ഉത്തരാഖണ്ഡില്‍ ഞായറാഴ്ചയുണ്ടായ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായി രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദുരന്തത്തില്‍ ഇതുവരെ 32 പേര് മരിച്ചതായി സ്ഥിരീകരിച്ചു. 197 പേരെ ഇനിയും കാണ്ടെത്താനുണ്ട്. ഞായറാഴ്ച രാവിലെ നന്ദ ദേവി മലനിരകളിലെ കൂറ്റന്‍ മഞ്ഞുമല ഇടിഞ്ഞ് അളകനന്ദ നദിയില്‍ പതിക്കുകയായിരുന്നു.
പ്രളയത്തില്‍ തപോവന്‍-വിഷ്ണുഘട്ട് ജലവൈദ്യുത പദ്ധതിക്കും ഋഷിഗംഗ പദ്ധതിക്കും വലിയ നാശനഷ്ടമുണ്ടായതായി വിലയിരുത്തുന്നു. ഏതാണ്ട് 1,500 കോടി രൂപയുടെ നാശനഷ്ടമാണ് ഇവിടങ്ങളില്‍ ഉണ്ടായിരിക്കുന്നത്. ഇന്ത്യന്‍ സൈന്യം, ഇന്തോ-ടിബറ്റന്‍ പൊലീസ്, ദേശീയ ദുരന്ത നിവാരണ സേന എന്നിവരുടെ നേതൃത്വത്തില്‍ 600ല്‍ അധികം സേനാംഗങ്ങള്‍ സംഭവ സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്.
പ്രളയബാധിത പ്രദേശങ്ങളില്‍ ഐടിബിപിയുടെ നേതൃത്വത്തിലാണ് ഭക്ഷണവിതരണം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ നടക്കുന്നത്. സമയോജിതമായ പ്രവര്‍ത്തനത്തിന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഐടിബിപി ജവാന്മാര്ക്ക് ട്വിറ്ററിലൂടെ നന്ദി അറിയിച്ചിരുന്നു.
2.5 കിലോമീറ്റര്‍ ദൂരമുള്ള തപോവന്‍-വിഷ്ണുഘട്ട് തുരങ്കത്തില്‍ 30 പേരെങ്കിലും കുടുങ്ങി കിടക്കുന്നതായി കരുതുന്നു. ഇവര്‍ക്കായുള്ള തെരച്ചിലിന് നാവിക സേനയുടെ മുങ്ങല്‍ വിദഗ്ദ്ധുടെ സേവനവും ലഭ്യമാക്കിയിട്ടുണ്ട്. തപോവന്‍ തുരങ്കത്തിനുളളിലേക്ക് ഭാഗികമായി മാത്രമേ രക്ഷാപ്രവര്‍ത്തകര്‍ക്ക് കടക്കാന്‍ കഴിഞ്ഞിട്ടുളളൂ. കൂറ്റന്‍ കല്ലുകളും, അടിഞ്ഞുകൂടിയ മണ്ണും രക്ഷാപ്രവര്‍ത്തനത്തിന് തടസമാകുകയാണ്. പ്രളയത്തില്‍ ദൗലിഗംഗ നദി തീരത്തുള്ള രണ്ട് ഗ്രാമങ്ങള്‍ ഉള്‍പ്പെടെ ഒലിച്ച് പോയിരുന്നു.
കാലക്രമേണ മലനിരകളിലെ കല്ലുകള്‍ തണുത്തുറഞ്ഞ് അവയ്ക്ക് ബലം നഷ്ടപ്പെട്ടതാകാം മഞ്ഞുമല ഇടിയാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഡെറാഡൂണ്‍ ആസ്ഥാനമായ വാഡിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിമാലയന്‍ ജിയോളജിയിലെ ശാസ്ത്രജ്ഞരാാണ് ഇക്കാര്യം പറയുന്നത്. ബലം നഷ്ടപ്പെട്ട കല്ലുകള്‍ ഒരു തടയണയായി രൂപാന്തരം പ്രാപിച്ചിരിക്കാമെന്നും ഇതാവാം പ്രളയത്തിലേക്ക് നയിച്ചതെന്നും ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു.
English Summary : Utharakhand death toll rises to 32
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.