Thursday
22 Aug 2019

കൃഷിമന്ത്രിയുടെ ഇടപെടല്‍ ഫലം കാണുന്നു; താഴ്ന്ന സ്ഥലങ്ങളിലെ വെള്ളം ഇറങ്ങി തുടങ്ങി

By: Web Desk | Tuesday 13 August 2019 5:59 PM IST


തൃശൂര്‍ കോള്‍ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ നേതൃത്വം നല്‍കുന്നു

വെങ്കിടങ്ങ്: ഏനാമ്മാവ്, ഇടിയഞ്ചിറ റഗുലേറ്ററുകള്‍ക്ക് മുന്നിലുള്ള താല്‍ക്കാലിക വളയം കെട്ട് പൊളിച്ച് മാറ്റി കോള്‍ മേഖലയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്ന പ്രവര്‍ത്തനം ഏകോപിക്കാന്‍ കൃഷി മന്ത്രി വി എസ് സുനില്‍കുമാറും മുരളി പെരുനെല്ലി എംഎല്‍എയും രണ്ട് ദിവസമായി നടത്തുന്ന തീവ്രശ്രമം ഫലം കണ്ടു.

നൂറ് കണക്കിന് വീടുകളില്‍ കയറിയ വെള്ളം ഒഴിഞ്ഞു തുടങ്ങി. രണ്ട് റഗുലേറിലേയും ഷട്ടര്‍ ഉയര്‍ത്തി. വളയം കെട്ടുകള്‍ പൊളിച്ചുമാറ്റി തുടങ്ങി. ശക്തമായ നീരൊഴുക്കായതിനാല്‍ തൊഴിലാളികള്‍ക്ക് അപകടം ഉണ്ടാകാതിരിക്കാന്‍ ലൈഫ് ജാക്കറ്റ് ഉപയോഗിച്ചാണ് പണി നടക്കുന്നത്. റമ്പര്‍ ടിങ്കി, കെട്ട് വഞ്ചി, ഫയര്‍ഫോഴ്‌സ്, ആംബുലന്‍സ്, പൊലീസ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയാണ് സുരക്ഷിതമായി ജോലികള്‍ നടക്കുന്നത്. കിഴക്കന്‍ മേഖലയില്‍ നിന്നുള്ള വെള്ളത്തിന്റെ വരവ് ശക്തമാണ്. ചാഴുര്‍, താന്ന്യം, അന്തിക്കാട്, മണലൂര്‍, വെങ്കിടങ്ങ് പഞ്ചായത്തുകളില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയതിനാല്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്.

കനോലി കനാലിലും ജലനിരപ്പ് ഉയര്‍ന്നു. വെള്ളം കരകവിഞ്ഞു. വെങ്കിടങ്ങ് പഞ്ചായത്തിലെ പയ്യൂര്‍ മാട്, ആന്തുരമാട് പൂര്‍ണമായും മുങ്ങി. മഴക്ക് രണ്ട് ദിവസമായി കുറവുണ്ടെങ്കിലും നീരൊഴുക്ക് ശക്തമാണ്. എല്ലാ കോള്‍ പടവുകളും, ചാലുകളും നിറഞ്ഞ് കവിഞ്ഞു. ക്രമാതീതമായി വെള്ളം നിറഞ്ഞിട്ടും ഒഴുക്ക് ശക്തമായിട്ടു പോലും പലരും കോള്‍ ചാലുകളിലും പാടങ്ങളിലും കുളിക്കുന്നതിനും അതിലൂടെ സഞ്ചരിക്കുന്നതും പതിവാണ്. പുല്ല റോഡില്‍ ഒരു സ്ത്രീ ചൊവ്വാഴ്ച്ച മരിച്ചു. ഒരാളെ കഷ്ടിച്ച് രക്ഷപ്പെടുത്തി. വളയം കെട്ട് ഒഴിവാക്കുന്നതോടെ പ്രദേശങ്ങളിലെ വെള്ളക്കെട്ട് ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങളും ഭരണകൂടവും.

Related News