Web Desk

തിരുവനന്തപുരം

July 08, 2021, 9:49 pm

കളിക്കളങ്ങള്‍ പുനരുജ്ജീവിപ്പിക്കും: മന്ത്രി വി അബ്ദുറഹ്‌മാൻ

Janayugom Online

കേരളത്തിന്റെ കായിക മേഖലയ്ക്ക് കരുത്താകാന്‍ സ്പോർട്സ് കേരള ലിമിറ്റഡ് അടുത്ത മാസം പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വി അബ്ദുറഹ്‌മാൻ. കായിക വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ ചെയർമാൻ കായിക മന്ത്രിയായിരിക്കും. സ്പോർട്സ് ഡയറക്ടറാണ് എംഡി. അടുത്ത മാസം ആദ്യ ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ് ചേരുമെന്നും മന്ത്രി അറിയിച്ചു. പത്രപ്രവർത്തക യൂണിയൻ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കായിക മത്സരങ്ങളുടെ സംഘാടനം, ഏകോപനം, സ്റ്റേഡിയങ്ങളുടെ പരിപാലനം, അറ്റകുറ്റ പ്രവൃത്തികൾ തുടങ്ങിയ ചുമതലകൾ സ്പോർട്സ് കേരള ലിമിറ്റഡ് വഹിക്കും. നിര്‍ജീവാവസ്ഥയിലുള്ള കളിക്കങ്ങള്‍ പുനരുജ്ജീവിപ്പിക്കുന്നതിന് തന്നെയാണ് മുന്തിയ പരിഗണനയെന്നും മന്ത്രി വ്യക്തമാക്കി.

കായിക താരങ്ങള്‍ക്കുള്ള സ്പോർട്സ് സർട്ടിഫിക്കറ്റുകള്‍ ഇനി ഓൺലൈനിലൂടെ മാത്രമേ ലഭ്യമാകൂ. കായിക താരങ്ങളായ വിദ്യാർത്ഥികളുടെ ഗ്രേസ് മാർക്ക് വിഷയം വിദ്യാഭ്യാസ വകുപ്പുമായി ചർച്ച ചെയ്തു. രണ്ട് ദിവസത്തിനകം തീരുമാനമുണ്ടാകും. തിരുവനന്തപുരത്ത് നിർമ്മിക്കുന്ന കായികഭവന്റെ ടെൻഡർ ഉടൻ വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

കായിക മേഖലയെ ജനകീയവല്‍ക്കരിക്കും

കായിക മേഖലയെ ജനകീയവല്‍ക്കരിക്കുകയാണ് വകുപ്പിന്റെ നയമെന്ന് മന്ത്രി. പ്രായഭേദമന്യേ എല്ലാവരിലും കായികമായ അവബോധം കൊണ്ടുവരണമെന്നതാണ് പുതിയ കായിക നയത്തിന്റെ ഉള്ളടക്കം.സമഗ്രമായ കായിക നയം ജനുവരിയിൽ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.

മെഡലിനും ഗ്രേസ് മാര്‍ക്കിനുമപ്പുറം കായികരംഗത്ത് പുതിയ കാഴ്ചപ്പാടിന് രൂപം നല്‍കാനാണ് ഉദ്ദേശിക്കുന്നത്. നയത്തിന്റെ ഭാഗമായ കരട് ജില്ലാ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് കൂടുതല്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമാക്കും. പ്രാദേശിക കളിക്കളങ്ങള്‍ സജീവമാക്കും. ഒരു പഞ്ചായത്തില്‍ ഒരു കളിക്കളമെങ്കിലും തയ്യാറാക്കും. കളിക്കളങ്ങള്‍ സജീവമാകുന്നതിനൊപ്പം കായിക താരങ്ങളെയും വളര്‍ത്തിയെടുക്കും. രണ്ട് വര്‍ഷത്തിനകം കായികമേഖലയില്‍ തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അടിസ്ഥാനപരമായ കായിക വിദ്യാഭ്യാസം കരിക്കുലത്തിന്റെ ഭാഗമാക്കും. വാട്ടര്‍ സ്പോര്‍ട്സിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

Eng­lish sum­ma­ry: V abdu­rah­man meet the press
You may also like this video: