കേന്ദ്രമന്ത്രി മുരളീധരന്‍ ഒമാനിലെ എട്ടുകാലി മമ്മൂഞ്ഞ്!

കെ രംഗനാഥ്
Posted on December 05, 2019, 3:50 pm

മസ്കറ്റ്: ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 26 ഇന്ത്യക്കാര്‍ക്ക് ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സയിദ് പൊതുമാപ്പ് നല്‍കി ജയിലില്‍ നിന്ന് മോചിപ്പിച്ചത് തന്റെ ഇടപെടല്‍മൂലമാണെന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്റെ അവകാശവാദം ഈ ഗള്‍ഫ് രാജ്യത്തെ ലക്ഷക്കണക്കിന് മലയാളികളടക്കമുള്ള ഇന്ത്യന്‍ പ്രവാസികളുടെ നാണം കെടുത്തുന്നു.
മലപ്പുറം സ്വദേശി രമേശന്‍ കിനാത്തെരി പറമ്പില്‍, വടക്കാഞ്ചേരി സ്വദേശി പ്രേംനാഥ് പ്രിതേഷ് കറുപ്പത്ത്, കൊല്ലം പുനലൂര്‍ സ്വദേശി ഷിജു ഭുവനചന്ദ്രന്‍ എന്നിവരടക്കം 26 ഇന്ത്യക്കാരെയാണ് ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഭരണാധികാരി വിട്ടയച്ചത്. ഗള്‍ഫ് രാഷ്ട്രങ്ങളെല്ലാം ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി തടവുപുള്ളികളെ മോചിപ്പിക്കാറുണ്ട്. യുഎഇയില്‍ ഇതനുസരിച്ച് കഴിഞ്ഞ ദിവസം എണ്ണൂറോളം പേരെയാണ് ജയില്‍ വിമോചിതരാക്കിയത്. ഇവരില്‍ നൂറില്‍പരം പേര്‍ ഇന്ത്യക്കാരാണ്. അവരില്‍ നാല്‍പതോളം മലയാളികളുമുണ്ടായിരുന്നു. ഒമാനില്‍ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് 10 വര്‍ഷത്തെ തടവിനു ശിക്ഷിക്കപ്പെട്ട ഷിജു ഭുവനചന്ദന്‍ 9 വര്‍ഷത്തെ തടവു പൂര്‍ത്തിയാക്കിയ ശേഷമാണ് മോചിതനാകുന്നത്. രമേശനും പ്രേംനാഥും ഓരോ വര്‍ഷത്തെ തടവുശിക്ഷ അനുഭവിച്ചുവരികെയാണ് മോചനം.
രണ്ടു പെരുന്നാളുകള്‍, നവോത്ഥാനദിനം, ദേശീയ ദിനം എന്നിവ പ്രമാണിച്ചാണ് ഒമാനില്‍ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കുന്നത്. ഇത്തവണ 142 വിദേശികള്‍ ഉള്‍പ്പെടെ 332 തടവുകാരെയാണ് ദേശീയദിനം പ്രമാണിച്ചു വിട്ടയയ്‌ക്കാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസിന്റെ ഉത്തരവ്. രാജകല്‍പ്പന പുറത്തിറങ്ങി തടവുകാര്‍ നാട്ടിലേയ്ക്ക് തിരിച്ചുതുടങ്ങിയതോടെയാണ് ഇന്ത്യക്കാരുടെ മോചനം താനാണ് സാധ്യമാക്കിയതെന്ന അവകാശവാദവുമായി കേന്ദ്രമന്ത്രി മുരളീധരന്റെ ട്വീറ്റ്. മലയാളികളടക്കമുള്ള ഒമാന്‍ പ്രവാസികള്‍ക്ക് മുന്നില്‍ ഈ അവകാശവാദത്തിലൂടെ മലയാളി കൂടിയായ മുരളീധരന്‍ അപഹാസ്യനാവുകയാണെന്ന് പ്രവാസികളുടെ സമൂഹമാധ്യമങ്ങളിലൂടെയുള്ള ട്രോള്‍ പെരുമഴയില്‍ കളിയാക്കുന്നു. വെെക്കം മുഹമ്മദ് ബഷീറിന്റെ പ്രശസ്ത കഥാപാത്രമായ ‘എട്ടുകാലി മമ്മൂഞ്ഞ്’ കേന്ദ്രമന്ത്രി മുരളീധരനിലൂടെ ഒമാനില്‍ പുനര്‍ജനിച്ചിരിക്കുന്നതെന്നാണ് ഒരു പരിഹാസം. പൊതുമാപ്പ് നല്‍കി ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു മോചനമെന്ന മുരളീധരന്റെ അവകാശവാദത്തെ ഗള്‍ഫില്‍ പൊതുമാപ്പ് സമ്പ്രദായം കണ്ടുപിടിച്ചതു താനാണെന്ന് അദ്ദേഹം അവകാശപ്പെട്ടു കളയരുതെന്ന് മറ്റൊരു പ്രവാസി കളിയാക്കുന്നു.