ജയൻ മഠത്തിൽ

October 10, 2021, 5:12 am

പാടാനിവിടെ കരുതിയ ഗാനം…

Janayugom Online

ലയാള കവിതയുടെ പുണ്യമായിരുന്നു കഴിഞ്ഞ ബുധനാഴ്ച അന്തരിച്ച വികെഎസ് എന്ന വി കെ ശശിധരൻ. കവിത അറിഞ്ഞവരുടേയും, അറിയാൻ ശ്രമിക്കുന്നവരുടെയും, ഇനി അറിയാത്തവരുടെയും ഇടയിലേക്കാണ് വികെഎസ് ശുദ്ധസംഗീതവുമായി ഇറങ്ങി നടന്നത്. പ്രശസ്തരും അപ്രശസ്തരുമായ നൂറുകണക്കിന് കവികളുടെ കവിത വികെഎസ് പാടി അവതരിപ്പിച്ചിട്ടുണ്ട്. ആലാപനത്തിന്റെ മധുരിമ കൊണ്ട് ചില കവികളുടെ ജാതകം തിരുത്തിക്കുറിക്കാനും വികെഎസിന് കഴിഞ്ഞു. എൺപതുകളിലാണ് വികെഎസിനെ ആദ്യമായി കാണുന്നത്. കേരളത്തിന്റെ സാംസ്കാരിക രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കിയ സാക്ഷരതാ യജ്ഞം നടക്കുന്ന കാലം. കലാജാഥ ടീമംഗങ്ങൾക്ക് ക്ലാസെടുക്കാനായി അന്ന് വികെഎസ് ഞങ്ങളുടെ ക്യാമ്പ് നടക്കുന്ന ചിറ്റൂർ ഗവ. എൽപിഎസിലെത്തി. മുഴക്കമുള്ള ശബ്ദത്തിൽ വികെഎസ് പാടി:

“എന്തിന്നധീരത

ഇപ്പോൾ തുടങ്ങണം

എല്ലാം നമ്മൾ പഠിക്കേണം

തയ്യാറാകണം ഇപ്പോൾ തന്നെ

ആജ്ഞാശക്തിയായി മാറീടാൻ… ”

വികെഎസ് അന്ന് പഠിപ്പിച്ച ബ്രഹ്ത്തിന്റെ വരികൾ ഇന്നും ഞങ്ങൾക്ക് മനഃപാഠം. സാക്ഷരതായജ്ഞത്തിലെ കലാ സംഘത്തിന്റെ കരുത്തായിരുന്നു ആജ്ഞാശക്തിയുള്ള വികെഎസിന്റെ ശബ്ദം. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന കലാപ്രവർത്തനങ്ങളാണ് സാക്ഷരായജ്ഞം വിജയിക്കാൻ ഒരു കാരണം.

കാലം തൊണ്ണൂറുകളുടെ തുടക്കം. കൊല്ലം എസ്എൻ കോളജിന്റെ സെമിനാർ ഹാൾ. കോളജ് യൂണിയൻ സംഘടിപ്പിച്ച ‘കാവ്യാഞ്ജലി’ എന്ന പരിപാടി നടക്കുന്നു. ഹാൾ നിറഞ്ഞു. ജൂബയും പാന്റ്സും കണ്ണടയും ധരിച്ച ഒരു മധ്യവയസ്ക്കൻ ഡയസിലേക്ക് കടന്നു വന്നു. ഹാൾ നിശബ്ദമായി. അദ്ദേഹം സദസിനെ നോക്കി ഒന്നു പുഞ്ചിരിച്ചു. പിന്നെ ഗൗരവത്തോടെ മിസ്റ്റിക് കവി രവീന്ദ്രനാഥ ടാഗോറിനെപ്പറ്റി സംസാരിച്ചു തുടങ്ങി. തുടർന്ന് കണ്ണടച്ചു, ശ്രുതി മീട്ടി, പതുക്കെ പാടിത്തുടങ്ങി:

“പൂർണമായീലെങ്കിലുമീ ജീവിതത്തിന്റെ

ആ പൂജയെല്ലാം വ്യർഥമായീ -

ലെന്നറിവൂ ഞാൻ, എന്നിറവൂ ഞാൻ

പൂ വിരിയും മുമ്പുതന്നെ

പൂഴിയിൽ വീണാകിലും

പുഴകൾ, മരുവിൽ, പൂക്കൊഴുക്കു-

വറ്റി മാഞ്ഞാലും

അവ മുഴുവൻ നഷ്ടമായീ -

ലെന്നറിവൂ ഞാൻ, എന്നറിവു ഞാൻ

ജീവിതത്തിൻ പിന്നിലിട്ടു

പോന്നതൊന്നുമൊന്നുമേ

ഹാ! വിഫലമായിപ്പോയീ -

ലെന്നറിവൂ ഞാൻ, എന്നറിവൂ ഞാൻ

നിൻ വിപഞ്ചി തന്ത്രികകളിൽ

മീട്ടുകയാണൊക്കെയും… ”

പിന്നെ ഒന്നര മണിക്കൂർ ടാഗോറിന്റെ എക്കാലത്തേയും മികച്ച കവിത ‘ഗീതാഞ്ജലി‘യുടെ അപാരതയിലൂടെയുള്ള യാത്രയിലായിരുന്നു. ടാഗോറിന്റെ കൃതിയിൽ ഒളിപ്പിച്ചു വച്ച മിസ്റ്റിക് റോസിന്റെ ഇതളുകൾ ഓരോന്നോരോന്നായി വ്യക്തവും ശുദ്ധവുമായ ആ ഗാനാലാപത്തിൽ ഇതളുകൾ വിടർത്തി. ഒരാൾ പോലും ശബ്ദിക്കുന്നുണ്ടായിരുന്നില്ല. ഒരുതരം ഹിപ്നോട്ടിക് നിദ്രയിൽ അകപ്പെട്ട പോലെ… ഗാനാലാപനം അവസാനിച്ചപ്പോൾ ടാഗോറിന്റെ മിസ്റ്റിക് അനുഭൂതി നിറച്ചുവച്ച വികെഎസിന്റെ ഹൃദയത്തിൽ ഞാൻ ചുംബിച്ചു. അടുത്ത ദിവസം തന്നെ ചിന്നക്കടയിലെ ഹൗസ് ഓഫ് മ്യൂസിക്കിൽ പോയി വികെഎസ് പാടിയ ഗീതാഞ്ജലിയുടെയും പൂതപ്പാട്ടിന്റെയും കാസറ്റുവാങ്ങി. പിന്നീടുള്ള എന്റെ പ്രഭാതങ്ങൾ ആരംഭിച്ചത് വികെഎസിനോടൊപ്പമായിരുന്നു.

അറുപതുകളുടെ തുടക്കത്തിൽ രൂപീകൃതമായ കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തുടക്കം മുതലുള്ള സഹയാത്രികനായിരുന്നു വികെഎസ്. പരിഷത്തിന്റെ പ്രചരണ ഗാനങ്ങളുടെ ജീവനാഡിയായിരുന്നു അദ്ദേഹം. കാലം കാത്തു വച്ചൊരു കരുതലും കരുത്തും ആ ശബ്ദത്തിനുണ്ടായിരുന്നു. ശുദ്ധ മലയാള ഭാഷയിൽ മലയാളി ഉള്ളിടത്തെല്ലാം പാടി നടന്ന് ഹൃദയത്തിൽ പതിപ്പിച്ച എത്രയെത്ര കവിതകൾ… എത്രയെത്ര ഭാവഗീതങ്ങൾ…

‘തടവറയ്ക്കുള്ളിൽ തുടയെല്ലു പൊട്ടിത്തകരുന്ന നേരമെന്നച്ഛൻ.. . ’ എന്ന വരികളുടെ ആലാപനശൈലി എത്ര ദൂരത്തു നിന്ന് ഒഴുകിയെത്തിയാലും മലയാളി തിരിച്ചറിയും. വികെഎസ് പാടുമ്പോൾ വരികൾ കേവലാർഥത്തിൽ നിന്ന് വഴുതി മാറി വൈകാരിക ഭാവങ്ങളുടെ തീക്ഷ്ണാനുഭവമായി മാറുന്നു. മുതിർന്നവരേയും കുട്ടികളേയും ഒരു പോലെ ആകർഷിക്കുന്നതായിരുന്നു വികെഎസിന്റെ ഗാനാലാപനം.

“അമ്മയും നന്മയും ഒന്നാണ്

ഞങ്ങളും നിങ്ങളും ഒന്നാണ്

അറ്റമില്ലാത്തതാം ജീവിതത്തിൽ

ഞങ്ങളൊറ്റയല്ലൊറ്റയല്ലൊറ്റയല്ല… ”

മുല്ലനേഴിയുടെ വരികൾ വികെഎസിന്റെ ശബ്ദത്തിൽ ശ്രോതാക്കളുടെ മനസ്സിലേക്ക് ചാറ്റൽ മഴയായി പെയ്തിറങ്ങുകയാണ്…

മലയാളിയുടെ കാവ്യബോധത്തിൽ വലിയ ചലനം ഉണ്ടാക്കിയ കവിതയാണ് ഇടശ്ശേരിയുടെ ‘പൂതപ്പാട്ട്. ’ പൂതപ്പാട്ട് മലയാളി ഹൃദയത്തിലേറ്റുവാങ്ങി താലോലിക്കാൻ തുടങ്ങിയത് വികെഎസ് കേരളത്തിലങ്ങോളമിങ്ങോളം പാടിപ്പതിപ്പിച്ച ശേഷമാണ്. പൂതപ്പാട്ടിലെ നാടകീയതയും കവിതയും അല്പം, പോലും ചോർന്നു പോകാതെയാണ് വികെഎസ് നമുക്ക് പകർന്നു തന്നത്. നാലും കൂട്ടിമുറുക്കിയ പൂതം പാറ്റിത്തുപ്പിയതുകൊണ്ടാണ് ഈ തെച്ചിപ്പൂവൊക്കെ ഇങ്ങനെ ചോക്കണത് എന്ന് എന്ന് പറഞ്ഞു നിറുത്തി വികെഎസ് കണ്ണുകൾ ഇറുക്കിയടക്കുമ്പോൾ ശ്രോതാക്കളുടെ മുന്നിൽ ചുവന്ന തെച്ചപ്പൂക്കൾ വിടരുകയായി. വാക്കുളിൽ സംഗീതം ഇടകലർത്തിയുള്ള കലാമാജിക് കാട്ടുകയായിരുന്നു വികെഎസ്. മലയാളി മലയാളം മറന്നു തുടങ്ങിയപ്പോഴാണ് മാതൃഭാഷയുടെ മധുരം വിളമ്പുന്ന ‘മധുരം മലയാളം’ എന്ന ഗാന സമാഹാരവുമായി വികെഎസ് രംഗത്തെത്തിയത്. വാക്കുകക്കും സംഗീതത്തിനും പ്രതിരോധത്തിന്റെ വലിയ കോട്ടകൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. മലയാളികൾ ‘മധുരം മലയാള’ത്തെ ഹൃദയത്തിലേറ്റുവാങ്ങി.

സ്വസ്ഥമായി കിടന്നുറങ്ങാനുള്ളതല്ല സംഗീതമെന്നും, ഉറങ്ങന്നവരെയും ഉറക്കം നടിക്കുന്നവരേയും ഉണർത്തുവാനുള്ളതാണെന്നും, ഉണർന്നിരിക്കുന്നവരുടെ സ്വപ്നം മാത്രമേ സാക്ഷാൽക്കരിക്കപ്പെടുകയുള്ളൂവെന്നും വി കെ എസിന് അറിയാമായിരുന്നു. വിപ്ലവഗാനങ്ങൾ ഉണർത്തുപാട്ടുകളാവണമെന്നും അത് മതനിരപേക്ഷതയിലും വിശ്വമാനവികതയിലും അടിയുറച്ച താകണമെന്നുമുള്ള വിശ്വാസത്തിൽ നിന്നാണ് വികെഎസ് ‘ബോൾഷെവിക് ’ എന്ന ഗായകസംഘത്തിന് രൂപം നൽകിയത്. വികെഎസിന്റെ നേതൃത്വത്തിലുള്ള ഈ പാണർകുലം കേരളത്തിന്റെ സാമൂഹിക‑സാംസ്കാരിക രംഗത്തെ ചലനാത്മകമാക്കുകയായിരുന്നു. നിസ്വാർഥ സേവനമായിരുന്നു അദ്ദേഹത്തിന്റെ പ്രവൃത്തിപഥം. വിവാദങ്ങളിൽ നിന്നും പാദസേവയിൽ നിന്നും അദ്ദേഹം ഒഴിഞ്ഞു നിന്നു. ”ദയവു ചെയ്ത് നിങ്ങൾ എന്നെക്കുറിച്ച് പറയാതിരിക്കൂ, എന്റെ പാട്ടുകളെപ്പറ്റി പറയൂ… ” എന്ന് എളിമയോടെ വികെഎസ് പറയുമായിരുന്നു. മുൻനിര കസേരയിൽ ഇടം പിടിക്കാൻ ശ്രമിക്കാത്ത, സ്വയം പരസ്യപ്പെടുത്താത്ത വി കെ എസിനെ തേടി ഒരിക്കൽ സംഗീത നാടക അക്കാഡമിയുടെ അവാർഡെത്തി. എന്നാൽ അവാർഡ് പ്രഖ്യാപിക്കും മുൻപേ എളിമയോടെ അദ്ദേഹം അത് നിരസിച്ചു. എല്ലാ അവാർഡുകൾക്കും അപ്പുറമാണ് ജനകീയത എന്ന് വികെഎസിന് അറിയാമായിരുന്നു. വികെഎസിന്റെ മന്ത്രമധുരമായ ശബ്ദം മുഴങ്ങുന്നു:

“വരൂ… വരൂ നവനവാകാരമാർന്നു

നീ എന്റെ ജീവനിൽ

വരൂ… ഗന്ധത്തിൽ, വർണത്തിൽ

നാനാഗാന സ്വരങ്ങളിൽ… ”