സമരത്തീച്ചൂളയിൽ വാർത്തെടുത്ത ജീവിതം, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച തൊഴിലാളി വര്‍ഗ്ഗത്തിന്റെ പുത്രന്‍ വി എസ് അച്യുതാനന്ദന്‍ നൂറിന്റെ നിറവിലേക്ക്. 99 -ാ മത് ജന്മദിനം പ്രമാണിച്ച് പ്രത്യേകം ആഘോഷങ്ങളില്ല. വിപ്ലവത്തിന്റെ വിളനിലമായ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കില്‍ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20‑നാണ് ജനനം. വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ അറിയപ്പെടുന്നത് ‘വിഎസ്’ എന്ന രണ്ട് അക്ഷരത്തിലാണ്. അധികാരമില്ലായെങ്കിലും ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളിൽ വിഎസിന്റെ നിലപാടിനായ് കേരളീയ സമൂഹം കാതോർക്കുന്നതും അദ്ദേഹത്തിന്റെ ജനകീയതയുടെ തെളിവാണ്. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയര്‍ ഫാക്ടറിയിലും ജോലി ചെയ്തു.
നിവര്‍ത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938ല്‍ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയന്‍ പ്രവർത്തനങ്ങളിലും സജീവമായി. 1940‑ൽ കമ്മ്യൂണിസറ്റ് പാര്‍ട്ടി മെമ്പറായി. അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് പി കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്നും അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കാണ്. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിലായി. ക്രൂരമായ മര്‍ദ്ദനമാണ് ജയിലില്‍ വിഎസിന് നേരെ പൊലീസ് അഴിച്ചുവിട്ടത്. ജയിലഴിക്കുളളില്‍ കാലുകള്‍ പുറത്തേക്ക് വലിച്ച് ലാത്തികൊണ്ട് കെട്ടി തല്ലി ചതച്ചു. ബോധം നശിച്ച വിഎസിന്റെ കാലില്‍ തോക്കിന്റെ ബയണറ്റ് കുത്തിയിറക്കി. പാദം തുളച്ച് കയറി മറുവശത്ത് എത്തിയ പാടുകള്‍ ഇന്നും ആ കാലുകളിലുണ്ട്. തുടര്‍ന്ന് പനി പിടിച്ച് പൂര്‍ണമായും ബോധം നശിച്ച വിഎസ് മരിച്ചുവെന്ന് കരുതി പൊലീസ് ഉപേക്ഷിക്കുകയായിരുന്നു.
1952‑ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959‑ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964‑ൽ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നതോടെ സിപിഐ(എം). കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സിപിഎം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964‑ലെ സിപിഐ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് 1980 മുതൽ 1991 വരെ മൂന്നു തവണ സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. 2016‑ലെ തിരഞ്ഞെടുപ്പിലടക്കം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992–1996, 2001–2006, 2011–2016 എന്നീ നിയമസഭകളിൽ പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു.
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ നിയമസഭക്ക് അകത്തും പുറത്തും മികച്ച പ്രകടനം കാഴ്ചവച്ച അച്യുതാനന്ദൻ ഒട്ടേറെ സമരങ്ങൾക്കും പ്രക്ഷോഭങ്ങൾക്കും നേതൃത്വം നൽകി. വനം കയ്യേറ്റം, മണൽ മാഫിയ, അഴിമതി എന്നിവയ്ക്കെതിരെ ശക്തമായ നിലപാടുകൾ എടുത്തത് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റി. ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്. 2006 മെയ് 18‑ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് തുടക്കമിട്ടു. അഴിമതിക്കാരെയും കുറ്റവാളികളെയും തിരഞ്ഞ് പിടിച്ച് നിയമത്തിന് മുന്നിലെത്തിക്കാൻ നടത്തിയ പോരാട്ടങ്ങൾ കേരളത്തിന് പുറത്തും വിഎസിന് പ്രശസ്തി നേടിക്കൊടുത്തു.ജന്മിമാര്‍ക്ക് എതിരെ കർഷക കുടിയാന്മാരും 1946 ‑ൽ സിപിഐയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത ജീവിച്ചിരിക്കുന്നവരിൽ പ്രധാനിയാണ് വി.എസ്.
രാജവാഴ്ചക്കും ദിവാൻ ഭരണത്തിനുമെതിരെ നടന്ന പുന്നപ്രയിലേയും-വയലാറിലേയും തൊഴിലാളിവർഗ്ഗ സമരങ്ങളും അതിനെ നേരിട്ട പട്ടാള വെടിവയ്പ്പും രക്തരൂഷിതമായ ചരിത്രത്തിന്റെ ഭാഗമാണ്. കമ്മ്യൂണിസറ്റ് പാര്‍ട്ടി ചരിത്രത്തിന്റെ ഭാഗമായ അതിനിർണായകമായ ഈ സമരത്തിൽ പ്രധാനികളിലൊരാളാണ് വി. എസ്. പാർട്ടി നിർദ്ദേശ പ്രകാരം കോട്ടയത്തും, പൂഞ്ഞാറിലും ഒളിവിൽ കഴിഞ്ഞശേഷം ആലപ്പുഴയില്‍ എത്തിയ വി.എസിനെ സായുധപരിശീലനം ലഭിച്ച സമരസഖാക്കൾക്ക് രാഷ്ട്രീയബോധം കൂടി നൽകുന്നതിന് പാർട്ടി ചുമതലപ്പെടുത്തുകയായിരുന്നു. പുന്നപ്രയിൽ നിരവധി ക്യാമ്പുകൾക്ക് വി.എസ് അക്കാലത്ത് നേതൃത്വം നൽകി. ഒരു വളണ്ടിയർ ക്യാമ്പിൽ 300 മുതൽ 400 വരെ പ്രവർത്തകരാണ് ഉണ്ടായിരുന്നത്. അത്തരത്തിൽ മൂന്ന് ക്യാമ്പുകളുടെ ചുമതലയാണ് വി.എസിന് ഉണ്ടായിരുന്നത്. . കമ്മ്യൂണിസ്റ്റ് പാർട്ടി അംഗത്വമെന്നത് അത്ര സുരക്ഷിതമല്ലാതിരുന്ന അക്കാലത്ത് കൊടിയ മർദ്ദനങ്ങളും ജയിൽ ശിക്ഷയും അനുഭവിച്ചു. 1957ല്‍ കേരളത്തിൽ പാർട്ടി അധികാരത്തിലെത്തുമ്പോൾ സംസ്ഥാന സമിതിയിൽ അംഗമായിരുന്നു.
പൊതുസമൂഹത്തിൽ വലിയ തോതിൽ സ്വീകാര്യതയുള്ള നേതാവാണ് വി. എസ്. പ്രസംഗിക്കുന്നതിന് നീട്ടിയും കുറുക്കിയുമുള്ള ഒരു ശൈലി അദ്ദേഹത്തിനുണ്ട്. അനാഥത്ത്വത്തിൻ്റെ നൊമ്പരവും ദാരിദ്ര്യത്തിൻ്റെ കയ്പും നിറഞ്ഞ ബാല്യം. പോരാട്ടത്തിൻ്റെ വീര്യം തുളുമ്പിയ യുവത്വം. അനാദൃശ്യമായ ആത്മ സമർപ്പണം. യാതനാപൂർണ ങ്ങളായ അനുഭവങ്ങളിൽ നിന്ന് സ്ഫുടം ചെയ്തെടുത്ത ജീവിതമായതിനാലായിരിക്കാം വി.എസ്.അച്യുതാനന്ദന് പരുക്കനും, കടുംപിടുത്തക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമെന്ന പ്രകൃതം ഉണ്ടായത്.
2016ലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്‍റെ കാലത്ത് ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായി വി എസ് സേവനം അനുഷ്ഠിച്ചിരുന്നു. പൊതുരംഗത്ത് പഴയതുപോലെ സജീവമല്ലെങ്കിലും വി എസ് എന്ന രണ്ടക്ഷരം ജനമനസ്സുകളിൽ ഇന്നും മിന്നിത്തിളങ്ങുകയാണ്, സുവര്‍ണശോഭയോടെ…
English Summary : V S Achuthanandan’s birthday
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.