കെ കെ ജയേഷ്

July 26, 2020, 2:30 am

മരണവുമായി മുഖാമുഖം

Janayugom Online

കെ കെ ജയേഷ്

ജീവിതത്തിലെ ശാശ്വതമായ സത്യമാണ് മരണം. ഈ സത്യം തിരിച്ചറിഞ്ഞും അംഗീകരിച്ചും തന്നെയാണ് നമ്മളെല്ലാം ജീവിക്കുന്നത്. മരണത്തിന് ഒരു അപ്രവചനീയ സ്വഭാവമുണ്ട്. അതു തന്നെയാണ് മരണത്തെക്കുറിച്ച് ഓർക്കാതിരിക്കാൻ നമ്മളെ സഹായിക്കുന്നതും. എന്നാൽ ഇന്ന ദിവസം താൻ മരിക്കുമെന്ന് അറിഞ്ഞാലുണ്ടാവുന്ന അവസ്ഥയെന്താവും. തന്റെ മരണ ദിവസം അറിഞ്ഞുകൊണ്ട് അതിന് മുമ്പുള്ള ദിവസങ്ങൾ തള്ളിനീക്കേണ്ട ഒരു സ്ഥിതി എത്ര ഭയാനകമായിരിക്കും. തിരക്കുപിടിച്ച ജീവിതത്തിനിടയിലും ഏതൊരു മനുഷ്യനും ഇടയ്ക്കെങ്കിലും തന്റെ മരണത്തെക്കുറിച്ചു ചിന്തിച്ചുപോകാറുണ്ട്.

എന്നാൽ സ്ഥിരമായി മരണത്തെക്കുറിച്ചു മാത്രം ചിന്തിക്കുന്ന ഒരു മനുഷ്യനാവട്ടെ മരണത്തിന് മുമ്പ് ജീവിക്കാൻ കഴിയാതെ തന്റെ ജീവിതം പാഴാക്കുന്നു. മനുഷ്യ മനസ്സിനെ അലട്ടുന്ന മരണഭയം പ്രമേയമാക്കി ഒരുക്കിയ ചിത്രമാണ് വിപിൻ ആറ്റ്ലി രചനയും സംവിധാനവും നിർവ്വഹിച്ച ‘മ്യൂസിക്കൽ ചെയർ.’ മരണം പ്രമേയമാക്കിയ സിനിമകൾ പലതും മലയാളത്തിൽ ഇതിനകം വന്നിട്ടുണ്ട്. എന്നാൽ മരണത്തെമാത്രം മുന്നിൽ നിർത്തി കഥ പറയുകയാണ് വിപിൻ ആറ്റ്ലി ഈ ചിത്രത്തിൽ.

മാർട്ടിൻ എന്ന 32 വയസ്സുള്ള എഴുത്തുകാരന്റെ ജീവിതമാണ് സിനിമയുടെ പ്രമേയം. ആരോഗ്യപ്രശ്നങ്ങൾ ഉള്ളതിനാൽ മരണഭയം എപ്പോഴും മാർട്ടിനെ വേട്ടയാടുകയാണ്. കൊളസ്ട്രോൾ അധികമായ മാർട്ടിന് ഉറക്കത്തിൽ ഹൃദയാഘാതം വന്ന് താൻ മരിച്ചുപോകുമെന്ന പേടിയാണ്. നാൽപ്പതാം വയസ്സിലെ അച്ഛന്റെ മരണം അയാളിൽ ഒരു ഭീതിയായി നിറയുന്നുണ്ട്. നേരിട്ടുകണ്ട അമ്മാമ്മയുടെ മരണം, തൊട്ടടുത്ത വീട്ടിലെ വല്യപ്പന്റെ മരണം എന്നിവയെല്ലാം രാത്രികളിൽ വലിയൊരു ഞെട്ടലായി അയാളെ പിന്തുടരുന്നു. പൂക്കടയിൽ കാണുന്ന റീത്തുകളും കവലകളിലെ മരണവാർത്ത അറിയിച്ചുള്ള ഫ്ളക്സ് ബോർഡുകളുമെല്ലാം അയാളെ ഭയപ്പെടുത്തുന്നു. രാത്രി ഉറങ്ങിപ്പോയാൽ പിന്നെ താൻ ഉണരില്ലെന്ന ചിന്ത അയാളുടെ ഉറക്കം നഷ്ടപ്പെടുത്തുന്നു. അയാളുടെ കൈകാലുകൾ വിറയ്ക്കുന്നു.

മരണം തന്നെ പിടിമുറക്കിക്കൊണ്ടിരിക്കുകയാണെന്ന് അയാൾ ഉറപ്പിക്കുന്നു. അയാൾ ഭീതിയോടെ പരിശോധനയ്ക്കായി ലാബുകൾ തേടിയലയുന്നു. ഡോക്ടറുടെ മുമ്പിൽ അസ്വസ്ഥനായിരിക്കുന്നു. കടപ്പുറത്തും ഒറ്റപ്പെട്ടയിടങ്ങളിലും ആശ്വാസം തേടിയെത്തുന്നു. മരണത്തെ പേടിക്കുമ്പോഴും മരണത്തിലേക്ക് നയിക്കുന്ന തന്റെ ശീലങ്ങളെ ഒന്നും കൈവിടാൻ അയാൾ തയ്യാറാകുന്നില്ല. മദ്യപാനവും പുകവലിയും അമിതമായ ഭക്ഷണശീലവുമെല്ലാം മരണഭയത്തിടയിലും അയാൾ ചേർത്തുപിടിക്കുന്നു. ഗുരുതരമായ കരൾ രോഗം തന്നെ പിടിമുറുക്കുമെന്ന് വിശ്വസിക്കുമ്പോഴും നന്നായി മദ്യപിക്കുകയും തുടർന്ന് കരൾ പരിശോധന നടത്തുകയും ചെയ്യുന്ന പലരെയും മാർട്ടിനെന്ന കഥാപാത്രം ഓർമ്മപ്പെടുത്തി.

മാർട്ടിൻ അനുഭവിക്കുന്ന മരണത്തേക്കാൾ ഭീകരമായ മരണഭയത്തെക്കുറിച്ച് മനസ്സിലാക്കാൻ അയാളുടെ അമ്മയ്ക്കും സുഹൃത്തുക്കൾക്കും പോലും സാധിക്കുന്നില്ല. ഒടുവിൽ മരിക്കാൻ ഭയമുള്ള മാർട്ടിൻ മരണത്തിന്റെ നിഗൂഡതകളിലേക്കുള്ള അന്വേഷണം ആരംഭിക്കുകയാണ്. സംശയങ്ങളും ഭയവുമായി മാർട്ടിൻ ഡോക്ടർമാരെയും തത്വചിന്തകരെയും ആത്മാവുമായി സംസാരിക്കാൻ കഴിയുമെന്ന് അവകാശപ്പെടുന്ന അന്ധനായ പാസ്റ്ററെയും ഉൾപ്പെടെ സമീപിക്കുന്നു. ഈ യാത്രക്കിടെ മരിക്കാതിരിക്കാനുള്ള കാരണം കണ്ടെത്താൻ വരെ അയാൾ ശ്രമിക്കുന്നുണ്ട്. ഓരോ മനുഷ്യജന്മത്തിനും ഒരു നിയോഗമുണ്ട്. അത് കഴിയുമ്പോൾ ഈ ജീവിതം അവസാനിക്കുമെന്ന വാക്കുകൾ അയാളെ കൂടുതൽ സംശയത്തിലാഴ്ത്തുന്നു. സ്വന്തം നിയോഗം തിരിച്ചറിഞ്ഞ് അതിൽ നിന്നും മാറി നിന്നാൽ മരണവും അകന്നു നിൽക്കില്ലേ എന്നാണ് അയാളുടെ തിരിച്ചുള്ള ചോദ്യം. അന്വേഷണത്തിനും തത്വചിന്തയ്കുമൊന്നും മാർട്ടിനെ ഭീതിയുള്ള ആഴങ്ങളിൽ നിന്ന് രക്ഷപ്പെടുത്താൻ കഴിയുന്നില്ല. അന്വേഷണങ്ങൾ മരണത്തിന്റെ നിഗൂഡതയുടെ ആഴം കൂട്ടുക മാത്രമാണ് ചെയ്യുന്നത്.

രചനാപരമായും ആവിഷ്ക്കാരപരമായും ഏറെ ശ്രദ്ധേയമായ “ഹോംലി മീൽസ്’, “ബെൻ’ തുടങ്ങിയ ചിത്രങ്ങളൊരുക്കിയ വിപിൻ ആറ്റ്ലീയുടെ ‘മ്യൂസിക്കൽ ചെയർ’ വ്യത്യസ്ത ചിന്തകൾ തേടിപ്പോകുന്നവർക്ക് വേറിട്ട അനുഭവം നൽകും. മരിച്ചുപോകുമോ എന്ന തന്റെ തന്നെ പേടിയിൽ നിന്നാണ് ഇത്തരമൊരു ചിത്രത്തിലേക്കെത്തിയതെന്ന് സംവിധായകൻ വ്യക്തമാക്കിയിട്ടുണ്ട്. മാർട്ടിന്റെ ജീവിതാവസ്ഥ തിരിച്ചറിയാൻ കഴിയാത്തവർക്കും സിനിമയുടെ പതിവ് രീതികൾ മാത്രം ഇഷ്ടപ്പെടുന്നവർക്കും മ്യൂസിക്കൽ ചെയർ നല്ലൊരു അനുഭവം ആകുമെന്ന് തോന്നുന്നില്ല. നിസ്സഹായനും പലപ്പോഴും അവഗണിക്കപ്പെടുന്നവനുമായിരുന്നു ഹോംലി മീൽസ് എന്ന ചിത്രത്തിലെ വിപിൻ ആറ്റ്ലിയുടെ കഥാപാത്രം. സാധാരണക്കാരനും തീർത്തും ദുർബലനുമായ ആ കഥാപാത്രത്തിന്റെ മറ്റൊരു പകർപ്പ് തന്നെയാണ് മ്യൂസിക്കൽ ചെയറിലെ മാർട്ടിനും. സ്വാഭാവികമായ അഭിനയത്തിലൂടെ മാർട്ടിനെ ആറ്റ്ലി മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിലെ പല കഥാപാത്രങ്ങളുടെയും അഭിനയത്തിലെ അസ്വാഭാവികതയും ചെറിയൊരു പ്രമേയം വലിച്ചു നീട്ടിയപ്പോഴുണ്ടായ ഇഴച്ചിലുകളും ഒഴിച്ചു നിർത്തിയാൽ അഭിനന്ദനാർഹമായ ശ്രമം തന്നെയാണ് മ്യൂസിക്കൽ ചെയർ.

ഒരു കടൽത്തീരത്തെ കുട്ടികളുടെ കസേരകളിയിൽ നിന്നാണ് മ്യൂസിക്കൽ ചെയർ ആരംഭിക്കുന്നത്. കളിയിൽ തോറ്റെങ്കിലും കുട്ടിയായ മാർട്ടിൻ തന്റെ കസേര വിട്ടു നിൽക്കാതെ വാശിപിടിച്ച് അവിടെ തന്നെ ഇരിക്കുന്നു. വേറെ വഴികളില്ലാതെ മറ്റു കുട്ടികൾ അവനെ അവഗണിച്ച് കളി തുടരുന്നു. കടപ്പുറത്തെ അതേ കസേരകളിയിൽ തന്നെയാണ് സിനിമയുടെ അവസാനവും. കളിയിൽ തോറ്റ മാർട്ടിൻ തന്നെ മറ്റുകുട്ടികൾ പുറത്താക്കിയെന്ന് പറഞ്ഞ് വേദനയോടെ നടക്കുന്നത് കടപ്പുറത്ത് സിഗരറ്റ് വലിച്ചു നിൽക്കന്ന അച്ഛനടുത്തേക്കാണ്. അച്ഛൻ അവനെ ആശ്വസിപ്പിക്കുന്നു. മോൻ വിഷമിക്കേണ്ടെന്നും അച്ഛൻ വേറെ ഒരു കളി കളിക്കാൻ കൊണ്ടുപോകാമെന്നും പറഞ്ഞ് അയാൾ അവനെ കൂട്ടി നടന്നുനീങ്ങുന്നു. തുടക്കത്തിലെയും അവസാനത്തെയും കസേരകളിക്കിടയിൽ മരണത്തിന്റെ രഹസ്യത്തെ തേടുകയാണ് വിപിൻ ആറ്റ്ലി. സിനിമയെന്ന ദൃശ്യകലയുടെ സൗന്ദര്യം ഹൃദയത്തിൽ നിറയ്ക്കും വിധത്തിൽ അനുഭവപ്പെടുത്തുന്നുണ്ട് ക്ലൈമാക്സ് രംഗത്തിൽ വിപിൻ ആറ്റ്ലി.

മുൻപിലേക്ക്
മോഹനോമിക്സ്
മുകളിലെ വാർത്തയുമായി ബന്ധപ്പെട്ട വാർത്തകൾ