. കൂറ്റൻ ഷോട്ടിനു ശ്രമിച്ച കോലിയെ മിഡ് ഓഫില്‍ ക്രിസ് ജോര്‍ദാന് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്. രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവുമധികം തവണ പൂജ്യത്തിനു പുറത്തായ ഇന്ത്യൻ നായകന്‍ എന്ന നാണക്കേടിന്റെ റെക്കോർഡും വിരാട് കോലി സ്വന്തമാക്കിയിരുന്നു.

 

 

 

കരിയറിൽ 14 തവണയാണ് താരം പൂജ്യത്തിനു പുറത്താകുന്നത്. ഗാംഗുലി 13 വട്ടം പുറത്തായപ്പോൾ 11 ഡക്കുകളുള്ള മുൻ ക്യാപ്റ്റൻ എംഎസ് ധോണി പട്ടികയിൽ മൂന്നാമതുണ്ട്. കപിൽ ദേവ് , മുഹമ്മദ് അസ്‌ഹറുദ്ദീൻ എന്നിവരും പട്ടികയിലുണ്ട്. ഒരു വര്‍ഷത്തോളമായി കോലി മോശം ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്സിലടക്കം രണ്ട് തവണ ഇന്ത്യൻ ക്യാപ്റ്റൻ റൺ ഒന്നുമെടുക്കാതെ പുറത്തായിരുന്നു.

മത്സരത്തില്‍ ഇംഗ്ലണ്ട് എട്ട് വിക്കറ്റിന് ജയിച്ചിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 127 റണ്‍സ് മാത്രമാണ് കണ്ടെത്താനായത്. ഇംഗ്ലണ്ട് 27 പന്തുകള്‍ ബാക്കി നില്‍ക്കെ ലക്ഷ്യം മറികടന്നു.

Eng­lish sum­ma­ry; Uttarak­hand Police trolls Virat Kohli for get­ting out on duck
You may also like this video: