ഈ യാത്ര ആരെ രക്ഷിക്കാന്‍?

Web Desk
Posted on October 11, 2017, 1:17 am

Pho­to Cour­tesy: hindustantimes.com

രോ ആഴ്ചയിലും കേരളത്തിന് ചിരിക്കാനും ചിന്തിക്കാനും ഒരു രാഷ്ട്രീയ കാരണമുണ്ടാകും. ഇക്കഴിഞ്ഞ ആഴ്ചയില്‍ മലയാളി ഏറെ ചിരിച്ചത് ‘ജനരക്ഷായാത്ര’ എന്ന പേരില്‍ ബിജെപി നടത്തിവരുന്ന വിലാപയാത്രയുടെ പേരിലാണ്. കേരളത്തിലെ മതേതരത്വം തകര്‍ക്കാന്‍ ബിജെപി ഇനിയുമേറെ യാത്രകള്‍ നടത്തിയാലും സാധിക്കില്ലെന്നത് ചിന്തിക്കാതെതന്നെ ഓരോ മലയാളിക്കും മനസിലാക്കാനുമായി. കേരളത്തില്‍ ചുവടുറപ്പിക്കാന്‍ ഇതുവരെ സാധിക്കാത്തതിന്റെ കാരണം കേരളീയരുടെ വിവേചനബുദ്ധിയാണെന്ന് ബിജെപിക്ക് മാത്രം ഇനിയും മനസിലാവുന്നുമില്ല.
കേരളത്തില്‍ ഭീകരവാദം വ്യാപകമാണെന്ന് പ്രചരിപ്പിക്കാന്‍ ചില മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ക്ക് കഴിയാതെവന്നപ്പോള്‍ ആ ദൗത്യം നേരിട്ട് ഏറ്റെടുത്താണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ജനരക്ഷാ യാത്രയുമായി ഇറങ്ങിയത്. ആദ്യലാപ്പില്‍ മെഡിക്കല്‍ കോഴയില്‍പ്പെട്ട് യാത്ര മുടങ്ങിയെങ്കിലും രണ്ടാം ലാപ്പില്‍ എന്തൊക്കെയോ നടക്കുമെന്ന പ്രചരണമുണ്ടായിരുന്നു. എന്നാല്‍ അത് നനഞ്ഞ പടക്കംപോലെയായി. നേതാക്കന്മാരുടെ തമ്മിലടികൊണ്ട് യാത്ര ഇങ്ങ് തിരുവനന്തപുരത്ത് എത്തുമോ എന്ന ഭയവും ബിജെപിക്കുണ്ട്.
ദേശീയ അധ്യക്ഷനെ ഇറക്കി ശ്രദ്ധപിടിക്കാനുള്ള തന്ത്രവും പാളി. പറഞ്ഞുപരത്തുന്ന ‘പഞ്ച്’ യാത്രയ്ക്ക് ലഭിക്കുന്നില്ലെന്ന് ഒറ്റദിവസം കൊണ്ടുതന്നെ പിടികിട്ടിയ അമിത് ഷാ മുങ്ങിയതാണെന്നാണ് സാമൂഹ്യമാധ്യമങ്ങളില്‍ ട്രോളുകള്‍ ഇറങ്ങുന്നത്. യാത്രയ്ക്ക് മാറ്റുകൂട്ടാന്‍ ഉത്തര്‍പ്രദേശില്‍ നിന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഇറക്കിയിട്ടും ഫലമുണ്ടായില്ലെന്നത് ബിജെപിക്കാര്‍ക്കിടയില്‍തന്നെ സംസാരവുമായി. ദേശീയ അധ്യക്ഷന് കിട്ടാത്ത പകിട്ട് മറ്റാര്‍ക്കും കിട്ടാന്‍ പോകുന്നില്ലെന്ന തിരിച്ചറിവ് ചില നേതാക്കന്മാര്‍ക്കെങ്കിലുമുണ്ട്. പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് വഴക്കാണ് ദേശീയ അധ്യക്ഷന്‍ തിരികെ പോകാന്‍ കാരണമെന്നത് പരസ്യമായ രഹസ്യമാണെന്ന് മനസിലാക്കാനാവാത്തത് നേതാക്കള്‍ക്ക് മാത്രമാണ്.
സാമുദായിക വിഭജനങ്ങളിലൂടെ ഘടകകക്ഷികളെ അടുപ്പിച്ചു നിര്‍ത്താമെന്ന അജന്‍ഡ നടക്കാതെപോയ അന്നുതൊട്ട് എന്‍ഡിഎയില്‍ അടിമുടി പാരവയ്പ്പാണ്. ബിഡിജെഎസ് ഇടഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ നേതൃത്വം പരസ്യമായ പോരിനുവരെ തയ്യാറായി. വഴക്ക് തീര്‍ക്കാനെത്തിയ അമിത് ഷാക്ക് അത് നടക്കില്ലെന്ന് ബോധ്യം വന്നപ്പോള്‍ മുങ്ങാതെ തരമില്ലെന്ന അവസ്ഥയിലുമായി.
ഇങ്ങനെയൊക്കെയാണെങ്കിലും കേരള ജനത കുറച്ച് അത്ഭുതത്തോടെയാണ് ബിജെപിയുടെ യാത്രയെ നോക്കിക്കാണുന്നത്. തെരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പ് അണികളെ സജ്ജരാക്കാന്‍ സംസ്ഥാന യാത്രകള്‍ നടത്തുന്നത് പതിവാണ്. എന്നാല്‍ വേങ്ങരയിലെ ഉപതെരഞ്ഞെടുപ്പൊഴിച്ചാല്‍ മറ്റൊരുതരത്തിലും കേരള രാഷ്ട്രീയത്തില്‍ ഇപ്പോള്‍ പ്രസക്തമായ സംഭവങ്ങളില്ല. വിജയിക്കില്ലെന്ന് ഉറപ്പുള്ള ഉപതെരഞ്ഞെടുപ്പിനായി പണം ഒഴുക്കിക്കളയാന്‍ മാത്രം ബുദ്ധിശൂന്യത ബിജെപിക്കുണ്ടെന്ന് കരുതാനുമാവില്ല.
അതിനാല്‍, ഈ യാത്രയ്ക്ക് പിന്നിലെ ബിജെപിയുടെ ഗൂഢലക്ഷ്യം കേരളത്തിന് ചീത്തപ്പേര് നല്‍കി അതിനെ വരുതിയിലാക്കാനുള്ള ശ്രമമാണ്. അതെല്ലാം ആദ്യദിവസങ്ങളില്‍ തന്നെ പൊളിഞ്ഞതോടെ നാണക്കേട് മറച്ചുവയ്ക്കാന്‍ പുതിയ മുദ്രാവാക്യങ്ങളും ബിജെപി ഉയര്‍ത്തുന്നുണ്ട്. മെഡിക്കല്‍ കോളജ് കുംഭകോണവും തുടര്‍ന്നുള്ള വിവാദങ്ങളും ബിജെപിക്ക് കനത്ത പ്രഹരമാണ് സമ്മാനിച്ചത്. ആ നാണക്കേടില്‍ നിന്ന് സംസ്ഥാന ബിജെപിയെ രക്ഷിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രം തയ്യാറാക്കിയ തിരക്കഥയാണ് ഈ യാത്ര. നേരിട്ട് ഇടപെടുന്നില്ലെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ അദൃശ്യകരങ്ങള്‍ കുമ്മനത്തിന് രക്ഷയ്‌ക്കെത്തുന്നുണ്ടത്രേ!
ജനരക്ഷായാത്ര ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ നിറഞ്ഞുനില്‍ക്കണമെന്ന ലക്ഷ്യത്തിലാണ് അത് ആരംഭിക്കുന്നതിന് ആഴ്ചകള്‍ക്ക് മുമ്പുതന്നെ കേരളം വാര്‍ത്തകളില്‍ നിറയ്ക്കാന്‍ ബിജെപി പദ്ധതിയിട്ടത്. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതും കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറുമായിരുന്നു ഈ ദൗത്യം ഏറ്റെടുത്തത്. ഇരുവര്‍ക്കും കേരളത്തിന്റെ മതേതര നിലപാട് ഒട്ടും വശമില്ലതാനും. കേരളത്തിലെ ന്യൂനപക്ഷങ്ങളെയാകെ ഭീകരവാദികളാക്കാന്‍ ഇവര്‍ ഏറ്റെടുത്ത ക്വട്ടേഷന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍തന്നെ നിര്‍വീര്യമാക്കിയിരുന്നു. ഇതോടെയാണ് ഗോരക്ഷകരുടെ യോഗി ആദിത്യനാഥ് രംഗത്തെത്തിയത്. എന്ത് ചെയ്യാം!
ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെപ്പോലെ റോഡിനിരുവശവും നിന്ന് ജാഥയ്ക്ക് സ്വീകരണമൊരുക്കാന്‍ ആര്‍എസ്എസുകാരനല്ലാത്ത ഒരു മലയാളിപോലും എത്തിയില്ല. ഇത് അനവസരത്തിലുള്ള യാത്രയാണെന്ന വാദം അത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുമ്പോള്‍തന്നെ ഉയര്‍ന്നുവന്നിരുന്നു. കുമ്മനത്തിന് പാര്‍ട്ടിയില്‍ കുറച്ചുകൂടി സ്വാധീനം ഉണ്ടാവുന്നത് തടയുന്നത് പരസ്പര വൈരികളായ ഗ്രൂപ്പ് നേതാക്കള്‍തന്നെയായിരുന്നു.
നിര്‍ഭാഗ്യത്തിന് യാത്ര ലീഡ് സ്റ്റോറിയാവുന്നതിനും ചില തടസങ്ങളുണ്ടായി. യാത്രയുടെ ഉദ്ഘാടനം നടക്കുന്ന വേളയിലാണ് നടിയെ ആക്രമിച്ച കേസില്‍ 85 ദിവസം ജയില്‍വാസത്തിലായിരുന്ന പ്രമുഖ നടന് ജാമ്യം ലഭിക്കുന്നത്. അതോടെ ക്യാമറക്കണ്ണുകളെല്ലാം അവിടേക്ക് തിരിഞ്ഞു. ഇതോടെ ബിജെപി ദേശീയ അധ്യക്ഷനും ജനരക്ഷായാത്രയ്ക്കും വേണ്ടത്ര മാധ്യമ പരിഗണന ലഭിക്കാതെപോയി. ജനരക്ഷായാത്രയില്‍ അന്യസംസ്ഥാനക്കാരുടെ ആധിക്യവും കേരളീയരില്‍ ചിരിപടര്‍ത്തി. അന്യദേശക്കാര്‍ സിപിഎമ്മിന് ജയ് വിളിക്കുകയും ചെയ്തു.
യാത്ര മുഖ്യമന്ത്രിയുടെ ജന്മദേശമായ പിണറായിയില്‍ എത്തുമ്പോള്‍ ദേശീയാധ്യക്ഷന്‍ അമിത് ഷാ കാല്‍നടയായി സഞ്ചരിച്ച് സംസാരിക്കുമെന്ന് ബിജെപി നേതാക്കള്‍ വീമ്പടിച്ചിരുന്നു. ഇതിനായി വന്‍ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കി. എന്നാല്‍ യാത്ര പിണറായിയില്‍ എത്തും മുമ്പേ അമിത് ഷാ മുങ്ങി. അഴിമതി വിവാദത്തില്‍ കുടുങ്ങിയ സ്വന്തം മകനെ രക്ഷിക്കാന്‍ കവചമൊരുക്കാനായിരുന്നു ഈ മുങ്ങല്‍ എന്നാണ് വാര്‍ത്തകള്‍. ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ മോശം പ്രകടനവും ഗ്രൂപ്പുപോരും പരാതിപ്രളയവും കണ്ടിട്ടാണ് ദേശീയ അധ്യക്ഷന്‍ സ്ഥലം വിട്ടതെന്ന ആരോപണം ഒട്ടും അസംഗതമായിരുന്നില്ല. ഇനി സമാപന ദിവസം തിരുവനന്തപുരത്തായിരിക്കും അമിത് ഷാ എത്തുക. കാത്തിരുന്ന് കാണാം.
‘ജിഹാദ് — ചുവപ്പ് ഭീകരതയ്‌ക്കെതിരെ’ എന്ന പൊതു മുദ്രാവാക്യത്തിനൊപ്പം ‘എല്ലാവര്‍ക്കും ജീവിക്കണം’ എന്ന മുദ്രാവാക്യവും ജനരക്ഷാ യാത്രയില്‍ മുഴക്കുന്നുണ്ട്. സ്വന്തം ഇഷ്ടത്തിനനുസരിച്ച് എഴുതാത്തവരെ, അഭിപ്രായം പറയാത്തവരെ തോക്കിനിരയാക്കുന്നവരാണ് എല്ലാവര്‍ക്കും ജിവീക്കണമെന്ന മുദ്രാവാക്യം വിളിക്കുന്നത്.
യാത്രയ്ക്ക് വേണ്ടിയുള്ള പ്രമേയം തിരഞ്ഞെടുക്കുന്നിടത്തുതന്നെ യാത്രയുടെ പരാജയവും ആരംഭിച്ചു. ജിഹാദി — മാര്‍ക്‌സിസ്റ്റ് ഭീകരത എന്നത് ഉത്തരേന്ത്യന്‍ മാധ്യമങ്ങളെ ആകര്‍ഷിക്കാന്‍ പറ്റുന്നതുതന്നെയാണ്. പക്ഷേ, അത് സൗഹാര്‍ദ്ദത്തോടെ ജീവിക്കുന്ന മലയാളികള്‍ക്കിടയില്‍ ചെലവാകില്ല.
ബിജെപി ജാഥ പരാജയപ്പെടാനുള്ള രണ്ടാമത്തെ കാരണം, അവരുടെ പ്രചാരണങ്ങള്‍ പ്രകടമായും മലയാളിയുടെ ദേശീയ ബോധത്തെയും അഭിമാനത്തെയും മുറിപ്പെടുത്തുന്നതായിരുന്നു എന്നതാണ്. മനുഷ്യ വികസനവുമായി ബന്ധപ്പെട്ട വിവിധ സൂചികകള്‍ പരിശോധിച്ചാല്‍ വികസിതരാജ്യങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതും ദേശീയ ശരാശരിയേക്കാള്‍ എത്രയോ മുകളില്‍ നില്‍ക്കുന്നതുമാണ് കേരളത്തിന്റെ പല നേട്ടങ്ങളും.
വികസന, രാഷ്ട്രീയ പ്രശ്‌നങ്ങളില്‍ ഗൗരവത്തില്‍ ഇടപെട്ടും ജനകീയ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയുമാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി അവരുടെ ഇടം കണ്ടെത്തേണ്ടതും വികസിപ്പിക്കേണ്ടതും. എന്നാല്‍, അങ്ങേയറ്റം ഉത്തരവാദിത്തരഹിതമായി വിഭാഗീയ മുദ്രാവാക്യങ്ങളുയര്‍ത്തി ലാഭം നേടാനാണ് ബിജെപി ശ്രമിക്കുന്നത്. ആ കുടില ലക്ഷ്യത്തെയാണ് മലയാളി കക്ഷിഭേദമന്യേ ഒറ്റക്കെട്ടായിനിന്ന് പരാജയപ്പെടുത്തേണ്ടത്. വിഭാഗീയ അജന്‍ഡകള്‍ കേരളത്തില്‍ വിജയിക്കില്ലെന്ന് ഇനിയെങ്കിലും ബിജെപി മനസിലാക്കുക.