18 September 2024, Wednesday
KSFE Galaxy Chits Banner 2

ഓഗര്‍ യന്ത്രം തകര്‍ന്ന് ബ്ലേഡുകള്‍ കുടുങ്ങി, സില്‍ക്യാര രക്ഷാദൗത്യം വീണ്ടും വൈകും അനിശ്ചിതത്വം തുടരുന്നു 

Janayugom Webdesk
ഡെറാഡൂണ്‍
November 25, 2023 10:18 pm
ഉത്തരകാശിയിലെ സില്‍ക്യാര തുരങ്കത്തില്‍ കുടുങ്ങിയ 41 തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമം വീണ്ടും വൈകുന്നു. തുരക്കാന്‍ ഉപയോഗിക്കുന്ന ഓഗര്‍ മെഷീന്‍ തുടര്‍ച്ചയായി സാങ്കേതികപ്രശ്‌നം നേരിടുന്നത് ദൗത്യത്തിന്   തിരിച്ചടിയായി. രക്ഷാദൗത്യം അനിശ്ചിതമായി നീളുന്നത് തൊഴിലാളി കുടുംബങ്ങളെ വന്‍ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഓഗര്‍ മെഷീന്റെ ബ്ലേഡുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി തകര്‍ന്നതോടെ അവശിഷ്ടങ്ങള്‍ക്കിടയിലൂടെ തുരന്ന് പൈപ്പിട്ട് തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ശ്രമത്തിന് തിരിച്ചടിയേറ്റു. പുറത്തെടുക്കാനാകാത്ത വിധം ബ്ലേഡുകള്‍ കുടുങ്ങുകയായിരുന്നു.
യന്ത്രസഹായമില്ലാതെ തുരക്കാനുള്ള സാധ്യതയാണ് ഇനി പരിശോധിക്കുന്നത്. ഇന്ന് മുതല്‍ ഈ രീതി പരീക്ഷിച്ചേക്കും. എന്നാല്‍ ഈ രിതീയില്‍ രക്ഷാദൗത്യം പൂര്‍ത്തിയാകാന്‍ ദിവസങ്ങളെടുത്തേക്കും. വെർട്ടിക്കൽ ഡ്രില്ലിങ് നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്. ഇതിനായുള്ള റിഗ് മെഷീൻ സില്‍ക്യാര മലമുകളിലേക്ക് എത്തിക്കാന്‍ ബോര്‍ഡര്‍ റോഡ് ഓര്‍ഗനൈസേഷ (ബിആര്‍ഒ) ന് നിര്‍ദേശം നല്‍കി. മുകളില്‍ നിന്ന് 86 മീറ്റര്‍ തുരക്കേണ്ടതായി വരും.
അവശിഷ്ടങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ ചേര്‍ന്ന് മാറ്റി വഴിയൊരുക്കാനുള്ള സാധ്യത പരിശോധിക്കുന്നുണ്ട്. രക്ഷാപാതയില്‍ സഞ്ചരിച്ച്‌ തടസങ്ങള്‍ മാറ്റി ട്രോളികള്‍ വഴി അവശിഷ്ടങ്ങള്‍ പുറത്തെത്തിക്കാനാണ് പദ്ധതി.
മൂന്ന് അടിമാത്രം വ്യാസമുള്ള പ്രവേശനദ്വാരം വഴി ഉള്ളില്‍ കടക്കുന്ന ഒരു തൊഴിലാളി രണ്ടുമണിക്കൂര്‍ അവശിഷ്ടങ്ങള്‍ മാറ്റുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടും. തുടര്‍ന്ന് അടുത്ത ആളെ അയയ്ക്കും. തുരക്കുന്നതിന് പകരം പൈപ്പ് സ്ഥാപിക്കാനായിട്ടാവും ഓഗര്‍ യന്ത്രം ഉപയോഗിക്കുക.  രണ്ടാഴ്ചയായി തുടരുന്ന രക്ഷാദൗത്യത്തിനിടെ നിരവധി തവണ ഓഗർ യന്ത്രത്തിന് സാങ്കേതിക തടസങ്ങൾ നേരിട്ടിരുന്നു. ഓഗർ മെഷീൻ സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് അടിത്തറ തകര്‍ന്നതോടെയും രക്ഷാദൗത്യം നിർത്തിവയ്ക്കേണ്ടതായി വന്നു.  ഓഗര്‍ മെഷീൻ തകര്‍ന്നതായും ഇനി തുരക്കാനാവില്ലെന്നും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിക്കുന്ന അന്താരാഷ്ട്ര വിദഗ്ധൻ ആര്‍നോള്‍ഡ് ഡിക്സ് പറഞ്ഞു. നിലവില്‍ തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
Eng­lish Sum­ma­ry: Uttarkashi tun­nel rescue
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.